Skip to main content

അവരൊക്കെ മനുഷ്യരായിരുന്നു...

ശാസ്ത്രം, വിശേഷിച്ച് ഫിസിക്സ്, പഠിയ്ക്കുമ്പോൾ അതിലെ രസവും ആശയവും ഉൾക്കൊള്ളാൻ പലർക്കും കഴിയാറില്ല. പഠിയ്ക്കാത്തവർക്ക് ദുരൂഹതയും പഠിയ്ക്കുന്നവർക്ക് തലവേദനയുമാണ് പൊതുവേ ഫിസിക്സ്. സ്കൂൾ കോളേജ് തലത്തിലൊക്കെ പാതി തമാശയും പാതി ഗൗരവും ചേർത്ത് "ന്യൂട്ടനും ഐൻസ്റ്റൈനുമൊക്കെ ഇത് കണ്ടുപിടിച്ചതുകൊണ്ടാണ് ഞങ്ങൾക്കിതൊക്കെ പഠിയ്ക്കേണ്ടിവന്നത്" എന്നൊക്കെ കുട്ടികൾ പറയുന്നത് കേട്ടിട്ടുണ്ട്. നിങ്ങളോട് പ്ലസ് ടൂവിനോ ഡിഗ്രിയ്ക്കോ സയൻസെടുക്കാൻ ന്യൂട്ടനും ഐൻസ്റ്റൈനും വന്ന് നിർബന്ധിച്ചിരുന്നോ എന്നാണ് അധ്യാപകനെന്ന നിലയിൽ ഞാൻ ചോദിക്കാറ്.

ഇതിപ്പോൾ പറഞ്ഞത്, ഫിസിക്സിലെ രസം ഉൾക്കൊള്ളാൻ എന്നെ സഹായിച്ച ചില ഘടകങ്ങൾ സൂചിപ്പിക്കാനാണ്. ഭൗതികശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ ഉണ്ടായിവന്ന ചരിത്രത്തിൽ, അതിനായി പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ ജീവിതങ്ങളാണ് അതിൽ ഏറ്റവും പ്രധാനം. ശാസ്ത്രജ്ഞരുടെ പേരുകൾ നമ്മുടെ ശാസ്ത്രവിദ്യാർത്ഥികൾ പരിചയപ്പെടുന്ന രീതി നോക്കിയാൽ അവരൊക്കെ മനുഷ്യരാണെന്ന ധാരണ പോലും അവർക്കുണ്ടാകാൻ വഴിയില്ല. പല പേരുകളും ചില അളവുകളുടെ യൂണിറ്റുകൾ മാത്രമാണ് അവർക്ക്. കെൽവിൻ, വോൾട്ട, ഓം, ജൂൾ, ന്യൂട്ടൻ ഇങ്ങനെയുള്ള വാക്കുകൾക്കപ്പുറം, ഈ പേരുകൾ വഹിച്ചിരുന്ന വ്യക്തിത്വങ്ങളെ നാം അറിയാൻ ശ്രമിക്കാറോ അറിയിക്കാറോ ഇല്ല. ഇവരെയൊക്കെ, നമ്മുടേത് പോലുള്ള വ്യക്തിജീവിതങ്ങൾ ഉള്ള പച്ച മനുഷ്യരായി അറിയാൻ ശ്രമിക്കവേ ശാസ്ത്രമെന്ന വാക്കിന് എന്റെ മനസ്സിലുള്ള ചിത്രം തന്നെ മാറിയിട്ടുണ്ട് എന്നാണ് അനുഭവം.

ഉദാഹരണത്തിന് ന്യൂട്ടനെ നോക്കുക. തലയിൽ ആപ്പിൾ വീണ ഒരു തമാശക്കഥാപാത്രത്തെയാണ് സ്കൂൾ വിദ്യാഭ്യാസം ആ പേരിൽ നമ്മുടെ മനസിലേയ്ക്ക് ചേർക്കുന്നത്. പക്ഷേ എന്റെ മനസ്സിലെ ന്യൂട്ടന് മറ്റൊരു മുഖമാണ്. ജനിയ്ക്കും മുൻപ് അച്ഛൻ മരണപ്പെട്ട, രണ്ടര വയസ്സിൽ അമ്മ മറ്റൊരു വിവാഹം കഴിച്ച് വീട് മാറിപ്പോയത് കണ്ട, അമ്മയേയും രണ്ടാനച്ഛനേയും ഒരു വീട്ടിലിട്ട് കത്തിച്ചുകളയും എന്ന് ഭീഷണിപ്പെടുത്തിയ ഒരു കുഞ്ഞുന്യൂട്ടൻ ഉണ്ട്. അമ്മൂമ്മയോടൊപ്പം ചെലവഴിച്ച ബാല്യം, ആരെയും വിശ്വസിക്കാത്ത, പറയത്തക്ക സൗഹൃദങ്ങൾ ഒന്നുമില്ലാത്ത, വഴക്കാളിയായ, അന്തർമുഖനും ദുരൂഹനുമായ ഒരു മനുഷ്യനെ രൂപപ്പെടുത്തിയതും, അയാൾ ഭൗതികശാസ്ത്രത്തിന് അടിത്തറ പാകി മനുഷ്യരാശിയുടെ ഗതി തന്നെ മാറ്റിയെഴുതാൻ കാരണക്കാരനായതും ആയ കഥ ഞാൻ മനസിൽ ചിത്രീകരിക്കാൻ ശ്രമിക്കാറുണ്ട്.

അതുപോലെ, ആറ്റം എന്നൊരു സങ്കല്പം ഭൗതികശാസ്ത്രത്തിൽ പരക്കെ അംഗീകരിക്കപ്പെടുന്നതിന് മുൻപ് അതിനെക്കുറിച്ചുള്ള തന്റെ സിദ്ധാന്തങ്ങൾ സമകാലീന ശാസ്ത്രജ്ഞരെ വിശ്വസിപ്പിക്കാൻ കിണഞ്ഞ് പരിശ്രമിച്ച ലഡ്വിഗ് ബോൾട്സ്മാൻ. ഭാര്യയോടും മകളോടും ഒപ്പം വെക്കേഷൻ ചെലവിടാൻ പോയിട്ട് ആ വീടിന്റെ മച്ചിൽ തൂങ്ങി മരിച്ച ബോൾട്സ്മാൻ ആ സമയം എന്തൊക്കെയാവും ചിന്തിച്ചിട്ടുണ്ടാവുക എന്ന് ഞാൻ വെറുതേ ആലോചിക്കാറുണ്ട്.

എം.എസ്.സിയ്ക്ക് എറൻഫെസ്റ്റ് തിയറം (Ehrenfest theorem) പഠിച്ചപ്പോൾ പോൾ എറൻഫെസ്റ്റിനെക്കുറിച്ച് എനിയ്ക്ക് ഒന്നും അറിയില്ലായിരുന്നു. പിന്നീടാണത് വായിച്ചറിഞ്ഞത്. ഗവേഷണത്തിനിടെ വിഷാദരോഗവുമായി അദ്ദേഹം മല്ലിട്ടതും, അതിൽ ആശങ്കാകുലനായി സുഹൃത്തായ ഐൻസ്റ്റൈൻ എറൻഫെസ്റ്റിന്റെ യൂണിവേഴ്സിറ്റിയിലെ മേലുദ്യോഗസ്ഥർക്ക് കത്തെഴുതിയതും ഒക്കെ... ഇന്ന് എറൻഫെസ്റ്റ് തിയറം എന്ന് കേൾക്കുമ്പോൾ, ഓട്ടിസം ബാധിച്ച തന്റെ ഇളയ മകനെ വെടിവെച്ചുകൊന്നിട്ട് ആത്മഹത്യ ചെയ്ത പോൾ എറൻഫെസ്റ്റ് എന്ന വ്യക്തിയെ ഓർക്കാതിരിക്കാൻ ആവില്ല. ഇന്ന് ഞാൻ ബുക്കിലെഴുതുന്ന ആ സിദ്ധാന്തം ഉരുത്തിരിയുമ്പോൾ എറൻഫെസ്റ്റിന്റെ മസ്തിഷ്കത്തിൽ എന്തൊക്കെ ചിന്തകളായിരിക്കും കടന്നുപൊയ്ക്കോണ്ടിരുന്നത് എന്നോർത്ത് അത്ഭുതപ്പെടാറുണ്ട്.

ഇന്ന് കാന്തികക്ഷേത്ര തീവ്രതയുടെ യൂണിറ്റായി 'Tesla' എന്ന വാക്ക് പരിചയപ്പെടുത്തുമ്പോൾ ഞാൻ കുട്ടികളോട് ചോദിക്കാറുണ്ട്, നിക്കോളാ ടെസ്ലയെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാമെന്ന്. അവരാ പേര് പോലും കേട്ടിട്ടുണ്ടാകില്ല. റേഡിയോ കണ്ടുപിടിച്ച, ഇലക്ട്രിക്കൽ സയൻസിലെ ഏത് സിദ്ധാന്തം നോക്കിയാലും അതിന് പിന്നിൽ എന്തെങ്കിലും സംഭാവന നൽകിയിട്ടുള്ള ടെസ്ല. തോമസ് ആൽവാ എഡിസനുമായി ഉടക്കി പണി വാങ്ങിയിട്ടുള്ള ടെസ്ല... ഒടുവിൽ, മനോരോഗിയായി അന്യഗ്രഹജീവികൾ തന്നോട്ട് സംവദിക്കാൻ ശ്രമിക്കുന്നു എന്നൊക്കെ പറഞ്ഞ് അപഹാസ്യനായി, പരമദരിദ്രനായി തെരുവിൽ ഭിക്ഷയെടുത്ത് മരണമടഞ്ഞ ടെസ്ല. ആ മനുഷ്യനെ അറിയുമ്പോൾ മാഗ്നറ്റിക് ഫീൽഡ് തീവ്രതയുടെ യൂണിറ്റിന് മറ്റൊരു മാനം കൈവരുന്നു.

ഇതൊക്കെ പെട്ടെന്ന് ഓർമ്മവന്ന ഏതാനം ചില ഉദാഹരണങ്ങൾ മാത്രം. വ്യക്തിജീവിതവും അതിലെ വൈകാരികതകളും രാഷ്ട്രീയവും സംസ്കാരവും ഒക്കെ ഇടകലർന്ന് കിടക്കുന്നതാണ് ശാസ്ത്രവും അതിന്റെ കണ്ടെത്തലുകളും. അതിനെ ആ പരിപൂർണതയോടെ ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോഴേ അതിന്റെ പ്രാധാന്യവും യഥാർത്ഥമൂല്യവും നമ്മുടെ കണ്ണിൽ പെടൂ എന്നാണ് എന്റെ അഭിപ്രായം. ശാസ്ത്രജ്ഞരുടെ വ്യക്തിജീവിതത്തിലെ ത്യാഗങ്ങളും കഷ്ടപ്പാടുകളും വായിച്ചറിഞ്ഞ കുട്ടികൾ മറ്റുള്ളവരെക്കാൾ കൂടുതൽ സയൻസിൽ ശോഭിയ്ക്കുന്നു എന്നൊരു പഠനം അടുത്തിടെ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ പ്രസിദ്ധീകരിച്ചത് എന്റെയീ തോന്നലിനെ ശരിവെയ്ക്കുന്നുണ്ട്. സിദ്ധാന്തങ്ങൾക്കും സമവാക്യങ്ങൾക്കും അപ്പുറം അതാണ് ശാസ്ത്രത്തിലേയ്ക്ക് നമ്മളെ ആകർഷിക്കാൻ സാധ്യത.

Comments

  1. സയന്‍സിന്റെ മനുഷ്യ മുഖങ്ങള്‍ !! നന്ദി , വൈശാഖന്‍ !!

    ReplyDelete
  2. എന്‍റെ സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് ഇത്തരത്തില്‍ ഉള്ള കഥകള്‍ / ജീവിതങ്ങള്‍ ഒക്കെ പറഞ്ഞു തന്നിരുന്നത് വായനശാലകളിലും സ്കൂളിലും ഒക്കെ നടന്നിരുന്ന പഠന ക്ലാസുകളില്‍ കൂടെ ഒക്കെ ആയിരുന്നു. വലിയ വിദ്യാഭ്യാസ യോഗ്യതകള്‍ ഒന്നും ഇല്ലാത്ത എന്നാല്‍ ഉയര്‍ന്ന ശാസ്ത്ര ബോധം ഉള്ള ചേട്ടന്മാരും മാമന്മാരും ഒക്കെയാണ് ആ ക്ലാസുകള്‍ നടത്തിയിരുന്നതും. എന്നാല്‍ ഇന്ന് അങ്ങനെയുള്ള സംവിധാനങ്ങള്‍ കുറയുന്നുണ്ടോ എന്നു സംശയം ഉണ്ട്. ജനങ്ങളെ ശാസ്ത്രത്തോട്‌ അടുപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ കുറയുന്നില്ലേ നമ്മുടെ നാട്ടില്‍

    ReplyDelete
  3. നന്നായിട്ടുണ്ട്. ശാസ്ത്രത്തില്‍ മാത്രമല്ല , എല്ലാ മേഖലയിലും അറിയപ്പെടുന്നവര്‍ക്ക് ഇതുപോലെ പിന്നാമ്പുറങ്ങള്‍ കാണും. അല്ലെ ??

    ReplyDelete
  4. സ്കൂളിൽ സയൻസ് പഠിപ്പിക്കുമ്പോൾ പ്രേത്യകിച്ചും ഫിസിക്സും കെമിസ്ട്രിയും പഠിപ്പിക്കുമ്പോൾ എങ്ങനെയെങ്കിലും ബെൽ അടിച്ചാൽ മതിയെന്നായിരുന്നു എപ്പോളും മനസ്സിൽ, ക്‌ളാസ് കഴിഞ്ഞാൽ എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നുമായിരുന്നു. ഇപ്പോൾ ഇതു വായിച്ചപ്പോൾ ആ ക്ലാസ്സൊക്കെ നഷ്ടപ്പെട്ടതിൽ (പെടുത്തിയതിൽ) കുറ്റബോധം തോന്നുന്നു. ശാസ്ത്രജ്ഞന്മാരുടെ വ്യക്തിജീവതം ഒരിക്കലും അറിഞ്ഞിരുന്നില്ല, വളെരെ നന്ദി വൈശാഖൻ.

    ReplyDelete

Post a Comment

Popular posts from this blog

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ഫിലമറ്റോളജി- ഉമ്മ വെക്കുന്ന ശാസ്ത്രം

ഈ ശാസ്ത്രജ്ഞര്‍ വലിയ തമാശക്കാരാണ്. ഉമ്മ വെക്കുന്നതിനെ കുറിച്ച് പഠിക്കാനും ഉണ്ട് അവര്‍ക്കൊരു ശാസ്ത്രശാഖ-ഫിലമറ്റോളജി (Philematology). മാസങ്ങള്‍ പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ നെറ്റിയില്‍ വാത്സല്യത്തോടെ ഉമ്മ വെക്കുമ്പോഴോ അവസരം വരുമ്പോള്‍ പാത്തും പതുങ്ങിയും പ്രേമഭാജനത്തിന് ചൂടനൊരു കിസ്സ് വെച്ചു കൊടുക്കമ്പോഴോ ഒരു പെണ്‍കുട്ടിയെ സ്റ്റേജില്‍ വച്ച് ചുംബിച്ച് സദാചാര-അണ്ണന്‍മാരുടെ തെറിവിളി കേട്ട കമല്‍ഹാസന്റെ കാര്യം ചര്‍ച്ച ചെയ്യുമ്പോഴോ നിങ്ങളോര്‍ത്തിട്ടുണ്ടോ ഈ ഉമ്മ ഇത്രയും വല്യ സംഭവമാണെന്ന്? എന്നാ കേട്ടോ, ഉമ്മ എന്ന്‍ പറയുന്നത് അത്ര നിസ്സാര സംഗതിയൊന്നും അല്ല. കാണ്ഡം കാണ്ഡമായിട്ട് അങ്ങനെ കിടക്കയാണ് ഉമ്മ വിശേഷങ്ങള്‍! എന്താണ് ഉമ്മ? ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ശരീരത്തില്‍ ചുണ്ടുകള്‍ ചേര്‍ക്കുന്ന പ്രവൃത്തിയാണ് ഉമ്മ എന്ന്‍ പറയാം. എന്നാല്‍ ഇതിന് അര്‍ത്ഥങ്ങള്‍ സാഹചര്യത്തിനും ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും അനുസരിച്ചു മാറും. പ്രണയമോ സ്നേഹമോ വാത്സല്യമോ ബഹുമാനമോ ഭക്തിയോ സൌഹൃദമോ ആചാരമോ വരെ അങ്ങനെ ഉമ്മയുടെ അര്‍ത്ഥങ്ങള്‍ എന്തുമാവാം. ഇങ്ങനെ അര്‍ത്ഥങ്ങളും ചെയ്യുന്ന രീതികളും മാറാമെങ്കില്‍ പോലും വൈകാരിക അടു...

മനുഷ്യൻ ശരിക്കും ചന്ദ്രനിൽ ഇറങ്ങിയിരുന്നോ?

മനുഷ്യന്റെ ചന്ദ്രയാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമിട്ട പോസ്റ്റിന് കീഴിലായും മെസേജായും പലരും ആ സ്ഥിരം ചോദ്യം ഉന്നയിച്ചു- “മ നുഷ്യൻ ശരിയ്ക്കും ചന്ദ്രനിലിറങ്ങി എന്ന് വിശ്വസിക്കുന്നുണ്ടോ? ” അതിനുള്ള മറുപടിയാണ് ഈ പോസ്റ്റ്. എന്റെ ഉത്തരം കുറഞ്ഞ വാക്കുകളിൽ പറഞ്ഞാൽ, “അതെ. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങി എന്നത് വിശ്വസിക്കാൻ പറ്റാത്ത ഒന്നായി എനിക്ക് തോന്നുന്നില്ല” എന്നതാണ്. പക്ഷേ ഈ വിഷയത്തിൽ ഉത്തരം ഇങ്ങനെ പറഞ്ഞാൽ തീരെ തൃപ്തികരമാവില്ല എന്നതിനാൽ അല്പം വിശദീകരണം ആവാം. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല എന്നും അത് അമേരിക്ക നടത്തിയ ഒരു നാടകം മാത്രമാണെന്നും വിശ്വസിക്കുന്നതിന് പലർക്കും പല കാരണങ്ങളുണ്ട്. അതിൽ പ്രധാനമായും നിരീക്ഷിച്ചിട്ടുള്ള കാരണങ്ങളിൽ ചിലത്, അത് വെറും നാടകമാണെന്ന് തെളിയിക്കുന്ന കുറേ ശാസ്ത്രീയ തെളിവുകൾ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ. കൊടി പറക്കുന്നത്, നിഴൽ വീഴുന്നത്, പ്രകാശം വീഴുന്നത് അങ്ങനെ… (പ്രശ്നം സംശയമാണ്) അമേരിക്ക ഒരു വൃത്തികെട്ട രാജ്യമാണ്. അവർ ഇതല്ല, ഇതിന്റെ അപ്പുറത്തെ നാടകം കളിക്കും. (പ്രശ്നം അമേരിക്കയാണ്) മനുഷ്യന് ചന്ദ്രനിൽ ഇറങ്ങുക സാധ്യമല്ല. സാധ്യമായിരുന്നെങ്കിൽ എന്തുകൊണ്...