Skip to main content

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ...

ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം.

സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം,

"ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്)

സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ" എന്നദ്ദേഹം പറഞ്ഞു. അതുപിന്നെ വരുത്തനാണെന്ന ഭാവമില്ലാതെ കണ്ണിൽ കണ്ടതിലൊക്കെ അതിനകം തലയിട്ട വിദ്വാൻ എന്ന നിലയിൽ എന്റെ മുഖം അവിടെ ആരെങ്കിലും തിരിച്ചറിഞ്ഞാൽ അസ്വാഭാവികമായൊന്നുമില്ല എന്ന അഹങ്കാരത്തിൽ, "ശ്ശോ, എന്റെയൊരു കാര്യം!" എന്ന് ആത്മഗതം ചെയ്തുകൊണ്ടും ആയിരം വാട്ടിന്റെ ഒരു ഹാലജൻ ചിരി ചിരിച്ചുകൊണ്ടും ഞാൻ കാറിലോട്ട് ചാടിക്കേറി.

"ഞാൻ അവിടെ പർച്ചേസിലെ ഉല്പലാക്ഷൻ നായർ" (NB: പേരിന്റെ ആദ്യ ഭാഗം ഞാൻ മാറ്റിയിട്ടുണ്ട്)

തിരോന്തരത്തെ ടിപ്പിക്കൽ നായർ മാടമ്പി ഭാവത്തിൽ, കൊമ്പൻ മീശയൊന്ന് തടവിക്കൊണ്ട് മൂപ്പര് സ്വയം പരിചയപ്പെടുത്തി. എന്നിട്ട് കുതിരയെ എന്നപോലെ കാറിനെ ചാടിച്ച് മുന്നോട്ട് നീക്കി. പൊടുന്നനെയുള്ള ആ ചാട്ടത്തിൽ ഞാനൊന്ന് ഇറുകിയിരിക്കാൻ ശ്രമിച്ചപ്പോഴേയ്ക്കും ചോദ്യം വന്നു,

"അനിയന്റെ പേരെങ്ങനാ?"

"വൈശാഖൻ തമ്പി", ഞാൻ വിനയം തേകിയൊഴിച്ചുകൊണ്ട് ആവർത്തിച്ചു.

"നെയ്യാറ്റിൻകരയായിരിക്കും വീട്"

"ഏയ്, അല്ല സാർ. പാലോട് ആണ് സ്ഥലം"- വീണ്ടും വിനയം.

"അങ്ങനെ വരാൻ വഴിയില്ലല്ലോ, നെയ്യാറ്റിൻകരയായിരിക്കും നിങ്ങടെ സ്ഥലം"

എനിക്കാ പറച്ചിലത്ര ദഹിച്ചില്ല. ഇങ്ങേർക്കെന്താ എന്റെ സ്ഥലത്തെക്കുറിച്ച് എന്നെക്കാൾ ഉറപ്പോ എന്ന മട്ടിൽ മുഖത്തോട്ട് നോക്കിയപ്പൊഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. കാറ്, അതായത് അപ്പോൾ ഞാൻ കൂടി ഇരിക്കുന്ന ആ കാറ്, റോഡിന്റെ വീതിയളക്കുന്ന മാതിരി നെടുകേയാണ് പോകുന്നത്. പന്തികേട് തോന്നിയ ഞാൻ മൂക്കൊന്ന് വട്ടം പിടിച്ചു. വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു, എനിയ്ക്ക് ലിഫ്റ്റ് തന്നെ ABCD-ലെ ആ സാറ്... നല്ല അസ്സലൊരു പാമ്പാണെന്ന്! വണ്ടി ത്രികോണേ-ത്രികോണേന്നാണ് പൊയ്ക്കോണ്ടിരുന്നത് എങ്കിലും സ്പീഡിന് തീരെ കുറവില്ലായിരുന്നു. വീടുകളോ കടകളോ അധികം ഇല്ലാതിരുന്നതിനാൽ ഇറങ്ങണമെന്ന് പറയാൻ ഒരു കള്ളം പോലും കിട്ടാനില്ല. ഇനീപ്പോ നിങ്ങള് വെള്ളമായതുകൊണ്ട് ഇറങ്ങണം എന്ന് പറയാമെന്ന് വച്ചാൽ, ഒന്ന്, സ്വബോധമില്ലാത്തോണ്ട് മനസിലാവുമോ എന്നുറപ്പില്ല, രണ്ട്, അത്ര ചെറിയ പോസ്റ്റൊന്നുമല്ല മൂപ്പരുടേത്. ഇനിയെങ്ങാനും എന്നെ സ്ഥാപനത്തീന്ന് പുകച്ച് പുറത്ത് ചാടിച്ചാലോ! എന്റെ തലയിൽ ഇരുട്ട് കേറാൻ തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ... ജാങ്കോ... ഞാൻ പെട്ട്!!

കുറേനേരം വീഗാലാൻഡിലെ റൈഡിൽ ഇരിക്കുന്നതായിട്ട് സങ്കൽപ്പിച്ച് ആശ്വസിക്കാൻ നോക്കി. എവിടെ! ഒരാവശ്യം വന്നപ്പോൾ ഭാവന പോലും കൂടെ നിൽക്കാത്ത അവസ്ഥ. ഇതിനിടെ എതിരേ വന്ന ചില വണ്ടികളിലെ ഡ്രൈവർമാരുടെ മുഖത്ത് നിന്ന് നാല് തലമുറ ചേർത്തുള്ള 'സരസ്വതീജപം' വരുന്നുണ്ടെന്ന് ഞാൻ മനസിലാക്കി. പ്രാക്റ്റിക്കലി, ആ തെറികൾ എനിയ്ക്കും കൂടി ഉള്ളതാണല്ലോ അപ്പോൾ! ഇവിടെ കാറിനുള്ളിൽ അതിലും വലിയ കൊലപാതകമാണ് നടക്കുന്നത്. ഞാൻ പഴയ എട്ടുവീട്ടിൽ പിള്ളമാരുടെ സന്തതി പരമ്പരയിൽ ഉള്ളതാണെന്ന് മൂപ്പര് അങ്ങോട്ട് ഉറപ്പിച്ചു. എന്നിട്ട് അവരുമായി സ്വയം ബന്ധപ്പെടുത്തിക്കൊണ്ട്, അവിടെ വച്ച് അപ്പോ കണ്ട് പേര് മാത്രം മനസിലാക്കിയ ഞാനുമായി മൂപ്പർക്കുള്ള തായ്‌വഴി ബന്ധം സ്ഥാപിച്ചെടുക്കുന്ന വ്യാഖ്യാനയജ്ഞം! ഇതിനിടെ എന്നോടൊപ്പം പ്രോജക്റ്റ് ചെയ്യുന്ന രണ്ട് സഹപാഠി പെൺകുട്ടികൾ നടന്നുപോകുന്നത് ഞാൻ കണ്ടു. കടന്നുപോയ കാറിൽ എന്നെക്കണ്ട അവർ ചിരിച്ചു. തങ്ങൾ പൊരിവെയിലത്ത് നടക്കുമ്പോൾ കാറിൽ രാജകീയമായി പോകുന്ന സുഹൃത്തിനോടുള്ള അസൂയയും പരിഭവവും അവരിൽ ഞാൻ കണ്ടു. ഞാനോ? പട്ടിപിടുത്തക്കാരുടെ കെണിയിൽ വീണ് കോർപ്പറേഷന്റെ വാനിൽ കയറ്റി കൊണ്ടുപോകുന്ന തെരുവ് നായകൾ പുറത്തേയ്ക്ക് നോക്കുന്നതുപോലെ ദയനീയമായി അവരെ നോക്കി.

ഒരുതരത്തിൽ ഡിങ്കൻ കാത്തു എന്ന് പറഞ്ഞാൽ മതിയല്ലോ, എങ്ങനെയോ ജീവനോടെ സ്ഥാപനത്തിൽ എത്തിച്ചേർന്നു. ചെന്നപാടെ സീനിയർ ചേട്ടനോട് അനുഭവം വിവരിച്ചു. അപ്പോഴും പേടി മാറിയിട്ടില്ലായിരുന്നു എനിയ്ക്ക്. ഞങ്ങളുടെ ഗൈഡ് വന്നപാടെ ചേട്ടൻ ചിരിച്ചുകൊണ്ട് പറയുന്നകേട്ടു, "സാറേ, അറിഞ്ഞില്ലേ? വൈശാഖന് ഇന്ന് നമ്മുടെ ഉല്പലാക്ഷൻ നായർ ലിഫ്റ്റ് കൊടുത്തെന്ന്" അത് കേട്ട സാറിന്റെ മുഖത്ത് തെളിഞ്ഞ ചിരി ഇപ്പോഴും ഓർമ്മയുണ്ട്. അന്ന് സരസനായ സാർ പറഞ്ഞത്, ആ കാറിൽ കേറുന്നത് പോയിട്ട് തീപിടുത്തം ഭയന്ന് മൂപ്പരുടെ മുന്നിൽ വച്ച് ആരും തീപ്പെട്ടി ഉരയ്ക്കുക പോലും ചെയ്യാറില്ലത്രേ!

Comments

  1. കോലാഹലത്തിൽ അനക്കം വച്ചതിൽ സന്തോഷം. ബ്ലൊഗുകൾ ഇനിയും സജീവമാകട്ടെ

    ReplyDelete

Post a Comment

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

"നിങ്ങൾ പഠിച്ചിട്ട് വിമർശിക്കൂ"

"ചേട്ടാ, ഇന്നാള് ഞാനൊരു പുസ്തകം വായിച്ചു. കഥയും നോവല്വോന്നുമല്ല. 1800 പേജുകളുള്ള, വളരെ വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തകം. ഇന്‍ഡ്യയെക്കുറിച്ചാണ് അതില്‍ വിവരിക്കുന്നത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത മാവോ സേ തൂങ്ങിന്റെ ജീവിതകഥയും തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ ചെങ്കോട്ടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ആയതുവരെയുള്ള സംഭവങ്ങളുമാണ് അതിന്റെ ആമുഖം." "എന്ത്?! നീയെന്തോന്നെടാ ഈ പറയുന്നത്?" "ആ, അതേന്നേ! പിന്നെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ഇന്‍ഡ്യയുടെ ചരിത്രം മൊത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്". "ശ്ശെന്റെ പൊന്നേ! നീയാ 1800 പേജും വായിച്ചാ?!" "വായിച്ചു. പിന്നില്ലാതെ?" "നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇമ്മാതിരി ഐറ്റങ്ങളൊക്കെ വായിച്ച് സമയം കളയാന്‍?" "അതെങ്ങനാ ചേട്ടാ സമയം കളയലാവുന്നത്?" "എടാ, ഇതൊക്കെ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞൂടെ സാധനം മൊത്തം പൊട്ടത്തെറ്റാണെന്ന്? പിന്നെ വായിച്ച് സമയം കളയണോ?" "എന്നാലും ചേട്ടാ ഇത്രയും വിശദമായി എഴുതിയേക്കുന്നതല്ല...