Skip to main content

Posts

Showing posts with the label നർമം

സീറ്റ് നമ്പര്‍ 24: ഒരു ട്രാജിക് കോമഡി

കൌണ്ടറില്‍ ഇരുന്ന തടിച്ച സ്ത്രീ വെച്ചുനീട്ടിയ ബാലന്‍സ് പിടിച്ച് പറിച്ചുകൊണ്ട് ഞാന്‍ പ്ലാറ്റ്ഫോമിലേക്ക് ഓടി, ചെന്നൈ മെയിലിന്റെ സ്ലീപ്പര്‍ ക്ലാസ് ബോഗികള്‍ നോക്കി... പെട്ടെന്നുള്ള തീരുമാനമായിരുന്നു ആ യാത്ര. ഒരുപാട് പരിപാടികള്‍ ഉണ്ടായിരുന്നിട്ടും ലൂസി മാഡം അത്രയും സ്നേഹത്തോടെ ക്ഷണിച്ച സ്ഥിതിക്ക് മകളുടെ വിവാഹത്തിന് പോകാതിരിക്കുന്നത് മോശമാണെന്ന് തോന്നി. പ്രത്യേകിച്ചു തലേന്ന് കൂടി മാഡം വിളിച്ച് എങ്ങനെയാ ചെല്ലുന്നത് എന്നൊക്കെ അന്വേഷിക്കുകയും ചെയ്തു. അതുകൊണ്ടാണ് എന്റെ പരിപാടികള്‍ക്കിടയിലേക്ക് ഈ വിവാഹം കൂടി കഷ്ടപ്പെട്ട് തിരുകിക്കയറ്റുന്നതും ഹോസ്റ്റലിലെ ഓണാഘോഷം പോലും തേങ്ങ ചുരണ്ടലില്‍ നിര്‍ത്തി ഞാന്‍ നട്ടുച്ചയ്ക്ക് തിരുവനന്തപുരത്തുനിന്നും ആലുവയ്ക്ക് വെച്ചു പിടിക്കുന്നതും. ട്രെയിനില്‍ ഓരോ കമ്പാര്‍ട്ടുമെന്‍റിലായി ഒട്ടിച്ചിരിക്കുന്ന ചാര്‍ട്ട് നോക്കി നോക്കി ഞാന്‍ ഓടി. എവിടെയെങ്കിലും സീറ്റ് ഉണ്ടോ എന്നറിയണമല്ലോ. ഒടുവില്‍ അതാ...ചാര്‍ട്ടില്‍ ഒരു കെ. എസ്. ജോസഫ്. സീറ്റ് നമ്പര്‍ 24. റിസര്‍വേഷന്‍ ഫ്രം ട്രിച്ചൂര്‍! മോനേ, മനസില്‍ ലഡു പൊട്ടി. ഞാന്‍ പിന്നിലേക്ക് നോക്കി. കെട്ടും പൊക്കണവുമായി ഓരോരുത്തര്‍ ഓടി വര...

സെക്കന്‍റ് ഷോ: രണ്ടു പാതിരാക്കഥകള്‍

സെക്കന്‍റ് ഷോ കഴിഞ്ഞ് ഒറ്റയ്ക്ക് തിരുവനന്തപുരം നഗരം മുതല്‍ 5 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹോസ്റ്റല്‍ വരെ നടക്കുന്ന ഒരു (ദു)ശീലം എനിക്കുണ്ട്. പലവിധ അനുഭവങ്ങളും കാഴ്ചകളും സമ്മാനിച്ചിട്ടുള്ള ആ യാത്രകളുടെ ഏടുകളില്‍ നിന്നും മാന്തിപ്പറിച്ചെടുത്ത രണ്ടു സംഭവങ്ങളാണ് ഇനി പറയുന്നത്. കുതിരപ്പോലീസും ഞാനും സംഭവം നടക്കുന്നത് ഇന്ന്‍ രാവിലെ 12.05 നു കിള്ളിപ്പാലത്തിനടുത്ത് 8.48 ഡിഗ്രി വടക്ക് 76.95 ഡിഗ്രി കിഴക്ക് കോര്‍ഡിനേറ്റുകളില്‍ ആണ്. ഞാന്‍ പതിവുപോലെ തനി ബൂര്‍ഷ്വാ സെറ്റപ്പില്‍ ചെവിയില്‍ ഇയര്‍ ഫോണും ബാക് പാക്കും ഒക്കെയായി നടന്ന്‍ വരുന്നു. കൊച്ചാര്‍ റോഡില്‍ നിന്നും നാഷണല്‍ ഹൈവേയിലേക്ക് വന്നുകൊണ്ടിരുന്ന രണ്ടു കുതിരപ്പോലീസുകാരില്‍ (ആശ്വാരൂഢസേന എന്ന്‍ വിവരമുള്ളവര്‍ പറയുന്ന ആ സാധനം) ഒരാള്‍ കൈകൊട്ടി വിളിക്കുന്നു. പണ്ട് ഇതേ ലൊക്കേഷനില്‍ വച്ച് വേഷം മാറി നിന്ന വിജയന്‍ IPS സര്‍ പൊക്കിയത് ഓര്‍ത്തുകൊണ്ട് ഞാന്‍ നിന്നു. "എങ്ങോട്ടെഡേയ്?" (ചോദ്യം) "സാറേ, പാപ്പനംകോട്" മറ്റേ പോലീസുകാരന്റെ മുഖത്തേക്ക് ഒന്ന്‍ നോക്കി, പിന്നെ വാച്ചിലും നോക്കിയിട്ട് വീണ്ടും ചോദ്യം ...

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...

ഒരു മിമിക്രിക്കഥ

പണ്ട് ഞാനും എന്റെ മിമിക്രി ട്രൂപ്പും കൂടി ഒരിടത്ത് പരിപാടി നടത്താൻ പോയ ദിവസം... എന്നൊക്കെ പറഞ്ഞ് ഈ കഥ തുടങ്ങാനായിരുന്നു എനിക്കിഷ്ടം. പക്ഷേ മിമിക്രി അവതരിപ്പിക്കാൻ പോയി എന്നതൊഴിച്ചാൽ ബാക്കി ഭാഗങ്ങളൊന്നും സാങ്കേതികമായി ശരിയല്ലാത്തതിനാൽ അതങ്ങ് ഒഴിവാക്കുന്നു. ഞാനും എന്നെപ്പോലെ അരമിമിക്രിക്കാരായ രണ്ട് ചങ്ങാതിമാരും കൂടി, ജീവിതത്തിൽ ആദ്യമായി (ഒരുപക്ഷേ അവസാനമായും) പുറത്തൊരിടത്ത് ഒരു ഇൻവൈറ്റഡ് മിമിക്സ് പരേഡ് അവതരിപ്പിക്കാൻ പോയ കഥയാണ് പറയാൻ പോകുന്നത്.  പശ്ചാത്തലം (ബ്ലാക് ആൻ വൈറ്റിൽ ആലോചിക്കുക): ഞങ്ങൾ സ്വന്തം തട്ടകമായ ഗവേഷണസ്ഥാപനത്തിൽ അവതരിപ്പിച്ച ഒരു ഓണാഘോഷ മിമിക്രി പരിപാടി കണ്ടിട്ട് ഇഷ്ടപ്പെട്ട ഒരു പരിചയക്കാരൻ -മിസ്ററർ എക്സ്- ഞങ്ങളെ മറ്റൊരിടത്ത് അതേ പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കുന്നു. ഒരു റീയൂണിയൻ ഫങ്ഷനാണ് പരിപാടി വേണ്ടത്. തലസ്ഥാന നഗരിയിലെ ഒരു പ്രമുഖ സ്ഥലമാണ് വേദി. (ജാമ്യം- 'പ്രമുഖ'സ്ഥലം എന്ന് പറയുന്നത് അത് വെളിപ്പെടുത്തുന്നതിൽ ചില വ്യക്തിപരമായ റിസ്കുകൾ ഉള്ളതുകൊണ്ട് മാത്രമാണ്. പത്രവാർത്തകളിലെ 'പ്രമുഖ'സ്ഥലങ്ങളെപ്പോലെ തരികിട ഏർപ്പാടൊന്നുമല്ലായിരുന്നു) ഞങ്ങൾ മൂന്ന് പേരും ...

ചില റിയൽ-ലൈഫ് ക്ലീഷേ ഡയലോഗുകൾ

“ആരും പെർഫക്റ്റല്ല!” - തെണ്ടിത്തരം കാണിച്ചുപോയി. ന്യായീകരിക്കാൻ വേറെ കാരണമൊന്നും കാണുന്നില്ല! “ഞാനൊരു അഞ്ച് മിനിറ്റിൽ എത്തും” - ആ അഞ്ച് മിനിറ്റിന്റെ കണക്ക് കേൾക്കുമ്പോഴേ ഓർത്തോണം, എപ്പോ എത്തുമെന്ന് ഒരു പിടിയുമില്ല! “എനിക്കാരുടേയും അഞ്ച് പൈസാ വേണ്ട” - ‘ആ കാശ് തടയാതെ പോയതിൽ വിഷമമുണ്ട്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ലല്ലോ.’ “ദൈവം എല്ലാവർക്കും ഓരോ കഴിവുകൾ തന്നിട്ടുണ്ട്” - ‘ഡേ അപ്പീ, ഇത് നിന്നെക്കൊണ്ട് പറ്റുന്ന കാര്യമല്ല. പോയി പറ്റുന്ന പണി ചെയ്!’ “നല്ല തല്ല് കിട്ടാത്തതിന്റെ കേടാ” - വേറെ ആരോ തെണ്ടിത്തരം കാണിച്ചു. “തെറ്റ് ചെയ്യാത്തവരായി ആരുമില്ല” - പറയുന്ന ആള് തെണ്ടിത്തരം കാണിച്ചിരിക്കുന്നു. “ഇപ്പഴത്തെ പിള്ളേർക്കൊന്നും തീരെ ഗുരുത്വം ഇല്ല” - ‘എനിക്കാരും പ്രായത്തിന്റെ വില പോലും തരുന്നില്ല!’ “അത് നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ല” - ‘അത് എനിക്ക് തീരെ പിടിക്കുന്നില്ല, പ്രത്യേകിച്ച് കാരണമൊന്നും പറയാനുമില്ല.’ “എല്ലാ മതങ്ങളും പറയുന്ന ദൈവം ഒന്നാണ്” - ‘എന്റെ മതം പറയുന്നതാണ് യഥാർത്ഥ ദൈവം എങ്കിലും അത് പറഞ്ഞാൽ മറ്റേയാളുമായുള്ള ടേംസ് തെറ്റാൻ ചാൻസുണ്ട്!’ “ഞാനും പണ്ടൊരു യുക്തിവാദി ആയിരുന്നു” ...

എല്ലാവരും എന്നോടിങ്ങനെ ചോദിക്കുന്നു… അതെന്താ?

“ഇതിന് മുഴുവൻ താൻ സമാധാനം പറയണം.” “എന്താ പ്രശ്നം?” “എന്താ കണ്ണുപൊട്ടനാണോ? കണ്ടിട്ട് മനസിലാവുന്നില്ലേ? താനാ ഇതിനെയൊക്കെ കയറൂരി വിട്ടത്. ദേശഭക്തൻ പോലും! ദാ നിക്കേല്ലേ. അങ്ങോട്ട് ചോദിക്ക്.” (തിരിഞ്ഞ്) “എന്താ? എന്താ ഒണ്ടായത്?” “ഇവമ്മാര് ഭയങ്കര രാജ്യദ്രോഹപ്രവർത്തനം നടത്തി.” (തിരിഞ്ഞ്) “ദേ നിങ്ങളീ രാജ്യത്തിനെതിരേ ദ്രോഹപ്രവർത്തനം ചെയ്താലെങ്ങനാ? നിങ്ങളും ഈ രാജ്യത്തെ പൗരനല്ലേ? ഇവിടെ താമസിച്ചോണ്ട് രാജ്യദ്രോഹപ്രവർത്തനം നടത്താൻ പാടില്ലാന്ന് നിങ്ങള് തന്നല്ലേ പറഞ്ഞത്?” “അതെ പറഞ്ഞു. പക്ഷേ ഇത് സൗദി അറേബ്യയോ പാകിസ്ഥാനോ ഒന്നുമല്ല, മതമൗലികവാദത്തെ വിമർശിച്ചാൽ അതിനെ രാജ്യദ്രോഹമാണെന്ന് പറയാൻ!”   “അതിന് മതമൗലികവാദത്തെ എതിർത്താൽ രാജ്യദ്രോഹമാണെന്നാര് പറഞ്ഞ്?” “താൻ അവരോട് ചോദിക്ക്!” (തിരിഞ്ഞ്) “മതമൗലികവാദത്തെ എതിർത്തപ്പോൾ രാജ്യദ്രോഹമാണെന്ന് പറഞ്ഞോ?” “ഞാനങ്ങനെ പറഞ്ഞിട്ടേയില്ല.” (തിരിഞ്ഞ്) “അയ്യോ, കഷ്ടോണ്ട്! നിങ്ങളൊരുമാതിരി ഉരുണ്ട് കളിക്കരുത്. എനിക്കറിയാം അവരങ്ങനെ പറയില്ലെന്ന്.” “താനവര് പറഞ്ഞത് മുഴുവൻ ചോദിക്കെടോ” (തിരിഞ്ഞ്) “എന്താ പറഞ്ഞത്?” “ഇൻഡ്യ ഹിന്ദുക്കളുടേതാണ്. ഹിന്ദുസംസ്...

മണോറമാ ഇംപാക്റ്റ്: മുഖം രക്ഷിക്കാൻ കൂടുതൽ ചിത്രങ്ങളുമായി നാസ

അമേരിക്ക ജംഗ്ഷൻ: മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി എന്നത് സത്യമാണെന്ന് തെളിയിക്കാൻ അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസ കൂടുതൽ ചിത്രങ്ങളുമായി രംഗത്ത്. പാലക്കാട് എൻജി. കോളേജിലെ എം.ടെക്. വിദ്യാർത്ഥികൾ വാട്സാപ്പും യൂട്യൂബും ഉപയോഗിച്ച് മനുഷ്യൻ ചന്ദ്രനിലിറങ്ങിയിട്ടില്ല എന്ന് കണ്ടെത്തിയ വാർത്ത കഴിഞ്ഞ ആഴ്ച മണോറമ പുറത്ത് വിട്ടിരുന്നു. ഇത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതിനെ തുടർന്നാണ് മുഖം രക്ഷിക്കാൻ ധൃതിപ്പെട്ട് ഇങ്ങനൊരു നീക്കം നാസ നടത്തിയിരിക്കുന്നത്. അപ്പോളോ ദൗത്യത്തിലേത് എന്ന് പറയപ്പെടുന്ന 8400-ഓളം ചിത്രങ്ങളാണ് അവർ ഫ്ലിക്കറിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്നാൽ ഈ ചിത്രങ്ങളൊന്നും സത്യമാകാൻ വഴിയില്ലെന്നും ഇത്രയും കാലം ഈ ചിത്രങ്ങളൊന്നും പുറത്തുവിടാത്ത നാസ ഡിജിറ്റൽ സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച ഈ കാലത്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിർമിച്ച ന്യാജ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നതെന്നുമാണ് ഞങ്ങളുടെ സ്വന്തം ശാസ്ത്രലേഖകൻ പറയുന്നത്. പാലക്കാട് കോളേജിലെ വിദ്യാർത്ഥികൾ ഫോട്ടോകൾ ഇതിനകം ഡൗൺലോഡ് ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞുവത്രേ. കോളേജിലെ കണക്ഷൻ bsnl ആയതിനാൽ ചിത്രങ്ങളിലെ തെറ്റ് കണ്ടുപിടിക്കാൻ അല്...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...

ഇൻഡ്യയിലെ ചില ട്രാഫിക് നിർവചനങ്ങൾ:

ഹെൽമറ്റ് ► ബൈക്ക് ഓടിക്കുമ്പോൾ ബാലൻസ് കിട്ടാനെന്നപോലെ റിയർവ്യൂ മിററിലോ പിന്നിൽ സെഡിലെവിടെയെങ്കിലുമോ കോർത്ത് തൂക്കിയിടാറുള്ള ചട്ടി പോലത്തെ ഒരു സാധനം. മഞ്ഞ സിഗ്നൽ ലൈറ്റ് ► ഉടൻ തന്നെ ചുവപ്പ് തെളിയാൻ പോകുന്നു എന്നും അതുകൊണ്ട് പരമാവധി സ്പീഡ് കൂട്ടി പാഞ്ഞ് പൊയ്ക്കോണം എന്നും സൂചിപ്പിക്കുന്ന സിഗ്നൽ. കാൽനടക്കാർക്കുള്ള സിഗ്നൽ ► ഗതാഗത വകുപ്പിന്റെ ഒരു ഡെയർ-ഷോ ഗെയിം.അത് പച്ചയാകുന്നത് കണ്ട് റോഡിലേയ്ക്കിറങ്ങുന്നവർ റോഡിന്റെ നടുക്കെത്തുമ്പോൾ വീണ്ടും ചുവപ്പാകുക, വാഹനങ്ങൾക്കുള്ള റെഡ് തെളിയാതെ കാൽനടക്കാർക്കുള്ള ഗ്രീൻ തെളിയുക തുടങ്ങിയ സാഹചര്യങ്ങളിൽ പതറാതിരിക്കുക, കാൽനടസിഗ്നൽ വകവെക്കാതെ ഇടത്തോട്ട് റോഡ് തിരിയുന്നിടത്തെല്ലാം ‘ഫ്രീ ലെഫ്റ്റ്’ ആണെന്ന് കരുതി കത്തിച്ച് വരുന്ന വാഹനങ്ങൾക്കിടയിലൂടെ ക്രോസ് ചെയ്യുക തുടങ്ങിയവയാണ് പ്രധാന ഗെയിംസ്. സീബ്രാ ലൈൻ ► കാൽനടക്കാർ റോഡ് മുറിച്ചുകടക്കാൻ പാടില്ലാത്ത സ്ഥലം അടയാളപ്പെടുത്താൻ വേണ്ടി വെള്ള പെയിന്റ് വച്ച് ഇടുന്ന വലിയ വരകൾ. റോഡിന്റെ നടുവിലൂടെയുള്ള ഇടവിട്ട വെള്ളവരകൾ ► പെയിന്റ് ബാക്കി വന്നപ്പോൾ അത് വച്ച് റോഡിൽ നടത്തിയിരിക്കുന്ന അലങ്കാരപ്പണി. വാഹനമോടിക്കുന്നവർ അത് ശ്ര...