വല്ലതുമൊക്കെ വലിച്ചുവാരി തിന്നിട്ട് "ഇഗ്ഹ് ഇഗ്ഹ്" എന്ന ശബ്ദത്തോടെ എക്കിള്‍ എടുത്തിട്ടില്ലാത്തവര്‍ ഉണ്ടാവില്ല, അല്ലേ?
സാധാരണ ഇംഗ്ലീഷില്‍ hiccup എന്നും ഡാക്കിട്ടരുടെ ഇംഗ്ലീഷില്‍ Synchronous Diaphragmatic Flutter (DSF) എന്നും വിളിക്കപ്പെടുന്ന ഇത് ഇത്ര സാധാരണമായ ഒരു കാര്യമായിട്ടും ഈ പരിപാടിയ്ക്ക് നമ്മുടെ ശരീരത്തിലുള്ള ധര്‍മം എന്താണെന്ന് ഇപ്പൊഴും നമുക്കത്ര വ്യക്തമല്ല എന്നതാണ് രസകരമായ സത്യം. ശാസ്ത്രജ്ഞര്‍ കരുതുന്നത് പരിണാമം സംഭവിച്ച വഴിയ്ക്ക് നമ്മുടെ പൂര്‍വികജീവികളില്‍ നിന്നും കിട്ടിയ, ഇന്ന് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ലാത്ത ഒരു 'പരമ്പരാഗത വസ്തു'വാണ് ഇതെന്നാണ്. തവളവര്‍ഗത്തില്‍ പെട്ട ഉഭയജീവികളില്‍ (amphibians) നമ്മുടെ എക്കിളിന് സമാനമായ ഒരു പ്രവൃത്തി വഴിയാണ് ശ്വസനം നടക്കുന്നത് എന്നതും നമ്മളും ഉഭയജീവികളില്‍ നിന്ന് പരിണമിച്ചാണ് ഇത്രടം വരെ എത്തിയത് എന്നതും കൂട്ടിവായിച്ചിട്ടാണ് അവരാ അനുമാനത്തില്‍ എത്തിയിരിക്കുന്നത്. ശ്വാസകോശം വേണ്ടത്ര വികാസം പ്രാപിക്കാത്ത ഘട്ടത്തില്‍ എക്കിളിന് ശ്വസനത്തില്‍ വലിയ പ്രധാന്യം ഉണ്ടായിരുന്നിരിക്കണം. തീരെ ചെറിയ കുഞ്ഞുങ്ങളില്‍ എക്കിള്‍ വളരെ കൂടുതലായി കാണപ്പെടുന്നത് ഇതുകൊണ്ടാണെന്നാണ് കരുതപ്പെടുന്നത് (മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങളില്‍ ഇത് പിന്നേയും കൂടും).
നമ്മുടെ വാരിയെല്ലുകള്‍ക്ക് ഇടയില്‍ സ്ഥിതി ചെയ്യുന്ന intercostal muscles എന്ന്‍ വിളിക്കപ്പെടുന്ന സവിശേഷ പേശികളും പിന്നെ ശ്വാസകോശത്തിന് കീഴെ സ്ഥിതി ചെയ്യുന്ന ഡയഫ്രവും ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് ശ്വാസം അകത്തേയ്ക്ക് എടുക്കുന്നത്. ഒരുപാട് ആഹാരം കഴിക്കുകയോ, ആഹാരം വേഗത്തില്‍ കഴിക്കുകയോ ചെയ്യുമ്പോ ചിലപ്പോള്‍ ഡയഫ്രം പെട്ടെന്ന് പ്രതികരിച്ച് ചുരുങ്ങും. തുടര്‍ന്നു പെട്ടെന്ന് കുറെ ശ്വാസം അകത്തേയ്ക്ക് എടുക്കപ്പെടും. ഇതാണ് എക്കിള്‍. ചിലപ്പോള്‍ തലച്ചോറില്‍ നിന്നും ഈ പേശികളിലേക്കുള്ള നാഡികളില്‍ ഉണ്ടാകുന്ന ചില്ലറ അസ്വാസ്ഥ്യങ്ങള്‍ കാരണവും ഇത് സംഭവിക്കാം. കാലാവസ്ഥ മാറുമ്പോഴോ ടെന്‍ഷന്‍ വരുമ്പോഴോ ചിലര്‍ക്ക് എക്കിള്‍ വരാനുള്ള കാരണം ഇതാണ്. സാധാരണ എക്കിളിന്റെ ആയുസ്സ് പരമാവധി ഒരു മണിക്കൂര്‍ ആണെങ്കിലും ചിലപ്പോഴൊക്കെ ഇത് ദിവസങ്ങളും മാസങ്ങളും വരെ നീണ്ടുപോവാറുണ്ട്. രണ്ടു മാസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന എക്കിള്‍ പല ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണമാകാം. (ചാള്‍സ് ഓസ്ബോണ്‍ എന്നൊരാളിനാണ് ഇക്കാര്യത്തില്‍ ലോക റെക്കോര്‍ഡ്: ഒരു ചെറിയ അപകടത്തെ തുടര്‍ന്നു ആശാന്‍ 1922 മുതല്‍ 1990 വരെ 68 വര്‍ഷം തുടര്‍ച്ചയായി എക്കിള്‍ എടുത്തുകൊണ്ടിരിക്കുകയിരുന്നു!!)
ഇപ്പോഴും, നമ്മള്‍ എന്തിനാ എക്കിള്‍ എടുക്കുന്നത് എന്ന്‍ നിങ്ങള്‍ ചോദിച്ചാല്‍...
ഇഗ്ഹ് ഇഗ്ഹ്... ഇത്തിരി വെള്ളം തരുവോ?
Comments
Post a Comment