Skip to main content

സയൻസും രാഷ്ട്രീയവും

അലുവയും മത്തിക്കറിയും പോലുള്ള വിഷയങ്ങളാണ്. ഒന്നിന് മറ്റേതിൽ പങ്കില്ല, പരസ്പരം കൂട്ടിക്കലർത്തരുത് എന്നൊക്കെയാണ് പൊതുവേ പറയാറ്. ശരിയാണ് താനും. പക്ഷേ ചില പ്രധാനകാര്യങ്ങൾ കൂടി അതിനോട് ചേർത്ത് പറയേണ്ടതുണ്ട് എന്ന് തോന്നി.

ഗുണ്ടകളെ എങ്ങനെ നിരപ്പാക്കാം!

ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഒരു രംഗമോർക്കുന്നുണ്ടോ? നായകന് തടങ്കലിൽ കഴിയുന്ന കാമുകിയെ ഇറക്കിക്കൊണ്ട് വരണം. എങ്ങനെ സാധിയ്ക്കുമെന്നറിയാതെ ദുഃഖിച്ച് നിൽക്കുന്ന നായകനോട് ലാലിന്റെ കഥാപാത്രം കോൺഫിഡൻസ് നൽകുന്നവിധം ഒരു മാർഗം പറഞ്ഞുകൊടുക്കുന്നു. ''നീ നേരെ തോട്ടക്കാട്ടുകര സ്റ്റോപ്പിൽ ബസ്സിറങ്ങുന്നു. കവലേലെ പരമുനായരുടെ കടയിൽ നിന്ന് ഒരു കവർ ദിനേശ് ബീഡി വാങ്ങി കത്തിച്ച് പൊകേം വിട്ട്, നെഞ്ചും വിരിച്ച് അവളുടെ വീട്ടിലേയ്ക്ക് കേറി ചെല്ലുന്നു. അപ്പോൾ കുറേ ഗുണ്ടകൾ നിനക്ക് ചുറ്റും വരുന്നു. നീ അവരെയൊക്കെ അടിച്ച് നിരപ്പാക്കിയിട്ട് അവളെ തൂക്കിയെടുത്ത് ഇങ്ങോട്ട് പോരുന്നു."

ഇത് സിനിമയിൽ തമാശയായിട്ടാണ് കാണിക്കുന്നത്. പക്ഷേ ചിലയിടങ്ങളിൽ ഏതാണ്ട് ഇതേപോലുള്ള മാർഗങ്ങൾ വളരെ സീരിയസ്സായിട്ട് ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ചില യുക്തിവാദി വ്യവഹാരങ്ങളിൽ. ഏതെങ്കിലും സമൂഹ്യപ്രശ്നത്തിന് പരിഹാരം ചോദിച്ചാൽ അവർ പ്രധാനമായും പറയുന്നത്, "ആദ്യം നമ്മൾ മതവിശ്വാസം (/അന്ധവിശ്വാസം) ഇല്ലാതാക്കണം'' എന്നായിരിക്കും. ആദ്യം പറഞ്ഞ സിനിമാരംഗത്തിലെ "ഗുണ്ടകളെ മൊത്തം അടിച്ച് നിരപ്പാക്കണം" എന്ന ഡയലോഗ് പോലെ നേരിട്ടങ്ങ് പറയലല്ല. പക്ഷേ മൊത്തം വാദങ്ങളുടെ ആകെത്തുക ഏതാണ്ട് അങ്ങനെ വരും. തീർച്ചയായും അതിലൊരു യുക്തിയുണ്ട്. ഗുണ്ടകളാണല്ലോ അവിടത്തെ പ്രധാന തടസ്സം, അതുകൊണ്ട് ഗുണ്ടകളെ തോൽപ്പിച്ചാലേ നായികയെ കടത്തിക്കൊണ്ട് വരാൻ പറ്റൂ എന്ന ലോജിക്ക് പോലെയാണ്. അന്ധവിശ്വാസം ഇങ്ങനെ നിൽക്കുന്നതുകൊണ്ടാണല്ലോ ഈ പ്രശ്നങ്ങളെല്ലാം, അപ്പോ അത് ഇല്ലാതായാലല്ലേ ഈ പ്രശ്നത്തിന് പരിഹാരമുള്ളൂ! പക്ഷേ സിനിമയിലേത് തമാശയാകുന്നത്, ഗുണ്ടകൾ എന്ന യാഥാർത്ഥ്യം മുന്നിലുള്ളപ്പോൾ നായികയെ കടത്തിക്കൊണ്ട് വരിക എന്ന അടിയന്തിര പ്രശ്നത്തിനുള്ള പ്രായോഗികപരിഹാരമാണ് സാഹചര്യത്തിനാവശ്യം  എന്നതുകൊണ്ടാണ്. ഗുണ്ടകൾ എന്നത് ഒരു വലിയ പ്രശ്നമാണ് എന്നതുപോലെ അന്ധവിശ്വാസവും വലിയ പ്രശ്നമാകുന്നു. പക്ഷേ തത്കാലത്തെ ആവശ്യം നടക്കാൻ ഗുണ്ടകളെ അടിച്ചുനിരപ്പാക്കുന്നത് പോലെ, സമൂഹത്തിൽ നിന്ന് ചുമ്മാ അങ്ങ് ഇല്ലാതാക്കാവുന്നതാണോ ഈ അന്ധവിശ്വാസം എന്ന ചോദ്യം അവിടെക്കിടക്കുന്നുണ്ട്. അത് കഴിഞ്ഞ് മാത്രം നടക്കാവുന്ന രീതിയിൽ കാത്തിരിക്കാവുന്നതാണോ മറ്റ് പ്രശ്നങ്ങളുടെ പരിഹാരം? ഇപ്പോഴുള്ള വിവേചനത്തെ റദ്ദാക്കാനുള്ള ജാതിസംവരണത്തെക്കുറിച്ച് പറയുമ്പോൾ, "ആദ്യം നമ്മൾ ജാതിവിശ്വാസം എടുത്തുകളയണം" എന്ന് വാദിക്കുന്നവരുടേതും ഇതേ വാദമാണ്. യുക്തിവാദ മൂവ്മെന്റുകളിൽ എനിയ്ക്ക് പ്രതീക്ഷ നഷ്ടപ്പെടാനും, മടുപ്പ് തോന്നാനും ഇതൊക്കെ കാരണമായിട്ടുണ്ട്.

തിയറിയും പ്രാക്റ്റിക്കലും

റാഷണലിസം പോലെ തന്നെ പ്രധാനമാണ് പ്രാഗ്മാറ്റിസം. പ്രായോഗികതാവാദം എന്ന് പറയാം. പ്രശ്നം തിരിച്ചറിഞ്ഞിട്ട് ഒരു പരിഹാരം നിർദ്ദേശിക്കുന്നുവെങ്കിൽ, നിലവിലെ സാഹചര്യത്തിൽ നടപ്പിലാക്കാൻ പറ്റുന്നതാണോ അത് എന്ന ബോധ്യം കൂടി വേണ്ടതുണ്ട്. ഒരുകണക്കിന് അതൊരു ചോയ്സ് ആണ്. നമുക്ക് സൈദ്ധാന്തികമായ ശരികൾക്ക് വേണ്ടി വാദിക്കാം. അവിടെ വേറൊന്നും നോക്കാനില്ല, കാരണം കേവലശരികൾ ഒരുപാടുണ്ടാകും. ജനാധിപത്യം, ശാസ്ത്രബോധം, സമത്വബോധം, അന്ധവിശ്വാസ നിർമാർജനം, എന്നിങ്ങനെ പലതും. ഇവിടെങ്ങും ഒരു തർക്കത്തിനും സാധ്യതയില്ല, എത്ര ഘോരമായിട്ടും വാദിച്ചുകൊണ്ടേയിരിക്കാം. സ്വന്തം വിശ്വാസം വെല്ലുവിളിക്കപ്പെടുംവരെ ശാസ്ത്രബോധം വേണ്ടാന്നോ അന്ധവിശ്വാസം വേണമെന്നോ ആരും വാദിക്കില്ലല്ലോ. പക്ഷേ പ്രശ്നം കണ്ടെത്തലും അതിന് പരിഹാരം കാണലും രണ്ട് വെവ്വേറെ ജോലികളാണ്. അതാണ് ചോയ്സാണ് എന്ന് പറഞ്ഞത്. ഇന്ന് യുക്തിവാദത്തിന്റെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന ശാസ്ത്രത്തിനാണെങ്കിൽ നിർദ്ദേശക(prescriptive) സ്വഭാവമില്ല. സിദ്ധാന്തരൂപത്തിൽ വസ്തുതകൾ നിരത്തുക (descriptive) മാത്രമാണ് അത് ചെയ്യുന്നത്. അത് എങ്ങനെ ഉപയോഗിക്കണമെന്നുള്ളത് ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന കാര്യവുമല്ല. സത്യത്തിൽ വസ്തുതകൾ മനസിലാക്കൽ മാത്രമല്ല, മറിച്ച് ഏതൊക്കെ വസ്തുതകളാണ് പ്രസക്തമെന്ന് കൂടി മനസിലാക്കണം. എന്നാലേ പ്രായോഗികമാകൂ.

പാഠപുസ്തകത്തിൽ നിന്ന് കിട്ടുന്ന സൈദ്ധാന്തികമായ അറിവിനൊരു പ്രത്യേകതയുണ്ട്. ഓരോരോ തത്വങ്ങളെയായി വേർതിരിച്ച് നിർത്തിയിട്ടാണ് അവിടെ പരിചയപ്പെടുത്തുക. അതായത് ഗുരുത്വാകർഷണം കാരണം താഴേയ്ക്ക് വീഴുന്ന വസ്തുവിന്റെ ചലനസമവാക്യം ഒരിടത്ത് പഠിപ്പിക്കും. വായുവിലൂടെ നീങ്ങുന്ന വസ്തുവിൽ വായു ചെലുത്തുന്ന പ്രതിരോധത്തെപ്പറ്റി വേറൊരിടത്ത് പഠിപ്പിക്കും. ഭൂമിയുടെ രൂപത്തിന്റെ പ്രത്യേകത കാരണം പലയിടത്തും ഗുരുത്വാകർഷണം കാരണമുള്ള വേഗവ്യത്യാസം പലതായിരിക്കും എന്ന് മറ്റൊരിടത്ത് പഠിക്കും. ആദ്യം പറഞ്ഞ താഴേയ്ക്ക് വീഴുന്ന വസ്തു വായുവിലൂടെയാണ് വീഴുന്നത്, അപ്പോ വായുപ്രതിരോധവും അവിടെ കണക്കിലെടുക്കണമെന്നും, ഭൂമിയിൽ എവിടെയാണ് വീഴുന്നത് എന്നനുസരിച്ച് തന്നെ അവിടെ വ്യത്യാസം വരുമെന്നും ചിന്തിക്കേണ്ടത് അതൊരു യഥാർത്ഥ സാഹചര്യത്തിൽ ഉപയോഗിക്കുമ്പോൾ മാത്രമാണ്. അതിന് വേറെ തന്നെ പരിശീലനം വേണ്ടിവന്നേക്കും. എം.എസ്.സി. കഴിഞ്ഞ് ഗവേഷണജീവിതത്തിലേയ്ക്ക് കടന്നപ്പോൾ വളരെ കഷ്ടപ്പെട്ടാണ് ഇത് തിരിച്ചറിഞ്ഞത്. പല വർഷങ്ങളിൽ പലയിടങ്ങളിൽ ചിതറിക്കിടക്കുന്ന രീതിയിൽ പരിചയപ്പെട്ട തിയറികൾ എല്ലാം കൂടി ഒരുമിച്ച് പ്രയോഗിക്കേണ്ടിവരും. അതിൽ തന്നെ ഏതാണ് വേണ്ടതെന്നും ഏതാണ് വേണ്ടാത്തതെന്നും മനസിലാക്കാൻ കൂടി കഴിയണം. ഓരോന്നായി പരിഗണിച്ചാൽ എല്ലാം സിമ്പിളായ തിയറികളാണ്. പക്ഷേ എല്ലാം കൂടി ഒരുമിച്ച് പരിഗണിക്കേണ്ടിവരുമ്പോൾ അടിതെറ്റാൻ ചാൻസുണ്ട്.

1986-ൽ ഏഴ് പേരുടെ മരണത്തിനിടയാക്കിയ ചലഞ്ചർ സ്പെയ്സ് ഷട്ടിൽ ദുരന്തമുണ്ടായി. ആ റോക്കറ്റ് സിസ്റ്റത്തിലെ ലക്ഷക്കണക്കിന് ഘടകഭാഗങ്ങളിൽ ഒന്നായ, ഒരു റബ്ബർ വളയം (O-ring) കണക്കാക്കിയിരുന്നതിനെക്കാൾ താഴ്ന്ന താപനിലയിലായിരുന്നു എന്നതാണ് കാരണം. ഒരു റബ്ബർ വളയവും അതിന്റെ താപനിലയുമൊന്നും ക്വാണ്ടം മെക്കാനിക്സും റിലേറ്റിവിറ്റിയും വച്ച് മനസിലാക്കേണ്ട കാര്യമൊന്നുമല്ലല്ലോ. പക്ഷേ അത് സംഭവിച്ചു. കാരണം ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് പരിഗണിക്കേണ്ടിയിരുന്നു. സയൻസിലായാൽ പോലും ഒരു വർക്കബിൾ സൊല്യൂഷൻ അഥവാ പ്രായോഗിക പരിഹാരം എന്നത് ലളിതയുക്തികളിലൂടെ ഉണ്ടാവില്ല എന്നതാണ് കാണേണ്ടത്. അപ്പോപ്പിന്നെ സാമൂഹ്യ വിഷയങ്ങളുടെ കാര്യത്തിലോ!

എന്താണ് രാഷ്ട്രീയം

സാമൂഹ്യജീവിയായ മനുഷ്യനെ സംബന്ധിച്ച്, സമൂഹത്തിന്റെ പൊതുനടത്തിപ്പുമായി ബന്ധപ്പെട്ട ഭരണനിർവഹണമാണ് രാഷ്ട്രീയം. ഭരണനിർവഹണത്തിന് ഇവിടെയൊരു സംവിധാനമുണ്ട്. ജനാധിപത്യം എന്നാണതിന് പേര്. ജനങ്ങളുടേതായി, ജനങ്ങൾക്ക് വേണ്ടി, ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെടുന്ന ഭരണസംവിധാനം എന്നാണത് പറയപ്പെടുന്നത്. എന്നുവച്ചാൽ, അതിന്റെ അടിസ്ഥാനരൂപകല്പന തന്നെ ഓരോ വ്യക്തിയേയും ഒരു രാഷ്ട്രീയക്കാരനായി, രാഷ്ട്രീയക്കാരിയായി കണ്ടുകൊണ്ടുള്ളതാണ്. "ഓ, എനിയ്ക്ക് രാഷ്ട്രീയമൊന്നുമില്ല" എന്ന പറച്ചിൽ അതുകൊണ്ട് തന്നെ മേനി പറയാനുള്ള യോഗ്യതയല്ല, മറിച്ച് പരിഹാസ്യമായ ഏറ്റുപറച്ചിലാണ്. "രാഷ്ട്രീയമില്ല" എന്നുപറഞ്ഞാൽ അതിന്റെ അർത്ഥം ഞാൻ ജീവിക്കുന്ന സമൂഹത്തിൽ എന്ത്, എങ്ങനെ നടക്കുന്നു എന്നത് എന്റെ വിഷയമേയല്ല എന്നാണ്. ഞാൻ കൂടി ഇടപെട്ട് ചലിപ്പിക്കേണ്ട ഒരു സംവിധാനത്തിൽ നിന്ന് മാറിനിന്നിട്ട്, വേറെ ആരെങ്കിലും ഇതൊക്കെ എന്റെ സൗകര്യത്തിനനുസരിച്ച് നടത്തിക്കോളും എന്ന കരുതലിനോളം പോന്ന അശ്ലീലം വേറെയില്ല. പക്ഷേ ദൗർഭാഗ്യവശാൽ നമ്മളിൽ ഭൂരിഭാഗം പേരും അങ്ങനെയാണ് ചിന്തിക്കുന്നത്. "എനിയ്ക്ക് രാഷ്ട്രീയമില്ല, ഈ രാഷ്ട്രീയക്കാരൊന്നും ഞാനുദ്ദേശിക്കുന്ന രീതിയിൽ ഭരിക്കാത്തതുകൊണ്ട് അവരൊന്നും ശരിയല്ല" എന്നതാണ് നമ്മുടെ ചിന്താഗതി.

പ്രശ്നം കണ്ടെത്തലും അതിന് പരിഹാരം കാണലും രണ്ട് വെവ്വേറെ ജോലികളാണെന്ന് നേരത്തേ പറഞ്ഞു. പ്രശ്നം കണ്ടെത്തൽ താരതമ്യേന പെട്ടെന്ന് അവസാനിയ്ക്കും. "ദാ നോക്കൂ അന്ധവിശ്വാസം", "ദാ നോക്കൂ അഴിമതി", തുടങ്ങിയ പ്രസ്താവനകളിൽ അത് പൂർത്തിയാകും. അതൊരു മോശം കാര്യമാണെന്നല്ല പറഞ്ഞുവരുന്നത്. ഉദാഹരണത്തിന്, അന്ധവിശ്വാസം എന്താണ്, എവിടെയാണ് എന്ന് തിരിച്ചറിയുന്നത് തന്നെ ശ്രമകരമായ കാര്യമാണ്.  പക്ഷേ നായിക ഗുണ്ടകളാൽ വലയപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുന്നത് പോലെയേ അതാകുന്നുള്ളൂ. ആര്, എങ്ങനെ അവളെ പുറത്തുകൊണ്ടുവരും?

രാഷ്ട്രീയത്തോടുള്ള പൊതുവായ മനോഭാവം മുന്നേ പറഞ്ഞല്ലോ. നമ്മുടെ ഏറ്റവും പോപ്പുലർ പ്രശ്നപരിഹാരമാർഗമായ വില്ലവൽക്കരണത്തിന്റെ സുപ്രധാന ഇരയാണ് രാഷ്ട്രീയക്കാർ. ഒരു പ്രശ്നത്തിന് പരിഹാരം കാണണമെങ്കിൽ, ആദ്യം അതിന് ഉത്തരവാദിയായ ഒരു വില്ലനെ കണ്ടുപിടിക്കുക, പിന്നെ ആ വില്ലനെ ഒതുക്കിയാൽ പരിഹരിക്കാമെന്ന് നിർദ്ദേശിക്കുക- ഇതാണ് വില്ലവൽക്കരണരീതി. പാഠപുസ്തകത്തിലെ ചലനനിയമം പഠിക്കുന്നതുപോലെയാണ് പിന്നെ പ്രയോഗം. സൗകര്യത്തിന് ഏതെങ്കിലും ഒരു വേര്യബിളിനെ മാറ്റിനിർത്തി അതങ്ങോട്ട് ശരിയാക്കുക. പോലീസുകാർ, KSRTC ഡ്രൈവർമാർ, എന്നിങ്ങനെ കുറേ റെഡി-മെയ്ഡ് വില്ലൻമാർ വേറെയുമുണ്ട്. പക്ഷേ സമൂഹത്തിൽ പരസ്പരം കെട്ടുപിണഞ്ഞ് കിടക്കുന്ന പല വിഭാഗങ്ങളിൽ ഒന്നിനെ മാറ്റിനിർത്തി നന്നാക്കുക എന്ന ആശയത്തിലാണ് പ്രായോഗികത മുട്ടുംകുത്തി വീഴുന്നത്. കാരണം ഈ മാറ്റിനിർത്തൽ പേപ്പറിലേ പറ്റൂ. രാഷ്ട്രീയക്കാർ എന്നെഴുതുമ്പോൾ എല്ലാ രാഷ്ട്രീയക്കാരും താനേ അതിൽപ്പെടുമല്ലോ. പക്ഷേ ആരൊക്കെയാ അവർ? എവിടെയൊക്കെയാ അവർ ഉള്ളത്? നിയമസഭയ്ക്കകത്തും, മന്ത്രിയുടെ കാറിലും, തൊട്ടപ്പുറത്തെ ജംഗ്ഷനിലും അവരുണ്ട്. ഒക്കേറ്റിനും ഉപരി, ജനാധിപത്യത്തിൽ എഴുതുന്ന നിങ്ങളും അതിൽ പെടുന്നു! ഒരു സ്കൂളിൽ ഒരുമിച്ച് പഠിച്ചവരോ, ഒരു വാർഡിൽ അടുത്തടുത്ത് താമസിച്ചവരോ ആണ് പോലീസും ഡ്രൈവറുമൊക്കെ ആവുന്നത്. അല്ലാതെ പോലീസിനേയും പട്ടാളക്കാരേയും ടീച്ചർമാരേയും വെവ്വേറെ ഫാക്ടറികളിൽ ഉണ്ടാക്കുന്നതൊന്നുമല്ലല്ലോ.

സയൻസും രാഷ്ട്രീയവും തമ്മിൽ ബന്ധമില്ലായിരിക്കാം. ശാസ്ത്രീയമായതെന്ത് എന്ന ചോദ്യത്തിന്റെ ഉത്തരം ഒരിയ്ക്കലും രാഷ്ട്രീയതീരുമാനമാവുകയുമില്ല. പക്ഷേ ഒരു സമൂഹത്തിൽ ശാസ്ത്രീയമായത് വേണോ വേണ്ടയോ എന്നത് ഒരു രാഷ്ട്രീയതീരുമാനമാണ്, നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. ശാസ്ത്രീയമായത് തെരെഞ്ഞെടുക്കപ്പെടണമെങ്കിൽ അതിന് അധികാരമുള്ളവർക്ക് ആ ബോധ്യമുണ്ടാവണം. അതായത്, ഒന്നുകിൽ ശാസ്ത്രമറിയാവുന്ന രാഷ്ട്രീയക്കാർ വേണം, അല്ലെങ്കിൽ ശാസ്ത്രമറിയാവുന്നവർ രാഷ്ട്രീയത്തിലെത്തണം. പക്ഷേ അല്പസ്വല്പം സയൻസൊക്കെ പഠിച്ചാൽ പിന്നെ രാഷ്ട്രീയം അശ്ലീലമാണെന്നാണ് നമ്മുടെ ധാരണ. "ഈ കൺട്രി ഫെല്ലോസിന് സയന്റിഫിക്കായി ചിന്തിച്ചുകൂടെ?" എന്നാണ് മനോഭാവം (യെവിടെ, നാഷണൽ ലെവൽ സയന്റിഫിക് സ്ഥാപനങ്ങളിൽ ആരതിയുഴിഞ്ഞ് ഉപകരണം ഇൻസ്റ്റാൾ ചെയ്യുന്ന നാട്ടിലാണ് രാഷ്ട്രീയക്കാർ സയന്റിഫിക്കാവുമെന്ന് പ്രതീക്ഷിക്കുന്നത്!). പഠിപ്പുള്ള രാഷ്ട്രീയക്കാരൻ വേണം, പക്ഷേ പഠിക്കുന്നവർക്ക് രാഷ്ട്രീയം വേണ്ട എന്ന വിരോധാഭാസമാണ് നമ്മുടെ മുദ്രാവാക്യം.

സയൻസുകാരുടെ രാഷ്ട്രീയകാര്യം

അടുത്തിടെ കണ്ട ചില അഭിപ്രായപ്രകടനങ്ങളാണ് ഇത്രേം എഴുതാൻ പ്രചോദനമായത്. രാഷ്ട്രീയക്കാരായ നേതാക്കൾ ഹോമിയോപ്പതിയെ പരസ്യമായി പിൻതാങ്ങിയതാണ് ഒരു പ്രശ്നം. തെറ്റാണ്, അശാസ്ത്രീയമായ രീതികൾക്ക് ഈ സമയത്ത് പ്രചാരം കൊടുക്കുന്നത് അപകടകരമാണ്, അത് ശക്തമായി വിമർശിക്കപ്പെടേണ്ടതാണ്. പക്ഷേ പലരും (യുക്തിവാദികൾ തന്നെ) പറയുന്നത് രാഷ്ട്രീയക്കാർക്ക് വിവരമില്ലാത്തതാണ് ഇവിടത്തെ പ്രശ്നം എന്നാണ്. ഇതാണ് വില്ലവൽക്കരണം. പ്രശ്നം ചൂണ്ടിക്കാണിക്കലിനപ്പുറം പരിഹാരം നിർദ്ദേശിക്കലിന്റെ മേഖലയിലേയ്ക്ക് കടക്കുന്ന വാദമാണത്. കേരളത്തിലെ മൂന്നരക്കോടി മനുഷ്യർക്കും കൂടി 140 എം.എൽ.ഏ.മാരാണ് ഉള്ളത്. അതായത്, രണ്ടര ലക്ഷം ആളുകളെയാണ് ഒരു MLA പ്രതിനിധാനം ചെയ്യുന്നത്. ആനുപാതികമായി നോക്കിയാൽ, ഹോമിയോപ്പതി അശാസ്ത്രീയമാണെന്ന് ബോധ്യമുള്ള രണ്ടരലക്ഷം പേരെങ്കിലും നാട്ടിലുണ്ടെങ്കിലേ, ആ ബോധ്യമുള്ള ഒരു MLA-യെ പ്രതീക്ഷിക്കാനാവൂ. അതേ കണക്കിന് എത്ര മന്ത്രിമാരെ പ്രതീക്ഷിക്കാം? കേരളത്തിൽ 17.5 ലക്ഷം പൗരർക്ക് ഒരു മന്ത്രി എന്നതാണ് അനുപാതം. നമ്മൾ യുക്തിവാദികളുടെ മട്ട് കണ്ടാൽ, നമ്മൾ നടത്തുന്ന ഏകദിന സെമിനാറും ഒരുമണിക്കൂർ യൂട്യൂബ് വീഡിയോസുമൊക്കെ കണ്ട് സോ-കോൾഡ് രാഷ്ട്രീയക്കാർ നേരെ പോയി ഹോമിയോപ്പതി നിരോധിക്കും എന്ന് നമ്മൾ സീരിയസ്സായി പ്രതീക്ഷിക്കുന്നുണ്ട് എന്നേ തോന്നൂ. അങ്ങനെ അഗ്രഹിക്കാം, പക്ഷേ പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്. ഈ മാറ്റമൊക്കെ മുകളിൽ നിന്ന് താഴോട്ടല്ല, താഴെ നിന്ന് മുകളിലോട്ടേ നടക്കൂ. പറഞ്ഞുകൊണ്ടേയിരിക്കുക, നാളത്തെ നയരൂപീകരണങ്ങളിൽ ഇതൊക്കെ അറിയാവുന്നവരാണ് എത്താൻ പോകുന്നത് എന്നുറപ്പിക്കാൻ നോക്കുക.

എനിയ്ക്ക് രാഷ്ട്രീയക്കാരുമായിട്ടും, രാഷ്ട്രീയക്കാരോട് പരമപുച്ഛമുള്ള യുക്തിവാദി-പുരോഗമനവാദ്യാദികളോടും ഇടപെട്ട് പരിചയമുണ്ട്. സത്യം പറയാലോ, രാഷ്ട്രീയക്കാര് ചില പ്രശ്നങ്ങൾ പരിഹരിക്കുന്നത് കണ്ടിട്ട് "എനിക്കീ കഴിവില്ലാതെ പോയല്ലോ" എന്നത്ഭുതപ്പെട്ടിട്ടുണ്ട്. കുതിരയ്ക്ക് കൺമറ വെച്ചതുപോലെ നേരേ മുന്നോട്ടല്ല അവർ നോക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. സൈഡിലുള്ളതും മുന്നിലേയ്ക്ക് കയറാൻ സാധ്യതയുള്ളതുമായ മിക്കതും അവരുടെ കണ്ണിൽ പെടും. പൊതുവേ യാതൊരു കഴിവുമില്ലാത്തവരാണ് രാഷ്ട്രീയത്തിലിറങ്ങുന്നത് എന്നൊരു പൊതുബോധം നിലവിലുണ്ട്. പക്ഷേ ഒരു അതിര് തർക്കത്തിലിടപെടുന്ന സാദാ പഞ്ചായത്ത് മെമ്പർ പ്രകടിപ്പിക്കുന്ന ചില സ്കില്ലുകൾ ഉണ്ട്. അതിന്റെ തന്നെ വളരെ സങ്കീർണമായ ലെവൽ, രണ്ട് വകുപ്പുകൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്ന മുഖ്യമന്ത്രിയിലും കാണാനാകും. ചിലപ്പോഴൊക്കെ ഒരു തമാശയ്ക്ക് വേണ്ടി ഇത്തരം സന്ദർഭങ്ങളിൽ ഒരു 'അരാഷ്ട്രീയ'യുക്തിവാദി ആയിരുന്നെങ്കിൽ എന്ന് ഞാൻ സങ്കല്പിച്ചുനോക്കാറുണ്ട്. അരാഷ്ട്രീയനല്ലെങ്കിലും, പൊളിട്ടിക്കൽ സ്കില്ലില്ലാത്ത യുക്തിവാദി എന്ന നിലയിൽ എന്നെത്തന്നെ സങ്കല്പിച്ചുനോക്കിയാൽ പോലും കോമഡിയാണ്. അപ്പുറവും ഇപ്പുറവും നിന്ന് വഴക്ക് കൂടുന്ന ആളുകൾ മിക്കവാറും യാതൊരു യുക്തിയുമില്ലാത്ത വാദങ്ങളായിരിക്കും മുന്നോട്ട് വെക്കുന്നത്. യുക്തിവാദ ട്രെയിനിങ് വച്ച് ആദ്യം ചെയ്യുക അപ്പറഞ്ഞ വാദം ഏത് 'ഫാലസി'യാണ് എന്ന് കണ്ടുപിടിക്കലാണ്. ഫാലസിയ്ക്ക് പേരിടീലും കഴിഞ്ഞ് വാദത്തിലെ യുക്തിയും അയുക്തിയും വെയ്റ്റെടുത്ത് തീരുമാനമെടുക്കുമ്പോഴേക്കും മിക്കവാറും വഴക്ക് കൊലപാതകമായിട്ടുണ്ടാകും! രാഷ്ട്രീയക്കാരൻ ചിലപ്പോൾ അന്ധവിശ്വാസിയായിരിക്കും, നേതാവിന്റെ ന്യായീകരണത്തൊഴിലാളി ആയിരിക്കും, അങ്ങനെ പല കുഴപ്പങ്ങളുമുള്ള ആളായിരിക്കും. പക്ഷേ മിക്കവാറും അയാളാ വഴക്ക് കോംപ്രമൈസാക്കി അവിടെവെച്ച് തന്നെ വേലീം കെട്ടിച്ചിട്ട് പോകും. (ഈ പാരഗ്രാഫ് ഉൾപ്പെടുത്തിയത് എന്റെ നിലപാടുകൾ എങ്ങനെ ഉണ്ടായി എന്നതിന് ഒരു സൂചനയായിട്ടാണ്. യുക്തിവാദിയ്ക്ക് വേണമെങ്കിൽ 'anecdotal fallacy' എന്ന പ്രയോഗം കൊണ്ട് ഇത് മൊത്തം റദ്ദ് ചെയ്യാനാകും.)

സാമൂഹ്യപ്രശ്നങ്ങൾക്ക് പരിഹാരം സമൂഹത്തിലെ ഭരണസംവിധാനം വഴിയാണ് ഉണ്ടാവുക. നമ്മുടെ നാട്ടിലാണെങ്കിൽ, അത് ജനാധിപത്യത്തിലൂടെയായിരിക്കും. അതാണ് അവിടത്തെ ഗുണവും ദോഷവും. ജനത്തിൽ എല്ലാവർക്കും പങ്കുള്ളതുകൊണ്ട്, എല്ലാവരുടേയും താത്പര്യങ്ങൾ പരിഗണിക്കപ്പെടും എന്നതാണ് ഗുണം. ജനത്തിൽ ഭൂരിഭാഗം അന്ധവിശ്വാസികളാണെങ്കിൽ, അന്ധവിശ്വാസമായിരിക്കും നടപ്പിലാവുക എന്നതാണ് ദോഷം. പാക്കേജാണ്. രണ്ടും കൂടിയേ എടുക്കാൻ പറ്റൂ. ഒരു സമൂഹത്തിലെ ജനാധിപത്യഭരണത്തിന് അവിടത്തെ ജനങ്ങളുടെ ഗുണനിലവാരമേ ഉണ്ടാകൂ. പക്ഷേ ജനാധിപത്യ ഭരണസംവിധാനത്തിൽ കുഴപ്പമുണ്ടെങ്കിൽ, നിങ്ങളതിനകത്ത് ജീവിക്കുന്ന ആളാണെങ്കിൽ, അതിനെ അതിനകത്തുനിന്നുകൊണ്ട് തിരുത്തുക എന്ന ഒറ്റ ഓപ്ഷനേ മുന്നിലുള്ളൂ. അവിടെ വേറെ സമാന്തരസംവിധാനങ്ങളൊന്നും ലഭ്യമല്ല. ഉള്ളതെല്ലാം അതിനകത്താണ്. 'ഇവിടെ ഒന്നും ശരിയല്ല, എനിയ്ക്ക് പ്രവർത്തിക്കാൻ പറ്റിയ സ്ഥലമല്ല' എന്ന ചിന്തയുമായി നടക്കുന്ന കുറേ പുരോഗമനവാദികളെ കണ്ടിട്ടുണ്ട്. ബാക്കിയെല്ലാം പെർഫക്റ്റാണെങ്കിൽ മാത്രം ഉപയോഗിക്കാൻ പറ്റിയ ആശയങ്ങൾ കൊണ്ട് യാതൊരു പ്രയോജനവുമില്ല എന്നാണ് എന്റെ അഭിപ്രായം.

ആവർത്തിക്കുന്നു, തിരുത്താൻ പദ്ധതിയുള്ളവർക്കും, തിരുത്തലിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർക്കും മാത്രം ബാധകമായ കാര്യമാണീ പറയുന്നത്. പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ താത്പര്യം ഒതുങ്ങുന്ന ആളുകൾക്ക് ഇത് ബാധകമല്ല. അതല്ലെങ്കിൽ ഇവിടെ 'ഇങ്ങനെ പോരാ' എന്നുപറഞ്ഞ് നിർത്താൻ പറ്റില്ല, 'പിന്നെങ്ങനെ വേണം?' എന്ന് കൂടി പറയേണ്ടതുണ്ട്. ആ പറയുന്നത് 'ഗുണ്ടകളെയെല്ലാം ഇടിച്ച് നിരപ്പാക്കിയിട്ട്' എന്ന ലൈനിൽ ആകാനും പാടില്ല. പറഞ്ഞല്ലോ, അതൊരു ചോയ്സാണ്.

(ഇവിടെ രാഷ്ട്രീയം എന്ന വാക്കുകൊണ്ട് 'പാർട്ടിയിൽ ചേരൽ' അല്ല ഉദ്ദേശിച്ചിരിക്കുന്നത്. പക്ഷേ അതിനർത്ഥം പാർട്ടികൾ പാടില്ല എന്ന നിലപാടാണുള്ളത് എന്നല്ല. പാർട്ടികളും അവരുടെ പൊതുനയങ്ങളുമാണ് സമൂഹത്തെ ചലിപ്പിക്കുന്നതിനുള്ള പ്രായോഗിക ജനാധിപത്യ മാർഗം എന്നാണ് എന്റെ ബോധ്യം. പാർട്ടികളുടെ പൊതുനയത്തിലും നേതാക്കളുടെ ധാർമികതയിലും നിലപാടുകളിലുമൊക്കെ കുഴപ്പം കണ്ടെത്താനായേക്കും. അത് തിരുത്താൻ ഓരോ പൗരനും ബാധ്യതയുണ്ട്, എതിർക്കാൻ അവകാശമുണ്ട്. "ഞാനത് ചെയ്യുന്നുണ്ടല്ലോ" എന്ന് ചിലർക്കെങ്കിലും പറയാനായേക്കും. പക്ഷേ എല്ലാവരുമത് ചെയ്യുന്നില്ല എന്നതും, ചെയ്യാത്തവർക്കും നിങ്ങളുടെ തന്നെ അവകാശാധികാരങ്ങൾ ഉണ്ട് എന്നതും മറക്കാൻ പാടില്ല. വലിക്കാൻ ആള് കുറയുമ്പോൾ വലിയ്ക്കുന്നവർക്ക് ആയാസം കൂടും, ചിലപ്പോൾ വലിഞ്ഞില്ല എന്നുതന്നെ വരും. കൈകെട്ടി നിക്കുന്നവരെക്കൂടി കയറിൽ കൈവെക്കാൻ പ്രേരിപ്പിക്കുകയല്ലാതെ വേറെ വഴിയില്ല. Democracy is not a one-stop solution anyway!)

Comments

Popular posts from this blog

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ഫിലമറ്റോളജി- ഉമ്മ വെക്കുന്ന ശാസ്ത്രം

ഈ ശാസ്ത്രജ്ഞര്‍ വലിയ തമാശക്കാരാണ്. ഉമ്മ വെക്കുന്നതിനെ കുറിച്ച് പഠിക്കാനും ഉണ്ട് അവര്‍ക്കൊരു ശാസ്ത്രശാഖ-ഫിലമറ്റോളജി (Philematology). മാസങ്ങള്‍ പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ നെറ്റിയില്‍ വാത്സല്യത്തോടെ ഉമ്മ വെക്കുമ്പോഴോ അവസരം വരുമ്പോള്‍ പാത്തും പതുങ്ങിയും പ്രേമഭാജനത്തിന് ചൂടനൊരു കിസ്സ് വെച്ചു കൊടുക്കമ്പോഴോ ഒരു പെണ്‍കുട്ടിയെ സ്റ്റേജില്‍ വച്ച് ചുംബിച്ച് സദാചാര-അണ്ണന്‍മാരുടെ തെറിവിളി കേട്ട കമല്‍ഹാസന്റെ കാര്യം ചര്‍ച്ച ചെയ്യുമ്പോഴോ നിങ്ങളോര്‍ത്തിട്ടുണ്ടോ ഈ ഉമ്മ ഇത്രയും വല്യ സംഭവമാണെന്ന്? എന്നാ കേട്ടോ, ഉമ്മ എന്ന്‍ പറയുന്നത് അത്ര നിസ്സാര സംഗതിയൊന്നും അല്ല. കാണ്ഡം കാണ്ഡമായിട്ട് അങ്ങനെ കിടക്കയാണ് ഉമ്മ വിശേഷങ്ങള്‍! എന്താണ് ഉമ്മ? ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ശരീരത്തില്‍ ചുണ്ടുകള്‍ ചേര്‍ക്കുന്ന പ്രവൃത്തിയാണ് ഉമ്മ എന്ന്‍ പറയാം. എന്നാല്‍ ഇതിന് അര്‍ത്ഥങ്ങള്‍ സാഹചര്യത്തിനും ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും അനുസരിച്ചു മാറും. പ്രണയമോ സ്നേഹമോ വാത്സല്യമോ ബഹുമാനമോ ഭക്തിയോ സൌഹൃദമോ ആചാരമോ വരെ അങ്ങനെ ഉമ്മയുടെ അര്‍ത്ഥങ്ങള്‍ എന്തുമാവാം. ഇങ്ങനെ അര്‍ത്ഥങ്ങളും ചെയ്യുന്ന രീതികളും മാറാമെങ്കില്‍ പോലും വൈകാരിക അടു...

മനുഷ്യൻ ശരിക്കും ചന്ദ്രനിൽ ഇറങ്ങിയിരുന്നോ?

മനുഷ്യന്റെ ചന്ദ്രയാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമിട്ട പോസ്റ്റിന് കീഴിലായും മെസേജായും പലരും ആ സ്ഥിരം ചോദ്യം ഉന്നയിച്ചു- “മ നുഷ്യൻ ശരിയ്ക്കും ചന്ദ്രനിലിറങ്ങി എന്ന് വിശ്വസിക്കുന്നുണ്ടോ? ” അതിനുള്ള മറുപടിയാണ് ഈ പോസ്റ്റ്. എന്റെ ഉത്തരം കുറഞ്ഞ വാക്കുകളിൽ പറഞ്ഞാൽ, “അതെ. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങി എന്നത് വിശ്വസിക്കാൻ പറ്റാത്ത ഒന്നായി എനിക്ക് തോന്നുന്നില്ല” എന്നതാണ്. പക്ഷേ ഈ വിഷയത്തിൽ ഉത്തരം ഇങ്ങനെ പറഞ്ഞാൽ തീരെ തൃപ്തികരമാവില്ല എന്നതിനാൽ അല്പം വിശദീകരണം ആവാം. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല എന്നും അത് അമേരിക്ക നടത്തിയ ഒരു നാടകം മാത്രമാണെന്നും വിശ്വസിക്കുന്നതിന് പലർക്കും പല കാരണങ്ങളുണ്ട്. അതിൽ പ്രധാനമായും നിരീക്ഷിച്ചിട്ടുള്ള കാരണങ്ങളിൽ ചിലത്, അത് വെറും നാടകമാണെന്ന് തെളിയിക്കുന്ന കുറേ ശാസ്ത്രീയ തെളിവുകൾ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ. കൊടി പറക്കുന്നത്, നിഴൽ വീഴുന്നത്, പ്രകാശം വീഴുന്നത് അങ്ങനെ… (പ്രശ്നം സംശയമാണ്) അമേരിക്ക ഒരു വൃത്തികെട്ട രാജ്യമാണ്. അവർ ഇതല്ല, ഇതിന്റെ അപ്പുറത്തെ നാടകം കളിക്കും. (പ്രശ്നം അമേരിക്കയാണ്) മനുഷ്യന് ചന്ദ്രനിൽ ഇറങ്ങുക സാധ്യമല്ല. സാധ്യമായിരുന്നെങ്കിൽ എന്തുകൊണ്...