ഒരുപാട് പേര്, നാഗാലാൻഡിൽ ജനക്കൂട്ടം ജയിൽ തകർത്ത് ബലാത്സംഗക്കേസിലെ പ്രതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാർത്ത സന്തോഷത്തോടെ ഷെയർ ചെയ്തിരിക്കുന്നു! ജനാധിപത്യം ജനാധിപത്യം എന്ന് രോമാഞ്ചം കൊള്ളുന്നതല്ലാതെ നമ്മളിൽ ഭൂരിഭാഗം പേർക്കും ഈ സംഗതി എന്താണെന്ന് തീരെ അറിയില്ലാന്ന് തോന്നുന്നു. അവിടെ നടന്ന വിഷയം ബലാത്സംഗിയോടുള്ള ധാർമികരോഷത്തിനപ്പുറം ബംഗ്ലാദേശി കുടിയേറ്റക്കാരനായ മുസ്ലീം യുവാവിനോടുള്ള വർഗീയവിദ്വേഷത്തിന്റെ കൂടി പ്രതിഫലനമാണെന്ന വാർത്ത തത്കാലം കണ്ടില്ലെന്ന് വച്ചാൽ പോലും, ജനക്കൂട്ടം നീതി തിരുമാനിക്കുന്ന ഒരു കീഴ്‌വഴക്കം ഉണ്ടായിവരുന്നു എന്നതും അതിൽ മറ്റുള്ളവർ സന്തോഷിക്കുന്നു എന്നതും അപകടകരമായ സന്ദേശമാണ് നൽകുന്നത്. എഴുതപ്പെട്ട ഭരണഘടനയും നിയമവ്യവസ്ഥയും പുകഴ്ത്തപ്പെടുന്നത്, അത് വ്യക്തികളുടെ അഭിപ്രായങ്ങളിൽ നിന്ന് സ്വതന്ത്രമായ നീതിനിർവഹണത്തെ സഹായിക്കുന്നു എന്നതുകൊണ്ടാണ്. ആരുടെയെങ്കിലും തോന്നലുകളാകരുത് നീതി തീരുമാനിക്കുന്നത്. ഒരുകൂട്ടം ആളുകൾ ചേർന്ന് അവരവരുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച് ന്യായവും അന്യായവും തീരുമാനിക്കുന്നതും ശിക്ഷ വിധിക്കുന്നതും പ്രാകൃതമായ ഗോത്രരീതിയാണ്. ലോകത്തിലെ ഏറ്റവും വിപുലമായ ലിഘിതഭരണഘടനയുള്ള ഈ രാജ്യത്ത് കഴിഞ്ഞ കുറച്ചുനാളുകളായി ഇത്തരം മോബോക്രസി അരങ്ങേറിക്കൊണ്ടിരിക്കുന്നു. ബലാത്സംഗം ചെയ്തവനോട് ദേഷ്യമുണ്ടെങ്കിൽ അത് അയാളെ ആർക്കും എന്തും ചെയ്യാവുന്ന സാഹചര്യത്തെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടല്ല പ്രകടിപ്പിക്കേണ്ടത്. അങ്ങനെ ചെയ്യുന്നവർ തുറന്നുകൊടുക്കുന്നത്, നാളെ തന്നോട് ശത്രുതയുള്ള ഒരു പണക്കാരന് വേണമെങ്കിൽ കാശെറിഞ്ഞ് നൂറ് ആളുകളെ സംഘടിപ്പിക്കുകയും തന്റെ മേൽ കുറ്റമാരോപിച്ച് സുഖമായി തല്ലിക്കൊല്ലുകയും ചെയ്യാവുന്ന സാഹചര്യത്തിലേയ്ക്കുള്ള വാതിലാണ്. ഭരണഘടനയെ കാക്കയ്ക്ക് പോലും പേടിയില്ലാത്ത നോക്കുകുത്തിയാക്കി മാറ്റരുത്.
http://www.reporterlive.com/2015/03/06/162724.html
http://www.firstpost.com/politics/mob-justice-nagaland-alleged-rapist-stripped-stoned-death-dimapur-district-2139117.html
http://www.reporterlive.com/2015/03/06/162724.html
http://www.firstpost.com/politics/mob-justice-nagaland-alleged-rapist-stripped-stoned-death-dimapur-district-2139117.html
Comments
Post a Comment