Skip to main content

പ്രസവം ഇത്ര വല്യ മെനക്കേടാവുന്നത് എന്തുകൊണ്ട്?

 പേറ്റുനോവ് എന്ന വേദനയെക്കുറിച്ചുള്ള ഡയലോഗുകള്‍ സിനിമയിലും നിത്യജീവിതത്തിലും കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ഇങ്ങനെ അമ്മമാര്‍ക്ക് മക്കളോട് അടിക്കടി എടുത്തുപറഞ്ഞ് സെന്റി അടിക്കാന്‍ പാകത്തില്‍ ഈ പ്രസവം എന്ന പ്രക്രിയ ഇത്ര വേദനാകരമായത് എന്തുകൊണ്ട് എന്ന്‍ ചിന്തിച്ചിട്ടുണ്ടോ? സ്വന്തം തലമുറയെ നിലനിര്‍ത്താന്‍ പ്രകൃതി നേരിട്ടു ബയോളജി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ടോപ്പിക് ആയിട്ടും നമ്മളെയൊക്കെ ഇങ്ങോട്ട് ഇറക്കിവിടാന്‍ പ്രകൃതി നമ്മുടെ അമ്മമാരെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്തിനാണ്?

ജീവപരിണാമം അനുസരിച്ച്, ഈ പോസ്റ്റ് ഇവിടെ ഇടാനും അത് വായിക്കാനുമൊക്കെ കാരണമായ മനുഷ്യന്റെ 'എമണ്ടന്‍' തലയും പിന്നെ നമ്മുടെ രണ്ടുകാലില്‍ നടത്തവുമാണ് പ്രസവം ഇത്രയും വലിയൊരു മെനക്കേടാക്കുന്നതത്രേ. അതെങ്ങനെ? നോക്കാം.

ജീവികളില്‍ ഏറ്റവും 'ദയനീയമായ' ശൈശവം (infancy) മനുഷ്യരുടേതാണ് എന്നറിയാമല്ലോ. ഒരു പശുക്കുട്ടി ജനിച്ചുവീണ ഉടന്‍ നടന്ന്‍ പോയി അമ്മയുടെ അകിട്ടിലെ പാല് കുടിക്കും. മനുഷ്യക്കുട്ടിയോ? എത്ര നാള്‍ കഴിഞ്ഞാണ് ഒരു മനുഷ്യക്കുഞ്ഞു മലര്‍ന്ന കിടപ്പില്‍ നിന്ന് സ്വയം കമിഴ്ന്ന് കിടക്കാന്‍ പഠിക്കുന്നത്, എത്ര നാള്‍ കഴിഞ്ഞാണ് അതിന്റെ കഴുത്ത് തലയെ താങ്ങിനിര്‍ത്താനുള്ള ബലം നേടുന്നത്, ഇരിക്കാനും എഴുന്നേറ്റ് നില്‍ക്കാനും നടക്കാനുമൊക്കെ എന്തോരം സമയമാണ് നമ്മളെടുത്തത്! ജനിച്ച ശേഷവും ഒരുപാട് നാള്‍ നമ്മുടെയൊക്കെ ജീവിതം പരസഹായം ഇല്ലാതെ അസാദ്ധ്യമാണ്. മറ്റ് ജീവികളെ അപേക്ഷിച്ച്, അമ്മയുടെ വയറ്റില്‍ ഒരു ഭ്രൂണം വളര്‍ന്ന് കുഞ്ഞിന്റെ ശരീരമായി മാറുന്ന വികാസഘട്ടത്തിന്റെ കുറച്ചുകൂടി നേരത്തെയുള്ള ഒരു സ്റ്റേജിലാണ് മനുഷ്യക്കുഞ്ഞ് ഗര്‍ഭാശയം വിട്ട് പുറത്തുവരുന്നത് എന്നാണ് ഇതിനര്‍ത്ഥം. നമ്മുടെ ശരീരഭാഗങ്ങള്‍ വേണ്ടത്ര വികാസം പ്രാപിക്കും മുന്‍പ് പുറത്തുവരാന്‍ നമ്മളെ നിര്‍ബന്ധിക്കുന്നത് നമ്മുടെ തലച്ചോറിന്റെ വലിപ്പമാണ്. ജനിക്കുന്നതിന് മുന്‍പും ശേഷവും കുഞ്ഞിന്റെ തലച്ചോര്‍ വളരെ വേഗത്തിലാണ് വളര്‍ച്ച പ്രാപിക്കുന്നത്. എന്നാല്‍ കുഞ്ഞിന്റെ തല അമ്മയുടെ ഇടുപ്പിനും ജനനനാളിയ്ക്കും (birth canal or vagina) താങ്ങാവുന്നതിലും അപ്പുറത്തേക്ക് വളരും മുന്നേ പ്രസവം നടക്കേണ്ടതുണ്ട് എന്നതിനാല്‍ ശരീരഭാഗങ്ങള്‍ ശരിയായി വികാസം പ്രാപിക്കുന്നതുവരെ മാതൃശരീരത്തിന് കാത്തുനില്‍ക്കാനാവില്ല. മനുഷ്യര്‍ക്ക് അല്പം കൂടി വലിയ ഒരു ഇടുപ്പ് ഉണ്ടായിരുന്നെങ്കില്‍ ഈ പ്രശ്നം വരില്ലായിരുന്നു എന്ന്‍ തോന്നാം. ശരിയാണ്, അത് പ്രസവം അല്പം കൂടി എളുപ്പമുള്ളതാക്കുമായിരുന്നു. പക്ഷേ ഒരു പ്രശ്നമുണ്ട്, അങ്ങനെ വന്നാല്‍ രണ്ടുകാലിലുള്ള നടത്തം അസാധ്യമാകും. ഇടുങ്ങിയ ഇടുപ്പ് ഉണ്ടെങ്കിലേ രണ്ടുകാലില്‍ എഴുന്നേറ്റ് നടക്കാന്‍ നമുക്ക് സാധിക്കൂ. വലിയ തലച്ചോറും രണ്ടു കാലിലുള്ള നടത്തവും ശരീരത്തിന് പരസ്പരവിരുദ്ധമായ രണ്ട് ഘടനകള്‍ ആവശ്യപ്പെടുന്നു എന്നര്‍ത്ഥം. അതായത് 'പ്രസവവേദന' എന്നത് ഈ രണ്ട് സവിശേഷതകളും ഒരുമിച്ച് കൈയടക്കി വെക്കാന്‍ പ്രകൃതി നമുക്ക് വെച്ചുനീട്ടിയ compromise agreement ആണ് എന്നുവേണമെങ്കില്‍ പറയാം.

ചിലപ്പോള്‍ ഈ വേദന പേടിച്ച് ഇനി മനുഷ്യരെങ്ങാനും പ്രസവിക്കാതിരുന്നാലോ എന്ന്‍ പേടിച്ചാകും പ്രസവത്തിലേക്ക് നയിക്കുന്നതും എന്നാല്‍ പ്രസവത്തിന് വളരെ മുന്നേ നടക്കുന്നതുമായ 'ചില പരിപാടികള്‍' മനുഷ്യനെ കൊതിപ്പിക്കും വിധം സുഖമുള്ളതാക്കി അറേഞ്ച് ചെയ്തിരിക്കുന്നത് അല്ലേ?

(പിന്‍കുറിപ്പ്: പ്രസവവേദന വിശദീകരിക്കുന്ന obstetrical dilemma എന്ന സിദ്ധാന്തമാണ് മുകളില്‍ അവതരിപ്പിച്ചത്. അടുത്തിടെ ഈ സിദ്ധാന്തത്തിന് ചെറിയ ചില എതിര്‍വാദങ്ങളും ഉയര്‍ന്നിട്ടുണ്ടെന്ന കാര്യം ലാളിത്യം പരിഗണിച്ച് വിസ്മരിക്കുന്നു)

Comments

Popular posts from this blog

ഫിലമറ്റോളജി- ഉമ്മ വെക്കുന്ന ശാസ്ത്രം

ഈ ശാസ്ത്രജ്ഞര്‍ വലിയ തമാശക്കാരാണ്. ഉമ്മ വെക്കുന്നതിനെ കുറിച്ച് പഠിക്കാനും ഉണ്ട് അവര്‍ക്കൊരു ശാസ്ത്രശാഖ-ഫിലമറ്റോളജി (Philematology). മാസങ്ങള്‍ പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ നെറ്റിയില്‍ വാത്സല്യത്തോടെ ഉമ്മ വെക്കുമ്പോഴോ അവസരം വരുമ്പോള്‍ പാത്തും പതുങ്ങിയും പ്രേമഭാജനത്തിന് ചൂടനൊരു കിസ്സ് വെച്ചു കൊടുക്കമ്പോഴോ ഒരു പെണ്‍കുട്ടിയെ സ്റ്റേജില്‍ വച്ച് ചുംബിച്ച് സദാചാര-അണ്ണന്‍മാരുടെ തെറിവിളി കേട്ട കമല്‍ഹാസന്റെ കാര്യം ചര്‍ച്ച ചെയ്യുമ്പോഴോ നിങ്ങളോര്‍ത്തിട്ടുണ്ടോ ഈ ഉമ്മ ഇത്രയും വല്യ സംഭവമാണെന്ന്? എന്നാ കേട്ടോ, ഉമ്മ എന്ന്‍ പറയുന്നത് അത്ര നിസ്സാര സംഗതിയൊന്നും അല്ല. കാണ്ഡം കാണ്ഡമായിട്ട് അങ്ങനെ കിടക്കയാണ് ഉമ്മ വിശേഷങ്ങള്‍! എന്താണ് ഉമ്മ? ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ശരീരത്തില്‍ ചുണ്ടുകള്‍ ചേര്‍ക്കുന്ന പ്രവൃത്തിയാണ് ഉമ്മ എന്ന്‍ പറയാം. എന്നാല്‍ ഇതിന് അര്‍ത്ഥങ്ങള്‍ സാഹചര്യത്തിനും ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും അനുസരിച്ചു മാറും. പ്രണയമോ സ്നേഹമോ വാത്സല്യമോ ബഹുമാനമോ ഭക്തിയോ സൌഹൃദമോ ആചാരമോ വരെ അങ്ങനെ ഉമ്മയുടെ അര്‍ത്ഥങ്ങള്‍ എന്തുമാവാം. ഇങ്ങനെ അര്‍ത്ഥങ്ങളും ചെയ്യുന്ന രീതികളും മാറാമെങ്കില്‍ പോലും വൈകാരിക അടു

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി

മനുഷ്യൻ ശരിക്കും ചന്ദ്രനിൽ ഇറങ്ങിയിരുന്നോ?

മനുഷ്യന്റെ ചന്ദ്രയാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമിട്ട പോസ്റ്റിന് കീഴിലായും മെസേജായും പലരും ആ സ്ഥിരം ചോദ്യം ഉന്നയിച്ചു- “മ നുഷ്യൻ ശരിയ്ക്കും ചന്ദ്രനിലിറങ്ങി എന്ന് വിശ്വസിക്കുന്നുണ്ടോ? ” അതിനുള്ള മറുപടിയാണ് ഈ പോസ്റ്റ്. എന്റെ ഉത്തരം കുറഞ്ഞ വാക്കുകളിൽ പറഞ്ഞാൽ, “അതെ. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങി എന്നത് വിശ്വസിക്കാൻ പറ്റാത്ത ഒന്നായി എനിക്ക് തോന്നുന്നില്ല” എന്നതാണ്. പക്ഷേ ഈ വിഷയത്തിൽ ഉത്തരം ഇങ്ങനെ പറഞ്ഞാൽ തീരെ തൃപ്തികരമാവില്ല എന്നതിനാൽ അല്പം വിശദീകരണം ആവാം. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല എന്നും അത് അമേരിക്ക നടത്തിയ ഒരു നാടകം മാത്രമാണെന്നും വിശ്വസിക്കുന്നതിന് പലർക്കും പല കാരണങ്ങളുണ്ട്. അതിൽ പ്രധാനമായും നിരീക്ഷിച്ചിട്ടുള്ള കാരണങ്ങളിൽ ചിലത്, അത് വെറും നാടകമാണെന്ന് തെളിയിക്കുന്ന കുറേ ശാസ്ത്രീയ തെളിവുകൾ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ. കൊടി പറക്കുന്നത്, നിഴൽ വീഴുന്നത്, പ്രകാശം വീഴുന്നത് അങ്ങനെ… (പ്രശ്നം സംശയമാണ്) അമേരിക്ക ഒരു വൃത്തികെട്ട രാജ്യമാണ്. അവർ ഇതല്ല, ഇതിന്റെ അപ്പുറത്തെ നാടകം കളിക്കും. (പ്രശ്നം അമേരിക്കയാണ്) മനുഷ്യന് ചന്ദ്രനിൽ ഇറങ്ങുക സാധ്യമല്ല. സാധ്യമായിരുന്നെങ്കിൽ എന്തുകൊണ്