തെളിവില്ലാതെ ഒന്നും വിശ്വസിക്കരുതെന്ന പ്രമാണവുമായി നടക്കുന്ന യുക്തിവാദികളെ മലർത്തിയടിക്കാൻ ഏതോ വിശ്വാസി എന്നോ കണ്ടുപിടിച്ചതും ഇന്നും മറ്റ് വിശ്വാസികൾ വജ്രായുധമെന്ന ഭാവത്തിൽ എടുത്ത് കീറുന്നതുമായ ഒരു വാദമാണ് യുക്തിവാദിയുടെ പിതൃത്വം. സ്വന്തം തന്ത ആരെന്ന കാര്യത്തിൽ യുക്തിവാദി തീരുമാനം എടുക്കുന്നത് ഡി.എൻ.ഏ. ടെസ്റ്റ് നടത്തിയിട്ടാണോ എന്നാണ് ചോദ്യം. ഡി.എൻ.ഏ. ടെസ്റ്റ് നടത്താതെ ഒരു യുക്തിവാദി ഒരാളെ ‘അച്ഛാ’ എന്ന് വിളിച്ചാൽ അയാളും അന്ധവിശ്വാസിയായി മാറുകയാണത്രേ. ഒരു യുക്തിവാദി എന്ന നിലയിൽ സ്വന്തം പിതൃത്വം ആർക്കും തെളിയിച്ച് കൊടുക്കേണ്ട കാര്യമില്ലെങ്കിലും ഈ കഥയില്ലാച്ചോദ്യം ചോദിച്ച് ഏതോ മാരകയുദ്ധം ജയിച്ച ഭാവത്തിൽ മൂഢസ്വർഗത്തിൽ വിലസുന്ന ആരുടെയെങ്കിലും തലയിൽ ഇത്തിരി വെട്ടം കേറുന്നെങ്കിൽ കേറട്ടെ എന്ന തോന്നലിൽ കുറച്ച് കാര്യങ്ങൾ പറയാം.
എന്ന്,
വിശ്വാസികൾ അടുത്ത സെറ്റ് ആനകളേയും തെളിച്ച് ഇതുവഴി വരുന്നത് പ്രതീക്ഷിക്കുന്ന,
സ്വന്തം പിതൃത്വത്തിന് ഡി.എൻ.ഏ. ടെസ്റ്റിന് പുറത്ത് തെളിവുകളുള്ള ഒരു യുക്തിവാദി.
(ഒപ്പ്)
- യുക്തിവാദിയുടെ കണക്കിൽ ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിൽ ലൈംഗികമായി ബന്ധപ്പെടുകയോ, കൃത്രിമ മാർഗങ്ങളിലൂടെ പുരുഷബീജവുമായി കൂടിച്ചേർന്ന അണ്ഡകോശം ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ എത്തുകയോ ചെയ്താലേ ഒരു കുട്ടി ജനിക്കുകയുള്ളു. ഗർഭം ഉണ്ടായ കാലത്തിൽ ആ സ്ത്രീ ഒരു പുരുഷനുമായി മാത്രമേ ബന്ധപ്പെട്ടിട്ടുള്ളു എന്നുറപ്പുണ്ടെങ്കിൽ ഉണ്ടാകുന്ന കുട്ടി ആ പുരുഷന്റെ തന്നെയേ ആകൂ എന്നത് ലളിതമായ യുക്തി ആണ്. യുക്തിവാദി ലേബലിൽ തന്നെ ‘യുക്തി’ കൊണ്ടുനടക്കുന്നതിനാൽ ഈ യുക്തി ധൈര്യമായി സ്വീകരിക്കാം. പക്ഷേ യുക്തി എന്ന് കേട്ടാൽ ഹാലിളകുന്ന വിശ്വാസിയ്ക്ക് ഈ യുക്തി സ്വീകാര്യമാവില്ല എന്നതിനാൽ സ്വന്തം അച്ഛനെ “അച്ഛാ” എന്ന് വിളിക്കുന്നതും മറ്റൊരു ‘വിശ്വാസത്തിന്റെ’ പേരിൽ ആയിരിക്കാം. സ്ത്രീയും പുരുഷനും പങ്ക് ചേർന്നാൽ മാത്രമേ കുഞ്ഞുണ്ടാകൂ എന്ന് പറയുന്നത് യുക്തിവാദിയും പുരുഷബന്ധമില്ലാതെ കുഞ്ഞിനെ പ്രസവിച്ച സ്ത്രീയുടെ കഥ പാടുന്നത് വിശ്വാസിയും ആണെന്നതും ഓർക്കുമല്ലോ.
- കുട്ടിയുടെ ജനിതകഘടന അച്ഛന്റെയും അമ്മയുടേയും ജനിതകവസ്തുക്കൾ ചേർന്നാണ് ഉണ്ടാകുന്നത് എന്നതും ജീനുകളാണ് ഒരാളുടെ അസ്തിത്വം നിർണയിക്കുന്നതെന്നും തിരിച്ചറിയുന്ന യുക്തിവാദിയ്ക്ക്, പിതൃത്വവും മാതൃത്വവും കുട്ടിയിൽ മറ്റ് ബാഹ്യലക്ഷണങ്ങളിലൂടെയും പ്രകടമാകും എന്ന ബോധവും ഉണ്ട്. മുഖച്ഛായ, നിറം, ഇടംകൈ, വെള്ളിക്കണ്ണ് തുടങ്ങിയ ശാരീരിക സവിശേഷതകൾ, വാക്കിങ് സ്റ്റൈൽ, എന്നുവേണ്ട ജനിതകരോഗങ്ങൾ വരെ പലവിധ ഘടകങ്ങൾ ജനിതകഘടനയിലൂടെ പ്രതിഫലിയ്ക്കും. ഇതെല്ലാം ‘തെളിവുകൾ’ തന്നെയാണ്, അല്ലാതെ പോലീസുകാർ ഒപ്പിട്ട് കോടതിയിൽ കാണിക്കുന്ന കാര്യങ്ങൾ മാത്രമല്ല തെളിവുകൾ എന്ന് വിളിക്കപ്പെടുന്നത്. അതായത് സ്വന്തം അമ്മയുമായി ബന്ധപ്പെട്ട പുരുഷൻമാരുടെ എണ്ണത്തിൽ യുക്തിവാദിയ്ക്ക് സംശയം തോന്നിയാൽ പോലും ഇങ്ങനെയുള്ള തെളിവുകൾ സ്വീകരിക്കാം. (വിശ്വാസിയെ ദൈവം നേരിട്ട് ഉണ്ടാക്കിയതുകൊണ്ടാകണം അന്യമതദ്വേഷം, പുരുഷാധിപത്യമനോഭാവം, പുകഴ്ത്തലിൽ വീഴൽ, അവിശ്വാസികളോടുള്ള കലിപ്പ് തുടങ്ങിയ ‘ദൈവത്തിന്റെ ജനിതകസ്വഭാവങ്ങൾ’ അവരിൽ മിക്കവർക്കും കാണപ്പെടുന്നത്)
- ഇനി സ്വന്തം അമ്മ ഒരാളുമായി മാത്രമേ ബന്ധപ്പെട്ടിട്ടുള്ളൂ എന്നുറപ്പില്ലാതിരിക്കുകയും മുൻ പോയിന്റിൽ സൂചിപ്പിച്ച ബാഹ്യതെളിവുകളൊന്നും ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിശ്വാസിയായാലും പിതൃത്വം അറിയാൻ ഡി.എൻ.ഏ. ടെസ്റ്റ് പോലുള്ള മാർഗങ്ങൾ ആരായേണ്ടിവരും. അല്ലാതെ വിശ്വാസിയ്ക്ക് പിതാവിനെ ദൈവം വന്ന് ചൂണ്ടിക്കാണിച്ച് തരികയൊന്നുമില്ല. (അങ്ങനെയെങ്കിൽ മതപുരോഹിതരുടെ മേൽനോട്ടത്തിൽ മാതാപിതാക്കളില്ലാത്ത കുട്ടികൾക്കായി യത്തീംഖാനകളും ഓർഫനേജുകളും വേണ്ടിവരുമായിരുന്നില്ലല്ലോ!) കോടതിയിൽ ഡി.എൻ.ഏ. ടെസ്റ്റുമായി ബന്ധപ്പെട്ട് വരുന്ന കേസുകളെല്ലാം യുക്തിവാദികളല്ല കൊടുക്കുന്നത്!
- വിശ്വാസിയായാലും പിതൃത്വത്തിന്റെ കാര്യത്തിൽ യുക്തിവാദിയുടെ അതേ ലോജിക് തന്നെയാണ് ഉപയോഗിക്കുന്നത്. വിവാഹം കഴിയാത്ത പെൺകുട്ടി ഗർഭം ധരിച്ചാൽ അതിനെ ദിവ്യഗർഭം എന്ന് കരുതി ആരാധിക്കുകയല്ല, അവളെ ക്രൂശിക്കുകയാണ് വിശ്വാസി ചെയ്യാൻ പോകുന്നത് (സദാചാരക്കുരു പൊട്ടാത്ത യുക്തിവാദിയുടെ സമീപനം ഒരുപക്ഷേ അല്പം കൂടി മൃദുവായിരിക്കും). ആ കുട്ടിയുടെ പിതൃത്വം അറിയാൻ വിശ്വാസിയും ഡി.എൻ.ഏ. ടെസ്റ്റിന് വേണ്ടി ഓടും. ആ ടെസ്റ്റ് പക്ഷേ വളരെ കുറച്ച് കാലം മാത്രം മുന്നേ സയൻസ് കണ്ടുപിടിച്ചതാണ്. യുക്തിവാദി ആ സയൻസിന് വേണ്ടി തന്നെയാണ് വാദിക്കുന്നതും. സയൻസ് വികസിക്കുന്നതിന് മുന്നേ കല്യാൺ ജുവലറിയുടെ പരസ്യം പോലായിരുന്നു കാര്യങ്ങൾ- എല്ലാം വിശ്വാസം.
എന്ന്,
വിശ്വാസികൾ അടുത്ത സെറ്റ് ആനകളേയും തെളിച്ച് ഇതുവഴി വരുന്നത് പ്രതീക്ഷിക്കുന്ന,
സ്വന്തം പിതൃത്വത്തിന് ഡി.എൻ.ഏ. ടെസ്റ്റിന് പുറത്ത് തെളിവുകളുള്ള ഒരു യുക്തിവാദി.
(ഒപ്പ്)
Comments
Post a Comment