Skip to main content

സെക്കന്‍റ് ഷോ: രണ്ടു പാതിരാക്കഥകള്‍

സെക്കന്‍റ് ഷോ കഴിഞ്ഞ് ഒറ്റയ്ക്ക് തിരുവനന്തപുരം നഗരം മുതല്‍ 5 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹോസ്റ്റല്‍ വരെ നടക്കുന്ന ഒരു (ദു)ശീലം എനിക്കുണ്ട്. പലവിധ അനുഭവങ്ങളും കാഴ്ചകളും സമ്മാനിച്ചിട്ടുള്ള ആ യാത്രകളുടെ ഏടുകളില്‍ നിന്നും മാന്തിപ്പറിച്ചെടുത്ത രണ്ടു സംഭവങ്ങളാണ് ഇനി പറയുന്നത്.

കുതിരപ്പോലീസും ഞാനും

സംഭവം നടക്കുന്നത് ഇന്ന്‍ രാവിലെ 12.05 നു കിള്ളിപ്പാലത്തിനടുത്ത് 8.48 ഡിഗ്രി വടക്ക് 76.95 ഡിഗ്രി കിഴക്ക് കോര്‍ഡിനേറ്റുകളില്‍ ആണ്. ഞാന്‍ പതിവുപോലെ തനി ബൂര്‍ഷ്വാ സെറ്റപ്പില്‍ ചെവിയില്‍ ഇയര്‍ ഫോണും ബാക് പാക്കും ഒക്കെയായി നടന്ന്‍ വരുന്നു. കൊച്ചാര്‍ റോഡില്‍ നിന്നും നാഷണല്‍ ഹൈവേയിലേക്ക് വന്നുകൊണ്ടിരുന്ന രണ്ടു കുതിരപ്പോലീസുകാരില്‍ (ആശ്വാരൂഢസേന എന്ന്‍ വിവരമുള്ളവര്‍ പറയുന്ന ആ സാധനം) ഒരാള്‍ കൈകൊട്ടി വിളിക്കുന്നു. പണ്ട് ഇതേ ലൊക്കേഷനില്‍ വച്ച് വേഷം മാറി നിന്ന വിജയന്‍ IPS സര്‍ പൊക്കിയത് ഓര്‍ത്തുകൊണ്ട് ഞാന്‍ നിന്നു.



"എങ്ങോട്ടെഡേയ്?" (ചോദ്യം)



"സാറേ, പാപ്പനംകോട്"



മറ്റേ പോലീസുകാരന്റെ മുഖത്തേക്ക് ഒന്ന്‍ നോക്കി, പിന്നെ വാച്ചിലും നോക്കിയിട്ട് വീണ്ടും ചോദ്യം



"എവിടന്നൊള്ള വരവ്?"



"സെക്കന്‍റ് ഷോ"



"പാപ്പനംകോടേയ്ക്ക് എത്ര ദൂരം ഒണ്ടെന്നറിയാമോ? ബസ്സൊന്നും കിട്ടീലേ?"



ദൂരം മീറ്റര്‍ ആക്കുറസിയില്‍ അറിയാമെന്നും ബസ്സൊന്നും കിട്ടാത്തതുകൊണ്ടല്ല, മൊട മൂത്ത് കിടക്കുന്നതിന്റെ അസുഖമാണ് അസമയത്ത് ഈ പരിപാടിക്ക് ഇറങ്ങിയതിന്റെ കാരണമെന്നും പറയാന്‍ പറ്റില്ലല്ലോ, പോലീസ് അല്ലേ!



"ബസ് കിട്ടീല സാറേ. പിന്നെ നടക്കാന്നു വെച്ചു."



"എന്നാലും ഒരു ഓട്ടോ പിടിച്ച് പോവാനുള്ള കാശ് പോലും കൈയിലില്ലേഡേയ്?" (എന്നെ അടിമുടി ഒന്ന്‍ നോക്കീട്ടാണ് ചോദ്യം)



"അത് പിന്നേ, അതായത്..." (വ്യക്തമായ ഉത്തരമില്ല)



"ഇനീം കെടക്കേണ് മൂന്നാല് കിലോമീറ്റര്‍. നടക്കുവോ?"



"മുന്‍പും നടന്നിട്ടുണ്ട് സാര്‍"



"എന്നാപ്പിന്നെ നടന്നോ നടന്നോ" എന്ന്‍ പറഞ്ഞ് കക്ഷി ഗ്രീന്‍ സിഗ്നല്‍ തന്നു.



മുന്നോട്ട് നടക്കാന്‍ തുടങ്ങിയപ്പോഴേക്കും കുതിരയെ തൊട്ട് തൊട്ടില്ല എന്ന മട്ടില്‍ കൊണ്ട് നിര്‍ത്തി ചോദ്യം തുടങ്ങി. എവിടെയാണ്, എന്തരാണ് പരിപാടി, എന്താണ് റിസര്‍ച്ച്, ഓണത്തിന് അവധി ഇല്ലേ... അങ്ങനെ വരി വരിയായി. എല്ലാറ്റിനും മണി മണി പോലെ ഞാന്‍ ഉത്തരവും കൊടുത്തു. ഇവന് എവിടെയോ ഒരു പിരി ലൂസാണ് എന്ന തോന്നല്‍ അല്ലാതെ വേറെ പന്തികേടിനൊന്നും സാധ്യത ഇല്ലായിരുന്നു.



"ചുമ്മാ ചോദിച്ചെന്നേ ഒള്ളു. എന്നാ നീ നടന്നോ നടന്നോ" എന്ന്‍ വീണ്ടും അദ്ദേഹം സിഗ്നല്‍ കാണിച്ചു.



ഞാന്‍ നടത്തം തുടര്‍ന്നു. പിന്നില്‍ അവര്‍ തമ്മില്‍ സംസാരിക്കുന്നത് എന്നെക്കുറിച്ചാണോ എന്ന സംശയം വെറും സംശയം മാത്രമാണോ എന്ന സംശയം എനിക്ക് തോന്നിയോ എന്നൊരു സംശയം ഉണ്ടായിരുന്നു. ഞാന്‍ കൂസാതെ നടത്തം തുടര്‍ന്നു. കഷ്ടിച്ച് 50 മീറ്റര്‍ മുന്നോട്ട് നടന്നു.



ഒരു കൈയടി, പിന്നെ ഒരു വിസിലടി. ശ്ശെ, ഇത് മെനക്കേടായല്ലോ എന്ന്‍ മനസ്സില്‍ പറഞ്ഞ് ഞാന്‍ തിരിഞ്ഞുനിന്നു. എനിക്കും കുതിരപ്പോലീസിനും ഇടയില്‍ ഒരു ബൈക്കുകാരന്‍ കൂടി ഉണ്ട് ഇപ്പോള്‍. എന്നെയാണോ അയാളെയാണോ വിളിച്ചത് എന്ന സംശയം എന്നെപ്പോലെ അയാള്‍ക്കും ഉണ്ട് എന്ന്‍ അയാളുടെ മുഖം കണ്ടപ്പോ മനസ്സിലായി.



"എങ്ങോട്ടാണ്?"



ഈ ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ ഓള്‍റെഡി പറഞ്ഞതിനാല്‍ ചോദ്യം എന്നോടല്ല എന്നുറപ്പായി. പക്ഷേ മറ്റേ കക്ഷിയ്ക്ക് ആ ഉറപ്പില്ലല്ലോ, കക്ഷി മിണ്ടിയില്ല.



"ഡേ ഡേയ്... ബൈക്കുകാരാ, എങ്ങോട്ടാന്നു!"



ബൈക്കുകാരന്‍ വിനയം സബ്സിഡി നിരക്കില്‍ വാരി വിതറിക്കൊണ്ട് പറഞ്ഞു, "അമ്പൂരിയിലോട്ടാണ് സാര്‍"



അപ്പോഴേക്കും ഞാന്‍ തിരിഞ്ഞു നടത്തം തുടരാന്‍ ഒരുങ്ങി.



"ഡേ അനിയാ, നീ അവിടെ നിന്നാണ്"



പുലിവാല് പിടിച്ച മട്ടില്‍ ഞാന്‍ വീണ്ടും തിരിഞ്ഞുനിന്നു. പോലീസ് ഏമാന്‍, ബൈക്കുകാരനോട് ആജ്ഞാസ്വരത്തില്‍ പറഞ്ഞു,



"ഡേയ്... ലാ പയ്യനെ പാപ്പനംകോട് വരെ ഒന്ന്‍ കൊണ്ടുപോ. അയാള് റിസര്‍ച്ച് ചെയ്യേണ്. ബസ് കിട്ടാത്തോണ്ട് ആശാന്‍ നടന്ന്‍ പോവേണ് പോലും. ഉം... അയാളെക്കൂടെ കേറ്റിക്കോ"



എന്റെ കിള്ളിപ്പാലം മുത്തപ്പാ! ഇത്രേം സ്നേഹമുള്ള പോലീസുകാരനോ! അതും തിരോന്തരത്ത്!! സംഗതി, പാതിരാത്രി മാനം നോക്കി നടക്കാനുള്ള എന്റെ ആത്മാര്‍ത്ഥമായ ആഗ്രഹത്തിന്റെ കടയ്ക്കലാണ് സാറ് ലാത്തി വെച്ചത് എങ്കിലും ഞാന്‍ ആ ബൈക്കില്‍ കേറി, സാറിന് ഒരു താങ്ക്സ് പറഞ്ഞു. സാറ് തിരിച്ചും താങ്ക്സ് പറഞ്ഞു. (അമ്മച്ചിയാണെ അത് എന്തരിനെന്ന് എനിക്കറിഞ്ഞുകൂടാ)



ഉത്തമപൌരനായ ആ ബൈക്കുകാരന്‍ ചേട്ടന്‍ പോലീസ് ഓര്‍ഡര്‍ അനുസരിച്ച് എന്നെ പാപ്പനംകോട് കൊണ്ടാക്കിയിട്ട് പോയി. തിരോന്തരത്തുകാര് മൊത്തം കണ്ണില്‍ച്ചോരയില്ലാത്തവര്‍ ആണെന്ന വടക്കന്‍ മാഹാത്മ്യം വിളമ്പുന്നവര്‍ കേള്‍ക്കാനാണ് ഇത് പറഞ്ഞത്.



ഞാനും പോലീസും ആകാശവും



ഇത് ഏതാനം മാസങ്ങള്‍ക്ക് മുന്‍പാണ്. സാഹചര്യം സെയിം. സമയം ഏതാണ്ട് 12.30 AM. ലൊക്കേഷന്‍, നാഷണല്‍ ഹൈവെയില്‍ 8.48 ഡിഗ്രി വടക്ക് 76.97 ഡിഗ്രി കിഴക്ക് കോര്‍ഡിനേറ്റ്സ്, കരമന പാലം. നടത്തത്തിന്റെ ഇടയില്‍ തെളിഞ്ഞ ആകാശം കണ്ടു മനം മയങ്ങി, അന്ന് കൈയില്‍ കിട്ടിയ ആകാശ നിരീക്ഷണത്തിനുള്ള ആന്‍ഡ്രോയിഡ് ആപ്പ്ലിക്കേഷന്‍ ഉപയോഗിച്ച് ഫുട്പാത്തില്‍ വായ് നോക്കി, അല്ല, വാനം നോക്കി നില്‍ക്കുന്ന ഞാന്‍. പോലീസിന്റെ പട്രോള്‍ ജീപ്പ് വരുന്നു, എന്റെ അടുത്ത് നിര്‍ത്തുന്നു. ചോദ്യം:



"ഡേയ്... എന്താണിവിടെ?"



ഒരല്‍പ്പം പരിഭ്രമം ഉണ്ടായി എന്നുതന്നെ പറയണം. കാരണം, അപ്പോള്‍ ഞാന്‍ അവിടെ ചെയ്തോണ്ടിരുന്ന കാര്യം പെട്ടെന്നൊരു സാധാരണക്കാരന് പറഞ്ഞുമനസിലാക്കിക്കൊടുക്കാന്‍ പറ്റുന്നതല്ല.



"ഞാനിങ്ങനെ ആകാശം നോക്കുവായിരുന്നു സാര്‍" - സത്യസന്ധമായ മറുപടി.



പ്രതീക്ഷിച്ചതുപോലെ, അവര്‍ക്ക് ആ മറുപടി അത്ര ദഹിച്ചില്ല. നല്ല അസ്സല്‍ വിരട്ട് സ്റ്റൈലില്‍ പറപറാന്ന് ചോദ്യങ്ങള്‍ വന്ന്‍ തുടങ്ങി. പണ്ട് കുറെ ക്വിസ് മത്സരങ്ങളില്‍ റാപ്പിഡ് ഫയര്‍ റൌണ്ടില്‍ പങ്കെടുത്തിട്ടുള്ള എക്സ്പീരിയന്‍സ് വച്ച് ഞാനും പടപടേന്നു ഉത്തരം കൊടുത്തു. എവിടന്ന് വരുന്നു, എവിടെ താമസിക്കുന്നു, എന്തു ചെയ്യുന്നു,... അങ്ങനെ ഒരു ടിപ്പിക്കല്‍ പോലീസ് ഇന്‍ററോഗേഷന്‍! അവരെ കുറ്റം പറയാന്‍ പറ്റുമോ! നട്ടപ്പാതിരയ്ക്ക് റോഡ് സൈഡില്‍ ഫോണ്‍ എടുത്ത് മേലോട്ടു പൊക്കിപ്പിടിച്ച് ഒരുത്തന്‍ നിന്ന്‍ കറങ്ങുന്ന കണ്ടാല്‍, ഉത്തരവാദിത്തം ഉള്ള പോലീസുകാര്‍ ചുമ്മാ വിടുമോ! അവര്‍ ജീപ്പില്‍ നിന്നും ഇറങ്ങി, ID കാര്‍ഡ് കാണിക്കാന്‍ പറഞ്ഞു. സ്റ്റൈലില്‍ സെന്‍ട്രല്‍ ഗവണ്‍മെന്‍റ് ഐ‌ഡി കാര്‍ഡ് എടുത്ത് കാണിച്ചു. പോലീസുകാര്‍ അത് കൈമാറി കൈമാറി നോക്കി, എന്നിട്ട് എല്ലാവരും കൂടി എന്നെ അടിമുടി ഒന്ന്‍ നോക്കി.



"പാവം, വിദ്യാഭ്യാസമൊക്കെ ഉണ്ട്. എന്തു ചെയ്യാം, തലയ്ക്ക് കാര്യമായ എന്തോ കുഴപ്പമാ"- എന്ന്‍ തോന്നിക്കുന്ന വിധം ഒരു സഹതാപം ആ മുഖങ്ങളില്‍ ഞാന്‍ വായിച്ചെടുത്തു.



പെട്ടെന്നാണ് അതില്‍ ഒരു പോലീസുകാരന്റെ കൈയില്‍ കെട്ടിയിരിക്കുന്ന ജപിച്ച ഏലസ് എന്റെ കണ്ണില്‍ പെട്ടത്. കൂടെ മൂന്നാല് ചരടുകള്‍ വേറെയും ഉണ്ട്. എന്റെ തലയില്‍ ഒരു ബള്‍ബ് മിന്നി. ടപ്പനെ വിഷയം മാറ്റിക്കൊണ്ട് ഞാന്‍ മേലോട്ടു ചൂണ്ടി പറഞ്ഞു,



"സാറേ, അതാണ് രോഹിണി നക്ഷത്രം"



എന്റെ ഏറു കൃത്യമായി കൊണ്ടു. ഏലസ് കെട്ടിയ പോലീസുകാരന്‍ അതില്‍ കേറിപ്പിടിച്ചു. "എന്ത് രോഹിണി നക്ഷത്രോ?" പുള്ളി ഒരു നിമിഷം അത്ഭുതപ്പെട്ടു.



"അതേ സാര്‍, നമ്മള്‍ പറയുന്ന ജന്മനക്ഷത്രം ഇല്ലേ രോഹിണി. ദോ ആ നക്ഷത്രമാണ്"



അതോടെ എല്ലാ പോലീസുകാര്‍ക്കും കൌതുകം. അവസരം ഞാന്‍ മുതലാക്കി. കൃത്യമായി നക്ഷത്രങ്ങളെ ചൂണ്ടിക്കാണിക്കാന്‍ ബാഗില്‍ ലേസര്‍ പോയിന്‍റര്‍ ഉണ്ടായിരുന്നത് പൊക്കിയെടുത്തു. ഏലസ് കെട്ടിയ സാറിന്റെ ജന്മനക്ഷത്രം അശ്വതി ആയിരുന്നു. അതും കാണിച്ചു കൊടുത്തു. മൂന്ന്‍ നക്ഷത്രങ്ങള്‍ ചേര്‍ന്ന അശ്വതിക്കൂട്ടം കൂടി കണ്ടപ്പോള്‍ കൌതുകം കൂടി. മകയിരം നക്ഷത്രം കാണിച്ചുകൊടുത്തപ്പോള്‍, മറ്റൊരു പോലീസുകാരന്‍ അത് തന്റെ മകളുടെ നക്ഷത്രമാണ് എന്ന്‍ പറഞ്ഞു ആവേശത്തോടെ നോക്കി മനസ്സില്‍ പതിപ്പിക്കുന്നത് കണ്ടു. ആ സമയത്ത് ആകാശത്തുണ്ടായിരുന്ന പ്രധാന നക്ഷത്രങ്ങളെയും വ്യാഴഗ്രഹത്തെയും പരിചയപ്പെടുത്തി. ഒപ്പം ഗൂഗിള്‍ സ്കൈമാപ്പ് ഉപയോഗിച്ച് നക്ഷത്രങ്ങളെ സ്വയം കണ്ടെത്താനും പഠിപ്പിച്ചു. അധികനേരമൊന്നും ഇല്ല, വെറും ഇരുപത് മിനിറ്റ്. ജ്യോതിശാസ്ത്രപ്രചരണത്തിന് വേണ്ടി കുറെ അങ്ങുമിങ്ങും ഓടി നടന്നിട്ടുള്ളതാണ് എങ്കിലും, അതിന്റെ യഥാര്‍ത്ഥ പവര്‍ നേരിട്ട് തിരിച്ചറിഞ്ഞ ദിവസമായിരുന്നു അത്. എന്നെ വിരട്ടി ഓടിക്കാന്‍ നിന്ന പോലീസുകാര്‍ ഒടുവില്‍ വന്‍ ഫ്രണ്ട്ലി ആയി, ഗുഡ് ബൈ ഒക്കെ പറഞ്ഞിട്ടാണ് പോയത്.



****ശുഭം****

Comments

  1. കൊള്ളാം

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Ente saare. Saarine sammathichu. �� sarinte session aanelum blog aanelum.. munpilullappo layichirunnu pokum. ❤❤

    ReplyDelete

Post a Comment

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

സയൻസും രാഷ്ട്രീയവും

അലുവയും മത്തിക്കറിയും പോലുള്ള വിഷയങ്ങളാണ്. ഒന്നിന് മറ്റേതിൽ പങ്കില്ല, പരസ്പരം കൂട്ടിക്കലർത്തരുത് എന്നൊക്കെയാണ് പൊതുവേ പറയാറ്. ശരിയാണ് താനും. പക്ഷേ ചില പ്രധാനകാര്യങ്ങൾ കൂടി അതിനോട് ചേർത്ത് പറയേണ്ടതുണ്ട് എന്ന് തോന്നി. ഗുണ്ടകളെ എങ്ങനെ നിരപ്പാക്കാം! ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഒരു രംഗമോർക്കുന്നുണ്ടോ? നായകന് തടങ്കലിൽ കഴിയുന്ന കാമുകിയെ ഇറക്കിക്കൊണ്ട് വരണം. എങ്ങനെ സാധിയ്ക്കുമെന്നറിയാതെ ദുഃഖിച്ച് നിൽക്കുന്ന നായകനോട് ലാലിന്റെ കഥാപാത്രം കോൺഫിഡൻസ് നൽകുന്നവിധം ഒരു മാർഗം പറഞ്ഞുകൊടുക്കുന്നു. ''നീ നേരെ തോട്ടക്കാട്ടുകര സ്റ്റോപ്പിൽ ബസ്സിറങ്ങുന്നു. കവലേലെ പരമുനായരുടെ കടയിൽ നിന്ന് ഒരു കവർ ദിനേശ് ബീഡി വാങ്ങി കത്തിച്ച് പൊകേം വിട്ട്, നെഞ്ചും വിരിച്ച് അവളുടെ വീട്ടിലേയ്ക്ക് കേറി ചെല്ലുന്നു. അപ്പോൾ കുറേ ഗുണ്ടകൾ നിനക്ക് ചുറ്റും വരുന്നു. നീ അവരെയൊക്കെ അടിച്ച് നിരപ്പാക്കിയിട്ട് അവളെ തൂക്കിയെടുത്ത് ഇങ്ങോട്ട് പോരുന്നു." ഇത് സിനിമയിൽ തമാശയായിട്ടാണ് കാണിക്കുന്നത്. പക്ഷേ ചിലയിടങ്ങളിൽ ഏതാണ്ട് ഇതേപോലുള്ള മാർഗങ്ങൾ വളരെ സീരിയസ്സായിട്ട് ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ചില യുക്തിവാദി ...

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...