Skip to main content

യുക്തിവാദമൊക്കെ വെറും ആക്റ്റിങ്ങാടേയ്!

"ഈ യുക്തിവാദികളൊക്കെ വെറും കള്ളൻമാരാണ്. ഒരു രോഗമോ അപകടമോ വന്നാൽ ഇവനൊക്കെ അപ്പഴേ ദൈവത്തിനെ വിളിക്കും. ഒളിച്ചും പാത്തും അമ്പലത്തിലും പള്ളീലും പോകേം ചെയ്യും." ഈ ഡയലോഗ് കേട്ടിട്ടില്ലാത്തവർ കാണില്ല. വിശ്വാസികൾക്കിടയിൽ നല്ല പോപ്പുലാരിറ്റി ഉള്ള ഒരു ധാരണയാണിത്. ഇത് കേൾക്കുമ്പോൾ എനിയ്ക്ക് നല്ല സന്തോഷം തോന്നാറുണ്ട്.

ഒരു യുക്തിവാദി എന്ന നിലയിൽ, യുക്തിവാദികളെ കളിയാക്കുന്ന ഈ ഡയലോഗ് എന്നെ എന്തിന് സന്തോഷിപ്പിക്കണം? കാരണം, ഒറ്റ നോട്ടത്തിൽ തോന്നില്ലെങ്കിലും ആത്യന്തികമായി യുക്തിവാദികളെ പുകഴ്ത്തുന്ന ഒരു ആരോപണമാണിത്. യുക്തിവാദികളെന്ന് പറയുന്നവരൊക്കെ ശരിയ്ക്കും യുക്തിവാദികളൊന്നും അല്ല, എല്ലാം 'ആക്റ്റിങ്' ആണ് എന്നാണല്ലോ ടി ആരോപണം പറയുന്നത്. ഇല്ലാത്ത മേൻമകളും നന്മകളുമൊക്കെ ഉണ്ടെന്ന് നടിക്കുന്ന ഒരുപാട് പേരെ നമ്മൾ കാണാറുണ്ട്. എന്നാൽ ഇല്ലാത്ത കുറവുകളും തിൻമകളും ആരും ഉണ്ടെന്ന് കാണിക്കാറില്ല എന്ന് മാത്രമല്ല ഉള്ളത് പരമാവധി മറച്ച് വെക്കാനേ ശ്രമിക്കാറുള്ളു. മേൽപ്പറഞ്ഞ ആരോപണവുമായി ഇതിനെ കൂട്ടിച്ചേർക്കുമ്പോൾ, അത് പറയാതെ പറയുന്ന കാര്യം വ്യക്തമാകും. യുക്തിവാദം ആളുകൾ ഇല്ലെങ്കിലും ഉണ്ടെന്ന് നടിക്കാൻ സാധ്യതയുള്ള കാര്യമാണ്. വിശ്വാസം ആളുകൾ മറച്ച് പിടിക്കാൻ സാധ്യതയുള്ള കാര്യവുമാണ്! ഇവിടെ യുക്തിവാദത്തിന്റെ സ്ഥാനം കുറവുകളുടെ ഗണത്തിലാണോ മേൻമകളുടെ ഗണത്തിലാണോ? യുക്തിവാദം ഒരു മേൻമയാണെന്ന് അംഗീകരിച്ച് തരുന്നത് കണ്ടില്ലേ? യുക്തിവാദം പ്രസംഗിക്കുന്നവർ അസുഖം വരുമ്പോ ദൈവത്തിനെ വിളിക്കുമോ ഒളിച്ചും പാത്തും ക്ഷേത്രത്തിൽ പോകുമോ എന്നതൊക്കെ ഒരു വശത്ത് കൂടി നടക്കും. ഞാനുൾപ്പടെ മിക്ക യുക്തിവാദികളും യുക്തി 'പ്രചരിപ്പിക്കാനാണ്' ശ്രമിക്കുന്നത്, തങ്ങൾ യുക്തിവാദിയാണെന്ന് മറ്റുള്ളവരെ 'ബോധ്യപ്പെടുത്താനല്ല'. പ്രവൃത്തിയിൽ വരുന്ന യുക്തിവാദം കൊണ്ട് ഗുണങ്ങളുള്ളത്, യുക്തി പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന യുക്തിവാദിയ്ക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ ആശയവും അതിന്റെ മെറിറ്റും ഗുണദോഷങ്ങളും എല്ലാം യുക്തിവാദിയുടെ വ്യക്തിപരമായ കാര്യങ്ങളാണ്. അതാരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.

പറഞ്ഞുവന്നത് യുക്തിവാദികളോടാണ്. നിങ്ങൾ ആത്മാർത്ഥമായി യുക്തിചിന്ത പിൻതുടരാൻ ആഗ്രഹിക്കുന്നയാളാണ് എങ്കിൽ ഇനിയീ 'ആരോപണം' കേൾക്കുമ്പോ അഭിനന്ദനത്തിന് ഒരു 'താങ്ക്സ്' പറഞ്ഞേക്കൂ.

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

സയൻസും രാഷ്ട്രീയവും

അലുവയും മത്തിക്കറിയും പോലുള്ള വിഷയങ്ങളാണ്. ഒന്നിന് മറ്റേതിൽ പങ്കില്ല, പരസ്പരം കൂട്ടിക്കലർത്തരുത് എന്നൊക്കെയാണ് പൊതുവേ പറയാറ്. ശരിയാണ് താനും. പക്ഷേ ചില പ്രധാനകാര്യങ്ങൾ കൂടി അതിനോട് ചേർത്ത് പറയേണ്ടതുണ്ട് എന്ന് തോന്നി. ഗുണ്ടകളെ എങ്ങനെ നിരപ്പാക്കാം! ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഒരു രംഗമോർക്കുന്നുണ്ടോ? നായകന് തടങ്കലിൽ കഴിയുന്ന കാമുകിയെ ഇറക്കിക്കൊണ്ട് വരണം. എങ്ങനെ സാധിയ്ക്കുമെന്നറിയാതെ ദുഃഖിച്ച് നിൽക്കുന്ന നായകനോട് ലാലിന്റെ കഥാപാത്രം കോൺഫിഡൻസ് നൽകുന്നവിധം ഒരു മാർഗം പറഞ്ഞുകൊടുക്കുന്നു. ''നീ നേരെ തോട്ടക്കാട്ടുകര സ്റ്റോപ്പിൽ ബസ്സിറങ്ങുന്നു. കവലേലെ പരമുനായരുടെ കടയിൽ നിന്ന് ഒരു കവർ ദിനേശ് ബീഡി വാങ്ങി കത്തിച്ച് പൊകേം വിട്ട്, നെഞ്ചും വിരിച്ച് അവളുടെ വീട്ടിലേയ്ക്ക് കേറി ചെല്ലുന്നു. അപ്പോൾ കുറേ ഗുണ്ടകൾ നിനക്ക് ചുറ്റും വരുന്നു. നീ അവരെയൊക്കെ അടിച്ച് നിരപ്പാക്കിയിട്ട് അവളെ തൂക്കിയെടുത്ത് ഇങ്ങോട്ട് പോരുന്നു." ഇത് സിനിമയിൽ തമാശയായിട്ടാണ് കാണിക്കുന്നത്. പക്ഷേ ചിലയിടങ്ങളിൽ ഏതാണ്ട് ഇതേപോലുള്ള മാർഗങ്ങൾ വളരെ സീരിയസ്സായിട്ട് ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ചില യുക്തിവാദി ...

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...