Skip to main content

Posts

Showing posts from 2015

എന്തല്ല ന്യൂട്ടന്റെ മൂന്നാം ചലനനിയമം!

ഫോർ എവരി ആക്ഷൻ, ദെയറീസ് ആൻ ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ! സയൻസിന്റെ സാങ്കേതിക നിർവചനങ്ങളിൽ നിന്ന് പുറത്തിറങ്ങി, അതേപടി സാധാരണ ഭാഷയിൽ കയറിക്കൂടി ഇത്രയധികം പ്രശസ്തമായ മറ്റൊരു വാചകം  ഉണ്ടാകുമോ എന്ന് സംശയമാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ഐസക് ന്യൂട്ടൻ രൂപം കൊടുത്ത അതിമനോഹരവും ആറ്റിക്കുറുക്കിയതുമായ സിദ്ധാന്തം- മൂന്നാം ചലനനിയമം. പക്ഷേ ഇത്രയും പോപ്പുലറായതുകൊണ്ട് തന്നെയാകണം, ന്യൂട്ടന്റെ മൂന്നാം ചലനനിയമത്തെ കുറിച്ച് ധാരണയെക്കാൾ കൂടുതൽ ഉള്ളത് തെറ്റിദ്ധാരണയാണ്. ശാസ്ത്രത്തിലെ സിദ്ധാന്തങ്ങൾ പ്രസ്താവിക്കുന്നത് നിശിതമായി നിർവചിക്കപ്പെട്ടിട്ടുള്ള പദാവലി ഉപയോഗിച്ചാണ്. അവിടെ ഉപയോഗിക്കുന്ന ഓരോ വാക്കിനും വ്യക്തമായ ഒരു നിർവചനം ഉണ്ടാകും. ശാസ്ത്രം പഠിക്കുന്നവർക്ക് ആ പദങ്ങളുടെ നിർവചനവും അറിയാമായിരിക്കും എന്നതിനാൽ, പദങ്ങളുടെ അർത്ഥത്തിന്റെ പ്രാധാന്യം അവർ പ്രത്യേകം ശ്രദ്ധിക്കില്ല. മറിച്ച് ഒരു സിദ്ധാന്തം അതേ പദാവലി ഉപയോഗിച്ച് പൊതുഭാഷയിലേയ്ക്ക് വരുമ്പോൾ അതല്ല സ്ഥിതി. പൊതുജനത്തിന് പദങ്ങളുടെ സാങ്കേതിക അർത്ഥം അറിയില്ലായിരിക്കും, അതുകൊണ്ട് തന്നെ സിദ്ധാന്തവും അതിനനുസരിച്ച് വള‍ഞ്ഞുപോകും. അങ്ങനെ വളഞ്ഞുപോയ ആശയത്തെ നിവർത്

ആക്സിഡന്റ് എന്നാൽ, അത് ആക്സിഡന്റൽ ആണ്!

"എടാ, ഹെൽമറ്റ് വച്ചോണ്ട് പോ" "ഓ, അപ്പുറം വരെ പോകാനല്ലേ! കുഴപ്പമില്ല" ഈ ഡയലോഗ് നമുക്ക് സുപരിചിതമായിരിക്കും. അപ്പുറം വരെ പോകാനായതുകൊണ്ട് ഹെൽമറ്റിന്റെ ആവശ്യമില്ലാ പോലും! ഇത് രണ്ട് കാരണങ്ങളാൽ പറയപ്പെടാം; ഒന്ന് ആ ചെറിയ ദൂരത്തിനിടയ്ക്ക് പോലീസ് ചെക്കിങ് ഉണ്ടാവാൻ ചാൻസില്ലാത്തതിനാൽ പോക്കറ്റ് സെയ്ഫായിരിക്കും, രണ്ട് ആ ചെറിയ ദൂരത്തിനിടയ്ക്ക് ആക്സിഡന്റൊന്നും ഉണ്ടാവാൻ ചാൻസില്ലാത്തതിനാൽ തല സെയ്ഫ് ആയിരിക്കും. ഇതിലേത് കാരണമായാലും അതിന്റെ അടിസ്ഥാനം, സുരക്ഷ എന്ന വിഷയത്തെ കുറിച്ചുള്ള അപകടകരമായ അജ്ഞതയാണ്. നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിലൊന്നാണ് 'ആക്സിഡന്റ്'. അത് സ്വാഭാവികവുമാണ്, കാരണം കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് റോഡ് ആക്സിഡന്റുകളിൽ മാത്രം ഇൻഡ്യയിൽ ഓരോ മണിക്കൂറിലും 16 പേർ വെച്ച് മരിക്കുന്നുണ്ട്! ( http://goo.gl/YyhKTN ) അതുകൊണ്ട് തന്നെ ആ വാക്ക് നമ്മൾ നിത്യജീവിതത്തിൽ പല തവണ കാണേണ്ടിവരും. പക്ഷേ നമ്മളിൽ ഭൂരിഭാഗം പേരും ആ വാക്കിന്റെ അർത്ഥം അറിയാതെയാണ് ഉപയോഗിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. 'Accident' എന്നാൽ, അപ്രതീക്ഷിതമായി, മനപ്പൂർവമല്ലാത

അഞ്ചാം ഡയമെൻഷനും ഇന്റർസ്റ്റെല്ലാറിന്റെ ക്ലൈമാക്സും

ഇന്റർസ്റ്റെല്ലാർ എന്ന സിനിമയുടെ ക്ലൈമാക്സ് ഒട്ടേറെ പേരെ വല്ലാതെ കുഴക്കിയ ഒന്നാണ്. സിനിമയുടെ കഥ, അതിന്റെ വിഷ്വൽ ഇഫക്റ്റ്സിൽ ഉപയോഗിച്ചിരിക്കുന്ന മറ്റ് സങ്കല്പങ്ങൾ എന്നിവ ഒരു പുസ്തകം എഴുതാൻ മാത്രം സങ്കീർണമാണ് എന്നതിനാൽ അതിന് മുതിരുന്നില്ല. താത്പര്യമുള്ളവർക്ക് Kip Thorne എഴുതിയ The Science of Interstellar എന്ന പുസ്തകം വായിക്കാവുന്നതാണ്. സിനിമയുടെ ക്ലൈമാക്സിൽ പരാമർശിക്കപ്പെടുന്ന ഫൈവ് ഡയമെൻഷണൽ സ്പെയ്സ് എന്ന സങ്കല്പം വിശദീകരിക്കാനുള്ള ശ്രമം മാത്രമാണിവിടെ നടത്തുന്നത്. ഡയമെൻഷനുകളെ കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും ഒരു ചെറിയ മുഖവുര ആവശ്യമുണ്ട്. സ്പെയ്സിലെ ഒരു കുത്തിന് (പോയിന്റ്) സീറോ ഡയമെൻഷൻ ആണെന്ന് പറയാം. അതായത് അതിന് നീളം, വീതി, ഉയരം എന്നിങ്ങനെയുള്ള പ്രത്യേകതകളൊന്നും ഇല്ല. സ്വാഭാവികമായും ഇങ്ങനെ ഒരു സംഗതി തിയറിയിൽ മാത്രം സാധ്യമാകുന്ന ഒന്നാണ്. കാരണം എത്ര കൂർത്ത പെൻസിൽ കൊണ്ട് ഒരു കുത്തിട്ടാലും, അതിന് ചെറുതെങ്കിൽ പോലും പൂജ്യമല്ലാത്തൊരു നീളവും വീതിയും ഒരു തന്മാത്രയുടെ അത്രയെങ്കിലും ഉയരവും ഉണ്ടാകും. അതുകൊണ്ട്, ഫൈവ് ഡയമെൻഷനെന്നല്ല, സീറോ ഡയമെൻഷൻ പോലും നമ്മുടെ മസ്തിഷ്കത്തിന് സങ്കല്പിക്കാൻ കഴിയു

എല്ലാവരും എന്നോടിങ്ങനെ ചോദിക്കുന്നു… അതെന്താ?

“ഇതിന് മുഴുവൻ താൻ സമാധാനം പറയണം.” “എന്താ പ്രശ്നം?” “എന്താ കണ്ണുപൊട്ടനാണോ? കണ്ടിട്ട് മനസിലാവുന്നില്ലേ? താനാ ഇതിനെയൊക്കെ കയറൂരി വിട്ടത്. ദേശഭക്തൻ പോലും! ദാ നിക്കേല്ലേ. അങ്ങോട്ട് ചോദിക്ക്.” (തിരിഞ്ഞ്) “എന്താ? എന്താ ഒണ്ടായത്?” “ഇവമ്മാര് ഭയങ്കര രാജ്യദ്രോഹപ്രവർത്തനം നടത്തി.” (തിരിഞ്ഞ്) “ദേ നിങ്ങളീ രാജ്യത്തിനെതിരേ ദ്രോഹപ്രവർത്തനം ചെയ്താലെങ്ങനാ? നിങ്ങളും ഈ രാജ്യത്തെ പൗരനല്ലേ? ഇവിടെ താമസിച്ചോണ്ട് രാജ്യദ്രോഹപ്രവർത്തനം നടത്താൻ പാടില്ലാന്ന് നിങ്ങള് തന്നല്ലേ പറഞ്ഞത്?” “അതെ പറഞ്ഞു. പക്ഷേ ഇത് സൗദി അറേബ്യയോ പാകിസ്ഥാനോ ഒന്നുമല്ല, മതമൗലികവാദത്തെ വിമർശിച്ചാൽ അതിനെ രാജ്യദ്രോഹമാണെന്ന് പറയാൻ!”   “അതിന് മതമൗലികവാദത്തെ എതിർത്താൽ രാജ്യദ്രോഹമാണെന്നാര് പറഞ്ഞ്?” “താൻ അവരോട് ചോദിക്ക്!” (തിരിഞ്ഞ്) “മതമൗലികവാദത്തെ എതിർത്തപ്പോൾ രാജ്യദ്രോഹമാണെന്ന് പറഞ്ഞോ?” “ഞാനങ്ങനെ പറഞ്ഞിട്ടേയില്ല.” (തിരിഞ്ഞ്) “അയ്യോ, കഷ്ടോണ്ട്! നിങ്ങളൊരുമാതിരി ഉരുണ്ട് കളിക്കരുത്. എനിക്കറിയാം അവരങ്ങനെ പറയില്ലെന്ന്.” “താനവര് പറഞ്ഞത് മുഴുവൻ ചോദിക്കെടോ” (തിരിഞ്ഞ്) “എന്താ പറഞ്ഞത്?” “ഇൻഡ്യ ഹിന്ദുക്കളുടേതാണ്. ഹിന്ദുസംസ്കാരം

കണ്ണാടി നിങ്ങളെ കീഴ്മേൽ മറിക്കാത്തതെന്തുകൊണ്ട്?

 കണ്ണാടിയിൽ നോക്കിയിട്ടുള്ള ഏതൊരാളും സമ്മതിക്കുന്ന കാര്യമാണ് കണ്ണാടി അതിലുണ്ടാകുന്ന പ്രതിബിംബത്തെ ഇടം-വലം തിരിക്കും എന്നത്. കണ്ണാടിയുടെ മുമ്പിൽ നിന്ന് നോക്കുമ്പോൾ, നാം ഇടംകൈ ഉയർത്തിയാൽ പ്രതിബിംബം വലം കൈയാണ് ഉയർത്തുന്നത്, വലത്തേയ്ക്ക് ചരിഞ്ഞാൽ പ്രതിബിംബം ഇടത്തേയ്ക്കാണ് ചരിയുന്നത് എന്നതൊക്കെ എല്ലാവർക്കും സുപരിചിതമായ കാര്യവുമാണ്. പക്ഷേ അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് കണ്ണാടിയിൽ മുകളും താഴെയും തമ്മിൽ തിരിയാത്തത്? കണ്ണാടിയിൽ നിങ്ങളുടെ തല മുകളിലും കാല് താഴെയായിട്ടും തന്നെയല്ലേ കാണുക? ഇനി കണ്ണാടി എടുത്ത് വശത്തേയ്ക്ക് 90 ഡിഗ്രി തിരിച്ച് പിടിച്ചിട്ട് നോക്കൂ. കണ്ണാടിയുടെ ഇടം-വലം ദിശ ഇപ്പോ കുത്തനെയായിരിക്കുന്നു. പക്ഷേ ഇപ്പോഴും ഇടവും വലവും മാത്രേ തിരിയുന്നുള്ളു, മുകളും താഴെയും പിന്നേയും കൃത്യമായി നില്പുണ്ട് എന്ന് കാണാം. അപ്പോപ്പിന്നെ എങ്ങനെ ചരിച്ച് വച്ചാലും കൃത്യമായി ഇടവും വലവും തിരിക്കാൻ കണ്ണാടിയ്ക്ക് കഴിയുന്നതെങ്ങനെയാണ്? സിംപിൾ! കണ്ണാടി പ്രതിബിംബത്തെ ഇടം-വലം തിരിക്കുന്നേയില്ല. നമ്മുടെ മനസ്സാണ് അതിനെ തിരിക്കാൻ ശ്രമിക്കുന്നത്. എന്താണിവിടെ പ്രശ്നം?  കണ്ണാടി ഒരു പ്രതിബിംബത്തേയും കറക്കുകയോ തിരിക

വെണ്ടയ്ക്കാ അക്ഷരത്തിന്റെ വലിപ്പം

"വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതിവെച്ചിട്ട് നീ കണ്ടില്ലേ?" ഇതുപോലെ ഒരു പ്രയോഗം നമ്മള്‍ മിക്കവരും നടത്തിയിട്ടുണ്ടാവും. അപ്പോ ചോദ്യമിതാണ്, എന്നതാ ഈ 'വെണ്ടയ്ക്കാ അക്ഷരം'? വലിയ അക്ഷരം എന്നതിനെ സൂചിപ്പിക്കുന്ന ആലങ്കാരികപ്രയോഗം വല്ലതുമാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി. 'വെണ്ടയ്ക്ക' എന്നത് പണ്ടുകാലത്ത് അച്ചടിയില്‍ ഉപയോഗിച്ചിരുന്ന ഒരു font size ആണ്. ഇന്ന്‍ ടൈപ്പോഗ്രാഫിയിലെ അടിസ്ഥാനയൂണിറ്റ് ആണ് 'പോയിന്‍റ്'. 12 pt, 14 pt എന്നൊക്കെ നമ്മള്‍ വേര്‍ഡ് പ്രോസസര്‍ സോഫ്റ്റ്‌വെയറുകളില്‍ ഫോണ്ട് സൈസ് നിഷ്കര്‍ഷിക്കുന്ന അതേ പോയിന്‍റ് (pt) തന്നെ. ഒരു പോയിന്‍റ് എന്നാല്‍ ഒരു ഇഞ്ചിന്റെ 72-ല്‍ ഒരു ഭാഗം (1/72 inch), അതായത് ഏതാണ്ട് 0.035 cm ആണ്. എന്നാല്‍ ഈ യൂണിറ്റ് നിലവില്‍ വരുന്നതിന് മുന്‍പ് ചില പ്രത്യേക വലിപ്പങ്ങള്‍ക്ക് പ്രത്യേകപേരുകളാണ് ഉപയോഗിച്ചിരുന്നത്. Agate, Pearl, Brevier, Pica തുടങ്ങിയ പേരുകള്‍ വിദേശങ്ങളില്‍ ഉപയോഗത്തിലിരുന്നപ്പോള്‍ നമ്മള്‍ മലയാളികള്‍ വെണ്ടയ്ക്ക, വഴുതനങ്ങ, മത്തങ്ങ തുടങ്ങിയ പേരുകളാണ് ഉപയോഗിച്ചത്. ഇന്നത്തെ കണക്കില്‍ 24 പോയിന്‍റ് ആണ് ഒരു വെണ്ട

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിരുന്ന

ഗ്രാനൈറ്റ് തറയും റബ്ബർ കാർപ്പെറ്റും- തണുപ്പിന്റെ കഥ

"ഗ്രാനൈറ്റ് തറയ്ക്ക് റബ്ബർ കാർപ്പറ്റിനെക്കാൾ തണുപ്പ് അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?"   വായനക്കാരുടെ ശാസ്ത്ര സംശയങ്ങൾ ശേഖരിച്ചതിൽ നിന്നും കിട്ടിയൊരു ചോദ്യമാണിത്. (ഇനിയും ചോദ്യം ചോദിക്കാനാഗ്രഹിക്കുന്നവർ ബ്ലോഗിന്റെ വലത്തേ കോളത്തിൽ മുകളിലേയ്ക്ക് നോക്കൂ)   നിത്യജീവിതത്തിൽ ചില വസ്തുക്കൾ മറ്റ് വസ്തുക്കളെ അപേക്ഷിച്ച് തണുത്തിരിക്കുന്നതായിട്ടുള്ള അനുഭവങ്ങളിൽ നിന്നാണ് ഈ ചോദ്യം വന്നതെന്ന് വ്യക്തം. അങ്ങനെ തോന്നാത്തവർ തിരക്കൊഴിഞ്ഞ അടുക്കളിയിലേക്കൊന്ന് കയറി, സ്റ്റീൽ പാത്രം, ഗ്ലാസ്, അമ്മിക്കല്ല്, തടിപ്പെട്ടി, ഫ്രൈയിങ് പാനിന്റെ പിടി എന്നിങ്ങനെ അവിടെ കാണുന്ന ഓരോ വസ്തുക്കളിലായി തൊട്ടുനോക്കുക. സ്റ്റീൽ പാത്രം ഗ്ലാസിനെക്കാൾ തണുത്തിരിക്കുന്നു എന്ന് മനസിലാവും.   പക്ഷേ ഇവിടൊരു കുഴപ്പമുണ്ട്. സ്റ്റീൽ പാത്രവും ഗ്ലാസും ഫ്രൈയിങ് പാനും ഒക്കെ ഒരേ മുറിയിൽ കുറേ നേരം ഇരുന്നവയാണ് എങ്കിൽ അവ എല്ലാം ഒരേ താപനിലയിൽ തന്നെ ആയിരിക്കും എന്നതാണ് സത്യം. അവ ഒന്ന് മറ്റൊന്നിനെക്കാൾ തണുത്തതോ ചൂടുള്ളതോ ആയി നിൽക്കില്ല. പ്രകൃതിയിലെ അടിസ്ഥാന ഭൗതികനിയമമാണിത്– വ്യത്യസ്ത താപനിലയിലുള്ള വസ്തുക്കൾ ഒരുമിച്ച് വന്നാൽ അതിൽ ചൂട്

മുങ്ങിക്കൊണ്ടിരിക്കുന്ന മതേതര കപ്പലിൽ നിന്നും തത്സമയം...

മതേതരത്വം പണ്ടേ തമാശയാണ് നമുക്ക്. കാരണം എന്തൊക്കെ കരണംമറിച്ചിലുകൾ നടത്തിയാലും ഒരാൾക്ക് ഒരേസമയം മതവിശ്വാസിയും മതേതരവാദിയും ആകാൻ കഴിയില്ല. നാനാവിധ മതവിശ്വാസികൾ ഒരുമിച്ച് തിങ്ങിപ്പാർക്കുന്ന ഒരു സമൂഹത്തിൽ, സമാധാനമായി ജീവിക്കുന്നതിന് എല്ലാവരും കൂടി കണ്ടെത്തുന്ന ഒരു പ്രായോഗിക ബുദ്ധിയാണ് മതേതരത്വം എന്ന കാപട്യം. അടിസ്ഥാനപരമായി "നീ നിന്റെ മതം വെച്ചോളൂ, ഞാൻ എന്റെ മതം വച്ചോളാം, ഞാൻ നിന്റെ മതത്തിൽ ഇടപെടില്ല, നീ എന്റെ മതത്തിലും ഇടപെടരുത്" എന്ന സങ്കുചിതമായ സന്ദേശമാണ് അതിലുള്ളത്. അമ്പലത്തിന്റെയും പള്ളിയുടേയും കൊടിമരം കൂട്ടിക്കെട്ടിയും പെരുന്നാളിനും ഓണത്തിനും ആഹാരം അങ്ങോട്ടുമിങ്ങോട്ടും കൈമാറിയും മൂന്ന് മതച്ചിഹ്നങ്ങളും കൂടി ഒരുമിച്ച് പെയിന്റ് ചെയ്തുമൊക്കെ മതേതരത്വത്തിൽ രോമാഞ്ചം കൊള്ളുന്നത്, ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് സ്വയം വിശ്വസിപ്പിക്കാനുള്ള നാട്യം മാത്രമാണ്. ഒരു കൂട്ടത്തിലെ ആണ് മറുകൂട്ടത്തിലെ പെണ്ണിനെ പ്രണയിക്കുന്നിടം വരെയുള്ള ആയുസ്സേ ഈ മതേതരത്വത്തിനുള്ളു. മതത്തിന്റെ അടിസ്ഥാനസ്വഭാവം തന്നെ പരസ്പരം അകറ്റി നിർത്തുക എന്നതാണ്. മതവ്യത്യാസം നോക്കാതെ ആളുകൾ പരസ്പരം വിവാഹം കഴിക്കാൻ തുടങ്ങിയാൽ രണ്ട് ത

ഉറുമ്പുകൾ എന്ന വെയ്റ്റ് ലിഫ്റ്റേഴ്സ്

കഴിഞ്ഞ ദിവസം നിത്യജീവിതത്തിലെ ശാസ്ത്രസംശയങ്ങൾ ചോദിച്ച് ഞാനൊരു പോസ്റ്റിട്ടിരുന്നത് ചിലർക്കെങ്കിലും ഓർമ്മ കാണും. കുറേയെറെ രസകരമായ ചോദ്യങ്ങൾ അവിടെനിന്ന് വഭിച്ചിട്ടുണ്ട്. അതിൽ നിന്ന് തെരെഞ്ഞെടുത്ത രണ്ട് ചോദ്യങ്ങളാണ് ഇന്ന് നമ്മളിവിടെ ചർച്ച ചെയ്യാൻ പോകുന്നത്. രണ്ട് ചോദ്യങ്ങളും ഉറുമ്പുകളെ പറ്റിയാണ്: ഉറുമ്പുകൾക്കെങ്ങനെയാണ് തങ്ങളെക്കാൾ ഭാരമുള്ള വസ്തുക്കളെ പുല്ല് പോലെ ഉയർത്തിക്കൊണ്ട് പോകാൻ സാധിയ്ക്കുന്നത്? വളരെയധികം ഉയരങ്ങളിൽ നിന്ന് വീണിട്ട് പോലും ഉറുമ്പുകൾക്ക് പരിക്ക് പറ്റാത്തത് എന്തുകൊണ്ട്? രണ്ട് ചോദ്യങ്ങളും ശരിയ്ക്കുള്ള നിരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരുമിച്ച് ആലോചിക്കുമ്പോൾ ഉറുമ്പുകൾ ബാലമംഗളത്തിലെ നമ്പോലനെപ്പോലെ ശക്തിമരുന്ന് കുടിച്ച അതിബലശാലികളാണ് എന്നതിന്റെ തെളിവുകളായി തോന്നിയേക്കാം. പക്ഷേ ഈ രണ്ട് ചോദ്യങ്ങളുടേയും ഉത്തരം അല്പം വ്യത്യസ്തമായ കാരണങ്ങളാണ്. ഓരോന്നായി നോക്കാം. ശരിയ്ക്കും ഉറുമ്പുകൾക്ക് നല്ല ‘മസിൽ പവറു’ണ്ട് എന്നത് സത്യമാണ്. ഒരുറുമ്പ് അതേ വലിപ്പമുള്ള മറ്റൊരു ഉറുമ്പിന്റെ ശരീരമോ തന്നെക്കാളും വലിപ്പമുളള അരിമണിയോ ഒക്കെ എടുത്തോണ്ട് പോകുന്നതാണ് നമ്മൾ കണ്ടിട്ടുള്ള ശക്തിപ്രകടന

ന്യൂട്രിനോകളുടെ തനിക്കൊണം തിരിച്ചറിഞ്ഞവർക്ക് നോബൽ

പ്രപഞ്ചത്തെ കുറിച്ചുള്ള അടിസ്ഥാന അറിവിലേയ്ക്ക് സംഭാവന നൽകിയവർക്കാണ് ഇത്തവണത്തെ ഭൗതികശാസ്ത്ര നോബൽ സമ്മാനം. പ്രൊഫ. തകാകി കാജിറ്റാ, പ്രൊഫ. ആർതർ മക്ഡൊണാൾഡ് എന്നിവരുടെ ശ്രമത്താൽ തെളിയിക്കപ്പെട്ട ന്യൂട്രിനോ ഓസിലേഷൻ എന്ന പ്രതിഭാസമാണ് അവരെ അതിനർഹരാക്കിയിരിക്കുന്നത്. ന്യൂട്രിനോകളുടെ സ്വഭാവത്തെ കുറിച്ചും അതുവഴി ദ്രവ്യപ്രപഞ്ചത്തിന്റെ രൂപകല്പനയെ കുറിച്ചും അതുവരെയുണ്ടായിരുന്ന ധാരണകളെ തിരുത്തി എന്നതാണ് ഈ കണ്ടെത്തലിന്റെ പ്രസക്തി.  (ഇനി പറയുന്ന കാര്യങ്ങൾക്ക് പശ്ചാത്തലമായി ‘ ദൈവകണവും ദൈവവും തമ്മിലെന്ത് ’ എന്ന പഴയ പോസ്റ്റ് കൂടി വായിക്കുന്നത് ചില സാങ്കേതികപദങ്ങൾ മനസിലാക്കാൻ സഹായിക്കും) എന്താണ് ന്യൂട്രിനോകൾ നമ്മുടെ പ്രപഞ്ചത്തിന്റെ അടിസ്ഥാന നിർമാണ യൂണിറ്റുകൾ എന്ന് വിളിക്കാവുന്ന മൗലികകണങ്ങളുടെ (elementary particles) കൂട്ടത്തിൽ പെടുന്ന ഒരു കണമാണ് ന്യൂട്രിനോ. ശ്രദ്ധിക്കണേ, ‘ന്യൂട്രിനോ’ ആണ്, ‘ന്യൂട്രോൺ’ അല്ല. ഇവർ രണ്ടും വേറേ വേറെ ടീമുകളാണ്. പ്രകാശകണങ്ങളായ ഫോട്ടോണുകൾ കഴിഞ്ഞാൽ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള കണങ്ങൾ ന്യൂട്രിനോകളാണ്. സൂര്യനുൾപ്പടെയുള്ള നക്ഷത്രങ്ങളിൽ നിന്നും സൂപ്പർനോവാ സ്ഫോടനങ്ങളിൽ നിന്ന

മണോറമാ ഇംപാക്റ്റ്: മുഖം രക്ഷിക്കാൻ കൂടുതൽ ചിത്രങ്ങളുമായി നാസ

അമേരിക്ക ജംഗ്ഷൻ: മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി എന്നത് സത്യമാണെന്ന് തെളിയിക്കാൻ അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസ കൂടുതൽ ചിത്രങ്ങളുമായി രംഗത്ത്. പാലക്കാട് എൻജി. കോളേജിലെ എം.ടെക്. വിദ്യാർത്ഥികൾ വാട്സാപ്പും യൂട്യൂബും ഉപയോഗിച്ച് മനുഷ്യൻ ചന്ദ്രനിലിറങ്ങിയിട്ടില്ല എന്ന് കണ്ടെത്തിയ വാർത്ത കഴിഞ്ഞ ആഴ്ച മണോറമ പുറത്ത് വിട്ടിരുന്നു. ഇത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതിനെ തുടർന്നാണ് മുഖം രക്ഷിക്കാൻ ധൃതിപ്പെട്ട് ഇങ്ങനൊരു നീക്കം നാസ നടത്തിയിരിക്കുന്നത്. അപ്പോളോ ദൗത്യത്തിലേത് എന്ന് പറയപ്പെടുന്ന 8400-ഓളം ചിത്രങ്ങളാണ് അവർ ഫ്ലിക്കറിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്നാൽ ഈ ചിത്രങ്ങളൊന്നും സത്യമാകാൻ വഴിയില്ലെന്നും ഇത്രയും കാലം ഈ ചിത്രങ്ങളൊന്നും പുറത്തുവിടാത്ത നാസ ഡിജിറ്റൽ സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച ഈ കാലത്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിർമിച്ച ന്യാജ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നതെന്നുമാണ് ഞങ്ങളുടെ സ്വന്തം ശാസ്ത്രലേഖകൻ പറയുന്നത്. പാലക്കാട് കോളേജിലെ വിദ്യാർത്ഥികൾ ഫോട്ടോകൾ ഇതിനകം ഡൗൺലോഡ് ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞുവത്രേ. കോളേജിലെ കണക്ഷൻ bsnl ആയതിനാൽ ചിത്രങ്ങളിലെ തെറ്റ് കണ്ടുപിടിക്കാൻ അല്

റോഡിലിറങ്ങും മുൻപ്

കഴിഞ്ഞ ദിവസം വൈകിട്ട് ഒരു എട്ട് മണി സമയം. തിരുവനന്തപുരം തൈക്കാട് ആശുപത്രിയുടെ മുന്നിലൂടെയുള്ള റോഡിലൂടെ ഞാൻ ബൈക്കിൽ പോകുന്നു. ആശുപത്രിയ്ക്ക് എതിരേയുള്ള ക്ഷേത്രത്തിനടുത്ത് നിന്ന് ഒരു ചെറിയ പെൺകുട്ടി റോഡിലേയ്ക്ക് ചാടിയിറങ്ങാൻ തുടങ്ങുന്നത് കണ്ട്, ഞാൻ വേഗത കുറച്ചു. പെട്ടെന്നാണത് കണ്ണിൽ പെട്ടത്, റോഡിന്റെ നടുവിൽ എന്റെ തൊട്ടുമുന്നിൽ ഒരു സ്ത്രീ! കണ്ട നിമിഷം രണ്ട് ബ്രേക്കുകളും കൂടി ആഞ്ഞ് പിടിച്ചെങ്കിലും അവരുടെ ദേഹത്ത് മുട്ടി മുട്ടിയില്ല എന്ന മട്ടിലാണ് വണ്ടി നിന്നത്. നേരത്തെ വേഗത കുറച്ചിരുന്നതിനാൽ അപകടം ഒഴിവായി. അവർ കറുത്ത പർദയായിരുന്നു ധരിച്ചിരുന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ എന്റെ നേരെ അവർ തിരിഞ്ഞുനോക്കിയതുകൊണ്ട് മാത്രമാണ് എനിക്കവരുടെ മുഖവും തുടർന്ന് അവരുടെ സാന്നിദ്ധ്യവും കാണാൻ സാധിച്ചത്. അല്ലാത്ത പക്ഷം ഉറപ്പായും ഞാൻ അതേ വേഗതയിൽ അവരെ ചെന്നിടിക്കുമായിരുന്നു. റോഡിൽ ധരിയ്ക്കുന്ന വസ്ത്രത്തിന്റെ പ്രാധാന്യം പൊതുവേ പറഞ്ഞാൽ ആളുകൾക്ക് മനസിലാവാറില്ല. നമ്മൾ റോഡിൽ നടക്കുമ്പോഴോ മുറിച്ച് കടക്കുമ്പോഴോ അതുവഴി വരുന്ന വാഹനം ഓടിക്കുന്നവർക്ക് നമ്മളെ കാണാനാവുക എന്നത് സുരക്ഷയുടെ ആദ്യ നിബന്ധനയാണ്. അതിൽ ന

ശ്രീനിവാസന്റെ തോന്നിവാസവും മരുന്നുപേടിയും

ഞാൻ ഈ പ്രശ്നം സിനിമയാക്കാൻ പോകുകയാണ്. അതുകൊണ്ട് സിനിമയിലെ ആശയം ഇപ്പോൾ മറ്റൊരുവിധത്തിൽ വെളിപ്പെടുത്താൻ മടിയുണ്ട്. അപ്പോ അദ്ദാണ് കാര്യം. ക്യാൻസറിനെ കുറിച്ച് കൂടുതൽ അറിയാൻ തന്റെ വരാൻ പോകുന്ന സിനിമ കാണണമെന്നാണ് ശ്രീനിവാസൻ സാറ് പറഞ്ഞുവരുന്നത്. കുറേ നാളായി അറിയാത്ത കാര്യങ്ങളിൽ വിടുവായത്തം എഴുന്നള്ളിച്ചുകൊണ്ടിരുന്നത് നാട്ടുകാരുടെ അജ്ഞത മുതലെടുത്ത് ആളാവാനാണ് എന്നാണ് കരുതിയത്. ഈ രീതിയിലാണെങ്കിൽ ഈ മനുഷ്യൻ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്.    എന്തെങ്കിലുമൊന്ന് പ്രചരിപ്പിക്കാൻ ഏറ്റവും നല്ല മാർഗം അതിനെ ഭയത്തിൽ പൊതിഞ്ഞ് വിടുക എന്നതാണ്. പരിണാമപരമായി തന്നെ ഭയം, അപഖ്യാതി, വെറുപ്പ് തുടങ്ങിയ നെഗറ്റീവ് കാര്യങ്ങൾ ഏറ്റെടുത്ത് പ്രചരിപ്പിക്കാനാണ് നമ്മുടെ പ്രവണത. റാങ്ക് നേടിയ കുട്ടിയെക്കാൾ പെട്ടെന്ന് പ്രശസ്തി കിട്ടുന്നത് ഹെഡ്മാസ്റ്ററെ കല്ലെറിഞ്ഞ കുട്ടിയ്ക്കായിരിക്കുമല്ലോ. വാട്സാപ്പിലും മറ്റും ഷെയർ ചെയ്ത് വരുന്ന ഭൂരിഭാഗം സന്ദേശങ്ങളുടേയും ടോൺ “ഇത് ഷെയർ ചെയ്യു, നിങ്ങളേയും കൂട്ടുകാരേയും ഈ അപകടത്തിൽ നിന്ന് രക്ഷിക്കൂ” എന്നല്ലേ? ആൾട്ടർനേറ്റ് മെഡിസിൻ പ്രചരണങ്ങളുടെ പൊതുസ്വഭാവം നോക്കിയാലും ഇത് പ്രകടമാണ്. പ്രകൃത

ഗുരുത്വാകർഷണം- ആപ്പിൾ മുതൽ ബ്ലാക് ഹോൾ വരെ

ഗുരുത്വാകർഷണം എവർക്കും സുപരിചിതമായ ഒന്നാണ്. കുട്ടിക്കാലത്ത് പിച്ചവെക്കാൻ തുടങ്ങുമ്പോൾ മുതൽ സൈക്കിളോടിക്കാൻ പഠിയ്ക്കുമ്പോഴും, പടിക്കെട്ടിറങ്ങുമ്പോഴും, ഒറ്റത്തടി പാലത്തിലൂടെ നടക്കാൻ ശ്രമിക്കുമ്പോഴുംഒക്കെ ഗുരുത്വാകർഷണവുമായി നേർക്കുനേർ മല്പിടുത്തം നടത്തിയിട്ടുള്ളവരാണ് നമ്മൾ. ഈ ഗുരുത്വാകർഷണത്തെക്കുറിച്ചുള്ള നമ്മുടെ ശാസ്ത്രീയ അറിവിന്റെ ചരിത്രപരമായ വഴി അന്വേഷിയ്ക്കലാണ് ഈ പ്രഭാഷണത്തിന്റെ ഉള്ളടക്കം. അതിനെക്കുറിച്ചുള്ള നമ്മുടെ മനസ്സിലെ ആദ്യചിത്രമായ ന്യൂട്ടന്റെ ആപ്പിൾ മുതൽ, ഐൻസ്റ്റൈന്റ ആപേക്ഷികതാ സിദ്ധാന്തം വിശദീകരിയ്ക്കുന്ന ബ്ലാക് ഹോളുകൾ വരെ. പരമാവധി (അമിത)ലളിതവൽക്കരിച്ചുകൊണ്ടുള്ള വിശദീകരണമാണ് പലയിടത്തും. ഒരു മണിക്കൂർ സമയവും താത്പര്യവും കൈയിലുള്ളവർ തല വെക്കൂ...  (ഒരു അമച്ചർ വീഡിയോ പകർപ്പാണ്. വേണ്ടത്ര പ്രകാശം ഇല്ലാത്തതുകൊണ്ടുള്ള സാങ്കേതികപരിമിതി ക്ഷമിയ്ക്കുക. എന്നെ കാണാനേ വ്യക്തതക്കുറവുള്ളു, സ്ലൈഡുകളെല്ലാം കാണാം എന്നതാണ് ഏക ആശ്വാസം  )