Skip to main content

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിരുന്ന ഒരു പ്ലസ് ടൂ കുട്ടിയെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. ഇതിനെപ്പറ്റി ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ, അങ്ങനൊരാളെ അവനും അറിയാമത്രേ! ഞാനൊന്ന് അത്ഭുതപ്പെട്ടു. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇങ്ങനെ ധരിച്ച് വെച്ചിരിക്കുന്ന ഒരുപാട് പേരുണ്ടെന്ന് മനസിലായത്. ഒരുപക്ഷേ, നമ്മൾ ‘ഭൂമിയിലാണ്’ താമസിക്കുന്നത് എന്ന ടീച്ചറിന്റെ (പുസ്തകത്തിലെ) വാചകവും, വെള്ളം ‘കുപ്പിയിലാണ്’ ഇരിക്കുന്നത് എന്ന സംസാരരീതിയും കുട്ടി ചേർത്ത് വായിച്ചതാകാം. മുകളിൽ കാണുന്ന ആകാശവും  ഭൂമിയുടെ ഭാഗമാണ് എന്നാണ് ഇത്തരക്കാരുടെ ഉള്ളിലെ ചിത്രം; ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന് പഠിയ്ക്കുന്നുണ്ട്, മുകളിലേയ്ക്ക് നോക്കുമ്പോൾ ആകാശവും ഒരു ഗോളം കമിഴ്ത്തി വച്ചപോലെ തന്നെയുണ്ട് താനും. മനസിലെ ധാരണ ഭദ്രം.

ചെറിയ കുട്ടികളെ പഠിപ്പിക്കുമ്പോൾ, പഠിപ്പിക്കാനുപയോഗിക്കുന്ന ഭാഷയും കുട്ടി പഠിച്ചുവരുന്നതേയുള്ളു എന്ന കാര്യം മറന്നുപോകരുത്. പലപ്പോഴും നമ്മൾ പറയുന്നത്, ആ അർത്ഥത്തിലാകില്ല കുട്ടി മനസിലാക്കുന്നത്. തീരെ ചെറുതിലേ വിദേശഭാഷയിൽ കുട്ടിയുടെ തലയിലേയ്ക്ക് കാര്യങ്ങൾ കുത്തിക്കയറ്റാൻ ശ്രമിക്കുമ്പോൾ ഈ പ്രശ്നം വഷളാകും. ‘In Earth’, ‘On Earth’ എന്നീ പ്രയോഗങ്ങൾ തമ്മിലുള്ള വ്യത്യാസം കുട്ടിയ്ക്കറിയാമോ എന്നുറപ്പിച്ചിട്ട് വേണം ‘ഭൂമിയിലെ താമസം’ ഇംഗ്ലീഷിൽ പഠിപ്പിക്കാൻ (സത്യം പറഞ്ഞാൽ, ഈ വ്യത്യാസം അറിയാത്ത ടീച്ചർമാരെ ഞാൻ കണ്ടിട്ടുണ്ട്. അവിടെപ്പിന്നെ പറഞ്ഞിട്ട് കാര്യമില്ല! അത് വേറൊരു വിഷയമാണ്) ഭൂമിയുടെ അകത്താണ് –In Earth– നമ്മൾ താമസിക്കുന്നത് എന്ന മനസിലാക്കുന്ന കുട്ടിയ്ക്ക്, ഫിസിക്സും ജ്യോഗ്രഫിയും കാലാവസ്ഥയും ബഹിരാകാശ ശാസ്ത്രവും ഒന്നും മനസിലാകാനേ പോകുന്നില്ല. അയാളുടെ സാമാന്യബോധം തന്നെ തകിടം മറിയ്ക്കപ്പെട്ടിരിക്കുന്നു. ചെറിയ ക്ലാസിൽ ഉറയ്ക്കേണ്ട അടിസ്ഥാനം ശരിയായില്ല എന്നുണ്ടെങ്കിൽ പിന്നീടൊരിയ്ക്കലും ഒരാൾ ശാസ്ത്രം ശരിയായി മനസിലാക്കില്ല എന്നുറപ്പാണ്, അതിനി എത്ര മുതിർന്നിട്ടായാലും. ഇത് വളരെ വളരെ ഗൗരവമുള്ള ഒരു കാര്യമാണ്. 

ഇതെഴുതാൻ പ്രചോദനമായത്, ശാസ്ത്ര ചോദ്യങ്ങൾ ശേഖരിയ്ക്കാനായി ഞാൻ നടത്തിയ ശ്രമത്തിനിടെ കിട്ടിയ ഒരു ചോദ്യമാണ്. “നമ്മുടെ ശരീരം അന്തരീക്ഷത്തിൽ നിന്ന് ഓക്സിജനെ തിരിച്ചറിയുന്നത് എങ്ങനെയാണ്?” എന്നായിരുന്ന ആ ചോദ്യം. “നമ്മൾ ഓക്സിജൻ വലിച്ചെടുക്കുകയും കാർബൺ ഡയോക്സൈഡ് പുറത്തുവിടുകയും ചെയ്യുന്നു” എന്ന് കുട്ടികളെ കാണാതെ പഠിപ്പിയ്ക്കുമ്പോൾ അതിൽ പതിയിരിക്കുന്ന വലിയൊരു അപകടം തിരിച്ചറിയാൻ സഹായിച്ചത് ഈ ചോദ്യമാണ്. സ്കൂളിൽ ഇത് പഠിച്ചപ്പോൾ, ശരീരം അന്തരീക്ഷത്തിലെ അനേകം വാതകങ്ങളിൽ നിന്ന് ഓക്സിജനെ മാത്രം വേർതിരിച്ചെടുത്ത് അകത്താക്കുന്നു എന്ന ചിത്രമാണ് ആ സുഹൃത്തിന്റെ മനസിലേയ്ക്ക് വന്നത് എന്നുവേണം ഊഹിക്കാൻ. അദ്ദേഹത്തെ അതിൽ ഒരിയ്ക്കലും കുറ്റപ്പെടുത്താനാവില്ല. അത്രയും ചെറിയ പ്രായത്തിൽ മനസിൽ പതിഞ്ഞതാണ്. അന്തരീക്ഷവായുവിനെ മൊത്തത്തിലാണ് നമ്മൾ മൂക്കിലൂടെ അകത്തേയ്ക്കെടുക്കുന്നത് എന്ന ആശയം പഠിപ്പിക്കലിനിടെ വിട്ടുപോയിരിക്കും. 

ശ്രദ്ധയിൽ പെട്ട ഏതാനം ഉദാഹരണങ്ങൾ മാത്രമാണിതൊക്കെ. ഞാനുൾപ്പടെ ഇതുപോലെ എത്രയോ അബദ്ധധാരണകളുമായിട്ടായിരിക്കും നടക്കുന്നത്. ഇതൊന്നും പൂർണമായി ഒഴിവാക്കുന്നത് പ്രായോഗികവുമല്ല. പക്ഷേ ഇന്നത്തെയീ പോക്ക് കാണുമ്പോൾ, ഇതൊക്കെ വല്ലാണ്ട് വഷളാകുന്നതായിട്ടാണ് തോന്നുന്നത്. ചെറിയ കുട്ടികളുടെ വിദ്യാഭ്യാസത്തെ വളരെ ലാഘവബുദ്ധിയോടെയാണ് നമ്മൾ കൈകാര്യം ചെയ്യുന്നത്. പറഞ്ഞുതുടങ്ങിയ വിഷയത്തെക്കാൾ ഗൗരവമുള്ള കാര്യങ്ങൾ പോലും മുഖവിലയ്ക്കെടുക്കാതെയാണ് ചെറിയ കുട്ടികളുടെ വിദ്യാഭ്യാസം ഇവിടെ കൈകാര്യം ചെയ്യപ്പെടുന്നത്. ഇതിന്റെയൊക്കെ ഫലമായി, കുറേ കഴിയുമ്പോൾ good-for-nothing-fellows ആകാൻ പോകുന്ന ഒരു തലമുറയെയാണ് നമ്മൾ വാർത്തെടുത്തുകൊണ്ടിരിക്കുന്നത് എന്ന ആശങ്ക കാര്യമായിട്ടുണ്ട്.

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

സെക്കന്‍റ് ഷോ: രണ്ടു പാതിരാക്കഥകള്‍

സെക്കന്‍റ് ഷോ കഴിഞ്ഞ് ഒറ്റയ്ക്ക് തിരുവനന്തപുരം നഗരം മുതല്‍ 5 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹോസ്റ്റല്‍ വരെ നടക്കുന്ന ഒരു (ദു)ശീലം എനിക്കുണ്ട്. പലവിധ അനുഭവങ്ങളും കാഴ്ചകളും സമ്മാനിച്ചിട്ടുള്ള ആ യാത്രകളുടെ ഏടുകളില്‍ നിന്നും മാന്തിപ്പറിച്ചെടുത്ത രണ്ടു സംഭവങ്ങളാണ് ഇനി പറയുന്നത്. കുതിരപ്പോലീസും ഞാനും സംഭവം നടക്കുന്നത് ഇന്ന്‍ രാവിലെ 12.05 നു കിള്ളിപ്പാലത്തിനടുത്ത് 8.48 ഡിഗ്രി വടക്ക് 76.95 ഡിഗ്രി കിഴക്ക് കോര്‍ഡിനേറ്റുകളില്‍ ആണ്. ഞാന്‍ പതിവുപോലെ തനി ബൂര്‍ഷ്വാ സെറ്റപ്പില്‍ ചെവിയില്‍ ഇയര്‍ ഫോണും ബാക് പാക്കും ഒക്കെയായി നടന്ന്‍ വരുന്നു. കൊച്ചാര്‍ റോഡില്‍ നിന്നും നാഷണല്‍ ഹൈവേയിലേക്ക് വന്നുകൊണ്ടിരുന്ന രണ്ടു കുതിരപ്പോലീസുകാരില്‍ (ആശ്വാരൂഢസേന എന്ന്‍ വിവരമുള്ളവര്‍ പറയുന്ന ആ സാധനം) ഒരാള്‍ കൈകൊട്ടി വിളിക്കുന്നു. പണ്ട് ഇതേ ലൊക്കേഷനില്‍ വച്ച് വേഷം മാറി നിന്ന വിജയന്‍ IPS സര്‍ പൊക്കിയത് ഓര്‍ത്തുകൊണ്ട് ഞാന്‍ നിന്നു. "എങ്ങോട്ടെഡേയ്?" (ചോദ്യം) "സാറേ, പാപ്പനംകോട്" മറ്റേ പോലീസുകാരന്റെ മുഖത്തേക്ക് ഒന്ന്‍ നോക്കി, പിന്നെ വാച്ചിലും നോക്കിയിട്ട് വീണ്ടും ചോദ്യം ...