Skip to main content

പ്ലംബിങ്ങും മാഗിയും തമ്മിലെന്ത്?

പ്ലംബിങ്ങും മാഗി നൂഡിൽസും തമ്മിൽ ഒരു ബന്ധമുണ്ട്.പ്ലംബിങ് (അഥവാ പ്ലംബർ) എന്ന വാക്കിന്റെ ഉത്ഭവം എവിടന്നാന്നറിയോ? പ്ലംബം (plumbum) എന്ന ലാറ്റിൻ വാക്കിൽ നിന്നാണത്. പ്ലംബം എന്ന വാക്കാകട്ടെ പണ്ടുകാലത്ത് മൃദുലോഹങ്ങളായ വെളുത്തീയം (plumbum candidum), കറുത്തീയം (plumbum nigrum) എന്നിവയെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരുന്നത്. അതിൽ കറുത്തീയം എന്ന ലെഡ് (ഇതിന്റെ രാസപ്രതീകം ‘Pb’ വരുന്നത് plumbum-ൽ നിന്ന് തന്നെ) ആണല്ലോ ഇന്ന് മാഗി നൂഡിൽസിനെ വാർത്തയിലെത്തിച്ചിരിക്കുന്നത്. ഇനി ലെഡും പ്ലംബിങ് പണിയും തമ്മിലുള്ള ബന്ധം എന്താന്ന് ചോദിച്ചാൽ, പുരാതന റോമാ സാമ്രാജ്യത്തിൽ വെള്ളം കൊണ്ടുവരാനുള്ള പൈപ്പുകളെല്ലാം ലെഡ് ഉപയോഗിച്ചാണ് നിർമിച്ചിരുന്നത്. എളുപ്പത്തിൽ ഉരുക്കാനും വേർതിരിക്കാനും കൈകാര്യം ചെയ്യാനും ഒക്കെ കഴിയുമായിരുന്നതുകൊണ്ട് അക്കാലത്ത് ലെഡ് വളരെ സർവസാധാരണമായി ഉപയോഗിച്ചിരുന്നു. റോമാ സാമ്രാജ്യത്തിൽ മാത്രം പ്രതിവർഷം 80,000 ടൺ വരെ ലെഡ് ഉൽപ്പാദിപ്പിച്ചിരുന്നു എന്നാണ് കണക്ക്. 

അപ്പോ ലെഡ് വിഷമാണെന്ന് പറയുന്നതോ?

അതെ. നേരിയ അളവിൽ പോലും ശരീരത്തിന് വളരെ ദോഷകരമാണ് ലെഡ്. ഉള്ളിൽ ചെന്നുകഴിഞ്ഞാൽ ഇരുമ്പ്, സിങ്ക് തുടങ്ങിയ ശരീരത്തിനാവശ്യമായ ലോഹങ്ങളെ അനുകരിച്ച് പ്രധാന ശാരീരികശൃംഖലകളിൽ കടന്നുകൂടുകയാണ് പുള്ളിയുടെ രീതി. പ്രധാനമായും നാഡീവ്യൂഹത്തെയാണ് അത് തകരാറിലാക്കുന്നത്. അതുവഴി കുട്ടികളിൽ ബുദ്ധിമാന്ദ്യവും വിളർച്ചയുമൊക്കെ ഉണ്ടാക്കാൻ ഇതിന് കഴിയും. ഏതാണ്ട് എല്ലാ ശരീരഭാഗങ്ങളേയും തകരാറിലാക്കാൻ അതിന് കഴിവുണ്ട്. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യേണ്ട ഒന്നാകുന്നു അത്. മാഗിയുടെ 1300 കോടിയുടെ ബിസിനസ് പൂട്ടിച്ച വാർത്തയിലാണ് നമ്മുടെ ശ്രദ്ധ. ഇങ്ങനെ ഒരു മാഗി നൂഡിൽസിനെ നടുക്ക് നിർത്തി കല്ലെറിഞ്ഞാൽ ഒഴിവാക്കാവുന്നതല്ല പതിയിരിക്കുന്ന അപകടം. മാഗിയിൽ അത് എവിടന്ന് വന്നു എന്നത് ചർച്ച ചെയ്യപ്പെടണം. മാഗിയിൽ ഉണ്ടെങ്കിൽ മറ്റ് സമാന ആഹാരവസ്തുക്കളുടെ അവസ്ഥ എന്താണെന്ന് പരിശോധിക്കപ്പെടണം. ഇലക്ട്രോണിക് ഉപകരണങ്ങൾ, ബാറ്ററികൾ, പെയിന്റുകൾ, കോസ്മറ്റിക്കുകൾ (കുട്ടികളെ പിടിച്ച് നിർത്തി എഴുതിക്കുന്ന കൺമഷി ഉൾപ്പടെ) എന്നിങ്ങനെ പല നിത്യോപയോഗ വസ്തുക്കളിലും ലെഡ് ഗണ്യമായ അളവിലുണ്ട്. കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്ന വിലകുറഞ്ഞ കളിപ്പാട്ടങ്ങൾ മിക്കതും ലെഡ് പെയിന്റുകൾ അടങ്ങിയതാണ് എന്നതിനാൽ ആ വഴി വരുന്ന അപകടം വലുതാണ്. പഴയ കമ്പ്യൂട്ടർ മോണിറ്റർ, ടീവീ സ്ക്രീൻ എന്നിവയിൽ ഉപയോഗിക്കുന്ന cathode ray tube-ൽ കിലോഗ്രാം കണക്കിന് ലെഡ് അടങ്ങിയിട്ടുണ്ടാകും. ഇതൊന്നും പോരാഞ്ഞിട്ട് വർഷാവർഷം ഗണേശോത്സവം പോലുള്ള അവസരങ്ങളിൽ വെള്ളത്തിലേയ്ക്ക് നമ്മൾ ഒഴുക്കിവിടുന്ന പെയിന്റടിച്ച പ്രതിമകൾ തരുന്ന ‘അനുഗ്രഹം’ വഴിയേ കിട്ടിക്കോളും. ഈ വെള്ളം എവിടൊക്കെ ചെല്ലുന്നോ അവിടൊക്കെ ലെഡും ചെല്ലും. അത് മാഗിയെങ്കിൽ മാഗി!

ലെഡിന്റെ ദോഷവശങ്ങൾ ഇന്നോ ഇന്നലെയോ കണ്ടെത്തിയതല്ല. നേരത്തേ പറഞ്ഞ റോമാസാമ്രാജ്യകാലത്ത് തന്നെ ഇത് തിരിച്ചറിഞ്ഞിരുന്നു. അന്നത്തെ ലെഡ് പൈപ്പുകൾ ഭൂമിക്കടിയിൽ ആയിരുന്നതിനാലും, പ്ലംബിങ് മേഖലയിലും ലെഡ് ഖനികളിലും ജോലി ചെയ്തിരുന്ന അടിമകളുടെ ജീവന് അന്ന് പുല്ലുവിലയായിരുന്നതിനാലും അന്നാരും അത് കാര്യമായി എടുത്തില്ല എന്നേയുള്ളു.

Comments

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...