Skip to main content

എന്റെ ഗാരേജിലെ ഡ്രാഗൺ!

ഞാൻ പറയുന്നു, "എന്റെ ഗാരേജിൽ തീ തുപ്പുന്നൊരു ഡ്രാഗൺ ഉണ്ട്."

ഞാനിത് ഗൗരവമായി പറഞ്ഞാൽ, എന്തോ തമാശ വരാൻ പോകുന്നു, എന്റെ തലയ്ക്കെന്തോ കുഴപ്പമുണ്ട് എന്നിങ്ങനെ പല കാര്യങ്ങളും നിങ്ങളുടെ മനസിൽ തോന്നിയേക്കാം; ശരിയ്ക്കും അങ്ങനൊരു ഡ്രാഗൺ എന്റെ ഗാരേജിലുണ്ട് എന്നൊഴികെ.

പക്ഷേ ഞാൻ വിടാനുദ്ദേശിക്കുന്നില്ല. നിങ്ങളുടെ പക്കൽ ഒഴിവുസമയം ഉണ്ടെങ്കിൽ, എന്നാപ്പിന്നെ ആ ഡ്രാഗണിനെ നേരിട്ട് കണ്ടിട്ട് തന്നെ കാര്യം എന്ന് ഒരു വെല്ലുവിളി പോലെ നിങ്ങൾ തീരുമാനിച്ചേക്കാം.

നിങ്ങളെ ഞാനെന്റെ ഗാരേജിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്നു. നിങ്ങൾ ലേശം ചുച്ഛത്തോടെ പിറകേ വരുന്നു.

ഞാൻ വാതിൽ തുറക്കുന്നു. അവിടെ ഒരു ഏണി ചാരി വച്ചിട്ടുണ്ട്, കുറേ പഴയ പെയിന്റ് പാട്ട കിടപ്പുണ്ട്, ഒരു സൈക്കിളുമുണ്ട്. ഡ്രാഗൺ മാത്രമില്ല.

"ഡ്രാഗണെവിടെ?" നിങ്ങൾ ചോദിക്കുന്നു.

"ദാ ഇവിടുണ്ടല്ലോ അത്" ഞാൻ കൈചൂണ്ടി, "ഓഹ്, അത് അദൃശ്യനായ ഒരു ഡ്രാഗണാണെന്ന് പറയാൻ ഞാൻ വിട്ടുപോയി"

നിങ്ങൾ അല്പം ക്ഷമയും വിവരവുമുള്ള ആളാണ്. ഇത് കേട്ടയുടൻ എന്നെ തല്ലാനൊരുങ്ങുന്നില്ല. പകരം വേറൊരു ഐഡിയ മുന്നോട്ട് വെക്കുന്നു,

"നിങ്ങളൊരു കാര്യം ചെയ്യൂ, ഈ തറയിൽ കുറച്ച് അരിപ്പൊടിയോ മണലോ വിതറൂ. ഡ്രാഗൺ നടക്കുമ്പോൾ അതിന്റെ കാല്പാട് കാണാമല്ലോ"

"ഗുഡ് ഐഡിയ! പക്ഷേ ഒരു കുഴപ്പമുണ്ട്. എന്റെ ഡ്രാഗൺ കാൽ തറയിൽ തൊടാതെയാണ് നടക്കുന്നത്!"

നിങ്ങൾ ചില്ലറക്കാരല്ല. എന്നെയങ്ങനെ വിടാനുദ്ദേശിക്കുന്നില്ല. "അങ്ങനെയെങ്കിൽ നമുക്കൊരു ഇൻഫ്രാ റെഡ് സെൻസർ കൊണ്ടുവരാം. തീതുപ്പുന്ന ഡ്രാഗണായതുകൊണ്ട് അതിന്റെ തെർമൽ ഇമേജ് എടുക്കാമല്ലോ"

"അയ്യോ, ഈ ഡ്രാഗൺ ചൂടില്ലാത്ത തീയാണ് തുപ്പുന്നത്!" ഞാനും വിടുന്നില്ല.

"എന്നാലല്പം പെയിന്റെടുത്ത് ഡ്രാഗണിന്റെ നേർക്ക് സ്പ്രേ ചെയ്യാം. അപ്പോ അതിന്റെ രൂപം തെളിഞ്ഞ് വരുമല്ലോ"

"ശ്ശോ! എന്റെ ഡ്രാഗൺ സാദാ പദാർത്ഥം കൊണ്ട് നിർമിക്കപ്പെട്ടിരുന്നു എങ്കിൽ എത്ര നന്നായേനെ. ഇതിപ്പോ, അതിന്റെ ദേഹത്ത് പെയിന്റ് പിടിക്കില്ല"

ഇനിയും നിങ്ങളുടെ ബുദ്ധിയിൽ തോന്നുന്ന മാർഗങ്ങളൊക്കെ നിങ്ങൾ മുന്നോട്ട് വെച്ചേക്കാം. അപ്പോഴെല്ലാം, എന്തുകൊണ്ട് ആ മാർഗം ഉപയോഗിക്കാനാവില്ല എന്ന് വിശദീകരിക്കുന്ന ഒരു ഗുണം കൂടി ഞാൻ എന്റെ ഡ്രാഗണിന് ചേർത്തുകൊടുക്കുന്നു.

ഇനിയാണ് കാതലായ ചോദ്യം, എന്റെ ഡ്രാഗണിനെ നിങ്ങൾക്ക് ഒരുരീതിയിലും സെൻസ് ചെയ്യാനാകുന്നില്ല. പക്ഷേ അങ്ങനൊരു ഡ്രാഗൺ ഇല്ലാന്ന് ഒരിയ്ക്കലും നിങ്ങൾക്ക്
തെളിയിക്കാനും ആകില്ല. അതിന്റെ അർത്ഥം അങ്ങനൊരു ഡ്രാഗൺ ഉണ്ടെന്നാണോ? ഞാൻ പറയുന്നത് തെറ്റാണെന്ന് തെളിയിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല എന്നതുകൊണ്ട് ഞാൻ പറയുന്നത് ശരിയാകുമോ?

അതൊക്കെ പോട്ടെ. കാണാനാകാത്ത, തറയിൽ തൊടാതെ പൊന്തി നിൽക്കുന്ന, പെയിന്റ് പറ്റാത്ത, ചൂടില്ലാത്ത തീ തുപ്പുന്ന ഒരു ഡ്രാഗൺ ഉള്ളതും, അങ്ങനൊരു ഡ്രാഗൺ ഇല്ലാത്തതും തമ്മിൽ എന്താണ് വ്യത്യാസം? അല്ലാ, വല്ല വ്യത്യാസവുമുണ്ടോ?

ഇത്തരം ഡ്രാഗണുകളെക്കുറിച്ച് നിങ്ങൾ ജീവിതത്തിൽ സ്ഥിരം കേൾക്കുന്നുണ്ട്. ദൈവം, പ്രേതം, ആത്മാവ് തുടങ്ങി പല പല പേരുകളിലായിരിക്കും എന്ന് മാത്രം.

(കാൾ സെയ്ഗന്റെ "The Dragon in my Garage"-നോട് കടപ്പാട്)

Comments

Post a Comment

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...