കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ പലയിടങ്ങളിലും ശാസ്ത്രപ്രചരണ പരിപാടികളിൽ സംസാരിക്കാൻ പോകുന്നുണ്ട് ഞാൻ. ശാസ്ത്രം എന്താണ്, അത് അന്ധവിശ്വാസങ്ങളെക്കാൾ എന്തുകൊണ്ട് ഏതൊക്കെ രീതിയിൽ മികച്ചതാണ്, ശാസ്ത്രമെന്ന അവകാശവാദത്തോടെ വരുന്ന കപടശാസ്ത്രങ്ങളെ പ്രതിരോധിയ്ക്കേണ്ടത് എന്തുകൊണ്ട് ആവശ്യമാണ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മിക്കയിടത്തും സംസാരിക്കാറുള്ളത്. തമാശയെന്താന്ന് ചോദിച്ചാൽ, നമ്മളിവിടെ ഘോരഘോരം സയന്റിഫിക് മെത്തേഡും കിടുതാപ്പുമൊക്കെ എടുത്തലക്കി ഒരു പരുവത്തിന് അവസാനിപ്പിക്കുമ്പോ, മിക്കവാറും ഇടങ്ങളിൽ സദസീന്ന് ഒരു ഗാരന്റീഡ് ചോദ്യമുണ്ട്, "അപ്പോപ്പിന്നെ, ഈ ഐയെസ്സാറോക്കാര് റോക്കറ്റ് വിടുന്നതിന് മുൻപ് തിരുപ്പതീല് പോയി തുലഭാരമിരിക്കുകയും തേങ്ങയടിയ്ക്കുകയും ഒക്കെ ചെയ്യുന്നതോ? എന്തെങ്കിലും കാര്യമില്ലെങ്കിൽ അവരെപ്പോലുള്ളവർ അത് ചെയ്യുമോ?"
ഇതൊരു സ്ഥിരം ചോദ്യമാണ്. സമാന സാഹചര്യങ്ങളിൽ എന്റെ പല സുഹൃത്തുക്കളും കൊടുക്കുന്ന മറുപടിയും കേട്ടിട്ടുണ്ട്, "ഐയെസ്സാറോയിൽ ഉള്ളവർ സയന്റിസ്റ്റുമാരല്ല, അവർ എഞ്ചിനീയർമാരോ ടെക്നോക്രാറ്റുകളോ മാത്രമാണ്" സംഗതി ശരിയായിരിക്കാം. അവർ ടെക്നോക്രാറ്റുകളോ എഞ്ചിനീയർമാരോ മാത്രമായിരിക്കാം. പക്ഷേ അവർ അത് മാത്രമായിരിക്കുന്നത് കൊണ്ടല്ല ഇങ്ങനൊന്നും ചെയ്യുന്നത്. ഇസ്രോക്കാരെക്കാൾ വോൾട്ടേജ് കൂടിയ ഏ-ക്ലാസ് അന്ധവിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന ശരിയ്ക്കും 'സയന്റിസ്റ്റുമാർ' ഇൻഡ്യയിൽ അസംഖ്യമുണ്ട്. ഇനി അവരാണോ എണ്ണത്തിൽ കൂടുതൽ എന്നും സംശയമുണ്ട്. ശാസ്ത്രവാദികളുടെ പരിഹാസവും അന്ധവിശ്വാസികളുടെ മതിപ്പും ഇസ്രോക്കാര് മൊത്തമായി വാരിക്കോണ്ട് പോകുന്നത് വേറൊന്നും കൊണ്ടല്ല, ആ സ്ഥാപനത്തിന് മൊത്തത്തിലുള്ള ഗ്ലാമർ കൊണ്ട് മാത്രമാണ്. ചാന്ദ്രദൗത്യവും ചൊവ്വാദൗത്യവും കാലാവസ്ഥാ പ്രവചന ഉപഗ്രഹവും എന്നിങ്ങനെ അവർ ചെയ്യുന്നതെല്ലാം പെട്ടെന്ന് വാർത്തയാകുന്ന ജോലികളാണ്. സ്വാഭാവികമായും സദാ സ്പോട് ലൈറ്റിൽ നിൽക്കുന്ന ഒരു സ്ഥാപനത്തിൽ നടക്കുന്നതൊക്കെ കൂടുതൽ പേർ അറിയും. സാധാരണക്കാരെ സംബന്ധിച്ച് സയന്റിസ്റ്റുമാര് ചെയ്യുന്നതാണ് സയന്റിഫിക്, ഇൻഡ്യയിൽ ഇസ്രോയിലുള്ളവരാണ് സയന്റിസ്റ്റുമാര്! ഇപ്പോ കറക്റ്റായില്ലേ? തേങ്ങയടീം തുലാഭാരവുമൊക്കെ 'സയന്റിഫിക്കാ'വുന്നത് ഈ വഴിയിലാണ്.
തങ്ങളുടെ അന്ധവിശ്വാസം ശാസ്ത്രത്തിന്റെ വെയിലടിച്ച് ഉരുകിപ്പോകാതെ സംരക്ഷിക്കാൻ ഐയെസ്സാറോയിലെ സയന്റിസ്റ്റ് ദൈവങ്ങളെ അഭയം പ്രാപിക്കുന്ന സാധാരണക്കാരെ ഒരുരീതിയിലും കുറ്റം പറയാനാവില്ല. ലക്ഷത്തിൽ ഒരു കണക്ഷൻ ലൂസായാൽ മതി, പൊക്കിവിടുന്ന സാധനം കടലിൽ വീണ് പൊതുഖജനാവിൽ നിന്ന് വെള്ളത്തിൽ പോയ കോടികൾക്ക് സമാധാനം പറയേണ്ടിവരുമല്ലോ എന്ന ആധിയിൽ എന്തും ചെയ്തുപോകുന്ന ഇസ്രോക്കാരേയും സത്യത്തിൽ കുറ്റം പറയാനാകില്ല. കുറ്റം നമ്മൾ സയൻസ് പഠിയ്ക്കുന്ന രീതിയുടേത് മാത്രമാണെന്നേ ഞാൻ പറയൂ. പേടി മനുഷ്യന് അത്യന്താപേക്ഷിതമായ ഒരു വികാരമാണ്. തനിയ്ക്ക് അപകടകരമായേക്കാവുന്ന എന്തിനേയും ഭയക്കാനാണ് നാം ശീലിച്ചിരിക്കുന്നത്. അതൊരു യഥാർത്ഥ അപകടമായാലും അപകടമാണോ എന്ന വെറും സംശയമായാലും ഏറ്റവും സുരക്ഷിതമായ മാർഗം അതിനെ പേടിക്കുക എന്നത് തന്നെയാണ്. ഇതിൽ യഥാർത്ഥ അപകടത്തെയും അപകടമാണോ എന്ന സംശയത്തേയും വേർതിരിച്ചറിയാനാണ് വിദ്യാഭ്യാസം വേണ്ടിവരുന്നത്. "ഗ്രഹനിലയിൽ ഏഴാം ഭാവത്തിൽ ചൊവ്വനിന്നാൽ വിധവായോഗമാണ്" എന്നൊരു ജ്യോത്സ്യൻ പറഞ്ഞാൽ അതിനെ ഭയക്കാതിരിക്കണമെങ്കിൽ, ഇപ്പറഞ്ഞ 'ഗ്രഹനില', 'ഏഴാം ഭാവം', 'ചൊവ്വ' എന്നിങ്ങനെയുള്ള സംഗതികളുടെ യഥാർത്ഥ അർത്ഥം കേൾക്കുന്നയാൾക്ക് വ്യക്തമായിരിക്കണം. അതൊക്കെ എന്താണ്, എന്തല്ല എന്ന ബോധം അവർക്കുണ്ടാകണം (അതുള്ളവർ ജ്യോത്സ്യൻമാരുടെ മുന്നിൽ പോയി ക്യൂ നിൽക്കില്ല). ശാസ്ത്രവിദ്യാഭ്യാസം വേണ്ടത് അവിടെയാണ്. ദൗർഭാഗ്യവശാൽ നമുക്ക് വിദ്യാഭ്യാസം എന്ന വാക്കിന്റെ അർത്ഥമേ വേറെയായിപ്പോയി. ഫിസിക്സിൽ പോസ്റ്റ് ഗ്രാജ്വേഷൻ ഉള്ളയാളാണ് ഞാൻ. തുറന്നുപറയട്ടെ, ആ ഡിഗ്രി നേടാൻ വെള്ളം ചൂടാക്കിയാൽ തിളയ്ക്കുന്നത് എന്തുകൊണ്ട്, ഉരുട്ടിവിട്ട പന്ത് കുറേ കഴിയുമ്പോൾ നിൽക്കുന്നതെന്തുകൊണ്ട് എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ ഫിസിക്സ് ജ്ഞാനം പോലും എനിയ്ക്ക് വേണ്ടി വന്നിട്ടില്ല. എന്റെ കൂടെ പോസ്റ്റ് ഗ്രാജ്വേഷൻ നേടിയവർക്കാർക്കും ആ ജ്ഞാനം വേണ്ടിവന്നിട്ടില്ല. ഇപ്പോ നേടിക്കോണ്ടിരിക്കുന്നവർക്കും അതാവശ്യമില്ല. കോളേജിൽ ഫിസിക്സ് പഠിപ്പിക്കാനുള്ള യോഗ്യതാപരീക്ഷ പാസ്സാകാൻ പോലും ഈ അറിവ് ആവശ്യമില്ല എന്നതാണ് നമ്മുടെ നാട് നേരിടുന്ന ദുരവസ്ഥ. ഞാനുൾപ്പടെയുള്ളവർ ഈ ദുരവസ്ഥയുടെ ഇരകളാണ്. പുറത്തുനിന്നും ഫിസിക്സ് പഠിച്ചവരുടെ മുന്നിൽ ചെന്ന് "എനിയ്ക്കും ഫിസിക്സിൽ എമ്മസ്സി ഉണ്ട് "എന്ന് പറയാൻ എനിയ്ക്ക് നാണമാണ്. സ്വന്തം അറിവിന്റെ പരിമിതിയെ ഓർത്തുള്ള ജാള്യത തന്നെ കാരണം. ഫിസിക്സ് അറിയാവുന്ന കുറച്ചുപേരോട് ഇടപെടാൻ കിട്ടിയ അവസരങ്ങളാണ് എന്റെ അറിവില്ലായ്മ തിരിച്ചറിയാൻ കാരണമായത് (ആ തിരിച്ചറിവിന്റെ പുറത്ത് അറിയാത്തത് അറിയാനുള്ള ശ്രമം ഇപ്പോഴും തുടരുന്നു). എന്നാൽ നമ്മുടെ നാട്ടിൽ ബഹുഭൂരിപക്ഷം പേർക്കും ആ ഒരു ഭാഗ്യം പോലും ഇല്ല. അവർ കരുതുന്നു അവർ പഠിയ്ക്കുന്നത്/പഠിച്ചത് ഫിസിക്സ് ആണെന്ന്, അവരെ പഠിപ്പിച്ചവരും കരുതുന്നു അവർ പഠിപ്പിക്കുന്നത് ഫിസിക്സ് ആണെന്ന്...യഥാർത്ഥ ഫിസിക്സിനെ കാണാത്തിടത്തോളം ആ തെറ്റിദ്ധാരണ അങ്ങനെ തന്നെ തുടരുന്നു.
ഞാൻ പഠിച്ച വിഷയമായതുകൊണ്ടാണ് ഫിസിക്സിനെ ഉദാഹരണമായി എടുത്തുപറഞ്ഞത്. ഇത് ആ വിഷയത്തിന് മാത്രം ബാധകമായ ഒരു അവസ്ഥയാണെന്ന് കരുതാൻ നിർവാഹമില്ല. സകല വിഷയങ്ങളിലും ഇത് തന്നെയാണ് അവസ്ഥ എന്ന് കരുതാൻ പോന്ന തെളിവുകൾ നിരവധി ഉണ്ട് താനും. ഇവിടുത്തെ എല്ലാ വിദ്യാസമ്പന്നരും ഇതിന്റെ ഇരകളാണ്. അതേ ഇരകൾ തന്നെയാണ് ഇസ്രോയിലും രാജ്യത്തെ സകല ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലും ഉള്ളത്. ചെയ്തുചെയ്ത് പഴകിയ പ്രവൃത്തികൾ കാരണം സ്വന്തം ഇടുങ്ങിയ മേഖലയിലെ ആഴത്തിലുള്ള വൈദഗ്ദ്ധ്യം പലർക്കുമുണ്ട്. ആ മേഖലയിൽ ശോഭിയ്ക്കാൻ അവരെ അത് സഹായിക്കുകയും ചെയ്യും. പക്ഷേ പ്ലസ് ടൂവിന് പഠിച്ച ഫിസിക്സ് എത്ര ഡോക്ടർമാർക്ക് അറിയാം, പ്ലസ് ടൂവിന് പഠിച്ച ബയോളജി എത്ര എഞ്ചിനീയർമാർക്ക് അറിയാം എന്നൊരു പരിശോധന നടത്തിയാൽ കാണാം സംഗതികളുടെ കിടപ്പ്. ശാസ്ത്രം ഫിസിക്സോ കെമിസ്ട്രിയോ ബയോളജിയോ എന്ന് പേരിട്ട് മാറ്റാവുന്നതല്ല. സ്കൂളിൽ പഠിച്ച ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഒക്കെ ശാസ്ത്രം ആയിരുന്നു. അതായത്, ഫിസിക്സിലും കെമിസ്ട്രിയിലും ബയോളജിയിലും എല്ലാം പൊതുവായി അടങ്ങിയിരിക്കുന്ന എന്തോ ഒന്നാണ് ശാസ്ത്രം. ആ 'എന്തോ ഒന്ന്' നമ്മുടെ നാട്ടിൽ ആരും ശ്രദ്ധിക്കുന്നതേയില്ല. നമ്മുടെ പാഠപുസ്തകങ്ങളും ക്ലാസ് മുറികളും ഇത്ര വിരസമാകുന്നത് അതുകൊണ്ടാണ്. സയൻസ് പലർക്കും ഒരു കീറാമുട്ടിയായി മാറുന്നത് അതുകൊണ്ടാണ്. ശാസ്ത്രത്തിന്റെ ഗുണഫലങ്ങൾ എല്ലാം ആസ്വദിച്ചുകൊണ്ട് നമ്മളിങ്ങനെ ശാസ്ത്രവിരുദ്ധത പറഞ്ഞ് അപഹാസ്യരാകുന്നതും അതുകൊണ്ടാണ്. വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് അടിമുടി മാറാതെ ഈ പ്രശ്നത്തിന് പരിഹാരമുണ്ടെന്ന് തോന്നുന്നില്ല.
വാൽക്കഷണം: ബഹിരാകാശം എങ്ങനെയാകും എന്നതിനെ പറ്റി മനുഷ്യർക്ക് ഊഹങ്ങൾ മാത്രം ഉണ്ടായിരുന്ന കാലത്ത് ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്പുട്നിക്കും, ആദ്യ ബഹിരാകാശ സഞ്ചാരിമാരായ യൂറി ഗഗാറിനും, വാലന്റീന തെരഷ്കോവയും ഒക്കെ മുകളിലേയ്ക്ക് പറന്നുയർന്നത് തേങ്ങയടിച്ചിട്ടും തുലാഭാരം തൂക്കിയിട്ടും ഒന്നുമായിരുന്നില്ല.
വളരെ നല്ല ലേഖനം.സന്തോഷം.ഇനിയുമെഴുതുക.
ReplyDeleteമികച്ച ലേഖനം
ReplyDeleteമികച്ച ലേഖനം
ReplyDeleteDiagnosis is excellent, what are the remedies? try to give some directions in this regard.
ReplyDelete(Y)
ReplyDelete(Y)
ReplyDeleteനാസയും,ഇസ്രോക്കാരുമൊക്കെ വരുന്നതിനു മുൻപ് കൃത്യമായി ഇന്ന ദിവസം ,ഇന്ന സമയത്ത് സൂര്യഗ്രഹണവും,ചന്ദ്രഗ്രഹണവുമൊക്കെ ഉണ്ടാകുമെന്ന് ഗണിച്ചിരുന്നല്ലോ .അതിന്റെ വിശദീകരണം എന്താ???
ReplyDelete