ഒരു ദിവസം വൈകുന്നേരം അത് സംഭവിക്കുന്നു- രാജ്യത്തിന്റെ പ്രധാനമന്ത്രി ടീവിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത്, ഏറ്റവും വലിയ ഡിനോമിനേഷനിലുള്ള രണ്ട് നോട്ടുകൾ അസാധുവായതായി പ്രഖ്യാപിക്കുന്നു. കള്ളപ്പണക്കാരെ വെട്ടിലാക്കാനുള്ള ഗംഭീരമായ ഒരു തന്ത്രമായി അവകാശപ്പെടുന്നു.
ആദ്യം ആകെപ്പാടെ അങ്കലാപ്പായിരുന്നു, "ശ്ശെടാ! ഇതെങ്ങനെ ശരിയാകും!"
പക്ഷേ ഒന്നും മിണ്ടിയില്ല. കാരണം വിഷയത്തിലുള്ള അറിവില്ലായ്മ തന്നെ. അറിയാത്ത കാര്യങ്ങളിൽ ചാടിക്കേറി അഭിപ്രായം പറയാൻ ഞാൻ സംഘിയല്ലല്ലോ. പകരം, വിവരമുള്ളവരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളും വാർത്തകളും വായിച്ചു. ഒരുപാട് പേര് നടപടിയ്ക്ക് അനുകൂലമായി പോസ്റ്റിടുന്നു. അപ്പോ, ഇതത്ര വലിയ കുഴപ്പമൊന്നുമല്ല എന്ന് തോന്നി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ രക്ഷപെടാൻ ഇത്തിരി കഷ്ടപ്പാട് സഹിയ്ക്കുന്നതിൽ കുഴപ്പമൊന്നുമില്ല. കൈയിലുണ്ടായിരുന്ന കുറേ ആയിരം രൂപാ നോട്ടുകൾ വാടക കൊടുത്ത വകയിൽ അന്ന് രാവിലെ ഒഴിഞ്ഞുപോയിരുന്നു. തട്ടിമുട്ടി രണ്ട് ദിവസം നീങ്ങാനുള്ള നോട്ടുകൾ മറ്റ് വകയിൽ കൈയിലുണ്ട് താനും. അപ്പോ മൊത്തത്തിൽ പ്രശ്നമില്ല. അപ്പോഴും, ഇങ്ങനെ ഒറ്റ രാത്രി കൊണ്ട് വിളിച്ച് പറഞ്ഞ് ഇത് ചെയ്യേണ്ട ആവശ്യമുണ്ടോ, കള്ളനോട്ടുകൾ എന്നത് കള്ളപ്പണത്തിന്റെ എത്ര ശതമാനമുണ്ടാകും, കള്ളനോട്ടുകളെ തടയാൻ 2000 രൂപയുടെ നോട്ട് വേണോ, 1000 തന്നെ ഡിസൈൻ മാറ്റി ഇറക്കിയാൽ പോരേ, എന്നൊക്കെയുള്ള സംശയങ്ങൾ മനസിലുണ്ട്. അതൊന്നും വെച്ച് വിമർശിക്കാനൊന്നും പോയില്ല. കാരണം പഴയത് തന്നെ, എക്കണോമിക്സ് വല്യ പിടിയില്ല.
പക്ഷെ ഉടൻ തന്നെ പരിവാരം തള്ള് തുടങ്ങി- പുതിയ നോട്ടിൽ ജീ.പി.എസ് ചിപ്പ്, ഓരോ നോട്ടിലും സാറ്റലൈറ്റ് ട്രാക്കിങ്, മണ്ണിനടിയിൽ നിന്ന് പോലും സീരിയൽ നംബർ വായിച്ചെടുക്കാനുള്ള ടെക്നോളജി! ഇത് പൊട്ടത്തരമാണെന്ന് മനസിലാക്കാൻ എക്കണോമിക്സ് പഠിയ്ക്കേണ്ട കാര്യമില്ലാത്തതുകൊണ്ട്, അതിനെ കളിയാക്കി ഒരു കമന്റ് പോസ്റ്റ് ചെയ്തു. അപ്പോഴും പരിഹാസം സർക്കാരിനോ പ്രധാനമന്ത്രിയ്ക്കോ നേരെയല്ല, തള്ളുപ്രചാരണക്കാരുടെ നേരെയാണ്.
പിറ്റേന്നുമുതൽ പല പല വാർത്തകൾ വന്നുതുടങ്ങി- റിസർവ് ബാങ്ക് സെക്യൂരിറ്റി ത്രെഡില്ലാത്ത 30000 കോടി രൂപയുടെ നോട്ടുകൾ മുൻപ് ഇറക്കിയത്, പല ആളുകളും മുൻപേ തന്നെ രണ്ടായിരത്തിന്റെ നോട്ട് വരുന്ന കാര്യം അറിഞ്ഞിരുന്നു എന്നത്, ബംഗാളിൽ ബി.ജെ.പി. നോട്ടുനിരോധനം വരുന്നതിന് തൊട്ടുമുന്നേ കോടികൾ ബാങ്ക് ഡിപ്പോസിറ്റ് ചെയ്തിരുന്നു എന്നത്, രണ്ടായിരത്തിന്റെ പുതിയ നോട്ടുകൾ ഉൾക്കൊള്ളാൻ രാജ്യത്തെ രണ്ട് ലക്ഷം ATM മെഷീനുകൾക്ക് ഹാർഡ്‌വെയറും സോഫ്റ്റുവെയറും അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട് എന്നത്, ബാങ്കിൽ നിന്ന് കിട്ടുന്ന രണ്ടായിരത്തിന്റെ നോട്ട്, നൂറ് കഴിഞ്ഞാലുള്ള തൊട്ടടുത്ത ഡിനോമിനേഷൻ ആയതിനാൽ പ്രയോഗത്തിൽ നിഷ്പ്രയോജനമാണ് എന്നത്, രണ്ടായിരത്തിന്റെ നോട്ടിൽ ഇതുവരെ ഉള്ളതിൽ കവിഞ്ഞ വലിയ സെക്യൂരിറ്റി സംവിധാനങ്ങൾ ഒന്നുമില്ല എന്നത്... ഇതൊക്കെ എക്കണോമിക്സ് പഠിയ്ക്കാത്തവർക്കും മനസിലാവുന്ന കാര്യങ്ങളായതുകൊണ്ട് സംഗതിയുടെ കിടപ്പുവശം ഏതൊണ്ടൊക്കെ വെളിപ്പെട്ടു തുടങ്ങി.
ഇപ്പോഴും ഞാൻ സെയ്ഫ് സോണിലാണ്. കൈയിൽ ചെലവിനുള്ള കാശുള്ള, കാർഡ് പെയ്മെന്റിനുള്ള സൗകര്യങ്ങൾ ഉള്ള ബൂർഷ്വ എന്ന നിലയിൽ പ്രശ്നം എന്നെ നേരിട്ട് ബാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എനിയ്ക്ക് ചുറ്റുപാടും നിരീക്ഷിക്കുന്നതിനും മറ്റുള്ളവരോട് കാര്യങ്ങൾ തിരക്കുന്നതിനും ഉള്ള സമയം കിട്ടുന്നുണ്ട്. നാല് ദിവസങ്ങൾ കൊണ്ട് നാടാകെ അലങ്കോലമായിക്കഴിഞ്ഞു. കൂലിവേലയ്ക്ക് പോകേണ്ടവർ ജോലിയുപേക്ഷിച്ച് ബാങ്കിൽ ക്യൂ നിൽക്കുന്നു, ക്യൂ നിന്ന് മടുത്തവർ കൈയേറ്റത്തിനും വാക്കേറ്റത്തിനുമൊക്കെ മുതിരുന്നു, ATM കാർഡുകൾ കൈയിലുള്ളവർ അതുംകൊണ്ട് മെഷീനുകൾ തോറും കയറിയിറങ്ങുന്നു, ആശുപത്രി കേസുകൾ ഉള്ളവർ പരക്കം പായുന്നു, വിവാഹം അടുത്തെത്തിയവർ അത് മാറ്റിവെക്കുന്നതിനെ പറ്റി ആലോചിച്ച് തുടങ്ങുന്നു, കച്ചവടസ്ഥാപനങ്ങൾ തുറന്നുവെച്ചിട്ട് കാര്യമില്ലാതെ വരുന്നു. ഇതിന്റെയൊക്കെ ആകെത്തുക, എക്കണോമിക്സ് പഠിയ്ക്കാത്തവരുടെ ഭാഷയിൽ ചുരുക്കി പറഞ്ഞാൽ, ഇതൊരു സർക്കാർ ചെയ്യുന്ന ക്രൈം ആണ്. സാധാരണജനങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിയ്ക്കും എന്നാലോചിയ്ക്കാതെ, അതിന്റെ ആഘാതങ്ങൾ കുറയ്ക്കാനുള്ള നടപടികൾ എടുക്കാതെ, മതിയായ ബാക്കപ് പ്ലാനുകൾ ഇല്ലാതെ, മാജിക് ഷോ നടത്തുന്ന ഭാവത്തിൽ അവതരിപ്പിക്കപ്പെട്ട ഒരു തട്ടിക്കൂട്ട് എന്ന വിശേഷണമേ ഈ ചെയ്ത്ത് അർഹിക്കുന്നുള്ളു. അപ്പറഞ്ഞത്, ഇതിന് പിന്നിൽ കള്ളപ്പണത്തെ ചെറുക്കുക എന്ന ആത്മാർത്ഥമായ ലക്ഷ്യമാണ് ഉള്ളത് എന്ന അസംപ്ഷനിലാണ്. ഒരുപക്ഷേ ഇനിയും പുറത്തുവരാത്ത എന്തെങ്കിലും മാസ്റ്റർ പ്ലാൻ ഇതിന്റെയൊക്കെ പിന്നിൽ ഉണ്ടായെന്നും വരാം. അത് കാത്തിരുന്ന് കാണേണ്ട വിഷയമാണ്. (എല്ലാം ഒപ്പിച്ചുവച്ചിട്ട് ഇന്ന് കാണിച്ച ഉഡായിപ്പ് മെലോഡ്രാമയൊക്കെ ഫാൻസിന്റെയടുത്തേ ചെലവാകൂ.)
ഇതിന്റെയൊക്കെ നടുവിലും, ഫെയ്സ്ബുക്കിൽ കിടന്ന് വിരകുന്ന മോദിഫാനുകളെ സമ്മതിച്ചേ പറ്റൂ. "ആളുകളെല്ലാം ചുമ്മാ കിടന്ന് പരക്കം പായുന്നു, എനിയ്ക്ക് ഒരു കുഴപ്പവും ഇല്ലല്ലോ", "നിങ്ങക്ക് ബാങ്കിലെ ഫോം പൂരിപ്പിയ്ക്കാൻ അറിയാത്തതിന് സർക്കാരെന്ത് പിഴച്ചു?" എന്നൊക്കെയാണ് അവർ നിഷ്കളങ്കരായി ചോദിയ്ക്കുന്നത്. ഇതൊക്കെ എങ്ങനെ സാധിയ്ക്കുന്നോ എന്തോ! കൂട്ടത്തിൽ ഹൈലൈറ്റ് രണ്ട് പ്രധാന വാദങ്ങളാണ്. ഒന്ന്- "ബീവറേജിലും സിനിമാ തീയറ്ററിലും ക്യൂ നിൽക്കാമെങ്കിൽ, ബാങ്കിന് മുന്നിൽ ക്യൂ നിന്നാലെന്താ കുഴപ്പം?" എന്നതാണ്. എന്തുചെയ്യാം! ഓരോരുത്തർ സ്വന്തം ഇഷ്ടപ്രകാരം, ഇഷ്ടപ്പെട്ട കാര്യത്തിന് വേണ്ടി (മദ്യം, സിനിമ etc.) ക്യൂ നിൽക്കുന്നതും, താൻ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം ആവിയായി പോകുമോന്ന് പേടിച്ച് ജോലീം കൂലീം കളഞ്ഞ് ബാങ്കിന്റെ ക്യൂവിൽ നിൽക്കേണ്ടിവരുന്നതും തമ്മിലുള്ള വ്യത്യാസമൊക്കെ ഫാൻസിന്റെ ചിന്താചക്രവാളത്തിനും വെളിയിലായിപ്പോയി. വേറൊന്ന് സ്ഥിരം സംഘി ക്ലീഷേ ആയ ഐറ്റം തന്നെ "പട്ടാളക്കാർ കൊടും തണുപ്പത്ത് കാവൽ നിൽക്കുമ്പോൾ നിങ്ങൾക്കിത്തിരി ക്യൂവിൽ നിന്നുകൂടെ?" ഇവരുടെ പറച്ചിൽ കേട്ടാൽ തോന്നും, യുവാക്കളെ രായ്ക്കുരാമാനം കിഡ്നാപ്പ് ചെയ്തോണ്ട് പോയാണ് ഇവിടെ പട്ടാളത്തിൽ ചേർക്കുന്നത് എന്ന്. പട്ടാളത്തിലെ പണി എന്ത് പണിയാണെന്ന് അറിയാവുന്ന പ്രായപൂർത്തിയായ ആളുകൾ, സ്വന്തം ഇഷ്ടപ്രകാരം റിക്രൂട്ട്മെന്റിന് പോയി, സ്വന്തം യോഗ്യത കഷ്ടപ്പെട്ട് തെളിയിച്ചാണല്ലോ പട്ടാളജോലിയ്ക്ക് കയറുന്നത്. അതും രാജ്യസ്നേഹം ഉരച്ചുനോക്കിയിട്ടൊന്നും അല്ല, ചൂടും തണുപ്പും കാടും മലയുമൊക്കെ കൈകാര്യം ചെയ്യാനുള്ള ശാരീരികശേഷി ഉണ്ടോന്ന് പരിശോധിച്ചുറപ്പിച്ചിട്ടേയുള്ളൂ ജോലി. കൂടിയ രാജ്യസ്നേഹിയാണെന്നും പറഞ്ഞ് ചെന്ന് കയറിയാലും, മതിയായ വിദ്യാഭ്യാസ-ശാരീരികശേഷി ഇല്ലാത്തവരെ അങ്ങോട്ട് കയറ്റുകയും ഇല്ലല്ലോ. അതായത്, പട്ടാളത്തിലെ കഷ്ടപ്പാടുള്ള ജോലി, ആ കഷ്ടപ്പാട് താങ്ങാൻ ശേഷിയുള്ളവർ സ്വയം തെരെഞ്ഞെടുത്തതാണ്. അതിന് ബാക്കിയുള്ളവർ എന്തുവേണമെന്നാണോ എന്തോ ഈ ശുഷ്കമസ്തിഷ്കജീവികൾ പറയുന്നത്! ഇവിടെ ഈ പറഞ്ഞതൊന്നും അവരെ ബോധ്യപ്പെടുത്താമെന്ന വ്യാമോഹത്തിൽ പറഞ്ഞതല്ല. പട്ടിയേം പൂച്ചേമൊക്കെ ആട്ടുമ്പോൾ "പോ പൂച്ചേ, ഈ കോംപൗണ്ടിൽ കേറിപ്പോകരുത്" എന്നൊക്കെ ആളുകൾ വിളിച്ചുപറയാറില്ലേ? പൂച്ചയ്ക്കോ പട്ടിയ്ക്കോ പറയുന്നതിന്റെ അർത്ഥം മനസിലാകും എന്ന് വിചാരിച്ചിട്ടല്ലല്ലോ. പിന്നെ പറയുമ്പോ ഒരു സുഖം. അത്രേ ഉദ്ദേശിച്ചുള്ളൂ.
വാൽക്കഷണം: ദയവായി, നോട്ട് പിൻവലിയ്ക്കുന്നതിന്റെ എക്കണോമിക്സ് പഠിപ്പിയ്ക്കാൻ ഈ പോസ്റ്റിന്റെ കീഴിൽ ആരും വരരുത്. ഈ ചുറ്റും കാണുന്നതൊക്കെയാണ് നിങ്ങൾ പറയുന്ന എക്കണോമിക്സിന്റെ ഗുണമെങ്കിൽ, ആ എക്കണോമിക്സ് എനിയ്ക്ക് പഠിയ്ക്കണ്ടാ.
Comments
Post a Comment