Skip to main content

ഇനിയൊരു സംസ്കാരം കൂടി നടക്കേണ്ടതുണ്ട്...

വലിയൊരു സെമിത്തേരിയുടെ കാവൽക്കാരനാണ് ഞാൻ
കത്തിക്കരിഞ്ഞതും മണ്ണിനടിയിൽ ജീർണിച്ച് കാലത്തിന്റെ ദുർഗന്ധം പേറുന്നതുമായ ശവശരീരങ്ങളാണവിടെ
എന്റെ തന്നെ കുറേ സ്വപ്നങ്ങളുടെ കബന്ധങ്ങൾ
തലകൾ ഞാൻ തന്നെയാണ് വെട്ടിയരിഞ്ഞത്
അവ പിടിച്ച് വലിച്ച വഴികളിലൂടെ ഓടിക്കയറാൻ മടിച്ചിട്ട്,
പിടി വിടുവിക്കാൻ, പിൻവലിയുവാൻ.
അതും വഴി മാറലുകളായിരുന്നു...
ആർക്കൊക്കെയോ വഴിയൊരുക്കുവാൻ,
ആരോടൊക്കെയോ യുദ്ധം ഒഴിവാക്കാൻ,
ആരെയൊക്കെയോ തൃപ്തിപ്പെടുത്തുവാൻ,
എന്റെ സ്വപ്നങ്ങൾ തെളിച്ച വഴികളിൽ നിന്നും സ്വയം മാറിയതാണ് ഞാൻ.
ആ കവാടങ്ങൾക്കരികിൽ ആ സ്വപ്നങ്ങളെ കൊന്നുതള്ളിയതും ഞാൻ തന്നെ.
ആരും കാണാതെ കുഴിച്ചുമൂടിയതും ചിരിയുടെ കപടാഗ്നിയിൽ കത്തിച്ച് കളഞ്ഞതും ഞാൻ തന്നെ.
ഈ സെമിത്തേരിയിൽ ഓർമ പുതുക്കാനും പൂക്കളർപ്പിക്കാനും ഞാൻ മാത്രമേയുള്ളു
ഇവിടെ മരിച്ച സ്വപ്നങ്ങൾ വേറേ ആർക്കും സ്വന്തമല്ല, ആർക്കുമവരെ അറിയുമില്ല.
കാരണം അവർ ജനിച്ച് വീഴും മുന്നേ മരിച്ചവരാണല്ലോ...
ഇന്നിപ്പോ എന്റെയുള്ളിൽത്തന്നെവിടെയോ ഒരു എതിർസ്വരം:
"നിന്നെയൊഴികേ എല്ലാവരേയും തൃപ്തിപ്പെടുത്താൻ നോക്കിയിട്ട് നീയെന്ത് നേടീ?"
ശരിയാണ്...
ഒന്നുമില്ല...
ഉള്ളിൽ വിപ്ലവം അലയടിച്ച് തുടങ്ങിയിരിക്കുന്നു
പിടിച്ചെടുക്കാവുന്ന അകലത്തിൽ പിടിവിട്ട് കളഞ്ഞവയുടെ കണക്കുപുസ്തകമാണ് മുന്നിൽ
ആർക്ക് വേണ്ടി? എന്തിന് വേണ്ടി?
വെറും ഭയം…
എതിർസ്വരങ്ങളോട്, മത്സരങ്ങളോട്, മല്ലിടലുകളോട്…
അതിന്നുമുണ്ട്,
ഉള്ളിൽ നുരയുന്ന വിപ്ലവസ്വരങ്ങളുമായി അത് കൊമ്പ് കോർക്കുന്നു
ഇവയിലൊന്ന് മരിച്ച് വീണേ പൊറുതിയുള്ളു
സ്വപ്നങ്ങളുടെ സെമിത്തേരിയിൽ,

ഇനിയൊരു സംസ്കാരം കൂടി ഉടൻ നടക്കേണ്ടതുണ്ട്...

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ?

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ? എങ്ങനെയാണ് മിന്നലുണ്ടാകുന്നത്? എന്താണ് മിന്നലേക്കുന്നതിന്റെ അപകടം? ഇത്തരം ചോദ്യങ്ങളുടെ ഉത്തരമാണീ വീഡിയോ.