Skip to main content

Posts

ഒരു മിമിക്രിക്കഥ

പണ്ട് ഞാനും എന്റെ മിമിക്രി ട്രൂപ്പും കൂടി ഒരിടത്ത് പരിപാടി നടത്താൻ പോയ ദിവസം... എന്നൊക്കെ പറഞ്ഞ് ഈ കഥ തുടങ്ങാനായിരുന്നു എനിക്കിഷ്ടം. പക്ഷേ മിമിക്രി അവതരിപ്പിക്കാൻ പോയി എന്നതൊഴിച്ചാൽ ബാക്കി ഭാഗങ്ങളൊന്നും സാങ്കേതികമായി ശരിയല്ലാത്തതിനാൽ അതങ്ങ് ഒഴിവാക്കുന്നു. ഞാനും എന്നെപ്പോലെ അരമിമിക്രിക്കാരായ രണ്ട് ചങ്ങാതിമാരും കൂടി, ജീവിതത്തിൽ ആദ്യമായി (ഒരുപക്ഷേ അവസാനമായും) പുറത്തൊരിടത്ത് ഒരു ഇൻവൈറ്റഡ് മിമിക്സ് പരേഡ് അവതരിപ്പിക്കാൻ പോയ കഥയാണ് പറയാൻ പോകുന്നത്.  പശ്ചാത്തലം (ബ്ലാക് ആൻ വൈറ്റിൽ ആലോചിക്കുക): ഞങ്ങൾ സ്വന്തം തട്ടകമായ ഗവേഷണസ്ഥാപനത്തിൽ അവതരിപ്പിച്ച ഒരു ഓണാഘോഷ മിമിക്രി പരിപാടി കണ്ടിട്ട് ഇഷ്ടപ്പെട്ട ഒരു പരിചയക്കാരൻ -മിസ്ററർ എക്സ്- ഞങ്ങളെ മറ്റൊരിടത്ത് അതേ പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കുന്നു. ഒരു റീയൂണിയൻ ഫങ്ഷനാണ് പരിപാടി വേണ്ടത്. തലസ്ഥാന നഗരിയിലെ ഒരു പ്രമുഖ സ്ഥലമാണ് വേദി. (ജാമ്യം- 'പ്രമുഖ'സ്ഥലം എന്ന് പറയുന്നത് അത് വെളിപ്പെടുത്തുന്നതിൽ ചില വ്യക്തിപരമായ റിസ്കുകൾ ഉള്ളതുകൊണ്ട് മാത്രമാണ്. പത്രവാർത്തകളിലെ 'പ്രമുഖ'സ്ഥലങ്ങളെപ്പോലെ തരികിട ഏർപ്പാടൊന്നുമല്ലായിരുന്നു) ഞങ്ങൾ മൂന്ന് പേരും ...

യുക്തിവാദം ഒരു മതമാണോ?

യുക്തി കൊണ്ട് ചോദ്യം ചെയ്യപ്പെടുമ്പോൾ വിശ്വാസികൾ സ്ഥിരം എടുത്ത് പ്രയോഗിക്കുന്ന വജ്രായുധമാണ് "യുക്തിവാദവും ഒരു മതം തന്നെയാണ്" എന്ന പ്രഖ്യാപനം. പക്ഷേ ഇവിടെ ഈ ചോദ്യം മറ്റൊരു സന്ദർഭത്തിലാണ് ചോദിച്ചിരിക്കുന്നത്. യുക്തിവാദികൾ എന്ന് സ്വയം കരുതുന്നവർ (അതായത് ഞാനുൾപ്പെടെ) ഈ ചോദ്യത്തെ അവരവരോട് ചോദിക്കുന്നത് നല്ലതാണ്. യുക്തിവാദത്തെ മറ്റൊരു മതം മാത്രമാണെന്ന് വിളിച്ച് താഴ്ത്തിക്കെട്ടാൻ വിശ്വാസി ശ്രമിയ്ക്കുമ്പോൾ*, ഏത് വിധേനയും അതങ്ങനെയല്ല എന്ന് സ്ഥാപിയ്ക്കാൻ ശ്രമിയ്ക്കുന്നതിന് മുന്നേ ആ ചോദ്യത്തെ ആഴത്തിൽ പരിശോധിയ്ക്കേണ്ടിയിരിക്കുന്നു. എന്നോട് ചോദിച്ചാൽ, "ആകാം" എന്നാണ് എന്റെ ഉത്തരം. അതിപ്പോ യുക്തിവാദം എന്നല്ല, ഫെമിനിസം, കമ്യൂണിസം, എത്തീയിസം എന്നിങ്ങനെ ഏത് ആശയത്തിനും ഒരു മതമായി മാറാൻ കഴിയും. Anything can be a religion, but not everything is. പൊതുവേ മതം എന്ന് വിശേഷിപ്പിക്കപ്പെടുന്നവയുടെയൊക്കെ പൊതുവായ സവിശേഷത ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ചില പ്രമാണങ്ങളാണ്. ഓരോ മതത്തിനും അവയുടേതായ പ്രമാണങ്ങളുണ്ടാകും. ഒരു ഹിന്ദു ബ്രഹ്മത്തിൽ വിശ്വസിയ്ക്കുന്നതുപോലെ, ഒരു ക്രിസ്ത്യാനിയ്ക്ക് ത്രിത്വത്തിൽ...

നിങ്ങൾക്ക് സ്വന്തം ശബ്ദം ഇഷ്ടമാണോ?

റെക്കോഡ് ചെയ്യപ്പെട്ട സ്വന്തം ശബ്ദം കേൾക്കുന്നത് നിങ്ങൾക്കെങ്ങനെയാണ് അനുഭവപ്പെടാറ്? എന്റെ കാര്യം പറഞ്ഞാൽ, എനിയ്ക്കത് തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. പാട്ടുപാടി റെക്കോഡ് ചെയ്തിട്ട് അത് ശരിയായോ എന്ന് കേട്ടുനോക്കാനുള്ള ശ്രമം ഒരുതരം ആത്മപീഡനമാണ് എന്നെ സംബന്ധിച്ച്. ഇക്കാര്യത്തിൽ ഞാനൊറ്റയ്ക്കല്ല. ഒരുപാട് പേർ സ്വന്തം ശബ്ദം തിരിച്ച് കേൾക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അതിനൊരു കാരണവും ഉണ്ട്. നാം സംസാരിയ്ക്കുമ്പോൾ നാം നമ്മുടെ തന്നെ ശബ്ദം കേൾക്കുന്നുണ്ട്. പക്ഷേ ഈ ലോകത്ത് നമ്മൾ മാത്രമേ അത് ആ രീതിയിൽ കേൾക്കുന്നുള്ളൂ എന്നതാണ് പ്രശ്നം. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ശബ്ദം എങ്ങനെയാണെന്നാണോ നാം കരുതിയിരിക്കുന്നത്, അങ്ങനെയേ അല്ല മറ്റുള്ളവർ അത് കേൾക്കുന്നത്. നാം നമ്മുടെ സ്വനതന്തുക്കളെ (vocal chords) വിറപ്പിച്ചാണ് ശബ്ദം ഉണ്ടാക്കുന്നത്. ഈ വിറ വായുവിലുടെ ശബ്ദതരംഗങ്ങളായി സഞ്ചരിച്ച് ചുറ്റുമുള്ളവരുടെ ചെവിയിലെ കർണപുടത്തെ (ear drum) വിറപ്പിയ്ക്കുന്നു. അത് അതേപടി ഒരു വൈദ്യുതസിഗ്നലായി അവരുടെ മസ്തിഷ്കത്തിൽ എത്തുമ്പോൾ അവർ ആ ശബ്ദം കേൾക്കുന്നു. അതായത്, നമ്മുടെ സ്വനതന്തുക്കൾ പുറപ്പെടുവിയ്ക്കുന്ന വിറയാണ് അവർ മനസിലാക്...

ഗംഗയും നാഗവല്ലിയും

മണിച്ചിത്രത്താഴ് എന്ന സിനിമ മലയാളികൾക്ക് പരിചയപ്പെടുത്തിയ കഥാപാത്രങ്ങളായിരുന്നു ഗംഗയും നാഗവല്ലിയും. ഒരു മികച്ച എന്റർടെയിനർ എന്ന നിലയിൽ വ്യത്യസ്ത അഭിരുചികളുള്ള പ്രേഷകരെ ഒരുപോലെ ആകർഷിയ്ക്കാൻ ആ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ആ ഗുണനിലവാരം ഒരു കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഒരു കാര്യം പറയുമ്പോൾ എന്ത് പറയുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് അത് എങ്ങനെ പറയുന്നു എന്നതും. നല്ല രീതിയിൽ പറയുന്ന നുണയ്ക്ക്, മോശം രീതിയിൽ അവതരിപ്പിക്കുന്ന സത്യത്തെക്കാൾ വിശ്വാസ്യതയുണ്ടാകും എന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങൾ നമുക്ക് കാണാനാകും. മണിച്ചിത്രത്താഴ് വരുത്തിവെയ്ക്കുന്ന കുഴപ്പവും ആ രീതിയിലുള്ള ഒന്നാണ്. ബാധകൂടൽ എന്ന സ്ഥിരം മന്ത്രവാദ ഉരുപ്പടിയെ, ലോകപ്രശസ്ത പ്രബന്ധങ്ങൾ എഴുതിയ മനഃശാസ്ത്രജ്ഞനെക്കൊണ്ട് ഇംഗ്ലീഷിൽ വിശദീകരിപ്പിച്ച് മറ്റൊരു മോഡേൺ മുഖം നൽകാൻ ആ സിനിമ ശ്രമിയ്ക്കുന്നു. നിർമാണത്തിലേയും അഭിനേതാക്കളുടെ അവതരണത്തിലേയും മികവ് കൊണ്ട് ആ ശ്രമം ഒട്ടൊക്കെ വിജയിക്കുന്നും ഉണ്ട്. ഇന്നും ഒരുപാട് പേർ ആ സിനിമയിൽ കാണിയ്ക്കുന്നത് വെറും ഫാന്റസി അല്ലെന്നും, മറിച്ച് ശാസ്ത്രീയതയിൽ അടിസ്ഥാനപ്പെടുത്തിയ സയൻസ് ഫിക്ഷനാണെന്നും...

അവരൊക്കെ മനുഷ്യരായിരുന്നു...

ശാസ്ത്രം, വിശേഷിച്ച് ഫിസിക്സ്, പഠിയ്ക്കുമ്പോൾ അതിലെ രസവും ആശയവും ഉൾക്കൊള്ളാൻ പലർക്കും കഴിയാറില്ല. പഠിയ്ക്കാത്തവർക്ക് ദുരൂഹതയും പഠിയ്ക്കുന്നവർക്ക് തലവേദനയുമാണ് പൊതുവേ ഫിസിക്സ്. സ്കൂൾ കോളേജ് തലത്തിലൊക്കെ പാതി തമാശയും പാതി ഗൗരവും ചേർത്ത് "ന്യൂട്ടനും ഐൻസ്റ്റൈനുമൊക്കെ ഇത് കണ്ടുപിടിച്ചതുകൊണ്ടാണ് ഞങ്ങൾക്കിതൊക്കെ പഠിയ്ക്കേണ്ടിവന്നത്" എന്നൊക്കെ കുട്ടികൾ പറയുന്നത് കേട്ടിട്ടുണ്ട്. നിങ്ങളോട് പ്ലസ് ടൂവിനോ ഡിഗ്രിയ്ക്കോ സയൻസെടുക്കാൻ ന്യൂട്ടനും ഐൻസ്റ്റൈനും വന്ന് നിർബന്ധിച്ചിരുന്നോ എന്നാണ് അധ്യാപകനെന്ന നിലയിൽ ഞാൻ ചോദിക്കാറ്. ഇതിപ്പോൾ പറഞ്ഞത്, ഫിസിക്സിലെ രസം ഉൾക്കൊള്ളാൻ എന്നെ സഹായിച്ച ചില ഘടകങ്ങൾ സൂചിപ്പിക്കാനാണ്. ഭൗതികശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ ഉണ്ടായിവന്ന ചരിത്രത്തിൽ, അതിനായി പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ ജീവിതങ്ങളാണ് അതിൽ ഏറ്റവും പ്രധാനം. ശാസ്ത്രജ്ഞരുടെ പേരുകൾ നമ്മുടെ ശാസ്ത്രവിദ്യാർത്ഥികൾ പരിചയപ്പെടുന്ന രീതി നോക്കിയാൽ അവരൊക്കെ മനുഷ്യരാണെന്ന ധാരണ പോലും അവർക്കുണ്ടാകാൻ വഴിയില്ല. പല പേരുകളും ചില അളവുകളുടെ യൂണിറ്റുകൾ മാത്രമാണ് അവർക്ക്. കെൽവിൻ, വോൾട്ട, ഓം, ജൂൾ, ന്യൂട്ടൻ ഇങ്ങനെയുള്ള വാക്കുകൾക്ക...

ശരീരം എന്ന റൂം ഹീറ്റർ!

ഒരു 100 W ബൾബിന് എത്ര പ്രകാശമുണ്ടെന്ന് അറിയാമല്ലോ. എന്നാൽ നമ്മുടെയൊക്കെ ശരീരവും ഒരു നൂറുവാട്ട് ബൾബിന് തുല്യമായ ഊർജം റേഡിയേഷൻ രൂപത്തിൽ പുറത്തുവിടുന്നുണ്ട് എന്നറിയാമോ? സത്യമാണത്. ബൾബും ശരീരവും പുറത്തുവിടുന്ന റേഡിയേഷന്റെ തരംഗദൈർഘ്യത്തിലുള്ള വ്യത്യാസം കാരണമാണ് നമുക്കീ സാമ്യം തിരിച്ചറിയാൻ കഴിയാത്തത്. വാസ്തവത്തിൽ, എല്ലാ വസ്തുക്കളും ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ പുറത്തുവിടുന്നുണ്ട്. പുറത്തുവരുന്ന റേഡിയേഷന്റെ തരംഗദൈർഘ്യം (wavelength) അതിന്റെ താപനില അനുസരിച്ച് വ്യത്യാസപ്പെടും എന്നേയുള്ളു. ചൂട് കൂടുന്തോറും പുറത്തുവരുന്ന റേഡിയേഷന്റെ തരംഗദൈർഘ്യം കുറയും. ചുട്ടുപഴുത്തിരിക്കുന്ന ഒരു ഇരുമ്പ് കഷണത്തിൽ നിന്ന് വരുന്ന ഭൂരിഭാഗം റേഡിയേഷനും ഏതാണ്ട് 600-700 നാനോമീറ്റർ ആയിരിക്കും തരംഗദൈർഘ്യം. നമ്മുടെ കണ്ണുകൾക്ക് ചുവപ്പ് നിറത്തിൽ തിരിച്ചറിയാൻ കഴിയുന്ന റേഡിയേഷനാണത്. അതുകൊണ്ടാണ് ചൂടാക്കിയ ഇരുമ്പ് ചുവക്കുന്നത്. ബൾബിൽ നിന്ന് വരുന്ന മഞ്ഞിച്ച പ്രകാശം അതിന്റെ ഫിലമെന്റിന്റെ ചൂടനുസരിച്ചാണ് ഇരിയ്ക്കുന്നത്. വോൾട്ടേജ് കുറയുമ്പോഴോ ഓഫാക്കിയ ഉടനേയോ ഫിലമെന്റിന്റെ നിറം കൂടുതൽ ചുവന്നതാകുന്നത്, അതിന്റെ ചൂടുകുറവ് കാരണം ...

ചൂടും തണുപ്പും- ഋതുക്കൾ ഉണ്ടാകുന്നതെങ്ങനെ?

ഭൂമിയിൽ ചൂടുകാലവും തണുപ്പുകാലവും മാറിമാറി ഉണ്ടാകുന്നത് എങ്ങനെയാണ്? ഇത് സ്കൂൾ ക്ലാസുകളിൽ കേൾക്കുന്ന ഒരു ചോദ്യമാണ്. പക്ഷേ എന്റെ വ്യക്തിപരമായ അനുഭവത്തിൽ ഒരുപാട് മുതിർന്നവർ ഈ ചോദ്യത്തിന്റെ ഉത്തരം തെറ്റിച്ച് പറയുന്നത് കണ്ടിട്ടുണ്ട്. കുറേ പേരോട്  ഇത് ചോദിച്ചപ്പോൾ ഏറ്റവും സാധാരണമായി കിട്ടിയിട്ടുള്ള ഉത്തരം ഇപ്രകാരമാണ്: "ഭൂമി സൂര്യന് ചുറ്റും പൂർണവൃത്താകൃതിയുള്ള ഓർബിറ്റിലല്ല സഞ്ചരിക്കുന്നത്. മറിച്ച് ഒരു ദീർഘവൃത്താകൃതിയുള്ള ഓർബിറ്റിലാണ്. അത് കാരണം സൂര്യനും ഭൂമിയും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന സമയത്ത് നമുക്ക് കൂടുതൽ ചൂടും, സൂര്യനിൽ നിന്ന് ഏറ്റവും അകലെ പോകുന്ന സമയത്ത് നമുക്ക് തണുപ്പും ആയിരിക്കും" നിങ്ങളിൽ പലർക്കും ഇത് തെറ്റായ വിശദീകരണമാണെന്ന് അറിയാമായിരിക്കും. എന്നാൽ ചിലരെങ്കിലും ഇതാണ് ഉഷ്ണ-ശൈത്യങ്ങളുടെ കാരണം എന്ന് ധരിച്ച് വെച്ചിട്ടുണ്ടാകും. നമുക്കിതിന്റെ സത്യാവസ്ഥ ലളിതമായി ഒന്ന് മനസിലാക്കാൻ ശ്രമിക്കാം. മേൽപ്പറഞ്ഞ ഉത്തരത്തിൽ അവസാന വാചകം ഒഴികെ ബാക്കിയെല്ലാം ശരിയാണ്. ഭൂമിയുടെ ആത്യന്തികമായ ഊർജ ഉറവിടം സൂര്യനാണ്. സൂര്യപ്രകാശത്തിന...