Skip to main content

മാതൃസ്നേഹിയായ രാമു

കുഞ്ചുവമ്മയ്ക്ക് രണ്ട് മക്കളായിരുന്നു- രാമുവും ദാമുവും. രാമു വല്യ മാതൃസ്നേഹിയാണ്. എന്നും രാവിലേയും ഉച്ചയ്ക്കും വൈകിട്ടുമായി മൂന്ന് നേരം വീട്ടിന്റെ മുന്നിൽ ഇറങ്ങിനിന്ന് നാട്ടുകാര് കേൾക്കെ, "എന്റെ അമ്മയാണ് ലോകത്തിലെ ഏറ്റവും നല്ല അമ്മ" എന്ന് വിളിച്ച് പറയും. ഇടക്കിടെ അമ്മയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങിക്കും, അമ്മയ്ക്ക് ആരതി ഉഴിയും. ദാമുവിന് ഇത്തരം കാര്യങ്ങളിലൊന്നും താത്പര്യമില്ലായിരുന്നു.

ഒരു ദിവസം കുഞ്ചുവമ്മയ്ക്ക് ചുമ തുടങ്ങി. ദാമു ചോദിച്ചു, "എന്താ അമ്മേ ചുമയ്ക്കുന്നത്?"

ഇത് കേട്ട് രാമു എവിടുന്നോ ഓടിപ്പാഞ്ഞ് വന്നു, "പ്ഭ! നായിന്റെ മോനേ. സ്വന്തം അമ്മയെ കുറ്റം പറയുന്നോടാ? ഈ അമ്മയല്ലേടാ നിന്നെ ഇത്രേം നാളും വളർത്തിയത്?"

 ആവേശത്തിനിടെ സ്വന്തം തന്തയ്ക്ക് കൂടിയാണ് വിളിച്ചത് എന്നുപോലും രാമു മറന്നുപോയി. അല്ലെങ്കിലും രാമു അങ്ങനാണ്, അതാണ് രാമു.

മാതൃസ്നേഹിയായ രാമുവിനോട് ദാമു പറഞ്ഞു - "ചേട്ടാ, അമ്മ ചുമയ്ക്കുന്നുണ്ട്. അമ്മയ്ക്ക് വല്ല ആരോഗ്യപ്രശ്നവും ആണെങ്കിലോ?"

 രാമുവിന് കലിയടങ്ങിയില്ല, "എന്ത്! എന്റെ അമ്മയ്ക്ക് ഒരു ആരോഗ്യപ്രശ്നവും ഇല്ല. ഉണ്ടാവുകയും ഇല്ല. കാരണം എന്റെ അമ്മ ലോകത്തിലെ ഏറ്റവും നല്ല അമ്മയാണ്. പോറ്റിവളർത്തിയ അമ്മയുടെ കുറ്റം കണ്ടുപിടിക്കുന്ന നീ അപ്പുറത്തെ വീട്ടിലേയ്ക്ക് പോടാ. നിനക്ക് അവിടുത്തെ സ്ത്രീയോടാണ് കൂറ്"

ദാമു പിന്നൊന്നും പറഞ്ഞില്ല.

പിറ്റേന്നായപ്പോൾ കുഞ്ചുവമ്മയ്ക്ക് ചുമ പിന്നേയും കൂടി. എഴുന്നേറ്റ് നടക്കാൻ വയ്യാതായി.

"അമ്മേ, ഇതെന്തോ പ്രശ്നമാണ്. നമുക്ക് ആശുപത്രിയിലേക്ക് പോയാലോ?" - ദാമു ചോദിച്ചു.

കട്ടിലിനരികിൽ അമ്മയ്ക്ക് ആരതി ഉഴിഞ്ഞുകൊണ്ടിരുന്ന രാമു ചാടിയെണീറ്റ് ദാമുവിന്റെ ചെകിട്ടത്ത് ഒരടി വെച്ചുകൊടുത്തു, "ഈ വീട്ടിൽ നിന്നുകൊണ്ട് വേറൊരു വീട്ടിലെ ആളുകൾ നടത്തുന്ന ആശുപത്രിയ്ക്ക് വേണ്ടി വാദിക്കുന്ന നീയൊരു മാതൃദ്രോഹിയാണ്. സ്വന്തം അമ്മയുടെ മഹത്വം മനസിലാക്കാതെ വല്ലവർക്കും വേണ്ടി വാദിക്കുന്ന നീയൊക്കെ ആർക്ക് ഉണ്ടായതാടാ?"

പഴയതുപോലെ സ്വന്തം തള്ളയ്ക്ക് വിളിക്കുകയാണ് ചെയ്തത് എന്ന് രാമു ഓർത്തില്ല. അല്ലെങ്കിലും രാമു അങ്ങനാണ്, അതാണ് രാമു.

ദാമു കൂടുതലെന്തെങ്കിലും പറയുന്നതിന് മുന്നേ രാമു വീടിന് മുന്നിൽ ഇറങ്ങിനിന്ന് ബഹളം വെക്കാൻ തുടങ്ങി, "നാട്ടുകാരേ, നിങ്ങൾ നോക്കിയേ. ദേ ഈ മാതൃദ്രോഹി സ്വന്തം അമ്മയെ കുറ്റം പറയുന്നു. എന്റെ അമ്മ ലോകത്തിലെ ഏറ്റവും നല്ല അമ്മയാണ്"

 നാട്ടുകാര് ഈ നാട്ടുകാര് തന്നെയായിരുന്നു. അതുകൊണ്ട് അവര് കൂടുതലൊന്നും അന്വേഷിക്കാൻ മെനക്കെട്ടില്ല. "ഹും! രാമു എന്തൊരു മാതൃസ്നേഹിയാണ്! ആ ദാമുവാകട്ടെ സ്വന്തം അമ്മയുടെ കുറ്റം കണ്ടുപിടിക്കാൻ നടക്കുവാ. ഇവനൊക്കെ ഒരു മകനാണോ" എന്നവർ ആശ്ചര്യം കൊണ്ടു.

അടുത്ത ദിവസം കുഞ്ചുവമ്മയ്ക്ക് കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാതായി. ദാമു മുറിയിലേയ്ക്ക് ചെന്നപ്പോൾ, ആരതി ഉഴിഞ്ഞുകൊണ്ടിരുന്ന രാമു കൈയിലെ കുറുവടി എടുത്ത് കാട്ടി കണ്ണുരുട്ടി. എന്തെങ്കിലും പറഞ്ഞുപോയാൽ തടി കേടാവുമെന്ന് ദാമുവിന് മനസ്സിലായി. കാരണം രാമു അങ്ങനാണ്, അതാണ് രാമു.

 ദാമു സങ്കടത്തോടെ വാതിലിൽ നിന്ന് അമ്മയെ നോക്കി നിന്നു. കുഞ്ചുവമ്മ നെഞ്ചത്ത് കൈവച്ച് ആഞ്ഞാഞ്ഞ് ചുമച്ചുകൊണ്ട്, കിതച്ചുകൊണ്ട് അവിടെ കിടന്നു. രാമു പതിവ് പോലെ മുറ്റത്തിറങ്ങി വിളിച്ചുപറഞ്ഞു, "എന്റെ അമ്മ ലോകത്തിലെ ഏറ്റവും നല്ല അമ്മയാണ്"

അത് കേട്ട് നാട്ടുകാരും പറഞ്ഞു, "രാമു ഒരു മാതൃസ്നേഹി തന്നെ!"

Comments

  1. ദേശ വെറിയന്റെ കപട മാതൃ സ്നേഹം !

    ReplyDelete

Post a Comment

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ?

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ? എങ്ങനെയാണ് മിന്നലുണ്ടാകുന്നത്? എന്താണ് മിന്നലേക്കുന്നതിന്റെ അപകടം? ഇത്തരം ചോദ്യങ്ങളുടെ ഉത്തരമാണീ വീഡിയോ.