Skip to main content

സീറ്റ് നമ്പര്‍ 24: ഒരു ട്രാജിക് കോമഡി



കൌണ്ടറില്‍ ഇരുന്ന തടിച്ച സ്ത്രീ വെച്ചുനീട്ടിയ ബാലന്‍സ് പിടിച്ച് പറിച്ചുകൊണ്ട് ഞാന്‍ പ്ലാറ്റ്ഫോമിലേക്ക് ഓടി, ചെന്നൈ മെയിലിന്റെ സ്ലീപ്പര്‍ ക്ലാസ് ബോഗികള്‍ നോക്കി...



പെട്ടെന്നുള്ള തീരുമാനമായിരുന്നു ആ യാത്ര. ഒരുപാട് പരിപാടികള്‍ ഉണ്ടായിരുന്നിട്ടും ലൂസി മാഡം അത്രയും സ്നേഹത്തോടെ ക്ഷണിച്ച സ്ഥിതിക്ക് മകളുടെ വിവാഹത്തിന് പോകാതിരിക്കുന്നത് മോശമാണെന്ന് തോന്നി. പ്രത്യേകിച്ചു തലേന്ന് കൂടി മാഡം വിളിച്ച് എങ്ങനെയാ ചെല്ലുന്നത് എന്നൊക്കെ അന്വേഷിക്കുകയും ചെയ്തു. അതുകൊണ്ടാണ് എന്റെ പരിപാടികള്‍ക്കിടയിലേക്ക് ഈ വിവാഹം കൂടി കഷ്ടപ്പെട്ട് തിരുകിക്കയറ്റുന്നതും ഹോസ്റ്റലിലെ ഓണാഘോഷം പോലും തേങ്ങ ചുരണ്ടലില്‍ നിര്‍ത്തി ഞാന്‍ നട്ടുച്ചയ്ക്ക് തിരുവനന്തപുരത്തുനിന്നും ആലുവയ്ക്ക് വെച്ചു പിടിക്കുന്നതും. ട്രെയിനില്‍ ഓരോ കമ്പാര്‍ട്ടുമെന്‍റിലായി ഒട്ടിച്ചിരിക്കുന്ന ചാര്‍ട്ട് നോക്കി നോക്കി ഞാന്‍ ഓടി. എവിടെയെങ്കിലും സീറ്റ് ഉണ്ടോ എന്നറിയണമല്ലോ. ഒടുവില്‍ അതാ...ചാര്‍ട്ടില്‍ ഒരു കെ. എസ്. ജോസഫ്. സീറ്റ് നമ്പര്‍ 24. റിസര്‍വേഷന്‍ ഫ്രം ട്രിച്ചൂര്‍! മോനേ, മനസില്‍ ലഡു പൊട്ടി.



ഞാന്‍ പിന്നിലേക്ക് നോക്കി. കെട്ടും പൊക്കണവുമായി ഓരോരുത്തര്‍ ഓടി വരുന്നതേ ഉള്ളൂ. ഞാന്‍ സമയം വൈകിക്കാതെ ട്രെയിനിലേക്ക് കേറി. നടന്നു സീറ്റ് നമ്പര്‍ 24-ന്റെ അടുത്തെത്തി. അതാ ജനലിന്റെ അടുത്തുള്ള സിംഗിള്‍ സീറ്റ്, സീറ്റ് നമ്പര്‍ 24, ഒഴിഞ്ഞുകിടക്കുന്നു. ഇപ്പഴാണ് മനസിലെ ലഡു ശരിക്കും അങ്ങട് പൊട്ടിയത്. ഞാന്‍ ആലുവയില്‍ ഇറങ്ങുന്നു, മ്മടെ ജോസ്ഫ് ശ്ശൂരുന്നങ്ങട് കേറുന്നു.... അതായത് എനിക്കായിട്ടു റെയില്‍വേ കാത്തുവെച്ച സീറ്റ് പോലുണ്ട്. ഞാന്‍ ഒന്നു നിര്‍വൃതി അടഞ്ഞു, സീറ്റ് നമ്പര്‍ 24 ലേക്ക് വിശാലമായി (എന്നുവെച്ചാല്‍ എന്റെ ഈ ശരീരത്തിനു കഴിയാവുന്ന അത്രയും വിശാലമായി) അങ്ങോട്ട് ഇരുന്നു. എന്തുകൊണ്ടോ എന്തോ, എനിക്കു വല്ലാത്ത അഹങ്കാരം തോന്നി. ട്രെയിന്‍ പുറപ്പെടാന്‍ 15 മിനിറ്റ് കൂടിയുണ്ട്. ഞാന്‍ കാലിന്‍മേല്‍ കാല് കയറ്റിവെച്ച് ചെവിയില്‍ ഏ. ആര്‍. റഹ്മാനെയും തിരുകി വെച്ചു പുറത്തേക്ക് വായും നോക്കി അങ്ങനെ ഇരുന്നു. ഒരു അമ്മാവന്‍ കയറി അടുത്ത സീറ്റുകളില്‍ കുറെ ബാഗുകള്‍ ഒക്കെ നിരത്തി വെച്ചിട്ടു എന്റെ തൊട്ട് മുന്നിലുള്ള സീറ്റില്‍ വന്നിരുന്നു. ആളുകള്‍ കയറുമ്പോള്‍ എല്ലാം, കക്ഷി തൊട്ടടുത്ത സീറ്റുകളില്‍ ഇരിക്കുന്ന ബാഗുകള്‍ അനക്കികൊണ്ടിരുന്നു. വേണ്ടപ്പെട്ട ആര്‍ക്കൊക്കെയോ വേണ്ടി സീറ്റ് പിടിച്ചിട്ടിരിക്കുകയാണെന്ന് മനസിലായി. എന്നെ നോക്കി ഒരു ചിരി ചിരിക്കാന്‍ വന്നെങ്കിലും ഞാന്‍ മുഖം തിരിച്ച് പാട്ട് ആസ്വദിക്കുന്നപോലെ രണ്ടു തലയാട്ടലും കൈ കൊണ്ട് ഒരു താളം പിടിക്കലും പാസാക്കി.



ഒരു മാന്യന്‍ അയാളെക്കാള്‍ വലിയ സ്യൂട് കെയിസ് ഒക്കെയായി വന്നു എന്തോ ചോദിച്ചു. ഇയര്‍ ഫോണ്‍ മാറ്റിവെച്ചു കാതോര്‍ത്തപ്പോള്‍ ആണ്, എനിക്കു എവിടെയാണ് ഇറങ്ങേണ്ടത് എന്നു അറിയലാണ് ഉദേശ്യം എന്നു മനസിലായത്.



'ആലുവ', ഞാന്‍ അര വാട്ടിന്റെ ഒരു ജാഡ ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു.



'അല്ല, ഈ സീറ്റിന് തൃശൂര്‍ നിന്നാണ് റിസര്‍വേഷന്‍ എന്നു കണ്ടിട്ട് വന്നതാ..." എന്നുപറഞ്ഞു ചിരിച്ചുകൊണ്ട് കക്ഷി അടുത്ത സീറ്റിലേക്ക് പോയി.



'ചാര്‍ട്ട് വായിക്കാന്‍ അറിയുന്നവര്‍ വേറെയും ഉണ്ട് ചേട്ടാ...' എന്നു ഞാന്‍ മനസില്‍ പറഞ്ഞുവീണ്ടും ഇയര്‍ഫോണ്‍ തിരുകി.<p> </p>അടുത്ത 10 മിനിറ്റില്‍ രണ്ടുപേര്‍ കൂടി ഇതുപോലെ തൃശൂര്‍ റിസര്‍വേഷന്‍ കണ്ടു വായും നൊട്ടിനുണഞ്ഞു വന്നെങ്കിലും അവരെയും ഞാന്‍ ആട്ടിപ്പായിച്ചു.<p> </p>ട്രെയിന്‍ പുറപ്പെടാന്‍ തൊട്ടുമുന്‍പ് അമ്മാവന്റെ ബന്ധുക്കള്‍ വന്നു. കൂട്ടത്തില്‍ പത്തിരുപത് വയസ് തോന്നിക്കുന്ന, പാറിപ്പറത്തിയ സ്ട്രെയിറ്റന്‍ഡ് മുടിയും ഫാഷനബിള്‍ ചുരിദാറുമൊക്കെയായി ഒരു വെളുത്തു മെലിഞ്ഞ പെങ്കൊച്ചും ഉണ്ട്. അതിനു എന്റെ നേരെ എതിരെയുള്ള വിന്‍ഡോ സീറ്റ് വേണം. മനസില്‍ വീണ്ടും ലഡു... ഞാന്‍ എന്നെക്കൊണ്ടു പൊക്കാന്‍ കഴിയുന്ന അത്രയും വെയിറ്റിട്ട് ആ കൊച്ചിനെ ഒന്നു നോക്കി. അത് എന്നെ മൈന്‍ഡു ചെയ്തില്ല എന്ന കാര്യം ഞാന്‍ അറിയുന്നില്ല എന്നു നടിച്ചു ഞാന്‍ വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു. അമ്മാവന്‍ കൊച്ചിനെ അവിടെ ഇരുത്തി അപ്പുറത്തെ സീറ്റിലേക്ക് മാറി.



കുറെ കഴിഞ്ഞ് ഞാന്‍ വെറുതെ അതിന്റെ മുഖത്തേക്ക് ഒന്നു പാളിനോക്കി. ബാഗില്‍ നിന്നും എന്തോ എടുക്കുന്നുണ്ട്. നോക്കിയപ്പോള്‍ വേറൊന്നുമല്ല, ചേതന്‍ ഭഗത്തിന്റെ Two States. എന്നെ ഒന്നു നോക്കിയിട്ട് അവള്‍ അത് വായിക്കാന്‍ തുടങ്ങി. ഭാവം കണ്ടാല്‍ ഹെന്‍റി ബെര്‍ഗ്സന്റെ തത്വശാസ്ത്രം വായിക്കുന്നപോലുണ്ട്. ഒരു പൈങ്കിളി നോവല്‍ വായിക്കാന്‍ ഇത്രേം ഭാവത്തിന്റെ ആവശ്യമുണ്ടോ എന്നു ഞാന്‍ ചിന്തിച്ചു.



അങ്ങോട്ട് കേറി മുട്ടി രണ്ട് കത്തി വെച്ച്, അവളൊന്നും ഒന്നുമല്ല ഞാനാണ് കിടിലം എന്ന്‍ സ്ഥാപിച്ചാലോ എന്ന്‍ വിചാരിച്ചതാ. പക്ഷേ രണ്ടുണ്ട് റിസ്ക്കുകള്‍ -ഒന്ന്‍ അവള്‍ എന്നെക്കാളും വല്യ കിടിലമല്ല എന്ന്‍ ഉറപ്പിക്കാന്‍ പോന്ന തെളിവുകളുടെ അഭാവം. രണ്ട്, ഓണം സീസണ്‍ ആണ്, എന്റെ സ്ഥാപനത്തിലെ പലരും ആ സ്റ്റേഷനില്‍ പല ഭാഗങ്ങളിലായി കാണപ്പെട്ടിരുന്നു, കാണപ്പെടാത്തവരും അവിടങ്ങളിലൊക്കെ ഉണ്ടാവാന്‍ ചാന്‍സ് ഉണ്ട്. ഞാന്‍ ഇവളോട് മിണ്ടുന്നതെങ്ങാനും അവര്‍ കണ്ടാല്‍ അതിലും ഒരു റിസ്ക്കുണ്ട്. വെറുതെ, ഉള്ള ചീത്തപ്പേര് കൂട്ടണോ!



അതിനിടെ, കേരളാ പോലീസിന്റെ ജലപീരങ്കി എന്നപോലെ ഒരു ലോഡ് പുച്ഛം എന്റെ മുഖത്തേക്ക് ചീറ്റിച്ചുകൊണ്ട് അവള്‍ എന്നെ ഒന്നു തുറിച്ചു നോക്കി. എന്നിട്ട് ഇംഗ്ലീഷ് പുസ്തകം ഒന്ന്‍ പൊക്കിപ്പിടിച്ച് വായിക്കാന്‍ തുടങ്ങി. ഒരുമാതിരി ഷോ. ഞാനാരാ മോന്‍! സംഗതി ഗോമ്പറ്റീഷന്‍ ഐറ്റം അല്ലാത്തതുകൊണ്ട് ഗപ്പൊന്നും കിട്ടിയിട്ടില്ലെന്നെ ഉള്ളൂ, ഈ ഷോ കാണിക്കാന്‍ ഞാനും അത്ര മോശമൊന്നും അല്ല.



ഞാനും തുറന്നു ബാഗ്. എടുത്തു ഒരു ബുക്ക്, Zorba - The Greek by Nikos Kazantzakis.



എന്റെ സീറ്റ് നംബര്‍ 24-ല്‍ ഒന്നുകൂടി ഒന്നമര്‍ന്നിരുന്നു ഞാന്‍ അത് വായിക്കാന്‍ തുടങ്ങി. വായനയില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യാന്‍ പറ്റുന്നില്ല എന്ന സത്യം മറച്ചുവെക്കാന്‍ ഞാന്‍ പരമാവധി അനക്കമില്ലാതെ ഇരിക്കാന്‍ ശ്രമിച്ചു.



അപ്പോഴതാ കേള്‍ക്കുന്നു ഉച്ചത്തില്‍ ഒരു ചോദ്യം, "ഒരുപാട് വായിക്കുന്ന കൂട്ടത്തിലാണെന്ന് തോന്നുന്നു.... ല്ലേ?"



പെങ്കൊച്ചല്ല, മറ്റെ അമ്മാവന്‍ ആണ് കര്‍ത്താവ്. കര്‍മ്മം ഈ ഞാനും. ആ ഒറ്റ ചോദ്യത്തില്‍ തന്നെ സംഗതി എന്റെ കൈവിട്ടു പോകുന്ന ലക്ഷണം എനിക്കു പിടികിട്ടി. ചക്കിന് വെച്ചത് കൃത്യമായി കൊക്കിനു കൊണ്ടിരിക്കുന്നു.



ഞാന്‍ "ഓഹ്...അങ്ങനൊന്നുമില്ല" എന്ന അര്‍ത്ഥത്തില്‍ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു.



"അറിയോ, ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കഥാപാത്രമാണ് സോര്‍ബ എന്ന്?" അമ്മാവന്‍ അടുത്ത ചോദ്യം.



ഞാന്‍ അറിയാം എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.



"Three Men in a Boat" വായിച്ചിട്ടുണ്ടോ?", വീണ്ടും ചോദ്യം.



കസാന്ദ്സാക്കീസിന്റെ സോര്‍ബയില്‍ നിന്നും ജെറോം കെ ജെറോമിലേക്ക് ചാടിയ ലോജിക് എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. സംഗതി അവിടെയും ഇവിടെയുമൊക്കെ വായിച്ചിട്ടുണ്ട് എന്ന് വച്ച് Three Men in a boat വായിച്ചിട്ടുണ്ട് എന്ന്‍ പറഞ്ഞാല്‍ ടി.എന്‍.ഗോപകുമാറിന്റെ മുന്പില്‍ പെട്ട പൃഥ്വിരാജിന്റെ അവസ്ഥയാവുമോ എന്ന് സംശയിച്ചു. മൂപ്പിലാന്‍റെ റെയിഞ്ച് അറിയില്ലല്ലോ. അതുകൊണ്ട് ഞാന്‍ അധികമൊന്നും മിണ്ടിയില്ല. പക്ഷേ ആശാന്‍ നല്ല ഫോമിലായിരുന്നു. ഷേക്സ്പിയര്‍ മുതല്‍ ഓര്‍ഹാന്‍ പാമുക് വരെ പല പല മഹാന്മാരും ആ കംപാര്‍ട്ട്മെന്‍റ് വഴി കയറിയിറങ്ങിപ്പോയി. അതിനിടയില്‍ ആ പെങ്കൊച്ചിന്റെ മുഖത്ത് ഒരു ചെറിയ ചിരി നിന്നു കറങ്ങുന്നത് ഞാന്‍ കണ്ടു. അതെന്തായാലും ചേതന്‍ ഭഗത് പറഞ്ഞ കാര്യമൊന്നും വായിച്ചിട്ടല്ല എന്ന് എനിക്കു വ്യക്തമായിരുന്നു.



ട്രെയിന്‍ മാവേലിക്കര എത്താറായപ്പോള്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ ഞാന്‍ കണ്ടു. അമ്മാവനും കൂട്ടരും പെട്ടിയൊക്കെ ഒരുക്കിത്തുടങ്ങി. പെങ്കൊച്ചും ബുക്ക് മടക്കി...



മാവേലിക്കര ഇറങ്ങും വരെ അമ്മാവന്‍ എന്നെ ആംഗലസാഹിത്യം പഠിപ്പിച്ചു. ട്രെയിന്‍ സ്റ്റേഷന്‍ വിടുമ്പോ എന്റെ മുഖത്ത് ഒരു വലിയ ആശ്വാസം നിഴലിച്ചിരുന്നു. ഒരു പെരുമഴ തോര്‍ന്ന പ്രതീതി. സഹയാത്രികര്‍ എന്നെ സഹാനുഭൂതിയോടെ നോക്കുന്നത് ഞാന്‍ കണ്ടു...



വീണ്ടും പഴയപടി ഇയര്‍ഫോണ്‍ തിരുകി ഞാന്‍ പുറത്തേക്ക് നോക്കി ഇരുന്നു.



ചെങ്ങന്നൂര്‍...



ചിങ്ങം ഒന്നിന്റെ തിരക്കാണ്. തമിഴന്‍ സ്വാമിമാര്‍ കാടിളക്കിക്കൊണ്ട് ട്രെയിനിലേക്ക് പാഞ്ഞുകയറിത്തുടങ്ങി. മാലയിട്ട് കഴിഞ്ഞാല്‍ അണ്ണാച്ചിമാര്‍ പിന്നെ ഏത് അണ്ടനെയും അടകോടനെയും സാമി എന്നെ വിളിക്കൂ. അതുകൊണ്ട് തലങ്ങും വിലങ്ങും സാമീ സാമീ എന്ന വിളി കേള്‍ക്കുന്നുണ്ട്. ആകപ്പാടെ പാളയം മാര്‍ക്കറ്റിന്റെ ഒരു പ്രതീതി.എന്റെ അപ്പുറവും ഇപ്പുറവും ഒക്കെ ഇരുന്നവരെ സാമിമാര്‍ റിസര്‍വേഷന്‍ റിസര്‍വേഷന്‍ എന്നും പറഞ്ഞു എഴുന്നേല്‍പ്പിച്ചു. എന്‍റേത് പോലെ തൃശ്ശൂര്‍ നിന്നും റിസര്‍വേഷന്‍ ഉള്ള സീറ്റുകള്‍ അല്ലല്ലോ അവരുടേത്. പുവര്‍ ഫെല്ലോസ്!!



പക്ഷേ നോക്കിയപ്പോള്‍ ദാണ്ടെ ഒരു സാമി എന്റെ നേരെ നോക്കി ഒരു പറച്ചില്‍, "സാമീ, എഴുന്തിടുങ്ക...സീറ്റ് നമ്പര്‍ 24-ക്കു റിസര്‍വേഷന്‍ ഇറുക്ക്..."



അയ്യട മനമേ! ചെങ്ങന്നൂര്‍ നിന്നും കേറിയിട്ടു തൃശൂര്‍ റിസര്‍വേഷന്‍ തുടങ്ങുന്ന സീറ്റ് അവന്‍റെയാണെന്ന്. ഞാന്‍ വിടുമോ, അറിയാവുന്ന തമിഴ് ഒക്കെ പൊടിതട്ടി എടുത്ത് ഞാനും കാച്ചി,



"റിസര്‍വേഷന്‍ എല്ലാം ഇറുക്ക്. ആനാ അത് വന്ത് തൃശൂറ് നിന്‍ര്..."



"എന്നാ?"- അവന്‍ അവജ്ഞയോടെ ഒരു ചോദ്യം.



"സാമീ ഇന്ത സീറ്റുക്ക് ഇങ്കെ ഇരുന്ത് റിസര്‍വേഷന്‍ ഇരുക്കാത്"



"എന്ന സാമീ, നാനെ ഇങ്കെരുന്ത് റിസര്‍വേഷന്‍ പണ്ണിയിരുക്ക്. എഴുന്തിടുങ്ക..."



"ശ്ശെടാ, ഇത് വല്യ കഷ്ടമാണല്ലോ. എന്റെ സാമീ ഇന്ത സീറ്റുക്ക് തൃശൂര്‍ നിന്നു താന്‍ റിസര്‍വേഷന്‍"



അവന്റെ സ്വരം മാറി. "സാമീ ഗലാട്ട പണ്ണ ടൈം ഇല്ലൈ. സീറ്റ് നമ്പര്‍ 24 നാനെ റിസര്‍വ് പണ്ണിയിരുക്ക്. എഴുന്തിടുങ്ക"



ഞാനും വിടാന്‍ ഒരുക്കമല്ലായിരുന്നു, "അന്ത ടിക്കട്ടെ കൊഞ്ചം കാട്ടുങ്ക."- ഞാന്‍ പറഞ്ഞു.



അവന്റെ കൊണം മാറി. അവന്‍ മൂന്നാല് അണ്ണാച്ചിമാരെ കൂടി വിളിച്ചുവരുത്തി കാര്യം പറഞ്ഞു.



അതില്‍ ഒരു സാമി ഒരു തട്ടിക്കയറ്റം, "നീങ്ക യാര്‍ സാമീ ടീടീയാറാ? ടിക്കറ്റ് പാക്കറുതുക്ക്?"



ടിക്കറ്റ് ടീടീയാറിന് മാത്രം കാണാനുള്ള സാധനമല്ല എന്ന് തമിഴില്‍ പറയാന്‍ രണ്ടുതവണ ഞാന്‍ ശ്രമിച്ചെങ്കിലും അത് വേറെ എന്തൊക്കെയോ ആയി. തമിഴ് വൊക്കാബുലറിയും ഗ്രാമറും ഒന്നും ഓര്‍മ്മിച്ചെടുത്ത് സംസാരിക്കാനുള്ള സമയമില്ല. അവന്മാര്‍ കൂട്ടത്തോടെ ചൂടാവുകയാണ്. അതിനിടയില്‍ ആദ്യം എന്നോടു സീറ്റ് ചോദിച്ചുവന്നവന്‍ എങ്ങോട്ടോ പോയി. അറിയാവുന്ന തമിഴിന്റെ സ്റ്റോക്ക് തീര്‍ന്ന ഞാന്‍ മുറിത്തമിഴില്‍ അവരോടു ഉടക്ക് തുടങ്ങി. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ഞാന്‍ ഒരു എജ്യൂകേറ്റഡ് യങ് മലയാളി ബോയിയും അവന്മാരെല്ലാം തനി നാടന്‍ അണ്ണാച്ചി സാമിമാരും അല്ലേ?



അപ്പോഴേക്കും ആദ്യം വന്ന അണ്ണാച്ചി ഒരു ഇണ്ടാസുമായി വന്നു, വേറൊന്നും അല്ല അയാളുടെ ടിക്കറ്റിന്റെ പ്രിന്‍റ് ഔട്ട്.



"ദാ പാരുങ്ക. ഇത് താന്‍ സീറ്റ് നമ്പര്‍ 24-ഓട റിസര്‍വേഷന്‍ ടിക്കറ്റ്."



ബാക്കി അണ്ണാച്ചിമാരെല്ലാം എന്നെ വളഞ്ഞു നില്‍ക്കുകയാണ്. ഞാന്‍ ടിക്കറ്റ് വാങ്ങി നോക്കി. ശരിയാണ് സീറ്റ് നമ്പര്‍ 24. പക്ഷേ അതിന്റെ അടുത്ത് S7 എന്നുകൂടി ഉണ്ട്. അപ്പോഴാണ് അക്കാര്യം ഞാനും ശ്രദ്ധിക്കുന്നത്. സീറ്റ് നമ്പര്‍ 24 എന്ന്‍ മാത്രമേ ഞാന്‍ നോക്കിയുള്ളൂ, ഏത് കാംപര്‍ട്മെന്‍റ് ആണെന്ന് നോക്കിയില്ല. ഇനി ഞാന്‍ ചാര്‍ട്ടില്‍ നോക്കിയിട്ട് കംപാര്‍ട്ട്മെന്‍റ് മാറിയാണോ കേറിയത്? അവന്മാര്‍ ആണെങ്കില്‍ സംഘമായിട്ടാണ് റിസേര്‍വ് ചെയ്തിരിക്കുന്നത്. അപ്പോ ആകെ മൊത്തം ടോട്ടലായി ആലോചിക്കുമ്പോ അവന്മാര്‍ പറയുന്നതു ശരിയാവാനാണ് സാധ്യത. എന്നാലും എനിക്കു ശേഷം ഇതേ സീറ്റ് അന്വേഷിച്ചു വേറെ കുറെ പേര്‍ കൂടി വന്നിരുന്നല്ലോ. അപ്പോ അവര്‍ക്കും തെറ്റിയോ? പുല്ല്! ഇതിപ്പോ ആകെ കണ്‍ഫ്യൂഷനായല്ലോ. പക്ഷേ ആലോചിച്ചു നില്ക്കാന്‍ സമയമില്ലല്ലോ. ഞാന്‍ ആവശ്യപ്പെട്ട പ്രൂഫ് അവര്‍ കാണിച്ചുകഴിഞ്ഞു, ഇനി അവന്മാര്‍ തല്ലും. എണ്ണത്തിലും വണ്ണത്തിലും അവരാണ് മുന്‍പില്‍.



ഒടുവില്‍ അത്യധികം ഹൃദയവേദനയോടെ ഞാനാ തീരുമാനം എടുത്തു. ഉള്ള അടിയെല്ലാം വാങ്ങിക്കൂട്ടിയിട്ട് 'അല്ല പിന്നെ, ദേഷ്യം വരൂലെ?' എന്നു ചോദിയ്ക്കുന്ന കവലച്ചട്ടമ്പിയെ പോലെ ഒരു ഡയലോഗും: "നീങ്ക എല്ലാം സാമി താനേ, അതിനാല്‍ താന്‍ എഴുന്തിടിക്കറേന്‍..."



ബാഗും തൂക്കി, അണ്ണാച്ചിമാരെ വകഞ്ഞുമാറ്റി ഞാന്‍ വാതില്‍ക്കലേക്ക് നടന്നു. അവിടെ ആരോ സീറ്റ് വെച്ചു നീട്ടിയിട്ടെന്നപോലെ... അടുത്ത സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ആ ചാര്‍ട്ട് ഒന്നുകൂടി ഒന്നു പരിശോധിക്കാന്‍ ഞാന്‍ മറന്നില്ല. റെയില്‍വേ പഹയന്‍മാര്‍ അത് മാറ്റി ഒട്ടിച്ചിരുന്നു. ഞാന്‍ നോക്കിയ ചാര്‍ട്ട് വേ അവിടെ അപ്പോള്‍ കണ്ട ചാര്‍ട്ട് റേ! അവിടന്ന് ആലുവാ വരെ അണ്ണാച്ചിമാരുടെ നടുവില്‍ ഒരേ നില്‍പ്പായിരുന്നു. തല്ലുകിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം!



മോറല്‍ ആഫ് ദി സ്റ്റാറി: മര്യാദയ്ക്ക് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യണം, അത് പറ്റില്ലെങ്കില്‍ ചാര്‍ട്ട് നോക്കുമ്പോള്‍ അത് ഏത് ട്രിപ്പിനുള്ളതാണെന്ന് കൂടി നോക്കണം, അതും പറ്റില്ലെങ്കില്‍ റിസേര്‍വ് ചെയ്തവര്‍ വരുമ്പോള്‍ ഷോ കാണിക്കാതെ മാന്യമായി മാറിക്കൊടുക്കണം, ഇനി അതും പറ്റില്ലെങ്കില്‍ വല്ല ജനറല്‍ കംപാര്‍ട്ട്മെന്‍റും നോക്കി കയറണം. അതും കൂടി പറ്റില്ലെങ്കില്‍ ഒന്നുകില്‍ വല്ല ബസിലും കേറി പോണം, അല്ലെങ്കില്‍ പോണ്ടാ എന്ന്‍ വെക്കണം. അല്ല പിന്നെ!!

Comments

  1. Hiii,
    കോലാഹലത്തിൽ വരുന്ന എല്ലാ ലേഖനങ്ങളും ഞാൻ സ്ഥിരമായി വായിക്കാറുണ്ട്. ഇപ്പോൾ ബ്ലോഗിനു വീണ്ടും അനക്കം വച്ചു കണ്ടപ്പോൾ സന്തോഷമായി. കോലാഹലത്തിലെ ലേഖനങ്ങൾ സ്ഥിരം വായിക്കാറുണ്ടെങ്കിലും ഇതുവരെ ഒന്നിനെക്കുറിച്ചും കാര്യമായി അഭിപ്രായങ്ങൾ എഴുതാൻ കഴിഞ്ഞിട്ടില്ല. സയൻസിലെ സങ്കീർണ്ണമായ കാര്യങ്ങൾ സാധാരണക്കാർക്ക് ഇത്ര ലളിതമായി അവതരിപ്പിക്കുന്ന ഈ ബ്ലോഗ് എന്നും നിലനിൽക്കട്ടെ. ഒരു അഭ്യർത്ഥന കൂടിയുണ്ട്. ക്വാസാറിനെപ്പറ്റി ഒരു ലേഖനം എഴുതാമോ?

    ReplyDelete

Post a Comment

Popular posts from this blog

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ഫിലമറ്റോളജി- ഉമ്മ വെക്കുന്ന ശാസ്ത്രം

ഈ ശാസ്ത്രജ്ഞര്‍ വലിയ തമാശക്കാരാണ്. ഉമ്മ വെക്കുന്നതിനെ കുറിച്ച് പഠിക്കാനും ഉണ്ട് അവര്‍ക്കൊരു ശാസ്ത്രശാഖ-ഫിലമറ്റോളജി (Philematology). മാസങ്ങള്‍ പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ നെറ്റിയില്‍ വാത്സല്യത്തോടെ ഉമ്മ വെക്കുമ്പോഴോ അവസരം വരുമ്പോള്‍ പാത്തും പതുങ്ങിയും പ്രേമഭാജനത്തിന് ചൂടനൊരു കിസ്സ് വെച്ചു കൊടുക്കമ്പോഴോ ഒരു പെണ്‍കുട്ടിയെ സ്റ്റേജില്‍ വച്ച് ചുംബിച്ച് സദാചാര-അണ്ണന്‍മാരുടെ തെറിവിളി കേട്ട കമല്‍ഹാസന്റെ കാര്യം ചര്‍ച്ച ചെയ്യുമ്പോഴോ നിങ്ങളോര്‍ത്തിട്ടുണ്ടോ ഈ ഉമ്മ ഇത്രയും വല്യ സംഭവമാണെന്ന്? എന്നാ കേട്ടോ, ഉമ്മ എന്ന്‍ പറയുന്നത് അത്ര നിസ്സാര സംഗതിയൊന്നും അല്ല. കാണ്ഡം കാണ്ഡമായിട്ട് അങ്ങനെ കിടക്കയാണ് ഉമ്മ വിശേഷങ്ങള്‍! എന്താണ് ഉമ്മ? ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ശരീരത്തില്‍ ചുണ്ടുകള്‍ ചേര്‍ക്കുന്ന പ്രവൃത്തിയാണ് ഉമ്മ എന്ന്‍ പറയാം. എന്നാല്‍ ഇതിന് അര്‍ത്ഥങ്ങള്‍ സാഹചര്യത്തിനും ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും അനുസരിച്ചു മാറും. പ്രണയമോ സ്നേഹമോ വാത്സല്യമോ ബഹുമാനമോ ഭക്തിയോ സൌഹൃദമോ ആചാരമോ വരെ അങ്ങനെ ഉമ്മയുടെ അര്‍ത്ഥങ്ങള്‍ എന്തുമാവാം. ഇങ്ങനെ അര്‍ത്ഥങ്ങളും ചെയ്യുന്ന രീതികളും മാറാമെങ്കില്‍ പോലും വൈകാരിക അടു...

മനുഷ്യൻ ശരിക്കും ചന്ദ്രനിൽ ഇറങ്ങിയിരുന്നോ?

മനുഷ്യന്റെ ചന്ദ്രയാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമിട്ട പോസ്റ്റിന് കീഴിലായും മെസേജായും പലരും ആ സ്ഥിരം ചോദ്യം ഉന്നയിച്ചു- “മ നുഷ്യൻ ശരിയ്ക്കും ചന്ദ്രനിലിറങ്ങി എന്ന് വിശ്വസിക്കുന്നുണ്ടോ? ” അതിനുള്ള മറുപടിയാണ് ഈ പോസ്റ്റ്. എന്റെ ഉത്തരം കുറഞ്ഞ വാക്കുകളിൽ പറഞ്ഞാൽ, “അതെ. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങി എന്നത് വിശ്വസിക്കാൻ പറ്റാത്ത ഒന്നായി എനിക്ക് തോന്നുന്നില്ല” എന്നതാണ്. പക്ഷേ ഈ വിഷയത്തിൽ ഉത്തരം ഇങ്ങനെ പറഞ്ഞാൽ തീരെ തൃപ്തികരമാവില്ല എന്നതിനാൽ അല്പം വിശദീകരണം ആവാം. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല എന്നും അത് അമേരിക്ക നടത്തിയ ഒരു നാടകം മാത്രമാണെന്നും വിശ്വസിക്കുന്നതിന് പലർക്കും പല കാരണങ്ങളുണ്ട്. അതിൽ പ്രധാനമായും നിരീക്ഷിച്ചിട്ടുള്ള കാരണങ്ങളിൽ ചിലത്, അത് വെറും നാടകമാണെന്ന് തെളിയിക്കുന്ന കുറേ ശാസ്ത്രീയ തെളിവുകൾ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ. കൊടി പറക്കുന്നത്, നിഴൽ വീഴുന്നത്, പ്രകാശം വീഴുന്നത് അങ്ങനെ… (പ്രശ്നം സംശയമാണ്) അമേരിക്ക ഒരു വൃത്തികെട്ട രാജ്യമാണ്. അവർ ഇതല്ല, ഇതിന്റെ അപ്പുറത്തെ നാടകം കളിക്കും. (പ്രശ്നം അമേരിക്കയാണ്) മനുഷ്യന് ചന്ദ്രനിൽ ഇറങ്ങുക സാധ്യമല്ല. സാധ്യമായിരുന്നെങ്കിൽ എന്തുകൊണ്...