സ്ഥലം: ഇരവികുളം നാഷണൽ പാർക്ക്. വരയാടുകളുടെ കുന്ന് കയറി മുകളിൽ വരെ പോയി ഞാനും സഹയാത്രികരും തിരിച്ചിറങ്ങിക്കൊണ്ടിരുന്ന ഒരു വൈകുന്നേരം. താഴെ നിന്ന് കയറിവരുന്ന ഒരു യുവതി (മുപ്പതുകളിൽ പ്രായം), മുന്നിൽ കാണുന്ന ആളുകളെ നോക്കി ഒരു ചോദ്യം- "Is there anything to see up there?" (മുകളിൽ കാണാനെന്തെങ്കിലും ഉണ്ടോ?) എന്റെ അതേ ദിശയിൽ നടന്നിറങ്ങിക്കൊണ്ടിരുന്ന യുവാവ് ഉടനടി മറുപടിയും കൊടുത്തു: "Ey, nothing! Only some scenery!" (ഏയ് ഒന്നുമില്ല. കുറേ 'സീനറി' മാത്രം) കേൾക്കേണ്ട താമസം, യുവതി തിരിഞ്ഞ് കൂടെ വന്നവരെ നോക്കി കൈവീശി- "There's nothing up there. Come on, let's go back!" കലപില കൂട്ടുന്ന, ഉച്ചത്തിൽ പീപ്പിയൂതുന്ന കുറേ പിള്ളേരുൾപ്പടെ ഒരു വലിയ സംഘവുമായി അവർ മലകയറ്റം പകുതിയ്ക്ക് നിർത്തി തിരിച്ചിറങ്ങി. സ്ഥലം: വയനാട് എടയ്ക്കൽ ഗുഹയുടെ മുൻവശം. നാലായിരം അടി ഉയരമുള്ള ഒരു കുന്നിന്റെ മുകളിലാണ് എടയ്ക്കൽ ഗുഹ. അവിടം വരെ കയറിച്ചെന്ന്, ഗുഹയുടെ മുന്നിലെ കല്ലിൽ ഇരിയ്ക്കുന്ന ഒരു സ്ത്രീ (നാല്പതുകളിൽ പ്രായം) കൂടെയുള്ള യുവാവിനോട്: "എടാ, അതിന്റെ അകത്തെന്താ കാണാൻ?" മറുപട...