Skip to main content

അല്ല, ഇതല്ല പരിണാമസിദ്ധാന്തം...

പരിണാമ സിദ്ധാന്തം എന്ന് പറയുമ്പോഴൊക്കെ മനസിലേയ്ക്ക് വരാൻ സാധ്യതയുള്ള ഒരു ചിത്രമാണിത്. ഗൂഗിളിൽ 'theory of evolution' എന്നൊരു ഇമേജ് സർച്ച് നടത്തി നോക്കിയാൽ ഏറ്റവും കൂടുതൽ വരുന്നതും ഈ ചിത്രമോ ഇതിന്റെ ഏതെങ്കിലും വകഭേദമോ ആയിരിക്കും.

പക്ഷേ പരിണാമസിദ്ധാന്തത്തെ ജനങ്ങൾ ശരിയ്ക്ക് മനസിലാക്കാതിരിക്കാൻ ഒരു പ്രധാന കാരണം ഈ ചിത്രമായിരിക്കണം (മറ്റൊരു കാരണം തീർച്ചയായും മതവിദ്യാഭ്യാസം തന്നെ). കാരണം, ഇത്രയധികം പോപ്പുലറാണെങ്കിൽ പോലും ഈ ചിത്രം പരിണാമസിദ്ധാന്തത്തെ കുറിച്ച് വളരെ തെറ്റായ ഒരു ധാരണയാണ് ഉണ്ടാക്കുന്നത്. ഈ ചിത്രത്തിൽ കാണുന്നത് ജീവപരിണാമം അല്ലേയല്ല. സത്യത്തിൽ മനുഷ്യന്റെ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളെ ഒരേ ചിത്രത്തിൽ കാണിച്ചിരിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. Early Man എന്ന പുസ്തകത്തിന് വേണ്ടി റുഡോൾഫ് സാലിംഗർ എന്ന ചിത്രകാരൻ തയ്യാറാക്കിയ March of Progress എന്ന ചിത്രീകരണമാണ് ഇതിന്റെ തുടക്കം. അതിൽ പതിനഞ്ച് ജീവികളെയാണ് ഉൾക്കൊള്ളിച്ചിരുന്നത്. പിന്നീട് അതിനെ അനുകരിച്ചും, അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടും വന്ന ലക്ഷക്കണക്കിന് ചിത്രങ്ങളിലൂടെ ഇത് ജീവപരിണാമത്തിന്റെ ഐക്കണായി മാറുകയായിരുന്നു.

ഈ ചിത്രത്തിൽ നിന്നും ഉണ്ടാകാവുന്ന ചില പ്രധാന തെറ്റിദ്ധാരണകൾ പരിശോധിയ്ക്കാം:

1. "കുരങ്ങനിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത്"

അല്ലേയല്ല. ഈ ചിത്രത്തിൽ ഇടത്തേയറ്റം കാണുന്ന ജീവിയ്ക്ക് കുരങ്ങനോട് സാമ്യം തോന്നുന്നുണ്ട് എങ്കിലും അത് കുരങ്ങനല്ല. ഇന്നുള്ള ഒരു ജീവിയുടേയും പിന്നിലേക്കുള്ള പരിണാമ ചരിത്രത്തിൽ ഇന്നുള്ള മറ്റൊരു ജീവി ഉണ്ടാകില്ല. കുരങ്ങനും മനുഷ്യനും ഒരേ സമയം ഇന്നീ ലോകത്ത് കാണപ്പെടുന്ന ജീവികളാണ്. എന്നാൽ ഈ ചിത്രത്തിലെ വിവിധ കണ്ണികളായ ജീവികളൊന്നും തന്നെ ഒരുമിച്ച് ജീവിച്ചിരുന്നവയല്ല. ലക്ഷക്കണക്കിന് വർഷങ്ങളെടുത്ത് ഒരു കണ്ണിയിൽ നിന്നും മറ്റൊന്നിലേയ്ക്ക് പരിണമിയ്ക്കുകയാണ് ചെയ്തത്. കുരങ്ങനിൽ നിന്നല്ല മനുഷ്യൻ ഉണ്ടായത്, കുരങ്ങനും മനുഷ്യനും ഒരേ പൂർവികജീവിയിൽ നിന്നാണ് ഉണ്ടായത്. ആ പൂർവിക ജീവി ഇന്നില്ല! പോസ്റ്റിലെ ചിത്രം കാണിച്ചിട്ട്, "പരിണാമം ശരിയാണെങ്കിൽ ആദ്യത്തേയും അവസാനത്തേയും ജീവികൾക്ക് (കുരങ്ങനും മനുഷ്യനും) ഇടയിലുള്ള മറ്റ് ജീവികൾ എവിടെപ്പോയെന്ന് കാണിക്കെടാ" എന്ന് വെല്ലുവിളിക്കുന്ന ചേട്ടൻമാർ ഇനിയെങ്കിലും അതിലെ വിഡ്ഢിത്തം തിരിച്ചറിയുക.

2. "മനുഷ്യൻ ഉണ്ടായി വരുന്ന പ്രക്രിയയാണ് ജീവപരിണാമം"

അല്ല. മനുഷ്യനെ ഉണ്ടാക്കുക എന്നതല്ല ജീവപരിണാമത്തിന്റെ ലക്ഷ്യം. അതിന് ലക്ഷ്യമേയില്ല! പ്രാകൃതമായ ഒരു കുരങ്ങുജീവിയിൽ നിന്നും പടിപടിയായി പുരോഗതി പ്രാപിച്ച് മനുഷ്യൻ എന്ന ജീവി ഉണ്ടാകുന്നു എന്ന രീതിയിൽ, ഒരു പ്രത്യേക ദിശയിൽ സംഭവിക്കുന്ന ഒരു പ്രതിഭാസമായി പരിണാമത്തെ ഇത് ചിത്രീകരിക്കുന്നു. പോരാത്തതിന് മനുഷ്യൻ പുരോഗതിയുടെ ഉച്ചകോടിയിൽ നിൽക്കുന്ന ജീവിയാണ് എന്ന മതപരമായ അഹങ്കാരത്തിന് കൂടി ഈ ചിത്രം ചൂട്ടുപിടിക്കുന്നു. പരിണാമസിദ്ധാന്തത്തിന്റെ അന്തഃസത്തയെ തന്നെ കെടുത്തുന്ന ഒരു പരിപാടിയാണത്. പരിണാമം എന്തല്ലയോ, അതാണ് ഇവിടെ പ്രകടമാകുന്നത്. പരിണാമം ഒരിയ്ക്കലും 'പുരോഗതി' ലക്ഷ്യമാക്കി നീങ്ങുന്ന ഒരു നിയന്ത്രിതപ്രതിഭാസമല്ല. അത് തികച്ചും സ്വാഭാവികമായി, അന്ധമായി, യാതൊരു ദിശാബോധവുമില്ലാതെ സംഭവിക്കുന്ന ഒന്നാണ്. ഏറ്റവും 'മികച്ച' ജീവികളുമല്ല പരിണാമത്തിലൂടെ ഉണ്ടാകുന്നത്. മനുഷ്യൻ ഇത്തരമൊരു 'പുരോഗതി'യുടെ അറ്റത്തെ കണ്ണിയല്ല എന്നുമാത്രമല്ല, വളരുന്ന ഒരു മരത്തിന്റെ ചില്ലകൾ പോലെ പല പല ദിശകളിലായി ഒരേ സമയം സംഭവിക്കുന്ന ജീവിവർഗങ്ങളുടെ പരിണാമത്തിനിടയ്ക്ക് ഒരു പ്രത്യേക ചില്ലയിൽ സ്ഥാനം പിടിച്ച ഒരു ജീവിവർഗം മാത്രമാണ്. പരിണാമപ്രക്രിയ മനുഷ്യനിൽ അവസാനിക്കാനും പോകുന്നില്ല. ഇനി പരിണാമം സംഭവിച്ച് മനുഷ്യൻ ഏത് ജീവിയായി മാറും എന്ന് ചോദിക്കരുത്. കാരണം നേരത്തെ പറഞ്ഞത് തന്നെ. ഏതെങ്കിലും പ്രത്യേക ദിശയിലേക്കല്ല അത് സംഭവിക്കുന്നത്. അതിന് യാതൊരു ലക്ഷ്യബോധവുമില്ല.

3. "സിനിമയിൽ മനുഷ്യൻ പട്ടിയായി മാറുന്ന വിഷ്വൽ ഇഫക്റ്റ്സ് ഒക്കെ കാണിക്കുന്നപോലെ സംഭവിക്കുന്ന ഒന്നാണ് പരിണാമം"

ഒരു ദിവസം ഒരു കുരങ്ങൻ ഉറങ്ങാൻ കിടന്നിട്ട് ഉണർന്നപ്പോൾ മനുഷ്യനായി മാറി എന്ന മട്ടിലാണ് ഒരുപാട് പേർ പരിണാമത്തെ മനസിലാക്കി വെച്ചിരിക്കുന്നത് (ചിലർക്ക് മനസിലാവാഞ്ഞിട്ടല്ല, പക്ഷേ അതിനെയാണ് എതിർക്കാനെളുപ്പം എന്നുള്ളതുകൊണ്ട് അങ്ങനെ വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നു) പരിണാമം സംഭവിക്കുന്നത് വളർന്ന് വലുതായ ജീവികളുടെ ശരീരത്തിലല്ല. അത് ഒരു ജീവിയുടെ തിരിച്ചറിയൽ (identity) നിശ്ചയിക്കുന്ന കോശങ്ങളിലെ ഡി.എൻ.ഏ.യ്ക്കുള്ളിലാണ് സംഭവിക്കുന്നത്, അതായത് തന്മാത്രാ തലത്തിൽ. എല്ലാ ജീവികളിലും ശരീരവളർച്ചയും പ്രത്യുൽപാദനവും നടക്കുന്നത് കോശവിഭജനം വഴിയാണല്ലോ (സിക്താണ്ഡം എന്ന ഒറ്റക്കോശം പല തവണ വിഭജിച്ചാണ് നമ്മുടെയൊക്കെ വലിയ ശരീരം ഉണ്ടായത് എന്നോർക്കണം). ഒരു കോശം വിഭജിച്ച് രണ്ടാകുമ്പോൾ അതിലെ ഡീ.എൻ.ഏയും ഏതാണ്ട് തുല്യമായ രണ്ട് കോപ്പികളായി മാറുന്നുണ്ട്. ഇതിലെ 'തുല്യമായ' എന്ന പ്രത്യേകത കാരണമാണ് പട്ടിയ്ക്ക് പട്ടിക്കുട്ടിയും മനുഷ്യന് മനുഷ്യക്കുട്ടിയും തന്നെ ഉണ്ടാകുന്നത്. 'ഏതാണ്ട് തുല്യമായ' എന്നതിലെ 'ഏതാണ്ട്' ആണ് ജീവപരിണാമത്തിന് കാരണമാകുന്നത്. ഡീ.എൻ.ഏ. എന്നത് ഒരു നെടുങ്കൻ തന്മാത്രയാണെന്നറിയാമല്ലോ. കോപ്പി എടുത്തോണ്ടിരിക്കുന്ന സമയത്ത് അല്ലറ ചില്ലറ 'തെറ്റുകളൊ'ക്കെ സംഭവിക്കാവുന്നതേയുള്ളു, ചിലപ്പോൾ കുറേ ആറ്റങ്ങളുടെ അടുക്ക് മാറിപ്പോയെന്ന് വരാം (ഇതിനെ മ്യൂട്ടേഷൻ എന്ന് വിളിക്കും). ഇത് വളരെ റാൻഡമായി സംഭവിക്കുതാണ്. ചിലപ്പോ ഇത് കൊണ്ട് കാര്യമായ മാറ്റമൊന്നും ഉണ്ടാകില്ല. എന്നാൽ ചിലപ്പോ ഈ മ്യൂട്ടേഷൻ കാരണം ആ കോശത്തിൽ നിന്ന് വളർന്ന് ഉണ്ടാകുന്ന ജീവിയ്ക്ക് സാരമായ എന്തെങ്കിലും മാറ്റം സംഭവിച്ചെന്നും വരാം. ആ മാറ്റം സാഹചര്യങ്ങളോട് ഒത്തുപോകാൻ കൂടുതൽ സഹായകമാണ് എന്നുവന്നാൽ ആ പ്രത്യേകജീവി മറ്റ് ജീവികളെ അപേക്ഷിച്ച് കൂടുതൽ അതിജീവിക്കുകയും, ഈ മാറ്റം അടുത്ത തലമുറയിലേയ്ക്ക് കൈമാറുകയും ചെയ്യും. മറിച്ച് സാഹചര്യങ്ങളോട് ചേരാത്തതാണെങ്കിൽ അത് കുറച്ചേ അതിജീവിക്കൂ. കാലം കടന്നുപോകുമ്പോൾ (ചില്ലറ കാലയളവൊന്നും പോരാ എന്നോർമ്മിപ്പിക്കുന്നു), അതിജീവനത്തിന് സഹായകമായ മാറ്റം ലഭിച്ച ജീവികൾ മാത്രം അവശേഷിക്കുകയും അല്ലാത്തവ പതിയെ ചിത്രത്തിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്യും. (ഇതാണ് പ്രകൃതിനിർദ്ധാരണം അഥവാ natural selection) ഇങ്ങനെയാണ് പതിയെ പുതിയ ജീവിവർഗങ്ങൾ ഉണ്ടാകുന്നത്. അതായത് വെറും യാദൃച്ഛികതയുടെ പേരിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സഹായകമാകുന്നത് നിലനിൽക്കുകയും അല്ലാത്തവ ഇല്ലാതാകുകയും ചെയ്യുന്ന, യാതൊരു ദിശാബോധവും ഇല്ലാത്ത, ലളിതമായ പ്രതിഭാസമാണ് ജീവപരിണാമം. ക്രമമില്ലായ്മയിൽ നിന്നും വളരെ സാവധാനം ക്രമമായ ഒരു പാറ്റേൺ രൂപം കൊള്ളുക എന്ന ഈ ഉജ്ജ്വലമായ ആശയമാണ് ജീവപരിണാമത്തിന്റെ ഭംഗി. (ഡാർവിൻ മതപുരോഹിതരുടെ ശത്രുവായതിൽ അത്ഭുതമുണ്ടോ? ജീവികളിലെ ക്രമം ഉണ്ടാക്കാൻ ദൈവമെന്ന എഞ്ചിനീയർ ഇരുന്ന് 'ഗ്രാഫിക് ഡിസൈൻ' ചെയ്യേണ്ട ആവശ്യമില്ല, അതിന് താനേ ഉണ്ടാകാവുന്നതേയുള്ളു എന്നുവന്നാൽ കളി കൈയീന്ന് പോയില്ലേ!)

Comments

  1. ചങ്ങാതി ,
    മികച്ച അവതരണം .....അങ്ങയെപ്പോലുള്ളവരുടെ ക്രിയാത്മകമായ ഇടപെടലാണ് ഇന്ന് സമൂഹത്തിനു വേണ്ടത് , അല്ലാതെ തെളിവുകള്‍ മുന്നില്‍ പച്ചയ്ക്ക് നിരത്തുമ്പോള്‍ ഇതൊന്നും തെളിവല്ല , എന്‍റെ തെളിവിങ്ങനല്ല എന്ന് പറയുന്ന " ഉമ്മനിസത്തിന്‍റെ " വക്താക്കളെ അല്ല ...

    ReplyDelete
  2. മികച്ച ലേഖനം അശാസ്ത്രീയ ചിന്തക:ൾക്കെതിരെ കൂടുതൽ ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു

    ReplyDelete

Post a Comment

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

"നിങ്ങൾ പഠിച്ചിട്ട് വിമർശിക്കൂ"

"ചേട്ടാ, ഇന്നാള് ഞാനൊരു പുസ്തകം വായിച്ചു. കഥയും നോവല്വോന്നുമല്ല. 1800 പേജുകളുള്ള, വളരെ വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തകം. ഇന്‍ഡ്യയെക്കുറിച്ചാണ് അതില്‍ വിവരിക്കുന്നത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത മാവോ സേ തൂങ്ങിന്റെ ജീവിതകഥയും തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ ചെങ്കോട്ടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ആയതുവരെയുള്ള സംഭവങ്ങളുമാണ് അതിന്റെ ആമുഖം." "എന്ത്?! നീയെന്തോന്നെടാ ഈ പറയുന്നത്?" "ആ, അതേന്നേ! പിന്നെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ഇന്‍ഡ്യയുടെ ചരിത്രം മൊത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്". "ശ്ശെന്റെ പൊന്നേ! നീയാ 1800 പേജും വായിച്ചാ?!" "വായിച്ചു. പിന്നില്ലാതെ?" "നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇമ്മാതിരി ഐറ്റങ്ങളൊക്കെ വായിച്ച് സമയം കളയാന്‍?" "അതെങ്ങനാ ചേട്ടാ സമയം കളയലാവുന്നത്?" "എടാ, ഇതൊക്കെ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞൂടെ സാധനം മൊത്തം പൊട്ടത്തെറ്റാണെന്ന്? പിന്നെ വായിച്ച് സമയം കളയണോ?" "എന്നാലും ചേട്ടാ ഇത്രയും വിശദമായി എഴുതിയേക്കുന്നതല്ല...