ഹെൽമറ്റ് ► ബൈക്ക് ഓടിക്കുമ്പോൾ ബാലൻസ് കിട്ടാനെന്നപോലെ റിയർവ്യൂ മിററിലോ പിന്നിൽ സെഡിലെവിടെയെങ്കിലുമോ കോർത്ത് തൂക്കിയിടാറുള്ള ചട്ടി പോലത്തെ ഒരു സാധനം.
മഞ്ഞ സിഗ്നൽ ലൈറ്റ് ► ഉടൻ തന്നെ ചുവപ്പ് തെളിയാൻ പോകുന്നു എന്നും അതുകൊണ്ട് പരമാവധി സ്പീഡ് കൂട്ടി പാഞ്ഞ് പൊയ്ക്കോണം എന്നും സൂചിപ്പിക്കുന്ന സിഗ്നൽ.
കാൽനടക്കാർക്കുള്ള സിഗ്നൽ ► ഗതാഗത വകുപ്പിന്റെ ഒരു ഡെയർ-ഷോ ഗെയിം.അത് പച്ചയാകുന്നത് കണ്ട് റോഡിലേയ്ക്കിറങ്ങുന്നവർ റോഡിന്റെ നടുക്കെത്തുമ്പോൾ വീണ്ടും ചുവപ്പാകുക, വാഹനങ്ങൾക്കുള്ള റെഡ് തെളിയാതെ കാൽനടക്കാർക്കുള്ള ഗ്രീൻ തെളിയുക തുടങ്ങിയ സാഹചര്യങ്ങളിൽ പതറാതിരിക്കുക, കാൽനടസിഗ്നൽ വകവെക്കാതെ ഇടത്തോട്ട് റോഡ് തിരിയുന്നിടത്തെല്ലാം ‘ഫ്രീ ലെഫ്റ്റ്’ ആണെന്ന് കരുതി കത്തിച്ച് വരുന്ന വാഹനങ്ങൾക്കിടയിലൂടെ ക്രോസ് ചെയ്യുക തുടങ്ങിയവയാണ് പ്രധാന ഗെയിംസ്.
സീബ്രാ ലൈൻ ► കാൽനടക്കാർ റോഡ് മുറിച്ചുകടക്കാൻ പാടില്ലാത്ത സ്ഥലം അടയാളപ്പെടുത്താൻ വേണ്ടി വെള്ള പെയിന്റ് വച്ച് ഇടുന്ന വലിയ വരകൾ.
റോഡിന്റെ നടുവിലൂടെയുള്ള ഇടവിട്ട വെള്ളവരകൾ ► പെയിന്റ് ബാക്കി വന്നപ്പോൾ അത് വച്ച് റോഡിൽ നടത്തിയിരിക്കുന്ന അലങ്കാരപ്പണി. വാഹനമോടിക്കുന്നവർ അത് ശ്രദ്ധിക്കേണ്ടതില്ല.
ഇൻഡിക്കേറ്റർ : “ഞാൻ തിരിഞ്ഞുകഴിഞ്ഞു” (ശ്രദ്ധിക്കുക, ‘തിരിയാൻ പോകുന്നു’ എന്നല്ല) എന്ന് പിറകേ വരുന്ന തെണ്ടികളെ അറിയിക്കാൻ വേണ്ടി കത്തിക്കുന്ന ലൈറ്റ്.
ടാറിങ് ► വാട്ടർ അതോറിറ്റി, ഇലക്ട്രിസിറ്റി ബോർഡ് തുടങ്ങിയ വകുപ്പുകൾ റോഡ് വെട്ടിപ്പൊളിക്കാൻ തുടങ്ങുന്നതിന് രണ്ടോ മൂന്നോ ദിവസം മുൻപ് മാത്രം ചെയ്യുന്ന ഒരു പരിപാടി. വേറെ പ്രത്യേകിച്ച് ഉദ്ദേശ്യങ്ങളൊന്നും ഇല്ല.
മാൻ ഹോൾ ► വാഹനത്തിരക്ക് കുറയ്ക്കാനെന്ന വണ്ണം റോഡിലിറങ്ങുന്നവരെ വീഴ്ത്താൻ വേണ്ടി തയ്യാറാക്കിയിരിക്കുന്ന കിടങ്ങ്. ഇവ സാധാരണയായി മൂടാറില്ല. അഥവാ മൂടുന്ന പക്ഷം, മൂടി റോഡിന്റെ നിരപ്പിൽ നിന്നും അരയടി ഉയർത്തിനിർത്തുകയും അതുവഴി രാത്രിയിലോ മറ്റൊരു വണ്ടിയെ ഓവർടേക്ക് ചെയ്തോ വരുന്ന ഇരുചക്രവാഹനം അതിൽ കയറാനുള്ള സാധ്യത ഉറപ്പിക്കുകയും ചെയ്യും.
ബസ് സ്റ്റോപ്പ് ► ഒരു ബസ് റോഡിന് നടുവിൽ വെച്ച് ബ്ലോക്ക് ചെയ്ത്, പുറകേ വരുന്ന പത്തോ ഇരുപതോ വാഹനങ്ങളെ ‘സ്റ്റോപ്പ്’ ചെയ്യിക്കുന്ന സ്ഥലം. ആളുകൾക്ക് ബസിൽ കയറാനോ ഇറങ്ങാനോ വേണ്ടിയും ഇത്തരം സ്ഥലങ്ങൾ ഉപയോഗിക്കാറുണ്ട്.
ആംബുലൻസ് ► തിരക്കുള്ള റോഡുകളിൽ ബൈക്കുകൾക്ക് വഴിയൊരുക്കാൻ വേണ്ടി ചീറിപ്പായുന്ന ഒരുതരം വാഹനം. തൊട്ടു-തൊട്ടില്ല എന്ന മട്ടിൽ പിന്നിൽ ബൈക്കുകളുടെ ഒരു വരിയുമായി പായുന്ന ഇത്തരം വാഹനങ്ങൾ അത്യാഹിതങ്ങളിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കാനും ഉപയോഗിക്കാറുണ്ട്.
Comments
Post a Comment