കണക്കില്ലാത്ത കൗതുകങ്ങളുടെ കലവറയാണ് ആകാശം. വെറുതെ മാനത്ത് നോക്കിയാല്‍ തന്നെ എന്തൊക്കെയാണ് നമുക്ക് കാണാനും ചിന്തിക്കാനും ഉള്ളത്- പല രൂപത്തിലും ഭാവത്തിലും ഉള്ള മേഘങ്ങള്‍, അവയുടെ ചലനങ്ങള്‍, നിറങ്ങള്‍, രാത്രിയായാല്‍ ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍... അങ്ങനെ ഒരുപാട് കാര്യങ്ങള്‍. ആകാശത്ത് കാണാനുള്ള, കണ്ടിരിക്കേണ്ട കുറെ രസകരമായ കാഴ്ചകളെയും പ്രതിഭാസങ്ങളെയും ആണ് ഈ പോസ്റ്റില്‍ നമ്മള്‍ പരിചയപ്പെടുന്നത്. (ഓര്‍ക്കുക, ഇതൊരു പരിചയപ്പെടല്‍ മാത്രമാണ്. പലതിന്റെയും പിന്നിലുള്ള ശാസ്ത്രരഹസ്യങ്ങള്‍ വളരെ ചുരുക്കി മാത്രമേ തല്‍ക്കാലം പരാമര്‍ശിക്കുന്നുള്ളൂ)
മഴവില്ല് - Rainbow
ഏറ്റവും സാധാരണവും മനോഹരവും കാല്‍പനികതയ്ക്ക് സാധ്യതകള്‍ ഉള്ളതുമായ ആകാശക്കാഴ്ചയാണ് മഴവില്ല്. അത് കാണാത്തവര്‍ ഉണ്ടാവില്ല, കണ്ടാല്‍ അത് കൌതുകത്തോടെ നോക്കി നില്‍ക്കാത്തവരും. ആകാശത്ത് പ്രകൃതി വര്‍ണാഭമായി നടത്തുന്ന കലാവിരുന്നാണ് അത്. മഴയില്‍ നിന്നോ മഞ്ഞില്‍ നിന്നോ തുഷാരങ്ങളില്‍ (dews) നിന്നോ വന്ന ജലകണങ്ങളാണ് മഴവില്ല് ഉണ്ടാക്കുന്നത്. മഴപെയ്യുന്ന സാഹചര്യങ്ങള്‍ക്ക് പുറമെ വെള്ളച്ചാട്ടങ്ങളുടെ സമീപപ്രദേശങ്ങളിലും മഴവില്ല് വളരെ സാധാരണമാണ്. ജലകണങ്ങളില്‍ പ്രവേശിക്കുന്ന സൂര്യരശ്മി പൂര്‍ണ-ആന്തരപ്രതിഫലനത്തിന് (Total Internal Reflection) വിധേയമാകുകയും ഘടകവര്‍ണങ്ങളായി വേര്‍പിരിയുകയും ചെയ്യുന്നു. പൊതുവേ ഒരു ജലകണത്തില്‍ നിന്നും പുറത്തുവരുന്ന രശ്മിയ്ക്ക് ഏതാണ്ട് 40-42 ഡിഗ്രീ വരെ ദിശാവ്യതിയാനം ഉണ്ടാവാറുണ്ട്. ഇവയില്‍ തന്നെ പലനിറങ്ങള്‍ക്കും പല തോതിലാണ് വ്യതിയാനം സംഭവിക്കുന്നത്. ഏറ്റവും കുറച്ചു വ്യതിയാനം സംഭവിക്കുന്ന ചുവപ്പ് നിറം പുറത്തായിട്ടും ഏറ്റവും കൂടുതല്‍ വ്യതിയാനം സംഭവിക്കുന്ന വയലറ്റ് അകത്തായിട്ടും ഉള്ള ഒരു ചാപം ആയിട്ടാണ് മഴവില്ല് രൂപം കൊള്ളുന്നത്. മറ്റൊരു പ്രത്യേകത മഴവില്ല് ഒരു പ്രത്യേകസ്ഥാനത്ത് രൂപം കൊള്ളുന്ന ഒന്നല്ല എന്നതാണ്. നിങ്ങള്‍ മഴവില്ലിനെ അടുത്തുകാണാന്‍ ഇറങ്ങിയാല്‍ ഒരിയ്ക്കലും അതിനെ അടുത്ത് കിട്ടില്ല. അതെപ്പോഴും നിങ്ങള്‍ നില്‍ക്കുന്ന സ്ഥാനത്തുനിന്നും ഒരു പ്രത്യേകദിശയില്‍ ഒരു പ്രത്യേക കോണളവില്‍ ആണ് കാണപ്പെടുന്നത്.
(മഴവില്ലിനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ ഉണ്ട്. വിശദമായി മറ്റൊരിക്കല്‍ ആവട്ടെ. തല്‍ക്കാലം അധികവായനയ്ക്ക് ഈ വികിപേജ് സന്ദര്‍ശിക്കുക)
22o ഹെയ്‌ലോ
അന്തരീക്ഷത്തിലെ സിറസ് മേഘങ്ങളില്‍ രൂപപ്പെടുന്ന ഐസ് പരലുകള്‍ക്കുളില്‍ വെച്ചു പ്രകാശത്തിന് സംഭവിക്കുന്ന അപവര്‍ത്തനമാണ് ഈ പ്രതിഭാസത്തിന് പിന്നില്‍. ഇത് സൂര്യപ്രകാശത്തിനും ചന്ദ്രനിലാവിനും ഒരുപോലെ ബാധകമാണെങ്കിലും, രാത്രി നിലാവില്‍ ഇത് കാണാന്‍ ആണ് കൂടുതല്‍ വ്യക്തതയും ഭംഗിയും. ചില രാത്രികളില്‍ പൂര്‍ണചന്ദ്രന്‍ (അല്ലെങ്കില്‍ പൌര്‍ണമിയോട് അടുത്ത ഏതെങ്കിലും ദിവസം) തിളങ്ങുന്ന അവസരങ്ങളില്‍ ചന്ദ്രനുചുറ്റും ചന്ദ്രനെക്കാള്‍ ഏതാണ്ട് 20 മടങ്ങ് വ്യാസമുള്ള ഒരു വലയം കണ്ടിട്ടില്ലേ? ചന്ദ്രവലയം, അല്ലെങ്കില്‍ ലൂണാര്‍ ഹെയ്‌ലോ എന്നറിയപ്പെടുന്ന ഇത് ഒരു 22o ഹേയ്‌ലോ പ്രതിഭാസമാണ്. ഇത് ആകാശത്ത് കാണുന്നതിന് ചില സാഹചര്യങ്ങള്‍ ആവശ്യമാണ്. പ്രകാശത്തെ 'വളച്ചൊടിക്കുന്നതിന്' ഷഡ്ഭുജാകൃതിയില്‍ ഉള്ള ഐസ് പരലുകള്‍ ഉള്ള സിറസ് മേഘങ്ങളുടെ സാന്നിധ്യം, പിന്നെ ശ്രദ്ധയില്‍പ്പെടാന്‍ മാത്രം പ്രകാശം പുറപ്പെടുവിക്കുന്നവിധം പൌര്‍ണമിയോട് അടുത്ത ചന്ദ്രന്റെ ഒരു phase. ഷഡ്ഭുജാകൃതിയില്‍ ഉള്ള ഒരു ഐസ് പരലിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്ന ഒരു പ്രകാശകിരണം പുറത്തുവരുമ്പോള്‍ അതിന്റെ ദിശയില്‍ 22o മുതല്‍ 50o വരെ വ്യതിയാനം വരാം. ഇതില്‍ ഏറ്റവും വ്യതിയാനം കുറഞ്ഞ രശ്മികള്‍ (അതായത് 22o രശ്മികള്‍) ഏറ്റവും കൂടുതല്‍ പ്രകാശമാനമായ അനുഭവം ഉണ്ടാക്കും. ഇതുപോലെ കോടിക്കണക്കിനു ഐസ് പരലുകളാണ് ഒരു സിറസ് മേഘപാളിയില്‍ ഉണ്ടാവുക. ഭൂമിയില്‍ നിന്നു ഒരാള്‍ നോക്കുമ്പോള്‍ അവയില്‍ കുറെ ഭാഗം പ്രകാശത്തിന് ലംബമായിട്ടായിരിക്കും തിരിഞ്ഞിരിക്കുന്നത് (align ചെയ്തിരിക്കുന്നത്). അവയില്‍ നിന്നും വരുന്ന രശ്മികള്‍ 22o ഹെയ്ലോ സൃഷ്ടിക്കുന്നു. ഭൂമിയില്‍ മറ്റൊരു ഭാഗത്ത് നിന്ന് നോക്കുന്ന ആള്‍ക്കും ഹെയ്‌ലോ ദൃശ്യമാണ്, അത് വേറെ ഒരു കൂട്ടം ഐസ് പരലുകളായിരിക്കും സൃഷ്ടിക്കുന്നത് എന്നുമാത്രം. മഴവില്ലും ഇതും തമ്മിലുള്ള പ്രധാനവ്യത്യാസം വ്യക്തമാണല്ലോ- മഴവില്ല് ജലബാഷ്പത്തിന്റെയും ഹെയ്‌ലോ ഐസിന്റെയും സൃഷ്ടിയാണ്.
ചാന്ദ്രമഴവില്ല് - Moonbow
സൂര്യപ്രകാശത്തിന് പകരം ചന്ദ്രന്റെ പ്രകാശം ജലബാഷ്പത്തില്‍ സൃഷ്ടിക്കുന്ന മഴവില്ലാണ് ചാന്ദ്രമഴവില്ല്. നിലാവുള്ള രാത്രികളില്‍ ചന്ദ്രന് എതിര്‍ദിശയില്‍ മഴപെയ്യുമ്പോഴാണ് ഇവ ദൃശ്യമാകുക. സൂര്യപ്രകാശത്തെ അപേക്ഷിച്ച് ചന്ദ്രന്റെ പ്രകാശം വളരെ കുറവായതിനാല്‍ തന്നെ ചാന്ദ്രമഴവില്ലുകള്‍ പൊതുവേ വളരെ മങ്ങിയതായിരിക്കും. ഇതുകൊണ്ട് പലപ്പോഴും വെറും കണ്ണുകള്‍ക്ക് ചാന്ദ്രമഴവില്ലിലെ നിറങ്ങള്‍ തിരിച്ചറിയാണ്‍ കഴിയില്ല, അതൊരു വെളുത്ത വില്ല് ആയിട്ടായിരിക്കും കാണപ്പെടുക. എന്നാല്‍ long exposure photograph വഴി നമുക്ക് നിറങ്ങള്‍ പകര്‍ത്താന്‍ കഴിയും.
തീമഴവില്ല് - Fire Rainbow
പേര് കേട്ട് ഞെട്ടണ്ട. ഇത് യഥാര്‍ത്ഥത്തില്‍ ഒരു മഴവില്ല് അല്ല, ഇതിന് തീയുമായും ബന്ധമില്ല. Circumhorizontal Arc എന്നാണ് ഈ പ്രതിഭാസത്തിന്റെ യഥാര്‍ത്ഥ പേര്. ആകാശത്തു ചിതറിക്കിടക്കുന്ന വര്‍ണശബളമായ മേഘങ്ങളുടെ രൂപത്തിലാണ് ഇവ ദൃശ്യമാകുക. നേരത്തെ കണ്ട 22o ഹെയ്‌ലോ പോലെ ഒരു പ്രതിഭാസമാണ് ഇത്. എന്നാല്‍ സൂര്യന്‍ കുറഞ്ഞത് 58o എങ്കിലും ഉയരെ നില്‍ക്കുമ്പോള്‍ മാത്രമേ ഇത് ദൃശ്യമാകുകയുള്ളൂ. ഒപ്പം ഹെയ്ലോയുടെ കാര്യത്തിലെന്നപോലെ പ്ലേറ്റ് രൂപത്തിലുള്ള ഐസ് പരലുകള്‍ ഉള്ള സിറസ് മേഘങ്ങളും വേണം. ഉയര്‍ന്ന ആല്‍റ്റിട്യൂഡില്‍ നിന്നും വരുന്ന സൂര്യപ്രകാശം ഈ ഐസ് പരലുകളില്‍ അപവര്‍ത്തനത്തിന് വിധേയമാകുമ്പോള്‍ അത് ഘടകവര്‍ണങ്ങളായി വേര്‍പിരിയുകയും അങ്ങനെ മേഘപടലം പലവര്‍ണങ്ങള്‍ തൂവിയ ഒരു ചിതറിയ പഞ്ഞിക്കെട്ടുപോലെ കാണപ്പെടുകയും ചെയ്യും.
ധ്രുവദീപ്തി - Aurorae
ഉയര്‍ന്ന
അക്ഷാംശമുള്ള സ്ഥലങ്ങളില്‍, അതായത് ധ്രുവപ്രദേശത്തോട് അടുത്ത സ്ഥലങ്ങളില്‍
ആകാശത്ത് കാണപ്പെടുന്ന വര്‍ണക്കാഴ്ചയാണ് ധ്രുവദീപ്തി അല്ലെങ്കില്‍ Aurora
എന്നറിയപ്പെടുന്നത്. സൌരക്കാറ്റിന്റെ (Solar wind) വഴി സൂര്യനില്‍ നിന്നും
ഭൂമിയിലേക്ക് എത്തുന്ന ചാര്‍ജുള്ള അറ്റോമിക കണങ്ങളാണ് ഇതിന് കാരണം.
ഭൂമിയുടെ കാന്തമണ്ഡലം ഈ കണങ്ങളെ ട്രാപ് ചെയ്യുകയും സൌരക്കാറ്റിനെ
വഴിതിരിച്ചുവിടുകയും ചെയ്യുന്നു. ഇങ്ങനെ വഴിതിരിച്ചു വിടപ്പെട്ട കണങ്ങള്‍
ധ്രുവപ്രദേശങ്ങളില്‍ അന്തരീക്ഷത്തിലെ വായുതന്മാത്രകളുമായി കൂട്ടി
ഇടിക്കുന്നു. ഈ കണങ്ങളില്‍ നിന്നും കിട്ടുന്ന ഊര്‍ജം വായുവിലെ ആറ്റങ്ങള്‍
പ്രകാശരൂപത്തില്‍ പുറത്തുവിടുമ്പോഴാണു ധ്രുവദീപ്തി ഉണ്ടാവുന്നത്.
പ്രധാനമായും ഓക്സിജെനും നൈട്രജനും ആണല്ലോ നമ്മുടെ അന്തരീക്ഷത്തില്‍ ഉള്ളത്.
ഈ രണ്ടു മൂലകങ്ങളുടെയും ആറ്റങ്ങള്‍വ്യത്യസ്ഥ നിറങ്ങളിലായിരിക്കും
അധികഊര്‍ജം പുറത്തുവിടുക. ഓക്സിജന്‍ പച്ചയോ ബ്രൌണ്‍ കലര്‍ന്ന
ചുവപ്പുനിറത്തിലോ പ്രകാശം പുറപ്പെടുവിക്കുമ്പോള്‍ നൈട്രജന്‍ നീലയോ ചുവപ്പോ
നിറത്തില്‍ പുറപ്പെടുവിക്കുന്നു. ഇവയാണ് അന്തരീക്ഷത്തെ
വര്‍ണാഭമാക്കുന്നത്.ഇങ്ങനെ പുറപ്പെടുവിക്കപ്പെടുന്ന പ്രകാശം
സൂര്യപ്രകാശത്തെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതായതുകൊണ്ട് രാത്രികാലങ്ങളിലാണ്
ഇവ കൂടുതല്‍ ഭംഗിയായി കാണപ്പെടുന്നത്. ഉത്തരാര്‍ദ്ധഗോളത്തില്‍ ഇതിനെ Aurora
Borealis എന്നും ദക്ഷിണാര്‍ദ്ധഗോളത്തില്‍ Aurora Australis എന്നും
വിളിക്കുന്നു.
സ്കൈ പഞ്ച് - Skypunch
ഇതൊരു രസകരമായ കാഴ്ചയാണ്. ആകാശത്ത് വെള്ളക്കമ്പിളിപ്പുതപ്പ് വിരിച്ചപ്പോലെ കാണപ്പെടുന്ന മേഘപാളിയില്‍ അപൂര്‍വമായി കാണുന്ന വൃത്താകൃതിയിലോ ദീര്‍ഘവൃത്താകൃതിയിലോ ഉള്ള ഒരു ദ്വാരമാണ് Skypunch എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന Fallstreak hole. പൊതുവേ ഇത് കാണപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ ആളുകള്‍ ഇതിനെ ലോകാവസാനത്തിന്റെ അടയാളമായിട്ടോക്കെ കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് യാതൊരു ഉപദ്രവവും ഉണ്ടാക്കാത്ത ഒരു പ്രതിഭാസമാണ്.
ജലത്തിന്റെ ഖരണാങ്കത്തിനും (freezing point) താഴെയുള്ള താപനിലയില്‍ സിറോക്യുമുലസ്, ആല്‍ടോക്യുമുലസ് മേഘങ്ങളില്‍ ജലത്തുള്ളികള്‍ നിലനില്‍ക്കുന്ന സാഹചര്യം ഉണ്ടാവാം. Supercooled water എന്നാണ് ഈ അവസ്ഥയെ പറയുക. ഇത്തരം അവസ്ഥയില്‍ ഏതെങ്കിലും ഒരു പ്രത്യേകഭാഗത്ത് ഒരു ഐസ് പരല്‍ രൂപം കൊണ്ടു എന്നിരിക്കട്ടെ, ഇത് Bergeron process എന്ന്‍ വിളിക്കുന്ന ഒരു പ്രതിഭാസം മൂലം ചുറ്റുമുള്ള ജലത്തുള്ളികള്‍ പെട്ടെന്ന് നീരാവിയായി മാറാന്‍ കാരണമാകും. ഇങ്ങനെ ഐസ് പരലിന്റെ രൂപം കൊള്ളലും ചുറ്റുമുള്ള ബാഷ്പീകരണവും വളരെ പെട്ടെന്ന് കുറെഭാഗത്തേക്ക് വ്യാപിക്കുകയും അവിടെ മേഘപാളിയില്‍ ഒരു വിള്ളല്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇതാണ് Skypunch.
സൌരനായകള്‍ - Sun dogs
രസകരമായ പേര് അല്ലേ? ഇതിന് പട്ടികളുമായി ബന്ധമൊന്നും ഇല്ല. ചില അവസരങ്ങളില്‍ സൂര്യനോടൊപ്പം (യജമാനന്റെ ചുറ്റും രണ്ടു പട്ടികള്‍ എന്ന പോലെ) കാണപ്പെടുന്ന തിളക്കമുള്ള ബിന്ദുക്കളാണ് Sundogs എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്. നേരത്തെ പരിചയപ്പെട്ട 22o ഹെയ്ലോയുമായി ബന്ധപ്പെട്ടാണ് ഇവ കാണപ്പെടുന്നത്. പരന്ന ഷഡ്ഭുജ ഐസ് പരലുകളുടെ സവിശേഷമായ ഓറിയന്റേഷന്‍ ആണ് ഈ പ്രതിഭാസത്തിന് കാരണം. ചിത്രത്തില്‍ കാണുന്നപോലെ തറനിരപ്പിന് സമാന്തരമായി പരലുകളുടെ പരന്ന പ്രതലം വരുന്നസാഹചര്യങ്ങളിലാണ് Sun dogs ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ സൂര്യന്റെ ഉദയസമയത്തോ അസ്തമനസമയത്തോ ആയിരിയ്ക്കും അത്. സൂര്യന്റെ altitude കൂടുന്നതിന് അനുസരിച്ചു സൂര്യരശ്മികള്‍ക്ക് പരലുകളുടെ പരന്ന പ്രതലത്തിന് സമാന്തരമായി പ്രവേശിക്കാന്‍ കഴിയാതെ വരികയും, Sun dogs സൃഷ്ടിക്കുന്ന രശ്മികള്‍ക്ക് കൂടുതല്‍ ദിശവ്യതിയാനം വരുന്നതിന്റെ ഫലമായി അവ കൂടുതല്‍ മങ്ങിപ്പോവുകയും ചെയ്യുന്നു.
ഇതേ പ്രതിഭാസം ചന്ദ്രന്റെ കാര്യത്തിലും സംഭവിക്കാം. ചന്ദ്രന്റെ പ്രകാശം കുറവായതുകൊണ്ട് തന്നെ Moondogs എന്നു വിളിക്കുന്ന അവയ്ക്കു താരതമ്യേന തിളക്കം കുറവായിരിക്കും എന്നുമാത്രം.
ഉപസൂര്യന്‍ - Subsun
ഇതും മേഘങ്ങളിലെ പരന്ന ഐസ് പരലുകള്‍ സൃഷ്ടിക്കുന്ന ഒരു പ്രതിഭാസമാണ്. വിമാനങ്ങളിലോ മറ്റോ ഇരുന്ന്‍ താഴെ മേഘങ്ങളിലേക്ക് നോക്കുമ്പോള്‍ ചില സമയങ്ങളില്‍ കാണപ്പെടാറുള്ള തിളക്കമുള്ള ബിന്ദുവിനെയാണ് ഉപസൂര്യന്‍ അല്ലെങ്കില്‍ Subsun എന്നു വിളിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിന് സമാന്തരമായി നില്‍ക്കുന്ന പരന്ന ഐസ് പരലുകള്‍ ഒരു കണ്ണാടി പോലെ പ്രവര്‍ത്തിച്ച് മുകളില്‍ നിന്നുള്ള സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന സൂര്യന്റെ പ്രതിബിംബം ആണത്.
കപടസൂര്യാസ്തമനം/സൂര്യോദയം
കപടസൂര്യോദയം |
പേര് സൂചിപ്പിക്കുമ്പോലെ തന്നെ, കപടമായ ഒരു ഉദയമോ അസ്തമനമോ ആണിത്. ഇവിടെയും സിറസ് മേഘങ്ങളിലെ ഐസ് പരലുകള്‍ തന്നെയാണ് ഈ കാപട്യം നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. Sundogs എന്ന പ്രതിഭാസത്തിന്റെ മറ്റൊരു പതിപ്പ് മാത്രമാണു ഇവ. അവിടെ ഐസ് പരലുകളുടെ പ്രതലം തറനിരപ്പിന് സമാന്തരമായിരുന്നു എങ്കില്‍ ഇവിടെ അവ തറനിരപ്പിന് ലംബമായിരിക്കും എന്നുമാത്രം. അതുകൊണ്ട് Sundogs സൂര്യന് ഇടത്തും വലത്തും എന്നതിനുപകരമായി മുകളിലും താഴെയും രൂപം കൊള്ളും. ഇത്തരം ഐസ് പരലുകള്‍ സൂര്യന്‍ നില്‍ക്കുന്നതിന് താഴെയായി കാണപ്പെടുന്ന സാഹചര്യങ്ങളില്‍ സൂര്യന് താഴെയുള്ള sundog മാത്രമേ ദൃശ്യമാകുകയുള്ളൂ. ഇതാണ് കപടസൂര്യാസ്തമനം (False Sunset). പ്രത്യേകിച്ചു യഥാര്‍ത്ഥസൂര്യന്‍ മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞുനില്‍ക്കുകയാണെങ്കില്‍ ഈ സൂര്യന്റെ ഒരു ചെറിയ പ്രതിബിംബം ചക്രവാളത്തോട് ചേര്‍ന്ന് കാണപ്പെടുകയും സൂര്യാസ്തമനത്തിന്റെ പ്രതീതി ഉണ്ടാക്കുകയും ചെയ്യും. ഇനി ഐസ് പരലുകളുടെ സ്ഥാനം സൂര്യന്‍ നില്‍ക്കുന്നതിന് മുകളില്‍ ആണെന്ന് വെക്കുക. അപ്പോള്‍ സൂര്യന് മുകളില്‍ ഉണ്ടാവുന്ന sundog ആയിരിയ്ക്കും ദൃശ്യമാകുക. ചിലപ്പോള്‍ യഥാര്‍ത്ഥ സൂര്യന്‍ ഉദിക്കുന്നതിന് മുന്പ് തന്നെ ഈ sundog ചക്രവാളത്തില്‍ ദൃശ്യമാകും. ഇതിനെയാണ് കപടസൂര്യോദയം (False Sunrise) എന്നു വിളിക്കുന്നത്.
ആകാശദീപ്തി - Skyglow
മെക്സിക്കോ നഗരത്തിന് മുകളിലെ ആകാശദീപ്തി |
ഇക്കൂട്ടത്തില്‍ മനുഷ്യന് പങ്കുള്ള ആകാശക്കാഴ്ചയാണ് ആകാശദീപ്തി. രാത്രിയാകാശം മൊത്തമായോ ഭാഗികമായോ പ്രകാശിതമാകുന്ന പ്രതിഭാസമാണ് ഇത്. നഗരപ്രദേശങ്ങളിലെ കൃത്രിമപ്രകാശസ്രോതസ്സുകള്‍ ആണ് ഇതിന് മുഖ്യകാരണം. അനാവശ്യമായി പുറത്തുവിടുന്ന പ്രകാശം വിസരണം വഴിയും മറ്റും ആകാശത്തെ മൊത്തത്തില്‍ പ്രകാശിപ്പിക്കുകയും കിലോമീറ്ററുകള്‍ അകലെ നിന്നുപോലും ദൃശ്യമാകുന്ന വിധത്തില്‍ ചിലപ്പോള്‍ പ്രകാശമലിനീകരണത്തിലേക്ക് (Light Pollution) വരെ നയിക്കുകയും ചെയ്യാം. ഇത് ലോകത്തിലെ ഏതാണ്ട് എല്ലാ നഗരങ്ങളിലും ദൃശ്യമാകുന്നുണ്ട്. എന്നാല്‍ മനുഷ്യനിര്‍മിതമായ കാരണങ്ങള്‍ക്ക് പുറമെ സൂര്യനില്‍ നിന്നോ ചന്ദ്രനില്‍ നിന്നോ ഒക്കെ വിസരണം വഴി എത്തുന്ന പ്രകാശവും അന്തരീക്ഷത്തില്‍ തന്നെ Airglow എന്ന പ്രതിഭാസം വഴിയുണ്ടാവുന്ന നേരിയ പ്രകാശവും ഒക്കെ ആകാശദീപ്തിയ്ക്ക് കാരണമാകാറുണ്ട്.
ഇതുവരെ നമ്മള്‍ കണ്ടത് ഇങ്ങ് താഴെ അന്തരീക്ഷത്തില്‍ തന്നെ നടക്കുന്ന പ്രതിഭാസങ്ങളെയാണ്. എന്നാല്‍ അങ്ങ് ദൂരെ ബാഹ്യാകാശത്തു നടക്കുന്ന ചില പ്രതിഭാസങ്ങളെ കൂടി ചേര്‍ത്താലേ ആകാശവിസ്മയങ്ങളുടെ ചിത്രത്തിന് പൂര്‍ണ്ണത വരൂ.
സൂര്യഗ്രഹണം - Solar Eclipse
ഭൂമിയില്‍
ഒരു പ്രത്യേകഭാഗത്ത് സൂര്യപ്രകാശം ചന്ദ്രനാല്‍ മറയ്ക്കപ്പെടുന്ന
പ്രതിഭാസമാണ് സൂര്യഗ്രഹണം. ചന്ദ്രന്‍ സൂര്യനും ഭൂമിയ്ക്കും ഇടയില്‍ വരുന്ന
അമാവാസി ദിവസങ്ങളില്‍ ആണ് ഇത് സംഭവിക്കുക.സൂര്യഗ്രഹണം പ്രധാനമായും മൂന്ന്‍
തരത്തില്‍ ഉണ്ട് 1. പൂര്‍ണസൂര്യഗ്രഹണം (Total Eclipse) 2.ഭാഗികസൂര്യഗ്രഹണം
(Partial Eclipse) 3. വലയ സൂര്യഗ്രഹണം (Annular Eclipse). സൂര്യന്‍
ചന്ദ്രനെക്കാള്‍ 400 മടങ്ങ് വലിപ്പമുള്ള ഗോളമാണ്, അതേ സമയം അത്
ചന്ദ്രനെക്കാള്‍ 400 മടങ്ങ് ദൂരെയുമാണ്. അതുകൊണ്ട് തന്നെ അവ ഭൂമിയില്‍
നിന്നും നോക്കുമ്പോള്‍ ഒരേ വലിപ്പത്തില്‍ കാണപ്പെടുന്നു. ചന്ദ്രന്‍
സൂര്യപ്രകാശത്തെ പൂര്‍ണമായും മറയ്ക്കുന്ന പ്രതിഭാസമാണ് പൂര്‍ണസൂര്യഗ്രഹണം.
എന്നാല്‍ ചന്ദ്രന്റേത് ഒരു ദീര്‍ഘവൃത്താകാരമായ ഓര്‍ബിറ്റ് ആയതിനാല്‍ അത്
ഭൂമിയില്‍ നിന്നും വളരെ ദൂരെയുള്ള ഒരു സ്ഥാനത്തായിരിക്കുമ്പോള്‍ അതിനു
സൂര്യഗോലത്തെക്കാള്‍ വലിപ്പക്കുറവ് അനുഭവപ്പെടും. ഇത്തരം സമയങ്ങളില്‍ അതിനു
സൂര്യനെ പൂര്‍ണമായും മറയ്ക്കാന്‍ കഴിയാതെ വരുന്ന സാഹചര്യം ഉണ്ടാവുന്നു,
അങ്ങനെയാണ് വലയ സൂര്യഗ്രഹണം ഉണ്ടാവുന്നത്. എന്നാല്‍
ചിലസമയങ്ങളില്‍ ചന്ദ്രനും ഭൂമിയും സൂര്യനും കൃത്യമായി നേര്‍രേഖയില്‍ വരാതെ
വരുന്ന സന്ദര്‍ഭങ്ങളിലും ഗ്രഹണം ഉണ്ടാവാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍
ചന്ദ്രന്‍ സൂര്യഗോളത്തിന്റെ ഒരു ഭാഗം മാത്രം മറയ്ക്കുന്നതായി കാണപ്പെടും.
അതിനെയാണ് ഭാഗികസൂര്യഗ്രഹണം എന്നു പറയുന്നത്. ഭൂമിയെ അപേക്ഷിച്ച്
ചന്ദ്രനുള്ള വലിപ്പക്കുറവ് കാരണം ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ ഒരു ചെറിയ
പ്രദേശത്ത്മാത്രമേ വീഴുകയുള്ളൂ. അതിനാല്‍ ഒരേ സമയം ഭൂമിയില്‍
എല്ലാവര്‍ക്കും സൂര്യഗ്രഹണം കാണാന്‍ സാധിക്കില്ല, അതൊരു പ്രത്യേകസ്ഥലത്ത്
മാത്രമേ ദൃശ്യമാകൂ.
ചന്ദ്രഗ്രഹണം - Lunar Eclipse
ചന്ദ്രനും
സൂര്യനും ഇടയില്‍ ഭൂമി വരികവഴി ചന്ദ്രനിലേക്കുള്ള സൂര്യപ്രകാശം
തടയപ്പെടുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. മൂന്നു ഗോളങ്ങളും ഒരേ രേഖയില്‍
വരുന്ന പൌര്‍ണമി ദിവസങ്ങളിലാണ് ഇത് സംഭവിക്കുന്നത്. അടിസ്ഥാനപരമായി
സൂര്യഗ്രഹണത്തിനോട് സമാനമായ പ്രതിഭാസമാണ് ഇത്, ഇത്തവണ ചന്ദ്രനുപകരം
ഭൂമിയാണ് നടുക്ക് വരുന്നത് എന്നുമാത്രം. ഭൂമിയുടെ നിഴലാണ് ചന്ദ്രനില്‍
വീഴുന്നത് എന്നതിനാല്‍ ഭൂമിയില്‍ നിന്നും ചന്ദ്രനെ കാണാന്‍ കഴിയുന്ന എല്ലാ
സ്ഥലത്തും ഒരു ചന്ദ്രഗ്രഹണം ദൃശ്യമാവും.
നക്ഷത്രഗ്രഹണം - Stellar Eclipse
തിളക്കത്തില്‍
വ്യത്യാസമുള്ള രണ്ട് നക്ഷത്രങ്ങള്‍ ചേര്‍ന്ന ഇരട്ടനക്ഷത്രങ്ങള്‍ പരസ്പരം
ചുറ്റിത്തിരിയുമ്പോള്‍ ഉണ്ടാവുന്ന പ്രതിഭാസമാണ് നക്ഷത്രഗ്രഹണം. പക്ഷേ
ഇത്തരത്തിലുള്ള എല്ലാ നക്ഷത്രജോഡികളിലും ഇത് ദൃശ്യമാകില്ല. അവയുടെ
പരിക്രമണപഥത്തിന്റെ തലം ഭൂമിയില്‍ നിന്നുള്ള ദൃഷ്ടിരേഖയ്ക്ക്
സമാന്തരമാണെങ്കില്‍ മാത്രമേ ഇത് കാണാന്‍ കഴിയൂ. അത്തരം നക്ഷത്രജോഡികള്‍
Eclipsing binaries എന്നാണ് അറിയപ്പെടുന്നത്. തിളക്കം കുറഞ്ഞ നക്ഷത്രം
തിളക്കം കൂടിയ നക്ഷത്രത്തിന്റെ മുന്നില്‍ കൂടി കടന്നുപോകുമ്പോള്‍ ആ
ജോഡിയുടെ ആകെ തിളക്കം കുറയുന്നതായി കാണപ്പെടും. Persus നക്ഷത്രഗണത്തിലെ
അല്‍ഗോള്‍ A, B നക്ഷത്രങ്ങള്‍ ചേര്‍ന്ന ജോഡിയാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു
Eclipsing binary. ഇവയില്‍ തിളക്കം കുറഞ്ഞ B നക്ഷത്രം തിളക്കം കൂടിയ A
യുടെ മുന്നില്‍ കൂടി കടന്നുപോകുന്ന സമയത്ത് ഗ്രഹണം നടക്കുകയും അല്‍ഗോളിന്റെ
തിളക്കം ഏതാണ്ട് മൂന്നരമടങ്ങ് കുറയുകയും ചെയ്യും.
സംതരണം - Transit
ശുക്രസംതരണം |
(കാഴ്ചയില്‍) ചെറിയ ഒരു ആകാശഗോളം അതിനെക്കാള്‍ (കാഴ്ചയില്‍) വലിയ മറ്റൊരു ഗോളത്തിന് മുന്നിലൂടെ കടന്നുപോകുന്ന പ്രതിഭാസമാണ് സംതരണം അല്ലെങ്കില്‍ Transit. ഇവയില്‍ ഏറ്റവും പ്രശസ്തമായതാണ് ശുക്രസംതരണം എന്ന Transit of Venus. സൂര്യഗോളത്തിന് മുന്നില്‍ കൂടി ഒരു കറുത്ത പൊട്ട് പോലെ ശുക്രഗ്രഹം കടന്നുപോകുന്ന അപൂര്‍വമായ കാഴ്ചയാണിത്. ഇക്കഴിഞ്ഞ 2012 ജൂണ്‍ 6- നാണ് അവസാനത്തെ ശുക്രസംതരണം നടന്നത്. ഇനി അത് 2117-ല്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇതുപോലെ കഴിഞ്ഞ 2006 -ല്‍ നടന്ന ബുധസംതരണം (Transit of Mercury) ഇനി 2016-ല്‍ നടക്കും. ഇവയൊക്കെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന സംതരണങ്ങള്‍ ആണ്. ടെലിസ്കോപ്പ് ഉപയോഗിക്കുകയാണെങ്കില്‍ മറ്റുഗ്രഹങ്ങള്‍ക്ക് മുന്നില്‍ കൂടി അവയുടെ ഏതെങ്കിലും ഉപഗ്രഹം കടന്നുപോകുന്നതും (ഉദാ: വ്യാഴത്തിന് മുന്നില്‍ കൂടി അയോ) ഒരു ഗ്രഹം മറ്റൊന്നിന് മുന്നില്‍ കൂടി കടന്നുപോകുന്നതുമായ (ഉദാ: വ്യാഴത്തിന് മുന്നില്‍ കൂടി ശുക്രന്‍) സംതരണപ്രതിഭാസങ്ങളും ദൃശ്യമാകും.
(സംതരണപ്രതിഭാസങ്ങളെ കുറിച്ചു കൂടുതല്‍ ഇവിടെ)
ഒക്കള്‍റ്റേഷന്‍ (Occultation)
ചന്ദ്രന്‍ Zeta Tauri നക്ഷത്രത്തെ മറയ്ക്കുന്ന കാഴ്ച 2012 ഏപ്രിലില്‍ ഫ്രാന്‍സില്‍ വെച്ചു പകര്‍ത്തിയത് |
സംതരണത്തിന് സമാനമായ ഒരു പ്രതിഭാസമാണിത്. ഇവിടെ കാഴ്ചയില്‍ വലിയ ഒരു ആകാശഗോളം കാഴ്ചയില്‍ ചെറിയ മറ്റൊന്നിനെ പൂര്‍ണമായി മറച്ചുകൊണ്ട് അതിന്റെ മുന്നിലൂടെ കടന്നുപോകുന്നു. ഇതിനെ ദ്വിതീയഗ്രഹണം (Secondary Eclipse) എന്നും വിളിക്കാറുണ്ട്. ഒക്കള്‍റ്റേഷന് ഏറ്റവും സാധാരണമായ ഉദാഹരണം നമ്മുടെ ചന്ദ്രന്‍ പിന്നിലുള്ള നക്ഷത്രങ്ങളെ മറച്ചുകൊണ്ട് കടന്നുപോകുന്നതാണ്. ഇതുപോലെ ഗ്രഹങ്ങളും ക്ഷുദ്രഗ്രഹങ്ങളും ഒക്കെ നക്ഷത്രങ്ങളെ ഒക്കള്‍ട്ട് ചെയ്യാറുണ്ട്. അപൂര്‍വമായി രണ്ടു ആകാശവസ്തുക്കള്‍ ഒരേ സമയം മറയ്ക്കപ്പെടുന്ന ഒക്കള്‍ട്ടേഷനുകളും ഉണ്ടാകാറുണ്ട്. ചന്ദ്രന്‍ ഒരേസമയം ശുക്ര-വ്യാഴഗ്രഹങ്ങളെ മറയ്ക്കുന്ന ഒരു കാഴ്ച 1998-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (കൂടുതല്‍ ഇവിടെ)
നല്ല അറിവുകള്‍ പകര്‍ന്നതിനു നന്ദി
ReplyDelete