Skip to main content

ഗംഗയും നാഗവല്ലിയും

മണിച്ചിത്രത്താഴ് എന്ന സിനിമ മലയാളികൾക്ക് പരിചയപ്പെടുത്തിയ കഥാപാത്രങ്ങളായിരുന്നു ഗംഗയും നാഗവല്ലിയും. ഒരു മികച്ച എന്റർടെയിനർ എന്ന നിലയിൽ വ്യത്യസ്ത അഭിരുചികളുള്ള പ്രേഷകരെ ഒരുപോലെ ആകർഷിയ്ക്കാൻ ആ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ആ ഗുണനിലവാരം ഒരു കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഒരു കാര്യം പറയുമ്പോൾ എന്ത് പറയുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് അത് എങ്ങനെ പറയുന്നു എന്നതും. നല്ല രീതിയിൽ പറയുന്ന നുണയ്ക്ക്, മോശം രീതിയിൽ അവതരിപ്പിക്കുന്ന സത്യത്തെക്കാൾ വിശ്വാസ്യതയുണ്ടാകും എന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങൾ നമുക്ക് കാണാനാകും.

മണിച്ചിത്രത്താഴ് വരുത്തിവെയ്ക്കുന്ന കുഴപ്പവും ആ രീതിയിലുള്ള ഒന്നാണ്. ബാധകൂടൽ എന്ന സ്ഥിരം മന്ത്രവാദ ഉരുപ്പടിയെ, ലോകപ്രശസ്ത പ്രബന്ധങ്ങൾ എഴുതിയ മനഃശാസ്ത്രജ്ഞനെക്കൊണ്ട് ഇംഗ്ലീഷിൽ വിശദീകരിപ്പിച്ച് മറ്റൊരു മോഡേൺ മുഖം നൽകാൻ ആ സിനിമ ശ്രമിയ്ക്കുന്നു. നിർമാണത്തിലേയും അഭിനേതാക്കളുടെ അവതരണത്തിലേയും മികവ് കൊണ്ട് ആ ശ്രമം ഒട്ടൊക്കെ വിജയിക്കുന്നും ഉണ്ട്. ഇന്നും ഒരുപാട് പേർ ആ സിനിമയിൽ കാണിയ്ക്കുന്നത് വെറും ഫാന്റസി അല്ലെന്നും, മറിച്ച് ശാസ്ത്രീയതയിൽ അടിസ്ഥാനപ്പെടുത്തിയ സയൻസ് ഫിക്ഷനാണെന്നും ഒക്കെ കരുതുന്നുണ്ട് എന്നതാണ് അതിന് തെളിവ്. ഗംഗ എന്ന കഥാപാത്രം നാഗവല്ലി എന്ന തമിഴ്നാട്ടുകാരിയായി മാറുന്നതും, തമിഴിൽ സംസാരിയ്ക്കുന്നതും, ഭർത്താവിന്റെ ഉറക്കത്തിന്റെ ആഴം അളക്കുന്നതും, കൂടെനടന്ന് ആരും കാണാതെ സാധനങ്ങൾ എറിഞ്ഞ് പൊട്ടിയ്ക്കുന്നതും ഒക്കെ തീർത്തും സംഭവ്യമായ കാര്യമാണെന്ന് അവർ വിശ്വസിയ്ക്കുന്നു.

ഡിസോസിയേറ്റിവ് ഐഡന്റിറ്റി ഡിസോഡർ (Dissociative identity disorder) എന്നത് ഒരേസമയം ഒന്നിലധികം വ്യക്തിത്വങ്ങൾ പ്രകടമാകുന്ന മാനസികാവസ്ഥയാണ്. മനശാസ്ത്രജ്ഞരുടെ ഇടയിൽ കൃത്യമായ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ലാത്ത ഒരു രോഗമാണിത്. മിക്കപ്പോഴും മറ്റ് മാനസികരോഗങ്ങളുമായി ചേർന്ന് കാണപ്പെടുന്നതും, പലരും ദുരുദ്ദേശ്യത്തോടെ ഈ രോഗലക്ഷണം അഭിനയിക്കുന്നതും ഒക്കെ സാധാരണമായതിനാൽ കൃത്യമായ ഒരു വിശകലനം ബുദ്ധിമുട്ടാകുന്നു എന്നാണ് അവർ പറയുന്നത്. അത് എന്തുതന്നെ ആയാലും, ഒരാൾ താൻ ഏതെങ്കിലും രീതിയിൽ പഠിച്ചിട്ടില്ലാത്ത ഒരു ഭാഷയിൽ സംസാരിയ്ക്കുന്നത് ആ മനോരോഗത്തിൽ പെടുന്ന കാര്യമല്ല. പാരാസൈക്കോളജിസ്റ്റുകൾ സീനോഗ്ലോസ്സി (Xenoglossy) എന്ന് വിളിയ്ക്കുന്ന ഒരു സാങ്കല്പിക പ്രതിഭാസമാണത്. അങ്ങനെ വിളിയ്ക്കുന്നവർ അതിനെ സാങ്കല്പികം എന്ന് കരുതുന്നില്ല എങ്കിലും, അങ്ങനെ ഒന്ന് സാധ്യമാണെന്ന് വിശ്വസിയ്ക്കാൻ പോകുന്ന തെളിവുകളൊന്നും തന്നെ ഇതുവരെ ലഭ്യമല്ല. പുനർജന്മത്തിലും പ്രേതാത്മക്കളിലുമൊക്കെ ഗവേഷണം നടത്തുന്നു എന്ന് പറയപ്പെടുന്നവരുടെ അവകാശവാദങ്ങളിൽ ഒതുങ്ങുകയാണ് അതിപ്പോഴും. എന്നും എവിടേയും ഇങ്ങനെയെന്തെങ്കിലും കേട്ടാൽ അതിനെ പൊലിപ്പിച്ച് എഴുതാൻ പത്രമാധ്യമങ്ങൾ താത്പര്യം കാട്ടാറുണ്ട് എന്നതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ വാർത്തകളിൽ ഒരുപാട് വന്നിട്ടുണ്ട്. പക്ഷേ വിശദപരിശോധന നടത്തപ്പെട്ട കേസുകളിലെല്ലാം ഉള്ളി തൊലിച്ചുനോക്കുന്നതിന് സമാനമായ അനുഭവമാണ് ലഭ്യമായത്. 'വൃദ്ധൻ യുവതിയെപ്പോലെ സംസാരിയ്ക്കുന്നതായിട്ടൊക്കെ പത്രങ്ങളിൽ വായിക്കാറില്ലേ?' എന്നൊക്കെ മോഹൻലാലിന്റെ ഡോ. സണ്ണി ചോദിയ്ക്കുന്നതിന് അത്ര പ്രാധാന്യമേ കൊടുക്കേണ്ടതുള്ളൂ. ഇനി കൂടെ നടന്ന് ആരുമറിയാതെ ക്ലോക്കും പാത്രവുമൊക്കെ എറിഞ്ഞുടയ്ക്കുന്നത് ഒരുപക്ഷേ ഗോപിനാഥ് മുതുകാടിന്റെയോ മറ്റോ പരിശീലനത്തിലൂടെ സാധിച്ചേയ്ക്കും. പക്ഷേ, ഉറങ്ങിയെണീറ്റ ഉടനേ കെ. എസ്. ചിത്രയെപ്പോലെ പാടാനും ശോഭനയെപ്പോലെ ഡാൻസ് ചെയ്യാനുമൊക്കെ പറ്റുമെന്ന് വിചാരിച്ച് ആരും 'നാഗവല്ലി രോഗം' വരാൻ ആഗ്രഹിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്.

ചുരുക്കത്തിൽ, ബ്രാഡ്‍ലിയുടെ പത്ത് തലയുള്ള മനശാസ്ത്രജ്ഞശിഷ്യനേയും, വരേണ്യസ്ലാങ്ങിൽ സംസാരിയ്ക്കുന്ന മന്ത്രവാദിയേയും കൂട്ടിമുട്ടിച്ച് പരസ്പരം പുകഴ്ത്തിച്ച് ആകെ ജഗപൊക ആക്കുന്നൊക്കെയുണ്ട് എന്നേയുള്ളൂ. പറഞ്ഞുവരുമ്പോൾ കേട്ടുപഴകിയ പഴയ ബാധയൊഴിപ്പിക്കൽ പ്രേതകഥ മാത്രമാണ് മണിച്ചിത്രത്താഴ്. അതിനെ ആ രീതിയിൽ കണ്ട് ആസ്വദിയ്ക്കുക, ആ രീതിയിൽ മാത്രം.

Comments

  1. Many Lives, Many Masters വായിച്ചിരുന്നോ? ഒരു സുഹൃത്ത്‌ പറഞ്ഞിട്ടാണ് ഞാന്‍ വായിക്കുന്നത്. ഒരു മനോരോഗ വിദഗ്ദ്ധന്‍ (Prominent Psychiatrist) പുനര്‍ജന്മം ശരിയാണെന്ന് സ്ഥാപിക്കുന്ന ഒരു പുസ്തകമാണ്. ഒരു കഥപോലെ വായിച്ചു പോകാന്‍ കൊള്ളാം പക്ഷെ ലക്ഷക്കണക്കിന്‌ ആളുകള്‍ ഇത് വിശ്വസിക്കുന്നു. വിദഗ്ദ്ധന്‍ അല്ലെ പുനര്‍ജ്ജന്മം സാക്ഷ്യപ്പെടുത്തുന്നത്!!!!! ബെസ്റ്റ് സെല്ലര്‍ ആണ്!!!!

    ReplyDelete
  2. ഉം.പോസ്റ്റിനായൊരു പോസ്റ്റ്‌.

    ReplyDelete
  3. ഹാഹാഹാ, അല്ലാഹുവിനേയും യേശുവിനേയും കൃഷ്ണനെയും ദൈവമായി കാണാൻ കഴിയുന്നവർക്ക് നാഗവല്ലിയും സത്യമായി തോന്നിയാൽ അവരെ കുറ്റപ്പെടുത്താൻ പറ്റില്ല, താങ്കൾ മുൻപ് പറഞ്ഞപോലെ നമ്മുടെ ബ്രെയിൻ ഈസി ആയിട്ടുള്ളതല്ലേ എടുക്കാൻ തയ്യാറാകത്തുള്ളൂ..Gain without pain.

    ReplyDelete

Post a Comment

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ?

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ? എങ്ങനെയാണ് മിന്നലുണ്ടാകുന്നത്? എന്താണ് മിന്നലേക്കുന്നതിന്റെ അപകടം? ഇത്തരം ചോദ്യങ്ങളുടെ ഉത്തരമാണീ വീഡിയോ.

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...