Skip to main content

ശാസ്ത്രത്തിലെ ആത്മീയാന്വേഷണം

ശാസ്ത്രവും ആത്മീയതയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ പലരും ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമുണ്ട്- ശാസ്ത്രം ദ്രവ്യാധിഷ്ഠിതമായി മാത്രം കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന, നിർജീവമായ അറിവുകളുടെ ഒരു കൂമ്പാരം മാത്രമാണ് എന്ന്. “ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്?” “ഞാൻ ആരാണ്?” തുടങ്ങിയ ആത്മീയചോദ്യങ്ങൾക്ക് ഉത്തരം തരാൻ ശാസ്ത്രത്തിന് കഴിയുമോ എന്ന വെല്ലുവിളി ഉയർത്തുന്നവരും ഒരുപാടുണ്ട്.
ആത്മീയത പോലെ വൈകാരികതയെ തൃപ്തിപ്പെടുത്തുന്ന ഒന്നല്ല ശാസ്ത്രം എന്നതാണ് പ്രധാന പരാതി. പക്ഷേ ശാസ്ത്രത്തെ സയൻസ് ക്ലാസിൽ പുസ്തകത്തിൽ കണ്ട വസ്തുതകളായി (facts and figures) മാത്രം പരിചയിച്ചതിന്റെ കുഴപ്പമാണത്. ഹാർഡ് ഡിസ്കിലേയ്ക്ക് സിനിമകളും ഫോട്ടോകളുമൊക്കെ സേവ് ചെയ്ത് വെക്കുന്നതുപോലെ, തലച്ചോറിൽ സംഭരിച്ച് ആവശ്യം വരുമ്പോ തുറന്നുനോക്കുന്ന വെറും ഡാറ്റാ ആയി ശാസ്ത്രത്തെ കണക്കാക്കി ശീലിച്ചതിന്റെ കുഴപ്പമാണത്. തലച്ചോറെന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലേയ്ക്ക് കൂട്ടിയിണക്കുന്ന ഒരു സോഫ്റ്റ്‌വെയറായി ശാസ്ത്രത്തെ ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നിടത്താണ് നമുക്ക് പിഴയ്ക്കുന്നത്. തത്വശാസ്ത്രം അല്ലെങ്കിൽ ഫിലോസഫി ഒരുകാലത്തും ശാസ്ത്രത്തിൽ നിന്ന് അന്യമായിരുന്നില്ല. ഭൗതികപ്രപഞ്ചത്തെക്കുറിച്ച് ഇന്നുള്ളതിന്റെ പത്ത് ശതമാനം അറിവ് പോലും ഇല്ലാതിരുന്ന കാലത്തും ശാസ്ത്രജ്ഞർ തന്നെ, ശാസ്ത്ര അറിവുമായി ബന്ധപ്പെട്ട ഫിലോസഫിക്കൽ ചർച്ചകളിൽ സജീവമായിരുന്നു. ഇന്നും അതേ. BSc, MSc എന്നുപറഞ്ഞ് പഠിച്ച് ഉയർന്നിട്ട് ഒടുവിൽ Master of Philosophy-യും Doctor of Philosophy-യും ആയി മാറുന്നത് ശ്രദ്ധിച്ചിട്ടില്ലേ? M.Phil പഠിക്കുന്ന ശാസ്ത്രവിദ്യാർത്ഥി താൻ സയൻസ് വിട്ട് ഫിലോസഫിയിലെത്തിയ കാര്യം പോലും ശ്രദ്ധിക്കുന്നില്ല എന്നത് നമ്മുടെ നാട്ടിലെ ശാസ്ത്രവിദ്യാഭ്യാസത്തിന്റെ അനേകം ഗതികേടുകളിൽ ഒന്ന് മാത്രം.

വ്യക്തിപരമായി, ശാസ്ത്രജ്ഞാനത്തിൽ ഞാൻ കാണുന്ന ഒരു ആത്മീയ തലമുണ്ട്. അഹന്ത ഒഴിവാക്കി എളിമയെ ആവാഹിക്കുന്ന ഒരു ആത്മീയ ഫിലോസഫിയാണത്. ഇത് വായിക്കുമ്പോ ചിലർക്കെങ്കിലും സയൻസും എളിമയുമെന്നത് അലുവയും മത്തിക്കറിയുമെന്നപോലത്തെ കോംബിനേഷനാണെന്ന് തോന്നുന്നുണ്ടാകും. ശാസ്ത്രവാദികളായ യുക്തിവാദികൾ അഹങ്കാരികളാണ് എന്നാണല്ലോ വെയ്പ്പ്. വിശ്വാസികളുടെ ‘അഹങ്കാര ആരോപണത്തിന്’ പിന്നിൽ തങ്ങൾ പൊന്നുപോലെ താലോലിക്കുന്നതിനെ ചോദ്യം ചെയ്യുന്നവരോടുള്ള സ്വാഭാവികമായ ചൊരുക്ക് മാത്രമേയുള്ളൂ. മതങ്ങളുടെ ആത്മീയ പ്രഭാഷണങ്ങളിൽ പുകഴ്ത്തപ്പെടുന്ന ‘എളിമ’ എന്ന അവസ്ഥ, സങ്കുചിതമായ വലയത്തിനുള്ളിൽ നിർവചിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. എന്റെ കണ്ണിൽ മതതത്വങ്ങളെല്ലാം തന്നെ അടിസ്ഥാനപരമായി അഹന്തയിലാണ് പടുത്തുയർത്തിയിരിക്കുന്നത്. മനുഷ്യൻ എന്ന, വലിയൊരു തലച്ചോറുണ്ടായതിന്റെ പേരിൽ മാത്രം ഈ ഭൂമിയുടെ തന്നെ ആധിപത്യം കൈയാളുന്നവരായി മാറിയ, ലക്ഷക്കണക്കിന് ജീവിവർഗങ്ങൾക്കിടയിൽ ഒന്നുമാത്രമായ, ജീവിയെ കേന്ദ്രസ്ഥാനത്ത് നിർത്തിയാണ് എല്ലാ മതങ്ങളും ആത്മീയ ഫിലോസഫി പറയുന്നത്. അങ്ങനെയുള്ള ഫിലോസഫികളിലേ ശരാശരി വിശ്വാസിയ്ക്ക് താത്പര്യവുമുള്ളു. ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്, താനാരാണ് തുടങ്ങിയ ചിന്തകളൊക്കെ മനുഷ്യനായി ജനിച്ച അഹങ്കാരത്തിലാണ് നിലനിൽക്കുന്നത്. ഒരു പട്ടി ആരാണ്? കൊതുകിന്റെ ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണ് തുടങ്ങിയ ചോദ്യങ്ങൾ എത്ര പേർ ചർച്ച ചെയ്യാറുണ്ട്? മനുഷ്യജീവിതത്തിന് ഒരു പ്രത്യേക ഉദ്ദേശ്യമുണ്ട് എന്നാരാണ് പറഞ്ഞത്? എന്തടിസ്ഥാനത്തിലാണ് അത് ഉറപ്പിച്ചത്? തുടങ്ങിയ ചോദ്യങ്ങൾ മനുഷ്യന്റെ അപ്രമാദിത്വത്തെ വെല്ലുവിളിക്കുന്നവയാണ്. പ്രത്യേകിച്ച് ജീവിതോദ്ദേശ്യമൊന്നുമില്ലാത്ത കൊതുകിനോടോ പട്ടിയോടോ ഉപമിക്കപ്പെടുന്നത് മനുഷ്യന് അപമാനകരമാണ്. അതുകൊണ്ട്, അഹങ്കാരത്തിന്റെ വൈകാരികതയെ തൃപ്തിപ്പെടുത്താൻ മതത്തിന്റെ ആത്മീയതയ്ക്കേ കഴിയൂ.

മനുഷ്യനെ സകലതിന്റേയും കേന്ദ്രസ്ഥാനത്ത് നിന്ന് എടുത്ത് മാറ്റുക എന്നതാണ് ശാസ്ത്രത്തിന്റെ ആത്മീയതയിലെ ആദ്യഘട്ടം തന്നെ. ഈ ഭൗതികപ്രപഞ്ചത്തിന്റെ വലിപ്പത്തിന് മുന്നിൽ ഒന്നുമല്ലാത്ത ഒരു ഗ്യാലക്സിയിലെ, ഒന്നുമല്ലാത്ത ഒരു നക്ഷത്രത്തിലെ ഒന്നുമല്ലാത്ത ഒരു ഗ്രഹത്തിലെ, ലക്ഷക്കണക്കിന് ജീവികളിൽ ഒന്ന് മാത്രമാണ് താനെന്ന എളിമയാണ് അത് മനുഷ്യനിലേയ്ക്ക് പകരുന്നത്. താൻ വെറും ദ്രവ്യമാണെന്ന തിരിച്ചറിവിന് ദ്രവ്യാധിഷ്ഠിതമല്ലാത്ത, വൈകാരികതയെ തൃപ്തിപ്പെടുത്തുന്ന ഒരു ആത്മീയതലം എനിയ്ക്ക് സങ്കല്പിക്കാൻ കഴിയുന്നുണ്ട്. അനന്തമായ ഈ പ്രപഞ്ചത്തിൽ ആയിരം പ്രകാശവർഷങ്ങൾക്കകലെ ജ്വലിക്കുന്ന ഒരു നക്ഷത്രത്തിലേയും എന്റെ ആമാശയത്തിലെയും പ്രതിഭാസങ്ങൾ ഒരേ ഭൗതികശാസ്ത്ര നിയമങ്ങൾ അനുസരിക്കുന്നു, എന്റെ നഖവും ഒരു ന്യൂട്രോൺ സ്റ്റാറും ഒരേ മൗലിക കണങ്ങളാൽ നിർമിക്കപ്പെട്ടിരിക്കുന്നു തുടങ്ങിയ തിരിച്ചറിവുകൾ പ്രപഞ്ചവുമായി ഒന്നുചേരുന്ന ഒരുതരം ആത്മീയ അവസ്ഥ തന്നെയാണ്. മതങ്ങൾ ഘോരഘോരം പ്രസംഗിച്ചിട്ടും ഒരു മതവിശ്വാസിയും ഇനിയും എത്തിയിട്ടില്ലാത്ത ‘വേർതിരിവുകളില്ലാത്ത’ ലോകവീക്ഷണം അവിടെ താനേ വന്നുചേരും. ജാതി-മത-ലിംഗ-വർണ-വർഗ ഭേദമില്ലാതെ മനുഷ്യരേയും ജീവനുള്ളതോ ഇല്ലാത്തതോ എന്ന വ്യത്യാസമില്ലാതെ പ്രപഞ്ചത്തേയും നോക്കിക്കാണുന്ന, അതിരുകളില്ലാത്ത ആ ആത്മീയതയാണ് എന്റെ കണ്ണിൽ എളിമയുടെ ആത്മീയത, “ലോകാസമസ്താ സുഖിനോ ഭവന്തു, കൊല്ലെടാ പാകിസ്ഥാൻകാരനെ!” എന്ന ചിന്തയല്ല. ‘പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും ഒരേ ബ്രഹ്മം തന്നെയാണുള്ളത്’ എന്ന ഫിലോസഫിയുമായി ഇപ്പറഞ്ഞതിന് സാമ്യം തോന്നിയേക്കാം. പക്ഷേ തൊലിപ്പുറത്തെ സാമ്യം മാത്രമാണത്. കാരണം ശാസ്ത്രത്തിലേത് വെറുമൊരു ചിന്താവ്യായാമം അല്ല. അതൊരു ‘grounded truth’ ആണ്. അതൊരു പറക്കുന്ന പട്ടമാണെങ്കിൽ, നിശ്ചിതമായ ഒരു സ്ഥലത്ത് അതിനൊരു കെട്ടുണ്ട്. അവിടെന്നാണത് പറന്നുപൊങ്ങുന്നത്, വായുവിൽ നിന്ന് തനിയേ പ്രത്യക്ഷപ്പെടുകയല്ല. ശാസ്ത്രത്തിലെ ‘നിർജീവമായ അറിവ്’ ആദ്യം കൂട്ടിയെടുത്ത് നമ്മൾ തന്നെ ആ പട്ടം ഉണ്ടാക്കേണ്ടതുണ്ട്. അതാണതിലെ ഏറ്റവും പ്രധാന ഘട്ടവും. പട്ടമുണ്ടാക്കാതെ അത് മുകളിലേയ്ക്ക് പറത്താനാവില്ല എന്നതുപോലെ, നിലവിലുള്ള അറിവ് സ്വായത്തമാക്കിയാലേ ആ ആത്മീയ തലത്തിലേയ്ക്ക് അത് പറത്താനാവൂ എന്നൊരു പരിമിതിയുണ്ട്. പക്ഷേ ഒരു അസ്വാതന്ത്ര്യമാണ് അവിടത്തെ രസം. കൈയിലുള്ള ആയുധങ്ങൾ വച്ച് മാത്രം കളിക്കേണ്ട ഒരു ഗെയിം ആണത്. ഉത്തരമില്ലാത്തിടത്ത്, ദൈവവും ആത്മാവും പോലെ തെളിവില്ലാത്ത ഊഹങ്ങൾ നിറച്ച് രക്ഷപ്പെടേണ്ട ആവശ്യമില്ല. കാരണം എല്ലാ ചോദ്യങ്ങൾക്കും ഉത്തരം വേണമെന്ന നിർബന്ധം ഇല്ല. എല്ലാറ്റിനും നമ്മുടെ കൈയിൽ ഉത്തരമുണ്ട് എന്ന അഹന്ത കൂടി കളയുന്നതിലൂടെ അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് സമ്മതിക്കാനുള്ള എളിമയും സ്വന്തമാകുന്നു. അറിയാത്ത കാര്യങ്ങളെ അന്വേഷിച്ച് കണ്ടെത്തുന്നതിലും, അതിൽ നിന്ന് വിശാലമായ പ്രപഞ്ചവീക്ഷണം രൂപപ്പെടുത്തുന്നതിലുമാണ് ഞാൻ ആത്മീയാന്വേഷണം കാണുന്നത്.

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

സെക്കന്‍റ് ഷോ: രണ്ടു പാതിരാക്കഥകള്‍

സെക്കന്‍റ് ഷോ കഴിഞ്ഞ് ഒറ്റയ്ക്ക് തിരുവനന്തപുരം നഗരം മുതല്‍ 5 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹോസ്റ്റല്‍ വരെ നടക്കുന്ന ഒരു (ദു)ശീലം എനിക്കുണ്ട്. പലവിധ അനുഭവങ്ങളും കാഴ്ചകളും സമ്മാനിച്ചിട്ടുള്ള ആ യാത്രകളുടെ ഏടുകളില്‍ നിന്നും മാന്തിപ്പറിച്ചെടുത്ത രണ്ടു സംഭവങ്ങളാണ് ഇനി പറയുന്നത്. കുതിരപ്പോലീസും ഞാനും സംഭവം നടക്കുന്നത് ഇന്ന്‍ രാവിലെ 12.05 നു കിള്ളിപ്പാലത്തിനടുത്ത് 8.48 ഡിഗ്രി വടക്ക് 76.95 ഡിഗ്രി കിഴക്ക് കോര്‍ഡിനേറ്റുകളില്‍ ആണ്. ഞാന്‍ പതിവുപോലെ തനി ബൂര്‍ഷ്വാ സെറ്റപ്പില്‍ ചെവിയില്‍ ഇയര്‍ ഫോണും ബാക് പാക്കും ഒക്കെയായി നടന്ന്‍ വരുന്നു. കൊച്ചാര്‍ റോഡില്‍ നിന്നും നാഷണല്‍ ഹൈവേയിലേക്ക് വന്നുകൊണ്ടിരുന്ന രണ്ടു കുതിരപ്പോലീസുകാരില്‍ (ആശ്വാരൂഢസേന എന്ന്‍ വിവരമുള്ളവര്‍ പറയുന്ന ആ സാധനം) ഒരാള്‍ കൈകൊട്ടി വിളിക്കുന്നു. പണ്ട് ഇതേ ലൊക്കേഷനില്‍ വച്ച് വേഷം മാറി നിന്ന വിജയന്‍ IPS സര്‍ പൊക്കിയത് ഓര്‍ത്തുകൊണ്ട് ഞാന്‍ നിന്നു. "എങ്ങോട്ടെഡേയ്?" (ചോദ്യം) "സാറേ, പാപ്പനംകോട്" മറ്റേ പോലീസുകാരന്റെ മുഖത്തേക്ക് ഒന്ന്‍ നോക്കി, പിന്നെ വാച്ചിലും നോക്കിയിട്ട് വീണ്ടും ചോദ്യം ...