Skip to main content

നമുക്കൊക്കെ തന്ത ഉണ്ടായത് എങ്ങനെ?

തന്തയ്ക്കു പിറക്കുക എന്നൊരു പ്രയോഗം നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ! ഈ തന്തയ്ക്കു പിറക്കല്‍ എന്നതുകൊണ്ട് സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കുന്നതിനുള്ള ഒരു അടിസ്ഥാന ക്വാളിഫിക്കേഷന്‍ ആണ് ഉദേശിക്കുന്നത്. ഇതിന് സമാനമായി തള്ളയ്ക്കു പിറക്കല്‍ എന്നൊരു ആശയം തീരെ കാണാറില്ല എന്നത് ശ്രദ്ധിക്കണം. സ്വഭാവികമായും, നമ്മുടെ സാമൂഹ്യ ചുറ്റുപാടില്‍ ഈ 'തന്ത' എന്ന അച്ഛന്‍ നമ്മുടെ അന്തസ്സില്‍ വഹിക്കുന്ന അനിഷേധ്യമായ പങ്ക് ഈ പ്രയോഗം എടുത്ത് കാട്ടുന്നു. ഒരുത്തനെ വെല്ലു വിളിക്കുമ്പോള്‍ "ഒറ്റ തന്തയ്ക്കു പിറന്നവന്‍ ആണെങ്കില്‍ വാടാ" എന്ന്‍ ആക്രോശിക്കുന്നതും  സ്വന്തം ആദര്‍ശം ഉയര്‍ത്തിക്കാട്ടാന്‍ "എനിക്കു തന്ത ഒന്നേയുള്ളൂ" എന്ന്‍ പറയുന്നതും എല്ലാം ഈ 'തന്ത'യ്ക്കു കല്‍പ്പിക്കപ്പെട്ടിരിക്കുന്ന സാര്‍വത്രിക പ്രാധാന്യം ആണ് കാണിക്കുന്നത്.

അപ്പോ ചോദ്യം ഇതാണ്- എങ്ങനെയാണ് നമുക്കൊക്കെ ഈ തന്ത ഉണ്ടായത്? ചോദ്യം ബയോളജി അല്ല, സാമൂഹ്യശാസ്ത്രമാണ്. എന്ന്‍ മുതലാണ് ഈ തന്ത എന്ന അച്ഛന്‍ ഇത്ര കേമന്‍ ആയത് എന്ന്‍?

മനുഷ്യന്‍ അവന്റെ സാമൂഹ്യജീവിതം ആരംഭിക്കുന്ന സമയത്ത് അവന് അച്ഛന്‍ എന്നൊരു ബന്ധമേ ഇല്ലായിരുന്നു എന്ന്‍ പിതൃത്വത്തിന്റെ മഹത്വം ഘോഷിക്കുമ്പോള്‍ നമ്മള്‍ അറിയാറുണ്ടോ? എന്നാല്‍ അങ്ങനെയാണ് ഇതുവരെയുള്ള പഠനങ്ങള്‍ എല്ലാം സൂചിപ്പിക്കുന്നത്. മനുഷ്യകുലത്തിന്റെ ആദ്യഘട്ടത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍, അതായത് ഏതാണ്ട് പുരാതനശിലായുഗം മുഴുവനും, ആര്‍ക്കും തന്തയില്ലായിരുന്നു. എല്ലാവരും തന്തയില്ലാത്തവര്‍ ആയിരുന്നു. തീയും ചക്രവും ഒക്കെ കണ്ടുപിടിച്ച പോലെ ആദിമ മനുഷ്യന്‍ 'കണ്ടുപിടിച്ച' ഒരു കാര്യമാണ് 'അച്ഛന്‍' എന്ന പദവി. ലോകത്തെങ്ങുമുള്ള സംസ്കാരങ്ങളില്‍ ഏതാണ്ട് ഒരുപോലെ പടര്‍ന്ന പുരുഷമേധാവിത്തത്തിന്റെ തുടക്കം പിതൃത്വത്തിന്റെ കണ്ടുപിടിത്തത്തില്‍ നിന്നായിരുന്നുവത്രെ.

ഇങ്ങനെയാണ് ആ കഥ:
സ്ത്രീ-പുരുഷ ലൈംഗികബന്ധവും പ്രസവവും തമ്മിലുള്ള ബന്ധം ഇന്ന്‍ നമുക്ക് (പബ്ലിക്ക് ആയി സംസാരിക്കാന്‍ ഒരുപക്ഷേ മടി ഉണ്ടെങ്കിലും) വളരെ വ്യക്തമാണ്. പക്ഷേ, അന്ന്‍ അങ്ങനെ ആയിരുന്നില്ല. കാരണം അതിന് ഉടനടി തിരിച്ചറിയാന്‍ പറ്റുന്ന തെളിവുകള്‍ ഇല്ല എന്നതുതന്നെ. പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡകോശവും ചേരുന്ന ബീജസംയോഗപ്രക്രിയ നമുക്ക് കാണാന്‍ കഴിയില്ല, എന്നാല്‍ പുതിയ മനുഷ്യന്റെ ജനനം കാണാന്‍ കഴിയുന്നതാണ് താനും. ഇത് രണ്ടും തമ്മില്‍ ഏതാണ്ട് പത്ത് മാസത്തിന്റെ സമയവ്യത്യാസം ഉണ്ട് എന്നതിനാല്‍ തന്നെ ഇവ തമ്മിലുള്ള ബന്ധം അത്ര എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന ഒന്നല്ല. അപ്പോപ്പിന്നെ ലൈഗികബന്ധവും പ്രസവവും തമ്മിലുള്ള ബന്ധം തീരെ അറിവുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ സ്ത്രീയെ ഗര്‍ഭിണി ആക്കുന്നതില്‍ പുരുഷന് പങ്കുണ്ട് എന്ന സത്യം മനുഷ്യന്‍ തിരിച്ചറിഞ്ഞതേയില്ല. തലമുറയുടെ നിര്‍മാണം എന്നത് സ്ത്രീയ്ക്ക് ജന്മനാ ഉള്ള ഒരു 'കഴിവ്' എന്ന രീതിയിലാണ് അന്ന്‍ കണക്കാക്കപ്പെട്ടത്. പുതിയ തലമുറയുടെ ജനയിത്രി എന്ന നിലയില്‍ 'മാതാവ്' സമൂഹത്തില്‍ പരമോന്നത സ്ഥാനം വഹിച്ചിരുന്നു. അന്ന്‍ സാമൂഹ്യവ്യവസ്ഥയില്‍ അനിഷേധ്യമായ പ്രഥമസ്ഥാനം സ്ത്രീയ്ക്കായിരുന്നു എന്ന്‍ തന്നെയാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അവള്‍ക്ക് പുതിയ തലമുറയെ സൃഷ്ടിക്കുന്നതിനും മുലയൂട്ടി വളര്‍ത്തുന്നതിനും ഉള്ള സാഹചര്യം ഒരുക്കിക്കൊടുക്കലും ആഹാരസംമ്പാദനവും ഒക്കെയായിരുന്നു അന്ന്‍ പുരുഷ വര്‍ഗത്തിന്റെ ജോലി.

നവീനശിലായുഗത്തിലേയ്ക്ക് കടന്നപ്പോഴേയ്ക്കും കൃഷിയും കന്നുകാലി വളര്‍ത്തലും ഒക്കെ പല മനുഷ്യസമൂഹങ്ങളിലും പതിവായി. കന്നുകാലികളില്‍ നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നാണ് സ്ത്രീ-പുരുഷ ലൈഗികബന്ധത്തിന് പ്രത്യുല്‍പ്പാദനത്തില്‍ ഉള്ള പ്രാധാന്യം മനുഷ്യന്‍ മനസിലാക്കിയത് എന്ന്‍ കരുതപ്പെടുന്നു. വ്യക്തികളെ തമ്മില്‍ അടുപ്പിച്ച് നിര്‍ത്തുന്നതിനും ശാരീരികസന്തോഷത്തിനും ഒക്കെയുള്ള ഉപാധി എന്ന നിലയില്‍ മാത്രം സെക്സിനെ കണക്കാക്കിയിരുന്ന ഒരു സമൂഹത്തില്‍ സ്വാഭാവികമായും ഈ കണ്ടെത്തല്‍ വലിയ ചലനം സൃഷ്ടിക്കും എന്ന്‍ ഊഹിക്കാമല്ലോ. ഇത്രയും വിപ്ലവാത്മകമായ ഒരു കണ്ടെത്തല്‍ എല്ലാ സമൂഹങ്ങളിലേയ്ക്കും വളരെ വേഗം പടര്‍ന്നു. സ്ത്രീയെ മാത്രം പുതുതലമുറയുടെ ജനയിത്രിയായി കരുതി ജീവിച്ച് പോന്ന പുരുഷ വര്‍ഗത്തിന്റെ ഇച്ഛാഭംഗത്തിന് കിട്ടിയ വലിയൊരു ആശ്വാസമായിരുന്നു ഇത്. ഇത് അവരില്‍ ഒരു കോംപ്ലക്സിന് രൂപം കൊടുത്തിരിക്കാം എന്ന്‍ കരുതുന്നു. മരണനിരക്ക് ഇന്നത്തേതിനെക്കാള്‍ വളരെ കൂടുതലായിരുന്ന ആ കാലത്ത് ജീവിതത്തിന്റെ സിംഹഭാഗവും ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ചിലവഴിച്ചിരുന്ന സ്ത്രീയെക്കാള്‍ പേശീബലം വേട്ടക്കാരനായി ജീവിച്ച പുരുഷന്‍ നേടിയെടുത്തിരുന്നു. സ്ത്രീയെ അടിച്ചമര്‍ത്തി സ്വന്തം അധീശത്വം സ്ഥാപിച്ചുകൊണ്ടുള്ള ഒരു സമൂഹനിര്‍മാണത്തിലേയ്ക്ക് അവനെ നയിച്ചത് ഈ ഘടകങ്ങള്‍ ആയിരുന്നുവത്രെ. സ്വന്തം കുട്ടി എന്ന സങ്കല്‍പ്പം പുരുഷനില്‍ ഉണ്ടായതും, സെക്സിന് നിയന്ത്രണങ്ങളും മറ്റും കല്‍പ്പിക്കപ്പെട്ടതും ഇതിനെ തുടര്‍ന്നാണ്. ഇതൊക്കെ ചേര്‍ന്നാണ് ഇന്ന്‍ പരക്കെ കാണപ്പെടുന്ന സമൂഹമാതൃക രൂപം കൊള്ളുന്നത്. ഇതിനെ പല സമയങ്ങളില്‍ പല രൂപങ്ങളില്‍ ലോകത്തെ ഒട്ടുമിക്ക മനുഷ്യസാംസ്കാരിക കൂട്ടായ്മകളും സ്വീകരിക്കുകയായിരുന്നു. അവയ്ക്കു മേല്‍ കെട്ടിപ്പൊക്കിയ മതങ്ങളും, അവര്‍ നടപ്പാക്കിയ വ്യവസ്ഥിതികളും അവകള്‍ ജീവിതാധാരമായി കണ്ട് വളര്‍ന്ന് വന്ന പിന്‍തലമുറകളും ഈ രീതി അതേപടി തുടര്‍ന്നതിന്റെ ഫലമാണ് ഇന്നും സമൂഹത്തില്‍ വളരെ ആഴത്തില്‍ വേരോടിയിരിക്കുന്ന പുരുഷമേധാവിത്തമനോഭാവം. ഈ മേല്‍ക്കോയ്മാ മനോഭാവവും സ്വന്തം സമ്പാദ്യം തന്റെ കുഞ്ഞിന് തന്നെ കിട്ടണം എന്ന വാശിയില്‍ നിന്നുണ്ടായ സ്ത്രീയുടെ സ്വകാര്യവല്‍ക്കരണവും ആണ് അച്ഛന്‍ കേന്ദ്രമായ കുടുംബം എന്ന സങ്കല്‍പ്പത്തിന്റെ തുടക്കം എന്നും ചില വാദഗതികള്‍ നിലനില്‍ക്കുന്നു.

അപ്പോ അടുത്ത തവണ പിതൃത്വത്തിന്റെ മഹത്വം ഘോഷിക്കുമ്പോള്‍ നമുക്ക് ഇത് കൂടി ഓര്‍ക്കാം- നമുക്കൊക്കെ തന്തയുണ്ടായിട്ട് ഏതാണ്ട് 6000 വര്‍ഷങ്ങള്‍ ആവുന്നതേയുള്ളൂ. നമ്മളെ വീമ്പ് പറയിക്കുന്ന 'തന്തയ്ക്കു പിറക്കലിന്' പിന്നില്‍ പണ്ടെപ്പോഴോ പുരുഷന്‍ ബലമായി നേടിയെടുത്ത മേല്‍ക്കോയ്മയുടെ കൈത്താങ്ങ് മാത്രമാണുള്ളത്.

(പിന്‍കുറിപ്പ്: ലിംഗസമത്വത്തെ കുറിച്ചും അതിന്റെ വിവിധ വശങ്ങളെ കുറിച്ചും ഒരു ചര്‍ച്ച ഇവിടെ മനപ്പൂര്‍വം ഒഴിവാക്കുന്നു)


അവലംബം:
  1. The Origins of Fatherhood: An Ancient Family Process, Sebastian Kraemer B.A., Family Process, 2004

  2. http://en.wikipedia.org/wiki/Father

  3. http://en.wikipedia.org/wiki/Patriarchy

  4. And the back-references thereof 


Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ?

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ? എങ്ങനെയാണ് മിന്നലുണ്ടാകുന്നത്? എന്താണ് മിന്നലേക്കുന്നതിന്റെ അപകടം? ഇത്തരം ചോദ്യങ്ങളുടെ ഉത്തരമാണീ വീഡിയോ.

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...