ഇന്നത്തെ ഗൂഗിൾ ഡൂഡിൽ ശ്രദ്ധിച്ചിരുന്നോ?പ്രകാശവേഗതയെ സംബന്ധിച്ച ഒരു സുപ്രധാന കണ്ടെത്തലിന്റെ അനുസ്മരണമാണത്. അതാകട്ടെ നല്ലൊരു സമയത്താണ് വന്നിരിക്കുന്നത്. പ്രകാശവേഗവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ഒരു വാർത്തയും ശാസ്ത്രലോകത്ത് ഈ ആഴ്ച പുറത്തുവന്നിരുന്നു. അവ ഓരോന്നായി നമുക്കൊന്ന് പരിചയപ്പെടാം.
340-ാം വർഷത്തിന്റെ ആഘോഷം
340 വർഷം മുൻപ് ഒരു ഡിസംബർ 7-ന് നടന്ന ഒരു കണ്ടെത്തലാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ ഓർമിപ്പിക്കുന്നത്. പ്രകാശത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച സുപ്രധാനമായ ഒരു സ്ഥിരീകരണമായിരുന്നു അത്.
പ്രകാശം എന്നത് ഒരു വൈദ്യുതകാന്തികതരംഗം ആണെന്നും അതിന് സെക്കൻഡിൽ മൂന്ന് ലക്ഷം കിലോമീറ്ററോളം വേഗതയുണ്ടെന്നും ഒക്കെ ഇന്ന് നമുക്കറിയാം. പക്ഷേ അതൊക്കെ പത്തൊൻപതാം നൂറ്റാണ്ടിന് ശേഷം മാത്രം ഉണ്ടായ കണ്ടെത്തലുകളാണ്. അതിനും എത്രയോ ദശാബ്ദങ്ങൾ മുൻപ് പ്രകാശം എന്താണെന്നതിനെക്കുറിച്ച് പോലും വ്യക്തമായ ധാരണ ഇല്ലാതിരുന്ന കാലത്താണ് ഓലേ റോമർ എന്ന ഡാനിഷ് ജ്യോതിശാസ്ത്രജ്ഞൻ അന്ന് വിവാദമായ ആ കണ്ടെത്തൽ അവതരിപ്പിക്കുന്നത്. ഒരു മെഴുകുതിരി കത്തിക്കുമ്പോൾ ചുറ്റും പ്രകാശം ഉണ്ടാകുന്നതാണല്ലോ നാം കാണുന്നത്. അല്ലാതെ കത്തിയ തീനാളത്തിൽ നിന്നും പ്രകാശം പുറത്തേയ്ക്ക് സഞ്ചരിക്കുന്നത് നമുക്ക് കാണാനാകില്ല. അതുകൊണ്ട് തന്നെ അന്ന് ആളുകൾ കരുതിയത് പ്രകാശത്തിന് അനന്തവേഗതയുണ്ട് എന്നാണ്. അതായത് പ്രകാശസ്രോതസ്സിന് ചുറ്റും അതേസമയം ഉണ്ടാകുന്ന ഒന്നാണ് പ്രകാശം. അതിന് സഞ്ചരിച്ചെത്തേണ്ട ആവശ്യമില്ല. എന്നാൽ പ്രകാശം ഒരു ക്ലിപ്തമായ വേഗതയിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് സഞ്ചരിക്കുകയാണ് എന്ന് പറഞ്ഞ ശാസ്ത്രാന്വേഷികൾ ഉണ്ടായിരുന്നില്ല എന്നല്ല അതിനർത്ഥം. ഗലീലിയോ ഉൾപ്പടെ പലരും ആ അഭിപ്രായക്കാർ തന്നെയായിരുന്നു. പക്ഷേ അനന്തവേഗതയല്ല, ക്ലിപ്തമായ വേഗതയാണ് എന്ന് പറയുന്നവർക്ക്, അങ്ങനെയെങ്കിൽ ആ വേഗത എത്രയാണ് എന്ന് പറയേണ്ട ബാധ്യതയുണ്ടല്ലോ. അവിടെയായിരുന്നു പ്രശ്നം. വിളക്കും കണ്ണാടിയുമൊക്കെ ഉപയോഗിച്ച് രണ്ട് വിദൂരമായ കുന്നുകൾക്കിടയിൽ പ്രകാശം സഞ്ചരിച്ചെത്താനെടുക്കുന്ന സമയം അളക്കാനൊക്കെ ഗലീലിയോയുടെ നേതൃത്വത്തിൽ ചില ശ്രമങ്ങൾ നടന്നിരുന്നു. പക്ഷേ പ്രകാശം അളക്കാവുന്നതിനെക്കാൾ കുറച്ച് സമയം കൊണ്ട് ഒരിടത്ത് നിന്നും മറ്റൊരിടത്ത് എത്തുന്നു എന്നാണ് കണ്ടത്.
അവിടെയാണ് റോമർ വ്യത്യസ്തനായത്. അദ്ദേഹം തന്റെ അളവെടുപ്പ് കുറച്ചുകൂടി വലിയൊരു സ്റ്റേജിലാണ് നടത്തിയത്- ഭൂമിയ്ക്കും വ്യാഴഗ്രഹത്തിനും ഇടയിൽ. വ്യാഴത്തിനോട് ഏറ്റവും അടുത്ത ഉപഗ്രഹമാണ് അയോ (Io). അത് 42.5 മണിക്കൂർ കൊണ്ട് വ്യാഴത്തെ ഒരു തവണ വലംവെക്കും. ഈ വലംവെക്കൽ കാരണം ഭൂമിയിൽ നിന്ന് നോക്കുമ്പോൾ അല്പനേരം അയോ വ്യാഴത്തിന് പുറകിലായിരിക്കുമല്ലോ. നാം പൊതുവിൽ ഗ്രഹണം എന്ന് വിളിക്കുന്ന പ്രതിഭാസം തന്നെയാണത്, ഒരു ആകാശവസ്തു മറ്റൊന്നിനെ മറയ്ക്കുന്നു. ഇവിടെ വ്യാഴം അയോയെയാണ് മറയ്ക്കുന്നത്. അതായത് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഓരോ 42.5 മണിക്കൂറിലും ഒരു തവണ എന്ന കണക്കിൽ നമുക്ക് 'അയോഗ്രഹണം' കാണാനാകേണ്ടതാണ്. ഇവിടെയാണ് പ്രകാശവേഗതയുടെ പരിമിതി രംഗപ്രവേശം ചെയ്യുന്നത്. നമ്മൾ ഒരു അയോഗ്രഹണം നിരീക്ഷിക്കുകയാണെന്ന് സങ്കല്പിക്കുക. അയോ ഇപ്പോൾ വ്യാഴത്തിന്റെ നിഴലിലേയ്ക്ക് മറഞ്ഞിരിക്കുന്നു (immersion). ഇനി അല്പനേരം കഴിഞ്ഞേ അത് പുറത്തേയ്ക്ക് വരൂ (emergence). എന്നാൽ ഭൂമിയും വ്യാഴവും സൂര്യൻ എന്ന പൊതുകേന്ദ്രത്തിന് ചുറ്റും കറങ്ങുകയാണേയ്, ആ നേരത്തിനിടെ ഭൂമി സ്വന്തം ഓർബിറ്റിൽ കുറേ സഞ്ചരിച്ചിട്ടുണ്ടാകും. ഇനി പ്രകാശം ക്ലിപ്തമായ വേഗതയിലാണ് സഞ്ചരിക്കുന്നത് എന്ന് സങ്കല്പിച്ചാലോ? അയോ വ്യാഴത്തിന്റെ മറവിൽ നിന്ന് പുറത്തുവന്നാൽ ഉടൻ നമുക്ക് കാണാൻ കഴിയില്ല. കാരണം അയോയിൽ നിന്ന് വരുന്ന പ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം കൂടി പരിഗണിക്കണ്ടേ?
ഇനി വ്യാഴത്തിന്റെ ഓർബിറ്റ് ഭൂമിയുടെ ഓർബിറ്റിന് വെളിയിലാണ് എന്നത് കൂടി ഓർക്കേണ്ടതുണ്ട്. അതുകൊണ്ട് സ്വന്തം ഓർബിറ്റിലെ ഭൂമിയുടെ സഞ്ചാരദിശ പരിഗണിക്കുമ്പോൾ, ചില സമയങ്ങളിൽ ഭൂമി വ്യാഴത്തിന് നേരെയും മറ്റുചിലപ്പോൾ വ്യാഴത്തിൽ നിന്ന് ദൂരേയ്ക്കും ആയിരിക്കും സഞ്ചരിക്കുന്നത്. ഈ കാലത്തെല്ലാം തന്നെ അയോഗ്രഹണം നടക്കുന്നുമുണ്ട്. പക്ഷേ അയോ മറയുന്നതും മറനീക്കി പുറത്തുവരുന്നതും തമ്മിലുള്ള സമയവ്യത്യാസം എല്ലായ്പ്പോഴും തുല്യമായിരിക്കുമോ? ഇല്ല. ഭൂമി വ്യാഴത്തിന്റെ നേർക്ക് സഞ്ചരിക്കുമ്പോൾ സമയദൈർഘ്യം കുറവായിട്ട് വേണം തോന്നാൻ. കാരണം അയോയിൽ നിന്നുള്ള പ്രകാശത്തെ നാം അങ്ങോട്ട് ചെന്ന് കാണുകയാണ്. മറിച്ച് വ്യാഴത്തിൽ നിന്ന് അകന്നുപോകുന്ന സമയത്താണെങ്കിൽ, ഈ ഗ്രഹണദൈർഘ്യം കൂടും. ഇതൊക്കെ എപ്പോഴാ? പ്രകാശവേഗത അനന്തമല്ലെങ്കിൽ മാത്രമേ ഇത് ബാധകമാകൂ. അയോ പുറത്തുവന്നാൽ ഉടൻ പ്രകാശം ഭൂമിയിലെത്തുമെങ്കിൽ ഗ്രഹണദൈർഘ്യത്തിൽ വ്യത്യാസമുണ്ടാകില്ല. വ്യാഴം ഭൂമിയെക്കാൾ സൂര്യനിൽ നിന്നും പല മടങ്ങ് ദൂരെയായതിനാൽ, ഇവ തമ്മിലുള്ള ദൂരം കാലാകാലങ്ങളിൽ വളരെയധികം വ്യത്യാസപ്പെടുന്നുണ്ട്. ഇതനുസരിച്ച് പല കാലങ്ങളിൽ അയോയുടെ ഗ്രഹണദൈർഘ്യത്തിൽ വരുന്ന മാറ്റം റോമർ കണക്കൂകൂട്ടി. ഇതുപയോഗിച്ച് അയോയുടെ ഗ്രഹണം മുൻപത്തേതിനെക്കാൾ കൃത്യമായി പ്രവചിക്കാൻ അദ്ദേഹത്തിനായി. ഒപ്പം പ്രകാശവേഗതയുടെ അളവും കണക്കാക്കാനായി.
സത്യത്തിൽ ഇവിടെ ഇപ്പോ വിവരിച്ചതിനെക്കാൾ സങ്കീർണമാണ് ഈ സാഹചര്യം. പക്ഷേ ഇപ്പോത്തന്നെ ഇത് ഒറ്റവായനയിൽ മനസിലാകാൻ ബുദ്ധിമുട്ടാണ് എന്ന തോന്നലുള്ളതിനാൽ കൂടുതൽ വിശദാംശങ്ങൾ എഴുതി വെറുപ്പിക്കുന്നില്ല. റോമറുടെ ഈ കണക്കുകൂട്ടലുകൾക്ക് അന്ന് കാര്യമായ സ്വീകാര്യത ലഭിച്ചില്ല എന്ന് മാത്രം പറയാം. റോമറുടെ പ്രവചനം ശരിയാകുന്നുണ്ടെങ്കിലും അതിന് കാരണം പ്രകാശവേഗത ക്ലിപ്തമായതല്ല എന്നാണ് പല പ്രമുഖ ശാസ്ത്രജ്ഞരും അന്ന് വാദിച്ചത്. റോമറുടെ ഗുരുവായിരുന്ന കസ്സീനി തന്നെ ആയിരുന്നു അതിൽ മുൻപിൽ. 1676-ലാണ് റോമർ തന്റെ കണ്ടെത്തൽ പ്രസിദ്ധീകരിക്കുന്നത്. 1727-ൽ ജെയിംസ് ബ്രാഡ്ലി എന്ന ശാസ്ത്രജ്ഞൻ മറ്റൊരു പ്രതിഭാസത്തെ (stellar aberration-അത് ഇപ്പോൾ വിശദീകരിക്കുന്നില്ല) കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചപ്പോഴാണ് റോമറുടെ വാദം തെളിയിക്കപ്പെട്ടത്. തമാശ എന്താണെന്ന് വെച്ചാൽ, ഇതേ പ്രതിഭാസത്തെ കസ്സീനി 1671-ൽ തന്നെ നിരീക്ഷിച്ചിരുന്നു എങ്കിലും, അതിന്റെ കാരണം വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് പല പല പരീക്ഷണങ്ങളിൽ, റോമറുടെ കണ്ടെത്തൽ ശരിയാണെന്ന് തെളിയിക്കപ്പെട്ടു. സൗരയൂഥത്തിന്റെ വലിപ്പത്തെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്ന കാലം ആയതിനാൽ, റോമർ കണക്കാക്കിയ പ്രകാശവേഗതയുടെ അളവ് യഥാർത്ഥവേഗതയെക്കാൾ ഏതാണ്ട് 26% കുറവായിരുന്നു എന്നേയുള്ളൂ.
പ്രകാശത്തെക്കുറിച്ച് പിന്നീട് ഒരുപാട് പുതിയ കണ്ടെത്തലുകൾ ഉണ്ടായി. അതൊരു വൈദ്യുതകാന്തിക തരംഗം ആണെന്ന് നാം മനസിലാക്കി. അതിന്റെ വേഗത അത് സഞ്ചരിക്കുന്ന മാധ്യമത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു എന്ന് തെളിഞ്ഞു. പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന വേഗത സ്ഥിരമായ ഒന്നാണെന്നും (constant speed) മറ്റൊന്നിനും കവച്ചുവെക്കാനാവാത്ത ഒരു പ്രാപഞ്ചിക വേഗപരിധി (cosmic speed limit) ആണെന്നും കണ്ടെത്തപ്പെട്ടു. ആ ബോധ്യത്തിൽ പിറന്ന, ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം ഭൗതികശാസ്ത്രത്തിലെ മഹാവിപ്ലവമായി മാറുകയും ചെയ്തു. കാര്യങ്ങൾ അവിടം വരെ എത്തി നിൽക്കുമ്പോഴാണ് ഇക്കഴിഞ്ഞ ആഴ്ച പുറത്തുവന്ന മറ്റൊരു കണ്ടെത്തൽ വാർത്താപ്രാധാന്യം നേടുന്നത്. അതിലേയ്ക്ക് പോകും മുൻപ്, പ്രകാശവേഗതയുടെ പ്രാധാന്യം നേടുന്നു വിശദീകരിക്കുന്ന ഒരു മുൻ ലേഖനം താത്പര്യമുള്ളവർക്ക് വായിക്കാനായി ഇവിടെ ചൂണ്ടിക്കാണിക്കുന്നു: പ്രകാശത്തിനെന്താ കൊമ്പുണ്ടോ?
അപ്പോ പ്രകാശവേഗത നമ്മൾ വിചാരിച്ചതുപോലെ അല്ലേ?
പ്രകാശവേഗത ഒരു സ്ഥിരസംഖ്യ ആണെന്നാണ് ഇന്ന് നാം കരുതിയിരിക്കുന്നത് എന്ന് പറഞ്ഞുവല്ലോ. എന്നാൽ ഇതിനെ ചോദ്യം ചെയ്യുകയാണ് കാനഡായിൽ നിന്നുള്ള നിയായേഷ് അഫ്ഷോർഡി, ലണ്ടനിലെ ജോ മഗ്വീജോ എന്നീ ഗവേഷകർ. (വായിൽ കൊള്ളാത്ത ഈ പേരുകൾ, ഈ ഞാൻ തന്നെ നോക്കിയാ എഴുതുന്നത്. ഇത് ഇങ്ങനാണോ വായിക്കുന്നത് എന്നുപോലും അറിയില്ല. പക്ഷേ സയൻസിൽ ആര് എന്നതല്ല, എന്ത് എന്നതിനേ പ്രാധാന്യമുള്ളൂ. അതുകൊണ്ട് പേര് വേണമെങ്കിൽ കളഞ്ഞേക്കൂ). പ്രപഞ്ചോല്പത്തി വിശദീകരിക്കുന്ന ബിഗ് ബാംഗ് സിദ്ധാന്തത്തിന് ഒരു പരിഷ്ക്കരണം നിർദ്ദേശിക്കുന്നതിന്റെ ഭാഗമായി, പ്രകാശവേഗം എല്ലായ്പ്പോഴും സ്ഥിരമായിരുന്നില്ല എന്നവർ വാദിക്കുന്നു.
വളരെ സൂക്ഷ്മമായ ഒരു ബിന്ദുവിൽ നിന്നും സ്ഫോടനസമാനമായ ഒരു വലിയ വികാസം (the Big bang) ആയിട്ടാണ് ഈ പ്രപഞ്ചം ഉണ്ടായത് എന്നാണ് നമ്മുടെ ധാരണ. വളരെ ചെറിയ ബിന്ദുവിൽ നിന്നും പ്രപഞ്ചം ഇന്നീ കാണുന്ന രൂപത്തിലാവാൻ 1380 കോടി വർഷങ്ങൾ എടുത്തു. എന്നാൽ പ്രപഞ്ചത്തിന്റെ അടിസ്ഥാനസ്വഭാവം എല്ലായിടത്തും ഏതാണ്ട് ഒരുപോലെയാണ് എന്നാണ് നാം നിരീക്ഷിക്കുന്നത്. താപനില, ശരാശരി സാന്ദ്രത തുടങ്ങിയവയെല്ലാം എല്ലായിടത്തും സമാനമാണ്. അങ്ങനെയെങ്കിൽ ഈ വിശാലമായ പ്രപഞ്ചത്തിന്റെ വിവിധകോണുകൾക്കെല്ലാം എപ്പോഴെങ്കിലും പരസ്പരം സ്വാധീനിയ്ക്കാൻ കഴിഞ്ഞിരിക്കണം. എന്നാൽ ഈ പ്രപഞ്ചത്തിന്റെ വലിപ്പം പരിഗണിക്കുമ്പോൾ ഒരറ്റത്ത് നിന്ന് പ്രകാശത്തിന് പോലും മറ്റേയറ്റത്ത് എത്താൻ വേണ്ട സമയം ഈ പ്രപഞ്ചത്തിന്റെ പ്രായത്തെക്കാൾ വളരെ കൂടുതലാണ് താനും. അങ്ങനെയെങ്കിൽ ഈ ഏകതാനത (homogeneity) എങ്ങനെ സംഭവിച്ചു എന്നത് ഒരു കുഴയ്ക്കുന്ന ചോദ്യമാണ്. ഇതിനെ പ്രപഞ്ചശാസ്ത്രത്തിൽ ചക്രവാളപ്രശ്നം (horizon problem) എന്നാണ് വിളിക്കുന്നത്.
ഇതുവരെയുള്ള സിദ്ധാന്തങ്ങളിൽ ചക്രവാളപ്രശ്നത്തെ പരിഹരിയ്ക്കാൻ ശ്രമിക്കുന്നത് മഹാവികാസം (inflation theory) ആണ്. അത് പ്രകാരം പ്രപഞ്ചം തീരെ ചെറുതായിരുന്ന ഒരു ഘട്ടത്തിൽ അതിഭീമമായ വേഗതയിൽ അത് വികസിച്ച് വലുതായി എന്നും പിന്നീട് വികാസത്തിന്റെ നിരക്ക് പെട്ടെന്ന് കുറഞ്ഞു എന്നുമാണ്. വളരെ ചെറുതായിരിക്കുന്ന കാലത്ത് പ്രപഞ്ചത്തിന്റെ വിവിധ ഭാഗങ്ങൾക്ക് പരസ്പരം സ്വാധീനിക്കാൻ കഴിയുമല്ലോ. പിന്നീടുണ്ടായ വികാസം അതിവേഗം ആയിരുന്നതിനാൽ ആ ഏകതാനത അതേപടി നിലനിർത്തപ്പെട്ടതാണ് എന്നാണ് മഹാവികാസസിദ്ധാന്തം പറയുന്നത്. അതുപോലെ കോസ്മിക് മൈക്രോവേവ് പശ്ചാത്തല വികിരണത്തിന്റ (cosmic microwave background, CMB) സ്വഭാവം വിശദീകരിക്കാനും അതിന് കഴിയുന്നുണ്ട്. പക്ഷേ അപ്പോഴും മഹാവികാസം എന്തുകൊണ്ട് സംഭവിച്ചു എന്ന് അതിന്റെ വക്താക്കൾക്ക് പറയാൻ കഴിഞ്ഞിട്ടില്ല. ആ സാഹചര്യത്തിൽ മഹാവികാസത്തിന് ഒരു പകരസിദ്ധാന്തമായാണ്, മാറുന്ന പ്രകാശവേഗം (varying speed of light)
എന്ന ആശയവുമായി പുതിയ ഗവേഷണഫലം പുറത്തുവന്നിരിക്കുന്നത്. മഹാവികാസം നടന്നിട്ടില്ല എന്നും, ആദ്യഘട്ടങ്ങളിൽ പ്രകാശത്തിന് ഗുരുത്വാകർഷണത്തെക്കാൾ വേഗതയിൽ പ്രപഞ്ചത്തിന്റെ നാനാഭാഗത്തേയ്ക്കും എത്താൻ കഴിഞ്ഞതുകൊണ്ടാണ് അതിന് ഏകതാനത കൈവന്നത് എന്നും അവർ വാദിക്കുന്നു. ഈ വേഗവ്യത്യാസം CMB-യിൽ പ്രതിഫലിയ്ക്കുമെന്നാണ് പ്രവചനം. ആ കണക്കുകൂട്ടൽ പ്രകാരം CMB-യുടെ spectral index എന്ന സവിശേഷതയ്ക്ക് കൃത്യം 0.98478 ആയിരിക്കും മൂല്യം എന്ന് അവർ പ്രവചിക്കുന്നു. ഇതാണ് ഈ സിദ്ധാന്തത്തിന്റെ മാറ്റ് കൂട്ടുന്നത്- പരീക്ഷിച്ച് നോക്കാവുന്ന ഒരു പ്രവചനം അത് മുന്നോട്ട് വെക്കുന്നു. സിദ്ധാന്തത്തെ തള്ളണോ കൊള്ളണോ എന്ന് തീരുമാനിക്കാൻ ഈയൊരു പരീക്ഷണം മതി. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇപ്പറഞ്ഞ spectral index നമ്മൾ ഇപ്പോൾ കണക്കാക്കിയിരിക്കുന്നത് ഏകദേശം 0.968 ആണെന്നതാണ്. പുതിയ സിദ്ധാന്തം പ്രവചിക്കുന്ന മൂല്യത്തോട് അടുത്ത ഒന്നാണത്, പക്ഷേ കൃത്യതക്കുറവുണ്ട്. അതിനാൽ കൂടുതൽ കൃത്യമായ രീതിയിൽ അത് അളക്കേണ്ടതുണ്ട്. അടിസ്ഥാനധാരണകളെ ചോദ്യം ചെയ്യുന്ന ആശയമായതുകൊണ്ട് തന്നെ, പല തവണ പല രീതിയിൽ ഒരുപക്ഷേ അത് വേണ്ടിവന്നേക്കും.
ചുരുക്കത്തിൽ, ഈ ഒരു ആശയം മഹാവികാസസിദ്ധാന്തത്തെ അപ്പാടെ മാറ്റിമറിയ്ക്കും എന്നൊന്നും പറയാറായിട്ടില്ല. രണ്ട് ദിശയിലും ഗവേഷണങ്ങൾ പുരോഗമിയ്ക്കട്ടെ. അവസാനവിജയം ഏത് സിദ്ധാന്തത്തിനായിരിക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

aliens athu undavumo ?? enthaanu athinte oru ithu..
ReplyDelete