Skip to main content

"ഭ്രാന്താ.." എന്ന് വിളിച്ചു ചിരിക്കുമ്പോള്‍ നാം മറക്കുന്നത്

(പ്രചോദനം: നിദ്ര എന്ന മലയാളം സിനിമ)

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു സുഹൃത്തിനെ "ഭ്രാന്താ" അല്ലെങ്കില്‍ "ഭ്രാന്തീ" എന്ന് വിളിച്ചു കളിയാക്കാത്തവര്‍ ചുരുക്കമായിരിക്കും. "ഉച്ചയ്ക്ക് മരുന്ന് കഴിച്ചില്ലേ?" എന്ന് തുടങ്ങുന്ന തമാശ ചോദ്യങ്ങള്‍ വേറെ. ഇതൊക്കെ ഞാനും ഒരുപാട് ചെയ്തിട്ടുള്ളതാണെങ്കിലും അത്തരം തമാശകളില്‍ നാം മറക്കുന്ന ചില ഭീകരമായ സത്യങ്ങള്‍ ഉണ്ട്. തന്റെ ഉറ്റവര്‍ക്കോ തനിക്ക് തന്നെയോ മാനസിക രോഗം വന്നു കണ്ട അനുഭവം ഉള്ളവര്‍ ഇത്തരം തമാശകള്‍ തീരെ സഹിക്കില്ല എന്നതാണ് സത്യം. കാരണം അവര്‍ക്കറിയാം അത് എത്ര ഭീകരമാണെന്ന്.

തീര്‍ച്ചയായും നമ്മുടെ നാട്ടില്‍ മാനസിക രോഗങ്ങള്‍ രോഗിയെ സംബന്ധിച്ചും ചുറ്റുമുള്ളവരെ സംബന്ധിച്ചും വളരെ ഭയാനകമാണ്. പക്ഷേ അതിനു കാരണം രോഗത്തിന്റെ ഭീകരത അല്ല, മറിച്ച് നമ്മുടെ കാഴ്ച്ചപ്പാടിന്‍റെ പ്രശ്നമാണെന്ന് മാത്രം. നമ്മുടെ സമൂഹം മാനസിക രോഗങ്ങളെയും രോഗികളെയും തീരെ അപക്വമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. അടിസ്ഥാനപരമായി രണ്ടും രോഗങ്ങള്‍ മാത്രമാണു എന്നിരിക്കെ മാനസികരോഗങ്ങളെ ശാരീരികരോഗങ്ങളോടൊപ്പം കാണാന്‍ എന്തുകൊണ്ടാണ് നമുക്ക് കഴിയാതെ പോകുന്നത്? അടുത്ത കാലത്തെ കണക്കുകള്‍ പറയുന്നതു ലോകജനസംഖ്യയില്‍ ഓരോ നാലുപേരിലും ഒരാള്‍ വീതം ഏതെങ്കിലുമൊക്കെ മാനസിക രോഗത്തിന് ഇരകളാണ് എന്നാണ്. ജോലിസ്ഥലത്തെ പിരിമുറുക്കം (stress) മുതല്‍ alcoholism വരെ ഈ രോഗങ്ങളുടെ പട്ടികയില്‍ വരും എന്നു കേട്ടാല്‍ നമ്മളില്‍ പലരും നെറ്റി ചുളിക്കും? "പിരിമുറുക്കം ഒക്കെ ഒരു രോഗമാണോ?" എന്നു ചോദിച്ച സുഹൃത്തുക്കളെ എനിക്കറിയാം. അതേ, പിരിമുറുക്കം എന്നത് പലപ്പോഴും ചികില്‍സിക്കേണ്ട ഒരു രോഗമാണ് എന്നു തന്നെ നമ്മളില്‍ പലര്‍ക്കും അറിയില്ല. അമേരിക്കന്‍ സൈക്കാട്രിക് അസോസിയേഷന്‍ രൂപം നല്കിയ Diagnostic and Statistical Manual of Mental Disorders(DSM) ഏകദേശം 400 വ്യത്യസ്ഥ മാനസിക രോഗാവസ്ഥകളെക്കുറിച്ച് പറയുന്നു. അവയില്‍ ഭൂരിഭാഗവും ചികില്‍സിച്ചു ഭേദമാക്കാവുന്നവയാണ്. ഈ ലിസ്റ്റിലൂടെ ഒന്നു കണ്ണോടിച്ചാല്  അവയില്‍ പലതും ഒരു രോഗാവസ്ഥയാണ് എന്ന സത്യം പലരെയും ഞെട്ടിക്കാന്‍ സാധ്യത ഉണ്ട്.


മാനസികരോഗങ്ങളെ ശാരീരിക രോഗങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് പലപ്പോഴും രോഗലക്ഷണങ്ങളെ ഒരാളുടെ സ്വഭാവത്തില്‍ നിന്നും വേര്‍പെടുത്തി തിരിച്ചറിയാന്‍ ഉള്ള പ്രയാസമാണ്. അസുഖം ബാധിച്ച ഒരു അവയവവും ജന്മനാ അംഗവൈകല്യം ബാധിച്ച അവയവവും തമ്മില്‍ വേര്‍തിരിച്ചറിയുന്ന അത്ര എളുപ്പത്തില്‍ ഒരു മാനസികരോഗലക്ഷണവും സ്വഭാവ വൈകല്യവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. കുറഞ്ഞത് ബാഹ്യാവയവങ്ങളെ കുറിച്ചെങ്കിലും നമ്മള്‍ എല്ലാവര്ക്കും വ്യക്തമായ ഒരു അറിവുണ്ട്. അവയുടെ സ്വാഭാവിക ഘടന, പ്രവര്‍ത്തനരീതി ഇതെല്ലാം എല്ലാവര്‍ക്കും അറിയാം എന്നത് കൊണ്ടാണ് ശാരീരികമായ പോരായ്മകളെ പോരായ്മയായി തന്നെ കാണാന്‍ നമുക്ക് സാധിക്കുന്നത്. എന്നാല്‍ മനസ്സിന്റെ കാര്യം അതല്ല. എന്റെ കൈയും നിങ്ങളുടെ കൈയും തമ്മില്‍ ഉള്ള പ്രകടമായ ഒരു സാമ്യം എന്റെ മനസ്സും നിങ്ങളുടെ മനസ്സും തമ്മില്‍ ഇല്ല. നമ്മളെ ഓരോരുത്തരേയും നമ്മള്‍ ആക്കുന്നത് ഈ വ്യത്യസ്തതയാണ്. മനുഷ്യമനസ്സിനെ കുറിച്ച് വ്യക്തമായ ഒരു ചിത്രം പൊതുജനങ്ങള്‍ക്കിടയില്‍ ഇല്ല. അതുകൊണ്ട് തന്നെയാണ് സ്വഭാവ വൈകല്യത്തെയും മാനസികരോഗ ലക്ഷണത്തെയും വേര്‍തിരിച്ചറിയാന്‍ പെട്ടെന്നു സാധിക്കാത്തതും.

പരീക്ഷണങ്ങള്‍ വഴി അസന്ദിഗ്ദ്ധമായ അനുമാനങ്ങളില്‍ എത്താന്‍ കഴിയാത്തത് കൊണ്ട് തന്നെ മനസ്സിനെ കുറിച്ചുള്ള പഠനം ഇന്നും വളരെ സങ്കീര്‍ണ്ണമാണ്. മനശാസ്ത്രം എന്ന പഠനശാഖ  പോലും ഒരു ശാസ്ത്രം എന്ന രീതിയില്‍ പരക്കെ അംഗീകരിക്കപ്പെട്ടു വരുന്നതേയുള്ളൂ. അത് ഏതാണ്ടൊക്കെയും case study വഴി എത്തിച്ചേര്‍ന്ന നിഗമനങ്ങളില്‍ അധിഷ്ഠിതമാണ്. ആപേക്ഷികതാ സിദ്ധാന്തമോ എക്സ്-റേയുടെ കണ്ടുപിടിത്തമോ പോലെ സമൂഹത്തില്‍ ഒരു ചലനം ഉണ്ടാക്കാന്‍ ഒരു മനശാസ്ത്ര സിദ്ധാന്തത്തിന് കഴിയില്ല. മൊബൈല്‍ ഫോണോ, പാരസെറ്റമോള്‍ ഗുളികയോ പോലെ നിത്യജീവിതത്തില്‍ ഉപയോഗിയ്ക്കുന്ന ഉല്പന്നങ്ങള്‍ പ്രദാനം ചെയ്യാനുള്ള കഴിവും അതിന് ഇല്ല. ഇതുകൊണ്ടൊക്കെ ആകണം മനശാസ്ത്ര പഠനത്തിനോ തദനുബന്ധിയായ ഗവേഷണങ്ങള്‍ക്കൊ ഇപ്പൊഴും മറ്റ് ശാസ്ത്ര ശാഖകള്‍ക്കുള്ള ഒരു ഗ്ലാമര്‍ ഇല്ലാത്തത്. അത് ഇപ്പൊഴും വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ പഠന വിഷയമായി ഒതുങ്ങി നില്ക്കുന്നു. അവരുടെ പഠന ഫലങ്ങള്‍ സമൂഹത്തില്‍ തീരെ അറിയപ്പെടാതെ പോകുന്നു.
മനശാസ്ത്രപരമായ അറിവുകളുടെ വെളിച്ചത്തിലുള്ള മുന്നേറ്റം നമ്മുടെ സമൂഹത്തില്‍ തീരെ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. ഒരാള്‍ പെട്ടെന്നു മരിച്ചു പോകുന്ന പ്രതിഭാസത്തെ 'മാടന്‍ അടിച്ചു ചാവുക' എന്നു പണ്ട് നമ്മുടെ നാട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അതിനെ 'ഹൃദയസ്തംഭനം വന്നു മരിക്കുക' എന്നു തിരിച്ചറിയാണ്‍ നമുക്ക് കഴിയുന്നുണ്ട്. പക്ഷേ ആ ഉണര്‍വ് 'ബാധ കയറല്‍' എന്ന സങ്കല്‍പ്പത്തെ 'ബഹു വ്യക്തിത്വ വൈകല്യം' (Multiple Personality Disorder) എന്ന മാനസികരോഗമായി തിരിച്ചറിയുന്നതില്‍ നമുക്ക് ഉണ്ടായിട്ടില്ല. നൂറ്റാണ്ടുകളോളം നീണ്ട പഠന ഫലമായി മനശാസ്ത്രം മനസിലാക്കിയ അറിവുകള്‍ സമൂഹം തീരെ അറിഞ്ഞിട്ടില്ല. പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്ന, എല്ലാവരെയും ഉപദ്രവിക്കുന്ന, അല്ലെങ്കില്‍ സ്ഥലകാല ബോധമില്ലാതെ ബഹളം വെക്കുന്ന ദുരൂഹമായ എന്തോ അവസ്ഥയെയാണ് നമ്മള്‍ പൊതുവായി മാനസികരോഗം എന്നു മനസിലാക്കി വെച്ചിരിക്കുന്നത്. വല്ലാത്ത കുസൃതിക്കാരന്‍ ആയ, ക്ളാസ്സില്‍ തീരെ ശ്രദ്ധ ഇല്ലാത്ത ഒരു കുട്ടിക്ക് Attention Deficit Hyperactivity Disorder(ADHD) എന്ന രോഗമാകാം എന്നു പറഞ്ഞ എന്നെ എന്തോ മഹാപാപം പറഞ്ഞതുപോലെയാണ് അവന്റെ അച്ഛനമ്മമാര്‍ നോക്കിയത്. 'എന്റെ കുട്ടിക്ക് അതൊന്നും വരില്ലാ' എന്നു അവന്റെ അച്ഛന്‍ തീര്‍ത്തു പറയുകയും ചെയ്തു. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. ശരീരം എന്നതുപോലെ മനസ്സും ചെറുതും വലുതുമായ നിരവധി രോഗങ്ങള്‍ക്കു വിധേയമാണ് എന്ന സത്യം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ഇതുവരെ നമുക്ക് കഴിഞ്ഞിട്ടില്ല. നമുക്ക് ഇപ്പൊഴും മാനസികരോഗം എന്നത് 'ആരാന്റെ അമ്മയ്ക്ക് വരുന്ന രസകരമായ എന്തോ ഒന്ന്' ആണ്. നമ്മുടെ സിനിമകളിലൊക്കെ ആ പക്വതയില്ലായ്മ നന്നായി പ്രതിഫലിക്കുന്നുണ്ട്. അവിടെ ഒന്നുകില്‍ മാനസികരോഗം കൊമേഡിയന്‍റെ ചിരിക്കൂട്ട് ആണ്, അല്ലെങ്കില്‍ ദുരന്ത നായകന്റെ നിസ്സഹായതയാണ്. യാഥാര്‍ഥ്യവുമായി തീരെ പൊരുത്തപ്പെടാത്ത ആശുപത്രി രംഗങ്ങളും, ചികില്‍സാരീതികളും ചിത്രീകരിച്ച് സിനിമകളും സമൂഹത്തിന്റെ ഈ ചിന്താവൈകല്യത്തിന് കുട പിടിക്കുന്നു. (ഇവിടെയാണ് 'നിദ്ര' സത്യസന്ധമായി വേറിട്ട് നില്‍ക്കുന്നത്)
നമ്മളില്‍ വിദ്യാസമ്പന്നരായ ആളുകള്‍ പോലും മാനസികരോഗങ്ങളെ രോഗം മാത്രമായി കാണാന്‍ മടിക്കുന്നു. ഇത് മാറേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. ഒരു രാജ്യത്തിന്റെ ആരോഗ്യപരമായ ഉന്നമനത്തില്‍ തീര്‍ച്ചയായും മാനസികാരോഗ്യം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. സ്വയം അറിയാതെയാണെങ്കില്‍ കൂടി ഇക്കാര്യത്തില്‍ നാം കാണിക്കുന്ന അലംഭാവം വളരെ ഗൌരവമേറിയതാണ്. ഭാരത സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ലോകാരോഗ്യ സംഘടനയില്‍ അവതരിപ്പിച്ച കണക്ക് അനുസരിച്ചു ഭാരതജനസംഖ്യയുടെ 7% പേര്‍ സാരമായ മാനസികരോഗങ്ങള്‍ക്ക് വിധേയരാണ്. അവരിലാകട്ടെ 90% പേര്‍ക്കും യാതൊരുവിധ ചികില്‍സയും ലഭിക്കുന്നില്ല. ഇന്‍ഡ്യയില്‍ ലഭ്യമായ മാനസികരോഗ വിദഗ്ദ്ധരുടെ എണ്ണം ഞെട്ടിക്കുന്നതാണ്, 4 ലക്ഷം രോഗികള്‍ക്ക് ഒരു ഡോക്ടര്‍! നമ്മുടെ റൂറല്‍ പ്രദേശങ്ങളില്‍ സ്ഥിതി ഇതിലും വഷളാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. എന്നിട്ടും മൊത്ത ആരോഗ്യ ബജറ്റിന്റെ 1% ആണ് മാനസിക ആരോഗ്യത്തിന്നായുള്ള നമ്മുടെ നീക്കിവെയ്പ്പ്.
സര്‍ക്കാരിനെ മാത്രം പ്രതികൂട്ടില്‍ നിര്‍ത്തിയിട്ടു കാര്യമില്ല. രോഗിക്കോ കുടുംബത്തിനോ ഒരു സഹായഹസ്തം പ്രതീക്ഷിക്കാവുന്ന അന്തരീക്ഷം നമ്മുടെ സമൂഹത്തില്‍ ഇല്ല. സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ ഉള്ളവര്‍ പോലും ഗുരുതര മാനസിക പ്രശ്നങ്ങള്‍ ഉള്ളവരെ പൊതുജനങ്ങളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മാറ്റി നിര്‍ത്താനും ഒളിച്ചു വെക്കാനുമാണ് ശ്രമിക്കാറ്. ലഘു മാനസികപ്രശ്നങ്ങള്‍ ഉള്ളവര്‍ സ്വഭാവദോഷികളും ദുര്‍നടത്തക്കാരും ആഭാസന്മാരും ഒക്കെയായി ചിത്രീകരിക്കപ്പെടുന്നു. അഥവാ അവര്‍ രോഗിയാണെന്ന് അംഗീകരിക്കപ്പെട്ടാല്‍ തന്നെ അവരുടെ ആത്മാഭിമാനം വ്രണപ്പെടുന്ന രീതിയില്‍ അവരെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്താനും അവരുടെ ബന്ധുക്കളോട് പോലും വിവേചനബുദ്ധിയോടെ പെരുമാറാനും തുടങ്ങുന്നു. അതുകൊണ്ട് തന്നെ അവര്‍ ചികില്‍സ തേടാന്‍ മടിക്കുന്നു. രോഗം നല്‍കുന്ന ശിക്ഷയെക്കാള്‍ പതിന്‍മടങ് ശിക്ഷ രോഗിയാണെന്ന പേരില്‍ സമൂഹം അവര്‍ക്ക് നല്കുന്നു. വളരെ പരിതാപകരമായ ഒരു അവസ്ഥയാണത്. ഇവിടെ ഒരു കാന്‍സര്‍ രോഗിക്ക് കിട്ടുന്ന അനുതാപവും പരിഗണനയും അത്രയും തന്നെ, അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഒരു മാനസികാരോഗിയും അര്‍ഹിക്കുന്നു. പക്ഷേ നമ്മള്‍ അത് നല്കാന്‍ തയ്യാറല്ല. സ്വന്തം കൈയിലിരിപ്പ് കൊണ്ട് ലിവര്‍ സീറോസിസ് വരുത്തിവെച്ച രോഗിക്ക് കിട്ടുന്ന പരിഗണനയുടെ ഒരു ചെറിയ അംശം പോലും തന്‍റേതല്ലാത്ത കാരണം കൊണ്ട് മാനസിക സമനില തെറ്റിയ ഒരാള്‍ക്ക് കിട്ടുന്നില്ല. ഈ അനീതി ഇല്ലാതാകാന്‍ നമ്മള്‍ എല്ലാവരും ഒരുമിച്ച് ശ്രമിച്ചേ മതിയാകൂ. മാനസികാരോഗ്യത്തെ കുറിച്ച് എല്ലാവരും ബോധവാന്‍മാര്‍ ആകുകയും അത് പകര്‍ന്നു കൊടുക്കുകയും വേണം. നാളെയുടെ തലമുറയെങ്കിലും ഈ ബോധത്തോടെ വളര്‍ന്ന് വരട്ടെ.

Comments

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...