ലോക ഭൂപടം അഥവാ വേൾഡ് മാപ്പ് എല്ലാവർക്കും അറിയാം. ഈ ലോകത്തെ നാം അവയിലൂടെയാണ് മനസിലാക്കിയിരിക്കുന്നത്. ഗ്ലോബുകൾ മറ്റൊരു ദൃശ്യബോധം ഉണ്ടാക്കുന്നുണ്ട് എങ്കിലും, കൈകാര്യം ചെയ്യാനുള്ള എളുപ്പം കാരണം നമ്മുടെ ഭൂമിശാസ്ത്രബോധത്തെ കൂടുതൽ സ്വാധീനിക്കുന്നത് പരന്ന ലോകഭൂപടങ്ങൾ തന്നെയാണ്. എന്നാൽ ഭൂപടങ്ങൾക്ക് സഹജമായ ചില പരിമിതികളുണ്ട്. അത് മനസിലാക്കി അവയെ സമീപിച്ചിട്ടില്ലെങ്കിൽ തെറ്റായ ഒരു ലോകചിത്രമായിരിക്കും നമ്മൾ കൊണ്ടുനടക്കുന്നത്. പ്രധാനമായും രണ്ട് തെറ്റിദ്ധാരണകളാണ് ഭൂപടങ്ങൾ ഉണ്ടാക്കുന്നത്:
1. കുറേ രാജ്യങ്ങൾ 'മുകളിലും' മറ്റുള്ളവ 'താഴെയും' ആണ്
ഇത് ഭൂപടത്തിനും ഗ്ലോബിനും ബാധകമായ കാര്യമാണ്. അവിടെ ഇംഗ്ലണ്ടും ചൈനയും റഷ്യയും ഒക്കെ 'മുകളിലും', ഓസ്ട്രേലിയ, ബ്രസീൽ തുങ്ങിയവ 'താഴെ'യും ആണ്. ഇതിൽ ഒരു കുഴപ്പമുണ്ട്. താഴെ, മുകളിൽ എന്ന സങ്കല്പങ്ങൾ പ്രാദേശികമായി മാത്രം പ്രസക്തിയുള്ളവയാണ്. ഭൂമിയിൽ ഒരിടത്ത് ഗുരുത്വാകർഷണം അനുഭവപ്പെടുന്ന ദിശയാണ് അവിടത്തെ 'താഴേയ്ക്ക്' എന്ന ദിശ. ഗോളാകൃതിയുള്ള ഭൂമിയിൽ ഇൻഡ്യയും അമേരിക്കയും പോലെ എതിർവശങ്ങളിൽ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളെ സംബന്ധിച്ച് ഈ ദിശകളും വിപരീതമാണ്. അതായത്, ഇൻഡ്യയിൽ നിന്ന് ആലോചിക്കുമ്പോൾ അമേരിക്കയിൽ മഴ പെയ്യുന്നത് താഴെ നിന്ന് മുകളിലേയ്ക്കാണ്. എന്നാൽ ഭൂമിയെ മൊത്തത്തിൽ പരിഗണിക്കുമ്പോൾ അവിടെ മേലും കീഴും എന്നൊരു സങ്കല്പത്തിനേ പ്രസക്തിയില്ല. നിങ്ങൾ ഭൂമധ്യരേഖയിൽ നിന്ന് ഇംഗ്ലണ്ടിന്റെ നേരേ പോയാലും ബ്രസീലിന്റെ നേരേ പോയാലും, 'മേലുകീഴുകൾ' നിർണയിക്കുന്നത് ഒരുപോലെയാണ്. ഭൂമിയിലെ ഒരു ഭൗതികനിയമവും അവിടെ മാറുന്നില്ല. അതുകൊണ്ട് തന്നെ ഇതോടൊപ്പമുള്ള ചിത്രത്തിൽ കാണുന്ന ലോകഭൂപടവും നമ്മൾ കണ്ടുപരിചയിച്ച ഭൂപടം പോലെ തന്നെ ശരിയാണ്. മേലുകീഴുകൾ മാറ്റി വരയ്ക്കുമ്പോൾ രാജ്യങ്ങളുടെ രൂപവും ആകെ മാറുന്നത് ശ്രദ്ധിച്ചുകാണുമല്ലോ. ഇൻഡ്യയ്ക്ക് നമ്മുടെ മനസിലുള്ള രൂപവും ഈ മാപ്പിലുള്ള രൂപവും തമ്മിലുള്ള അന്തരം നമ്മുടെ മനസ്സ് ഒരുപക്ഷേ അംഗീകരിക്കാൻ പോലും കൂട്ടാക്കില്ല. പക്ഷേ രണ്ട് രൂപങ്ങളും ഒരുപോലെ ശരിയാണ്. ലോകജനസംഖ്യയുടെ 88 ശതമാനവും വസിക്കുന്നതും, ലോകത്തെ നിയന്ത്രിക്കുന്ന വലിയ സാമ്പത്തികശക്തികളായ രാജ്യങ്ങളെ ഉൾക്കൊള്ളുന്നതുമായ ഭൂമിയുടെ പകുതി (നമ്മുടെ ഉത്തരാർദ്ധഗോളം) മുകളിലാക്കി വരയ്ക്കാനാകും കൂടുതൽ പേരും ഇഷ്ടപ്പെടുക എന്നതുകൊണ്ടാണ് നാം കാണുന്ന രാഷ്ട്രീയഭൂപടത്തിന് ഈ രൂപം കൈവന്നത്. ലോകത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണകോൺ ഈ ഭൂരിപക്ഷ പക്ഷപാതത്താൽ ട്യൂൺ ചെയ്യപ്പെട്ടിരിക്കുന്നു.
2. വലിയ രാജ്യങ്ങളും ചെറിയ രാജ്യങ്ങളും
പല രാജ്യങ്ങൾക്കും പല വലിപ്പമാണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ അത് മാപ്പിൽ കാണുന്ന അനുപാതത്തിൽ അല്ല. ഓരോ രാജ്യത്തിന്റേയും വിസ്തൃതിയുടെ കണക്ക് പരിശോധിച്ച് സംഖ്യകൾ താരതമ്യം ചെയ്താൽ അത് ബോധ്യപ്പെടും. ഒരുപാട് വലുതെന്ന് തോന്നുന്ന പല രാജ്യങ്ങളും അത്രയ്ക്ക് വലുതല്ല, ഒരുപാട് ചെറുതായി തോന്നുന്നവ അത്ര ചെറുതുമല്ല. എന്താണ് പ്രശ്നം? മാപ്പ് പരന്നതും, ഈ രാജ്യങ്ങളൊക്കെ കിടക്കുന്ന ഭൗമോപരിതലം ഉരുണ്ടതുമാണ് എന്നത് തന്നെ. ഉരുണ്ടതിനെ പരത്തി കാണിക്കുമ്പോൾ അവിടെയുള്ള രൂപങ്ങൾക്ക് സാരമായ രൂപവ്യത്യാസവും വലിപ്പവ്യത്യാസവും ഉണ്ടാകും. അത് തന്നെ രാജ്യങ്ങൾക്കും സംഭവിക്കും. ഉരുണ്ട ഗ്ലോബിലും പരന്ന ഭൂപടത്തിലും ഒരേ രാജ്യത്തിന് രണ്ട് രൂപവും രണ്ട് വലിപ്പവും ആയിരിക്കും. അത് ഭൂമധ്യരേഖയിൽ നിന്നും എത്രത്തോളം മാറിയാണോ അത്രത്തോളം വലുതായിരിക്കും വ്യത്യാസം. ഇത് പക്ഷേ ത്രിമാന-ദ്വിമാന രൂപങ്ങളെ താരതമ്യം ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം നമുക്ക് പെട്ടെന്ന് മനസിലാകില്ല. ദാ ഈ സൈറ്റിൽ പോയാൽ, രാജ്യങ്ങളെ വലിച്ച് ഭൂപടത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുവെച്ച് അവയുടെ രൂപവും വലിപ്പവും മാറുന്നത് കാണാം- https://goo.gl/ZJjyjX. ഇതിൽ റഷ്യയെ ഡ്രാഗ് ചെയ്ത് ഇൻഡ്യയുടെ സ്ഥാനത്ത് കൊണ്ടുവെച്ചാൽ അത് ചുരുങ്ങുന്നതായും തിരിച്ചായാൽ ഇൻഡ്യ വീർക്കുന്നതായും കാണാം. അതായത്, റഷ്യ ഇൻഡ്യയെ അപേക്ഷിച്ച് ഭൂപടത്തിൽ കാണുന്നത്ര വലുതല്ല എന്നർത്ഥം.
Comments
Post a Comment