പണ്ട് ഞാനും എന്റെ മിമിക്രി ട്രൂപ്പും കൂടി ഒരിടത്ത് പരിപാടി നടത്താൻ പോയ ദിവസം... എന്നൊക്കെ പറഞ്ഞ് ഈ കഥ തുടങ്ങാനായിരുന്നു എനിക്കിഷ്ടം. പക്ഷേ മിമിക്രി അവതരിപ്പിക്കാൻ പോയി എന്നതൊഴിച്ചാൽ ബാക്കി ഭാഗങ്ങളൊന്നും സാങ്കേതികമായി ശരിയല്ലാത്തതിനാൽ അതങ്ങ് ഒഴിവാക്കുന്നു. ഞാനും എന്നെപ്പോലെ അരമിമിക്രിക്കാരായ രണ്ട് ചങ്ങാതിമാരും കൂടി, ജീവിതത്തിൽ ആദ്യമായി (ഒരുപക്ഷേ അവസാനമായും) പുറത്തൊരിടത്ത് ഒരു ഇൻവൈറ്റഡ് മിമിക്സ് പരേഡ് അവതരിപ്പിക്കാൻ പോയ കഥയാണ് പറയാൻ പോകുന്നത്.
പശ്ചാത്തലം (ബ്ലാക് ആൻ വൈറ്റിൽ ആലോചിക്കുക): ഞങ്ങൾ സ്വന്തം തട്ടകമായ ഗവേഷണസ്ഥാപനത്തിൽ അവതരിപ്പിച്ച ഒരു ഓണാഘോഷ മിമിക്രി പരിപാടി കണ്ടിട്ട് ഇഷ്ടപ്പെട്ട ഒരു പരിചയക്കാരൻ -മിസ്ററർ എക്സ്- ഞങ്ങളെ മറ്റൊരിടത്ത് അതേ പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കുന്നു. ഒരു റീയൂണിയൻ ഫങ്ഷനാണ് പരിപാടി വേണ്ടത്. തലസ്ഥാന നഗരിയിലെ ഒരു പ്രമുഖ സ്ഥലമാണ് വേദി. (ജാമ്യം- 'പ്രമുഖ'സ്ഥലം എന്ന് പറയുന്നത് അത് വെളിപ്പെടുത്തുന്നതിൽ ചില വ്യക്തിപരമായ റിസ്കുകൾ ഉള്ളതുകൊണ്ട് മാത്രമാണ്. പത്രവാർത്തകളിലെ 'പ്രമുഖ'സ്ഥലങ്ങളെപ്പോലെ തരികിട ഏർപ്പാടൊന്നുമല്ലായിരുന്നു)
ഞങ്ങൾ മൂന്ന് പേരും കൂടിയാലോചിച്ചു. ഒരുപാട് തിരക്കുകൾ ഉള്ള ദിവസമാണ്. പരിപാടിയ്ക്ക് പോയാൽ സീനിയേഴ്സിന്റേയോ സൂപ്പർവൈസേഴ്സിന്റേയോ ഒക്കെ തെറിവിളി കേൾക്കാനും സാധ്യതയുണ്ട്. പക്ഷേ ഞങ്ങളെ കാത്തിരിക്കുന്ന ഫെയിം, പ്രശസ്തി, അതോർക്കുമ്പോ പോകാതിരിക്കാനും തോന്നുന്നില്ല. പരിപാടിയെങ്ങാനും ഏറ്റാൽ ഞങ്ങളാരാ? തിരക്കിട്ട ഗവേഷണജീവിതത്തിനിടെ മിമിക്രി കലയെ ഉപാസിക്കാൻ സമയം കണ്ടെത്തുന്ന യുവഗവേഷകകലാകാരൻമാർ എന്ന ഖ്യാതി... അഭിനന്ദനങ്ങൾ... അരേ വാഹ്! മൊത്തത്തിൽ അതൊരു കളറ് പരിപാടി തന്നെയായിരിക്കുമല്ലോ.
ആ പരിപാടി ഏറ്റെടുക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ജഗതി പറഞ്ഞതുപോലെ പകലുകളെ രാത്രികളാക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ, രാത്രികളിൽ ചിലതിനെ പകലുകളാക്കി ഞങ്ങൾ കൊണ്ടുപിടിച്ച പ്രാക്റ്റീസ് തുടങ്ങി. പുറത്തേയ്ക്കൊക്കെ പോകുമ്പോൾ പരിപാടിയ്ക്ക് ലോക്കൽ നിലവാരം പോരല്ലോ. സ്ക്രിപ്റ്റിലും കോസ്റ്റ്യൂമിലും വരെ പുതുമകൾ കുത്തിത്തിരുകാൻ മൂന്നുപേരും മത്സരിച്ചു. അന്നത്തെ ഷുവർ ഹിറ്റ് കോമഡി ചേരുവയായ സന്തോഷ് പണ്ഡിറ്റിനെ ക്ലൈമാക്സിൽ അവതരിപ്പിക്കുക എന്ന ഗംഭീര ആശയത്തിലൂടെ ഞാൻ സഹമിമിക്രിക്കാരുടെ അഭിനന്ദനവും ഏറ്റുവാങ്ങി. ഇടക്കിടെ മിസ്റ്റർ എക്സ് വിളിച്ചപ്പോഴൊക്കെ, "സാറ് നോക്കിക്കോ, പരിപാടി നമ്മൾ പ്വൊളിക്കും" എന്ന് തന്നെ തീർത്ത് പറഞ്ഞു.
സംഭവദിവസം, സംഭവസമയത്തിന് ഒരു മണിക്കൂർ മുന്നേ (ഉച്ച തിരിഞ്ഞ്) ഞങ്ങൾ മേൽപ്പറഞ്ഞ പ്രമുഖ സ്ഥലത്തെത്തി. അതും ഓട്ടോറിക്ഷയിൽ! സ്വന്തം വൈവയ്ക്ക് വേണമെങ്കിൽ നടന്നുപോകുന്ന ടീമുകളാണ് മൂന്നും. ഇതുപിന്നെ ഇൻവൈറ്റഡ് ആർട്ടിസ്റ്റുമാരായിപ്പോയില്ലേ!
അകത്തേയ്ക്ക് കയറി. അവിടെ റീയൂണിയൻ നടക്കുന്ന വേദിയിലെത്തി. അവിടെ ബാനർ കെട്ടീട്ടുണ്ട്- "പ്രമുഖ കോളേജ് 1952 ബാച്ച് റീയൂണിയൻ" അതായത് മിസ്റ്റർ എക്സിന്റെ പിതാവിന്റെ കോളജ് ബാച്ചിന്റെ റീയൂണിയനാണ് എന്ന് ഞങ്ങളറിഞ്ഞിരുന്നില്ല! ഓഡിയൻസിനെ കണ്ടിട്ട് ഒരു ഭാഗവതസപ്താഹം നടത്താൻ പറ്റിയ മൂഡാണ്. എല്ലാം വെരി വെരി സീനിയർ സിറ്റിസൻസ്. ഞങ്ങടെ ഉള്ളൊന്ന് കാളി. വിയറ്റ്നാം കോളനിയിലെ മോഹൻലാൽ-ഇന്നസെന്റ് കോംബോയെപ്പോലെ ഒരു സംഭാഷണം ഉടനടി അവിടെ നടന്നു;
"ഡേയ്, നമ്മളീ സന്തോഷ് പണ്ഡിറ്റിനെയൊക്കെ വച്ച് കോമഡി പറഞ്ഞാൽ 52-ബാച്ചിലെ അപ്പൂപ്പൻമാർക്ക് ചിരിവരുമോ? പരിപാടി അവർക്ക് മനസിലാവാതെങ്ങാനും വരുമോ?"
"ഏയ്....." -pause- "അങ്ങനെ വരുമോ?"
"ഏയ്... മനസിലാവുമായിരിക്കും."
റീയൂണിയന് വന്ന ചിലരൊക്കെ മക്കളേയും കൊച്ചുമക്കളേയും കൊണ്ടുവന്നിട്ടുണ്ട്. ആ ഒരു മൂഡിൽ പരിപാടി പൊയ്ക്കോളും എന്ന ധാരണയിൽ, ടെൻഷൻ മറക്കാൻ ഞങ്ങളവിടൊക്കെ ഒന്ന് ചുറ്റി. അവിടെ ഒരു വശത്ത് മേശയിൽ റെഡ് ലേബൽ, ബെക്കാർഡി പോലുള്ള തറവാട്ടിൽപ്പിറന്ന സാറൻമാരുടെ ഒഴിഞ്ഞ കുപ്പികൾ കൂടിക്കിടക്കുന്നത് കണ്ടതോടെ ഞങ്ങൾ വീണ്ടും പരസ്പരം നോക്കി. ഉച്ചതിരിഞ്ഞ സമയം, എഴുപത് കഴിഞ്ഞ പ്രായം, ഉള്ളിൽ മറ്റവനും... ഓഡിയൻസിന്റെ മുക്കാൽ ഭാഗത്തിന്റെ കാര്യത്തിൽ തീരുമാനമായി.
രണ്ടും കല്പിച്ച് തട്ടിൽ കയറാതെ മാർഗമില്ല. വന്നുപോയില്ലേ!
സ്റ്റേജിലെത്തിയപ്പോഴാണ് രസം, മൈക്കിന് സ്റ്റാൻഡില്ല! കൈയിൽ പിടിച്ച് മിമിക്രിക്കോണമെന്ന്. പാഞ്ഞുവന്ന് ആക്ഷനിട്ട് സുരേഷ് ഗോപിയെ കാണിക്കാനിരുന്നവന്റെ ചങ്കിലൂടെ ഇടിത്തീ പായുന്നത് ഞാൻ കണ്ടു. ഒരു കൈയിൽ മൈക്കും പൊക്കിപ്പിടിച്ച് മറ്റേ കൈകൊണ്ട് "ഷിറ്റ്" പറയുന്ന അവന്റെ അവസ്ഥ ഓർത്തപ്പോൾ എനിയ്ക്ക് ചെറുതായി ചിരി വന്നെങ്കിലും, ഞാൻ കാണിക്കാൻ പോകുന്ന ശ്രീനിവാസന്റെ അവസ്ഥ കൂടി ഓർത്തതോടെ എന്റെ കാറ്റും പോകാൻ തുടങ്ങി. 'തളരരുത് രാമൻകുട്ടീ, തളരരുത്' എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞങ്ങൾ വെളുക്കെ ചിരിച്ച് ഓഡിയൻസിനെ നോക്കി. മിക്കവർക്കും, ഇതൊന്ന് തുടങ്ങിയിരുന്നെങ്കിൽ ഉറങ്ങാമായിരുന്നു എന്നൊരു ഭാവം. "തമ്പിയളിയാ, ആരുടേം മുഖത്ത് നോക്കരുത്. കണ്ണടച്ചങ്ങ് തുടങ്ങിക്കോ..." കൂടെയുള്ളവൻ ധൈര്യം തന്നു.
ഞാൻ രണ്ടും കല്പിച്ച് ബാക്ഗ്രൗണ്ട് മ്യൂസിക്കിട്ടു. ടട്ടട്ടാൻ... ടഡടഡടാൻ...
മൂന്നുപേരും ചേർന്ന് ഓർക്കസ്ട്രയായി ചെയ്യേണ്ട മ്യൂസിക്കാണ്. പക്ഷേ കൂട്ടത്തിൽ ഏതോ ഒരു മൈക്ക് ഇടക്കിടെ നിന്നുപോകുന്നുണ്ടായിരുന്നു. ഉള്ളത് മതി എന്നുകരുതി, സൗണ്ട് ഓപ്പറേറ്റ് ചെയ്യാനിരുന്ന ചേട്ടനോട് മൈക്കിലിത്തിരി എക്കോ കയറ്റിയിടാൻ പറയുക എന്നൊരു തെറ്റ് കൂടി ഞാൻ ചെയ്തുപോയി. അങ്ങോർ എന്തിലോ പിടിച്ച് തിരിയ്ക്കുന്നത് കണ്ടു. അതോടെ, ഞങ്ങൾ മൂന്ന് പേരെക്കൂടാതെ മൈക്ക് കൂടി സ്വന്തമായി മിമിക്രി കാണിക്കാൻ തുടങ്ങി. എന്തൊക്കെയോ ശബ്ദങ്ങൾ! ഒരു യുവാവിന്റെ തിരോധാനം അന്വേഷിക്കുന്ന ചാനൽ പരിപാടിയുടെ മോഡലിലുള്ള സ്ക്രിപ്റ്റാണ് പരിപാടിയ്ക്ക്. തുടങ്ങിയാൽ പിന്നെ പകുതിയ്ക്ക് നിർത്താൻ പറ്റൂല.
<പപ്പു> മിമിക്രിയങ്ങനെ പറക്ക്കാണ്... യേത്, ഞമ്മടെ ഏറോപ്ലേൻ വിട്ടമാതിരി...</പപ്പു>
പത്തുമിനിറ്റിനുള്ളിൽ ഓഡിയൻസ് തൊണ്ണൂറുശതമാനവും ഉറങ്ങിയിരുന്നു. ചിലർ നിസ്സംഗഭാവത്തോടെ ഞങ്ങളെ നോക്കിയിരുന്നു. (ശോഭയ്ക്ക് തമാശ മനസിലായില്ലാന്ന് തോന്നുന്നു.jpg) എന്തായാലും തുടങ്ങിപ്പോയില്ലേ! സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമൊക്കെ ചറപറാന്ന് സ്റ്റേജിൽ വന്നുപോയി. ഇടതുവശത്ത് ജനലിനോട് ചേർന്നിരുന്ന പത്തോ പന്ത്രണ്ടോ വയസ്സുള്ള ഒരു പെൺകുട്ടി മാത്രം ചെറിയൊരു മന്ദഹാസത്തോടെ ഞങ്ങളെ നോക്കിയിരിപ്പുണ്ടായിരുന്നു. ആ ചിരി മിമിക്രിയിലെ തമാശ കേട്ടിട്ടാണോ, മിമിക്രിക്കാരുടെ അവസ്ഥ കണ്ടിട്ടാണോ എന്ന കാര്യത്തിലേ തീരുമാനമാവാനുള്ളൂ.
പരിപാടി തീർന്നു. ഞങ്ങടെ ഗ്യാസും.
സ്റ്റേജിൽ നിന്നിറങ്ങി ഒന്ന് ചുറ്റിവന്നപ്പോൾ, മുഖ്യസംഘാടകരിലൊരാളായ അപ്പൂപ്പൻ അടുത്തേയ്ക്ക് വന്നു. വിളിച്ചുവരുത്തിയവരെ പറഞ്ഞുവിടും മുൻപ് ഒന്ന് പൊക്കണമല്ലോ.
"മക്കളേ നന്നായിരുന്നു കേട്ടോ"
വെറുംവാക്കാണെങ്കിലും അഭിനന്ദനമാണല്ലോ. കിട്ടിയാലുടൻ എളിമ കൊണ്ടൊരു പൂഴിക്കടകൻ കാണിക്കുക എന്നതാണല്ലോ കീഴ്വഴക്കം. ഞങ്ങൾ വിനയകുനിയരായി ചിരിച്ചുനിന്നു.
"ഉച്ചതിരിഞ്ഞ സമയത്ത് മിമിക്രി കേട്ടിരിക്കുക ബുദ്ധിമുട്ടാണ് എന്ന് ഞങ്ങൾക്കറിയാം" എന്നെന്റെ വായിൽ നിന്ന് വീണുപോയി. ഉടൻ വന്നു മറുപടി,
"ഏയ് അങ്ങനൊന്നുമില്ല. മോനാ കണ്ണുരുട്ടിയതൊക്കെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു"
യേത്? ഉള്ള ആമ്പിയർ കളഞ്ഞ് കേ. പി. ഉമ്മറിനെ അനുകരിക്കാൻ ഞാൻ നടത്തിയ ശ്രമത്തേയാണ് അപ്പൂപ്പൻ 'കണ്ണുരുട്ടിയത് നന്നായി' എന്ന കമന്റിലൂടെ കുളിപ്പിച്ച് കിടത്തിയത്.
ഞങ്ങൾ അധികം സമയം കളയാൻ നിന്നില്ല. അവിടന്ന് ഓടിയിറങ്ങി, ആദ്യം കണ്ട ഓട്ടോയിലേയ്ക്ക് ചാടിക്കയറി. കുറേ നേരം ആരും ഒന്നും മിണ്ടിയില്ല. പിന്നെ കൂട്ടത്തിലാരോ വേറെന്തോ വിഷയം എടുത്തിട്ടു. അതോടെ, തൊട്ടുമുൻപ് നടന്നതൊക്കെ നടന്നില്ലാ എന്ന് ഭാവിച്ച് ഞങ്ങൾ ബാക്കി ജീവിതം സുഖമായി ജീവിക്കാനാരംഭിച്ചു.
ശുഭം.
Comments
Post a Comment