Skip to main content

Posts

Showing posts from November, 2010

ഞാന്‍ നടനം തുടരുന്നു

ജീവിതം ക്വാണ്ടം ഭൌതികത്തെക്കാള്‍ അനിശ്ചിതമായ പകിട കളിയാണ്. അനേകം ജീവനുകളുടെ മരണത്തിലേക്കുള്ള യാത്രകളില്‍ തമ്മില്‍ കൂടി പിണഞ്ഞു ദുര്‍ഗ്രാഹ്യമാം വിധം സങ്കീര്‍ണമായ ഒരു പ്രതിഭാസം. ആര്‍ക്കും ആരെയും മനസ്സിലാകുന്നില്ല. പക്ഷെ എല്ലാവരും അങ്ങനെ നടിക്കുന്നു, മനപ്പൂര്‍വം അല്ലെങ്കില്‍ എല്ലാവരും തന്നെപ്പോലെയൊക്കെ തന്നെയാണ് എന്ന ധാരണയുടെ പുറത്ത് . അവനവനെ പോലും അറിയാതെ എന്തോ കണ്ട് എന്തോ മനസ്സിലാക്കി എന്തൊക്കെയോ പറഞ്ഞു നാടകത്തിന്റെ കഥയോ തിരക്കഥയോ ഒന്നും അറിയാതെ ഓരോ നടനും രംഗം വിടുന്നു. ദൈവം എന്ന് വിളിക്കപ്പെടുന്ന സംവിധായകന്‍ ഉന്മാദത്തിന്റെ ഏതോ നിമിഷത്തില്‍ സൃഷ്ടി നിര്‍വഹിക്കേണ്ടി വന്ന മദ്യപനായ ഒരു കലാകാരനെപ്പോലെ തന്റെ സാന്നിധ്യം പോലും അറിയിക്കാന്‍ കഴിയാതെ എവിടെയോ ഒളിച്ചിട്ടുണ്ടാവണം. ഞാന്‍ എന്റെ കഥാപാത്രം അഭിനയിക്കുന്നു...കഥയും തിരക്കഥയും അറിയാതെ...സംവിധായകനെ കാണാതെ...

ഏതാണ് സ്ഥായിയായത്?

ദുഃഖം-സുഖം :ഇവയില്‍ ഏതാണ് സ്ഥായിയായത്? ദുഃഖം ഇല്ലാതാകുന്ന അവസ്തയെയാണോ സുഖം എന്ന് വിളിക്കുന്നത്? അതോ, സുഖം ഇല്ലാതാകുന്ന അവസ്ധയെയാണോ ദുഃഖം എന്ന് വിളിക്കുന്നത്? മനുഷ്യന്റെ അടിസ്ഥാന വികാരം ഇതില്‍ ഏതാണെന്ന് ഒരു പിടിയുമില്ല. അതോ, അടിസ്ഥാനമായ ഒരു വികാരം അവനില്ലേ?

അഹങ്കാരിയായ മരം

ഒരിടത്ത് ഒരു വന്‍ വൃക്ഷമുണ്ടായിരുന്നു. ആകാശത്തെ മുട്ടി ഉരുമ്മുന്ന ഇലചാര്‍ത്തുകളും അതിനെ ഉയര്‍ത്തി നിര്‍ത്തുന്ന ബലിഷ്ടമായ ശിഖരങ്ങളും ഒക്കെയായി അത് അങ്ങനെ തലയുയര്‍ത്തി നിന്നു. പക്ഷെ ആ മരം ആരുമായും അടുപ്പം കാണിച്ചിരുന്നില്ല. സമീപത്തുള്ള മറ്റു മരങ്ങളോട് അത് സംസാരിക്കുമായിരുന്നില്ല. അവന്റെ ശിഖരത്തില്‍ കൂട് കൂട്ടാന്‍ വന്ന കിളികളെയും അത് അടുപ്പിച്ചില്ല. അത് നിശബ്ദനായി ഗൌരവത്തോടെ നിന്നതേയുള്ളൂ. മറ്റുള്ളവര്‍ അതുകൊണ്ടുതന്നെ ആ മരത്തെ അഹങ്കാരിയായി കരുതിപ്പോന്നു. ഒരിക്കല്‍ അവിടെ ഒരു കൊടുംകാറ്റ് വീശി. സമീപത്തെ മറ്റു മരങ്ങളൊക്കെ അത് പിടിച്ചു നിന്നെങ്കിലും നമ്മുടെ ഭീമന്‍ വൃക്ഷം ഭയാനകമായ ശബ്ദത്തോടെ കടപുഴകി വീണു. മറ്റുള്ളവര്‍ അത്ഭുതപ്പെട്ടുപോയി. പിന്നീടാണ് അവര്‍ അത് ശ്രദ്ധിച്ചത്; അതിന്റെ വേരുകളില്‍ വല്ലാതെ കാന്‍സര്‍ ബാധിച്ചിരുന്നു. മുകളില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോഴും താഴെ തന്റെ അടിവേരുകളെ രോഗം കാര്‍ന്നു തിന്നുന്നത് ആ മരം ആരെയും അറിയിച്ചില്ല. നിശ്ശബ്ദനായി തന്റെ ചുവട്ടിലെ പുല്‍ക്കൊടികള്‍ക്ക് തണല്‍ നല്‍കിയും ചുറ്റുപാടുകള്‍ക്ക് കുളിര്‍മ നല്‍കിയും നിന്ന അത് ആരെയും അറിയിക്കാതെ കടപുഴകിവീണു.