Skip to main content

ഉറുമ്പുകൾ എന്ന വെയ്റ്റ് ലിഫ്റ്റേഴ്സ്

കഴിഞ്ഞ ദിവസം നിത്യജീവിതത്തിലെ ശാസ്ത്രസംശയങ്ങൾ ചോദിച്ച് ഞാനൊരു പോസ്റ്റിട്ടിരുന്നത് ചിലർക്കെങ്കിലും ഓർമ്മ കാണും. കുറേയെറെ രസകരമായ ചോദ്യങ്ങൾ അവിടെനിന്ന് വഭിച്ചിട്ടുണ്ട്. അതിൽ നിന്ന് തെരെഞ്ഞെടുത്ത രണ്ട് ചോദ്യങ്ങളാണ് ഇന്ന് നമ്മളിവിടെ ചർച്ച ചെയ്യാൻ പോകുന്നത്. രണ്ട് ചോദ്യങ്ങളും ഉറുമ്പുകളെ പറ്റിയാണ്:

  1. ഉറുമ്പുകൾക്കെങ്ങനെയാണ് തങ്ങളെക്കാൾ ഭാരമുള്ള വസ്തുക്കളെ പുല്ല് പോലെ ഉയർത്തിക്കൊണ്ട് പോകാൻ സാധിയ്ക്കുന്നത്?
  2. വളരെയധികം ഉയരങ്ങളിൽ നിന്ന് വീണിട്ട് പോലും ഉറുമ്പുകൾക്ക് പരിക്ക് പറ്റാത്തത് എന്തുകൊണ്ട്?
രണ്ട് ചോദ്യങ്ങളും ശരിയ്ക്കുള്ള നിരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരുമിച്ച് ആലോചിക്കുമ്പോൾ ഉറുമ്പുകൾ ബാലമംഗളത്തിലെ നമ്പോലനെപ്പോലെ ശക്തിമരുന്ന് കുടിച്ച അതിബലശാലികളാണ് എന്നതിന്റെ തെളിവുകളായി തോന്നിയേക്കാം. പക്ഷേ ഈ രണ്ട് ചോദ്യങ്ങളുടേയും ഉത്തരം അല്പം വ്യത്യസ്തമായ കാരണങ്ങളാണ്. ഓരോന്നായി നോക്കാം.
ശരിയ്ക്കും ഉറുമ്പുകൾക്ക് നല്ല ‘മസിൽ പവറു’ണ്ട് എന്നത് സത്യമാണ്. ഒരുറുമ്പ് അതേ വലിപ്പമുള്ള മറ്റൊരു ഉറുമ്പിന്റെ ശരീരമോ തന്നെക്കാളും വലിപ്പമുളള അരിമണിയോ ഒക്കെ എടുത്തോണ്ട് പോകുന്നതാണ് നമ്മൾ കണ്ടിട്ടുള്ള ശക്തിപ്രകടനങ്ങളെങ്കിലും, ശരിയ്ക്കും അവയുടെ ബലം അതിനെക്കാൾ വളരെ കൂടുതലാണ്. ഒപ്പമുള്ള ചിത്രം നോക്കൂ.


Biotechnology and Biological Sciences Research Council (BBSRC)-ന്റെ ശാസ്ത്രഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ഒരു ഫോട്ടോയാണിത്. ഒരു ഉറുമ്പ്, മിനുസമുള്ള ഒരു പ്രതലത്തിൽ തന്നെക്കാൾ നൂറ് മടങ്ങ് ഭാരമുള്ള ഒരു വസ്തുവും കടിച്ചുതൂക്കി തലകീഴായി നിൽക്കുന്നു! ഏത് സർക്കസിൽ കണ്ടിട്ടുണ്ട് ഇതിലും അത്ഭുതപ്പെടുത്തുന്ന കായികപ്രകടനം?

ഉറുമ്പുകളെ ഇത്രയും വലിയ ഫയൽവാൻമാരാക്കുന്നത് അവരുടെ വലിപ്പം തന്നെയാണ്. വലിപ്പവും കായികശേഷിയും തമ്മിലുള്ള ബന്ധം അല്പം ട്രിക്കി ആണ്. ഭാരം ഉയർത്തുന്ന കാര്യം പറയുമ്പോൾ രണ്ട് കാര്യങ്ങളാണ് കണക്കിലെടുക്കേണ്ടത്– ഒന്ന് ഉയർത്തുന്ന പേശിയുടെ ബലം, രണ്ട് ഉയർത്തപ്പെടുന്ന വസ്തുവിന്റെ ഭാരം (weight). പേശിയുടെ ബലം അതിനെ കുറുകെ മുറിച്ചാലുള്ള പ്രതലത്തിന്റെ വിസ്താരത്തിന് (cross-sectional area, CSA) ആനുപാതികമായിരിക്കും. നീണ്ട മസിലിനെക്കാൾ വീർത്ത മസിലിന് ശക്തി കൂടുതലാകുന്നത് ഇതുകൊണ്ടാണ്. മസിലിന്റെ വിസ്താരം ശരീരവലിപ്പത്തിന് ആനുപാതികമാകുമെന്ന് കരുതിയാൽ വലിപ്പത്തിന്റെ സ്ക്വയറിന് അനുസരിച്ചാണ് മസിലിന്റെ ശക്തി കൂടുന്നത് എന്ന് കാണാം. എന്നാൽ ഒരു വസ്തുവിന്റെ ഭാരം അതിന്റെ വ്യാപ്തത്തിന് (volume) ആനുപാതികമായിരിക്കും. വ്യാപ്തം എന്നാൽ വലിപ്പത്തിന്റെ ക്യൂബിന് അനുസരിച്ചാണ് മാറുന്നത്. scaling എന്ന സങ്കല്പമാണ് ഈ പറഞ്ഞുവരുന്നത്. ഇത് ഗണിതപരമായി ഇത്തിരി സങ്കീർണമായതിനാൽ മനസിലാവാൻ വേണ്ടി ഒരല്പം over-simplify ചെയ്ത് പറയേണ്ടിവരും. ക്യൂബ് ആകൃതിയിലുള്ള മൂന്ന് ജീവികളെ പരിഗണിക്കുക (മിക്കവാറും കാർട്ടൂണിലേ കാണൂ അതുപോലുള്ള ജീവികൾ!). 0.5 cm (5 mm) , 2 cm, 20 cm എന്നിങ്ങനെയാണ് അവയുടെ വലിപ്പം. 5 mm വലിപ്പമുള്ള ജീവിയുടെ CSA എന്നത് 0.5 × 0.5 = 0.25 cm²-ഉം വ്യാപ്തം 0.5  × 0.5 × 0.5 = 0.125 cm³-ഉം ആയിരിക്കും. 2 cm വലിപ്പമുള്ള വസ്തുവിന് ഇവ യഥാക്രമം 4 cm² ഉം 8 cm³ ഉം ആണ്. 20 cm വലിപ്പമുള്ള വസ്തുവിനെ സംബന്ധിച്ചാണെങ്കിൽ ഇവ 400 cm², 8000 cm³ എന്നിങ്ങനെയാണ്. 5 mm വലിപ്പമുള്ള വസ്തുവിൽ നിന്ന് 20 cm വലിപ്പമുള്ള വസ്തുവിൽ എത്തുമ്പോൾ CSA 0.25-ൽ നിന്ന് 400-ൽ എത്തിയിരിക്കുന്നു. അതായത് 1600 മടങ്ങ് വർദ്ധന. എന്നാൽ വ്യാപ്തമോ? അത് 0.125-ൽ നിന്ന് 8000 ആയി. ഇത് 64000 മടങ്ങാണ്!! ഒരു ജീവിയുടെ ശക്തിയും ഭാരവും തമ്മിലുള്ള അനുപാതം CSA-യും വ്യാപ്തവും തമ്മിലുള്ള അനുപാതമായി കരുതാം. അങ്ങനെയെങ്കിൽ 0.5 cm, 2 cm, 20 cm എന്നീ വലിപ്പങ്ങളുള്ള ജീവികൾക്ക് അത് യഥാക്രമം  2 (0.25/0.125), 0.5 (4/8), 0.05 (400/8000) എന്നിങ്ങനെയാണ്. 50 cm വലിപ്പമുള്ള ജീവിയ്ക്ക് ഈ അനുപാതം 0.02 മാത്രമേ ഉണ്ടാകൂ. ഇതിൽ നിന്നും മനസിലാകുന്നത് വലിപ്പം കൂടുന്തോറും ജീവികളുടെ ശക്തി-ഭാരം അനുപാതം കുറയും എന്നാണ്. അതായത് വലിയവയിൽ നിന്ന് ചെറിയവയിലേയ്ക്ക് എത്തുമ്പോൾ ശരീരത്തിന്റെ ബലം കൂടുന്നതിനെക്കാൾ വളരെ വേഗത്തിലാണ് ഭാരം കൂടുന്നത്. അതുകൊണ്ട് വലിപ്പം കൂടിയ ജീവികൾക്ക് ഭാരം ഉയർത്താനുള്ള ശേഷിയും കുറയും. (ഇവിടത്തെ കണക്ക് over-simplified ആണെന്ന് പറഞ്ഞുവല്ലോ. അല്പം കൂടി ആഴത്തിലുള്ള ഗണിതം താങ്ങാനാവുന്നവർക്ക് ഈ ലിങ്ക് നിർദ്ദേശിക്കുന്നു: Scaling Applied to Biology)

ഉറുമ്പിന്റെ കാര്യം നമ്മൾ കരുതുന്നതിനെക്കാൾ ഗംഭീരമാണ്. അവയുടെ കഴുത്തിലെ വിശേഷപ്പെട്ട മസിലുകൾക്ക് അവയുടെ വലിപ്പത്തിന്റെ അയ്യായിരം മടങ്ങ് വരെ ഭാരം താങ്ങാനാകുമെന്നാണ് ഒരു പഠനം സൂചിപ്പിക്കുന്നത്. ശക്തിയുടെ കാര്യം പറയുമ്പോ ഉറുമ്പിന് അവാർഡ് കൊടുത്ത് യോഗം പിരിച്ചുവിടാൻ നിർവാഹമില്ല. നേരത്തെ പറഞ്ഞ 5000 മടങ്ങ് ജീവനുള്ള ഉറുമ്പിന് ഉയർത്തി നടക്കാവുന്ന ഭാരത്തിന്റെ കണക്കല്ല. അതിന്റെ കഴുത്തിലെ മസിലിന് താങ്ങാനാവുന്ന ഭാരമാണ്. മയക്കിയ ഉറുമ്പിനെ സെൻട്രിഫ്യൂഗിൽ തല ചേർത്ത് ഒട്ടിച്ച്, അത് കറക്കി, തലയും ഉടലും വേർപെട്ട് പോകുന്ന വേഗത നോക്കി അതിൽ നിന്ന് കണക്കാക്കിയ ഭാരമാണത്. നേരിട്ട് നിരീക്ഷിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ വെയ്റ്റ്-ലിഫ്റ്റർ ചാണകവണ്ടുകളാണ്. സ്വന്തം ഭാരത്തിന്റെ 1140 മടങ്ങ് ഭാരമാണ് അവ പുല്ല് പോലെ വലിച്ചോണ്ട് പോകുന്നത്. ഒരു മനുഷ്യന് ഈ റെക്കോഡ് ഭേദിക്കണമെങ്കിൽ കറഞ്ഞത് 95 ടൺ ഭാരമെങ്കിലും ഉയർത്തേണ്ടിവരും! 

ഇനി രണ്ടാമത്തെ ചോദ്യത്തിലേയ്ക്ക് വരാം.വളരെ ഉയരത്തിൽ നിന്ന് വീണാലും ഉറുമ്പിന് –അല്ലെങ്കിൽ അതുപോലുള്ള ചെറിയ ജീവികൾക്ക്– അപകടമൊന്നും പറ്റില്ല. ഇതിന്റെ ഉത്തരം സത്യത്തിൽ വളരെ ലളിതമാണ്- ഭാരക്കുറവ്. താഴെവീഴുമ്പോൾ ഉണ്ടാകുന്ന അപകടത്തിന് കാരണം വേഗത്തിൽ താഴേയ്ക്ക് വരുന്ന ജീവി തറയുമായി ഇടിച്ച് നിശ്ചലാവസ്ഥയിൽ വരുമ്പോൾ അതിന് അനുഭവപ്പെടുന്ന ബലം ആണ്. ബലം എന്നത് ആക്കവ്യത്യാസത്തിന്റെ നിരക്കാണ് എന്ന് ന്യൂട്ടന്റെ രണ്ടാം നിയമം പറയുന്നു. ആക്കം എന്നാൽ പിണ്ഡം (mass, m), വേഗത (v) എന്നിവയുടെ ഗുണനഫലമാണ് (p = mv). ഒരേ ഉയരത്തിൽ നിന്ന് സ്വതന്ത്രമായി രണ്ട് വസ്തുക്കൾ താഴേയ്ക്ക് വീണാൽ അവ താഴെയെത്തുമ്പോൾ രണ്ടിനും ഒരേ വേഗത ആയിരിക്കും. പക്ഷേ പിണ്ഡം കൂടിയ വസ്തുവിന് ആക്കം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ താഴെയെത്തി നിശ്ചലമാകുമ്പോൾ അവയ്ക്ക് രണ്ടും അനുഭവപ്പെടുന്നത് രണ്ട് ബലങ്ങളായിരിക്കും. ഉറുമ്പിനെയും മനുഷ്യനെയും തമ്മിൽ താരതമ്യം ചെയ്താൽ, പത്ത് മീറ്റർ ഉയരെ നിന്ന് വീഴുന്ന 70 കിലോ ഭാരമുള്ള ഒരാളുടെ ആക്കം 1 ഗ്രാം ഭാരമുള്ള ഒരു ഉറുമ്പിന് ഉണ്ടാവണമെങ്കിൽ അത് പതിനായിരക്കണക്കിന് കിലോമീറ്റർ ഉയരെ നിന്ന് വീഴണം. ആ സാഹചര്യത്തിൽ മറ്റനേകം ഘടകങ്ങൾ കൂടി പരിഗണിക്കേണ്ടിയും വരുമെന്നത് വേറെ കാര്യം.

Comments

  1. ഉറുബിന് തന്നെക്കാൾ ഭാരമുള്ള വസ്തു ഉയർത്താൻ കഴിയും എന്തുകൊണ്ട് ചിത്രം കണ്ട് അന്തം വിടണ്ടാ,,,, അത് ഫെയ്ക്കാണ് അത് മിറർ ഇഫക്ക്റ്റാണ്.


    കാരണം മനുഷ്യശരീരത്തെ അപേക്ഷിച്ച് പ്രതലവിസ്തീർണ്ണം കുറവാണ് മനുഷ്യനെക്കാൾ ഭാരമുള്ള വസ്തു എടുക്കാനുള്ള ഊർജ്ജം മസിലിന് കൊടുത്താൽ ഇപ്പോഴുള്ള ശരീര താപത്തെക്കാൾ 20 ഇരട്ടി വരും അതിൽ മനുഷ്യന് മരണം സംഭവിക്കും 

    അതായത് ഉറുബിന് പ്രതലവിസ്തീർണ്ണം കുറഞ്ഞിരിക്കുന്നതുകൊണ്ട്, ഉണ്ടാകുന്ന താപം പുറത്തെക്ക് അപ്പോൾ തന്നെ പോകുന്നു, അതിനാൽ 

    ഉറുബിൻെറ മസിലിന് 20മേലെ ഇരട്ടി ഉൗർജ്ജം നൽക്കാൻ കഴിയും ഉറുബിന് ആന്തരീക അസ്ഥികൾ ഇല്ല, ഞണ്ടിൻെറ പോലെ കവർ ബോൺ ആണ്, കവർ ബോൺ പെട്ടെന്ന് തേമാനം വരുന്ന ഒന്നാണ് എന്നാൽ അമിതമായ വളർച്ചകൊണ്ട് അത് സംഭവിക്കുന്നില്ല, കവർ ബോൺ ഉപയോഗിക്കുന്നത് ഉറുബുകൾക്ക് ഭാരം എടുക്കാനുള്ള ശേഷിയുണ്ടാക്കാനാണ്, ഉറുബിന് വളരെ ഉയരത്തിൽ വീണാലും അപകടം പറ്റാത്തത് അതിൻെറ കവർ ബോൺ അത്ര കടുപ്പമുള്ളതല്ല.മാത്രമല്ല പ്രതലവിസ്തീർണ്ണം കുറഞ്ഞതു കൊണ്ട് അതിൻെറ വീഴ്ച്ചയുടെ ആക്കം കുറയുന്നു,അതായത് ജലതുള്ളി കിഴ്പോട്ടു, നീരാവി തുള്ളി മേലൊട്ടും കാരണം പ്രതലവിസ്തീർണ്ണം, ഇത്രയും സിംബളായി വിവരിക്കാതെ വൈശാഖൻ തമ്പിയുടെ  കസറത്ത് കാണണം, കൂടുതൽ വിവരങ്ങള്‍ക്ക് kishorens.com

    ReplyDelete
  2. ഉറുബിന് തന്നെക്കാൾ ഭാരമുള്ള വസ്തു ഉയർത്താൻ കഴിയും എന്തുകൊണ്ട് ചിത്രം കണ്ട് അന്തം വിടണ്ടാ,,,, അത് ഫെയ്ക്കാണ് അത് മിറർ ഇഫക്ക്റ്റാണ്.


    കാരണം മനുഷ്യശരീരത്തെ അപേക്ഷിച്ച് പ്രതലവിസ്തീർണ്ണം കുറവാണ് മനുഷ്യനെക്കാൾ ഭാരമുള്ള വസ്തു എടുക്കാനുള്ള ഊർജ്ജം മസിലിന് കൊടുത്താൽ ഇപ്പോഴുള്ള ശരീര താപത്തെക്കാൾ 20 ഇരട്ടി വരും അതിൽ മനുഷ്യന് മരണം സംഭവിക്കും 

    അതായത് ഉറുബിന് പ്രതലവിസ്തീർണ്ണം കുറഞ്ഞിരിക്കുന്നതുകൊണ്ട്, ഉണ്ടാകുന്ന താപം പുറത്തെക്ക് അപ്പോൾ തന്നെ പോകുന്നു, അതിനാൽ 

    ഉറുബിൻെറ മസിലിന് 20മേലെ ഇരട്ടി ഉൗർജ്ജം നൽക്കാൻ കഴിയും ഉറുബിന് ആന്തരീക അസ്ഥികൾ ഇല്ല, ഞണ്ടിൻെറ പോലെ കവർ ബോൺ ആണ്, കവർ ബോൺ പെട്ടെന്ന് തേമാനം വരുന്ന ഒന്നാണ് എന്നാൽ അമിതമായ വളർച്ചകൊണ്ട് അത് സംഭവിക്കുന്നില്ല, കവർ ബോൺ ഉപയോഗിക്കുന്നത് ഉറുബുകൾക്ക് ഭാരം എടുക്കാനുള്ള ശേഷിയുണ്ടാക്കാനാണ്, ഉറുബിന് വളരെ ഉയരത്തിൽ വീണാലും അപകടം പറ്റാത്തത് അതിൻെറ കവർ ബോൺ അത്ര കടുപ്പമുള്ളതല്ല.മാത്രമല്ല പ്രതലവിസ്തീർണ്ണം കുറഞ്ഞതു കൊണ്ട് അതിൻെറ വീഴ്ച്ചയുടെ ആക്കം കുറയുന്നു,അതായത് ജലതുള്ളി കിഴ്പോട്ടു, നീരാവി തുള്ളി മേലൊട്ടും കാരണം പ്രതലവിസ്തീർണ്ണം, ഇത്രയും സിംബളായി വിവരിക്കാതെ വൈശാഖൻ തമ്പിയുടെ  കസറത്ത് കാണണം, കൂടുതൽ വിവരങ്ങള്‍ക്ക് kishorens.com

    ReplyDelete

Post a Comment

Popular posts from this blog

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ഫിലമറ്റോളജി- ഉമ്മ വെക്കുന്ന ശാസ്ത്രം

ഈ ശാസ്ത്രജ്ഞര്‍ വലിയ തമാശക്കാരാണ്. ഉമ്മ വെക്കുന്നതിനെ കുറിച്ച് പഠിക്കാനും ഉണ്ട് അവര്‍ക്കൊരു ശാസ്ത്രശാഖ-ഫിലമറ്റോളജി (Philematology). മാസങ്ങള്‍ പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ നെറ്റിയില്‍ വാത്സല്യത്തോടെ ഉമ്മ വെക്കുമ്പോഴോ അവസരം വരുമ്പോള്‍ പാത്തും പതുങ്ങിയും പ്രേമഭാജനത്തിന് ചൂടനൊരു കിസ്സ് വെച്ചു കൊടുക്കമ്പോഴോ ഒരു പെണ്‍കുട്ടിയെ സ്റ്റേജില്‍ വച്ച് ചുംബിച്ച് സദാചാര-അണ്ണന്‍മാരുടെ തെറിവിളി കേട്ട കമല്‍ഹാസന്റെ കാര്യം ചര്‍ച്ച ചെയ്യുമ്പോഴോ നിങ്ങളോര്‍ത്തിട്ടുണ്ടോ ഈ ഉമ്മ ഇത്രയും വല്യ സംഭവമാണെന്ന്? എന്നാ കേട്ടോ, ഉമ്മ എന്ന്‍ പറയുന്നത് അത്ര നിസ്സാര സംഗതിയൊന്നും അല്ല. കാണ്ഡം കാണ്ഡമായിട്ട് അങ്ങനെ കിടക്കയാണ് ഉമ്മ വിശേഷങ്ങള്‍! എന്താണ് ഉമ്മ? ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ശരീരത്തില്‍ ചുണ്ടുകള്‍ ചേര്‍ക്കുന്ന പ്രവൃത്തിയാണ് ഉമ്മ എന്ന്‍ പറയാം. എന്നാല്‍ ഇതിന് അര്‍ത്ഥങ്ങള്‍ സാഹചര്യത്തിനും ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും അനുസരിച്ചു മാറും. പ്രണയമോ സ്നേഹമോ വാത്സല്യമോ ബഹുമാനമോ ഭക്തിയോ സൌഹൃദമോ ആചാരമോ വരെ അങ്ങനെ ഉമ്മയുടെ അര്‍ത്ഥങ്ങള്‍ എന്തുമാവാം. ഇങ്ങനെ അര്‍ത്ഥങ്ങളും ചെയ്യുന്ന രീതികളും മാറാമെങ്കില്‍ പോലും വൈകാരിക അടു...

മനുഷ്യൻ ശരിക്കും ചന്ദ്രനിൽ ഇറങ്ങിയിരുന്നോ?

മനുഷ്യന്റെ ചന്ദ്രയാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമിട്ട പോസ്റ്റിന് കീഴിലായും മെസേജായും പലരും ആ സ്ഥിരം ചോദ്യം ഉന്നയിച്ചു- “മ നുഷ്യൻ ശരിയ്ക്കും ചന്ദ്രനിലിറങ്ങി എന്ന് വിശ്വസിക്കുന്നുണ്ടോ? ” അതിനുള്ള മറുപടിയാണ് ഈ പോസ്റ്റ്. എന്റെ ഉത്തരം കുറഞ്ഞ വാക്കുകളിൽ പറഞ്ഞാൽ, “അതെ. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങി എന്നത് വിശ്വസിക്കാൻ പറ്റാത്ത ഒന്നായി എനിക്ക് തോന്നുന്നില്ല” എന്നതാണ്. പക്ഷേ ഈ വിഷയത്തിൽ ഉത്തരം ഇങ്ങനെ പറഞ്ഞാൽ തീരെ തൃപ്തികരമാവില്ല എന്നതിനാൽ അല്പം വിശദീകരണം ആവാം. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല എന്നും അത് അമേരിക്ക നടത്തിയ ഒരു നാടകം മാത്രമാണെന്നും വിശ്വസിക്കുന്നതിന് പലർക്കും പല കാരണങ്ങളുണ്ട്. അതിൽ പ്രധാനമായും നിരീക്ഷിച്ചിട്ടുള്ള കാരണങ്ങളിൽ ചിലത്, അത് വെറും നാടകമാണെന്ന് തെളിയിക്കുന്ന കുറേ ശാസ്ത്രീയ തെളിവുകൾ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ. കൊടി പറക്കുന്നത്, നിഴൽ വീഴുന്നത്, പ്രകാശം വീഴുന്നത് അങ്ങനെ… (പ്രശ്നം സംശയമാണ്) അമേരിക്ക ഒരു വൃത്തികെട്ട രാജ്യമാണ്. അവർ ഇതല്ല, ഇതിന്റെ അപ്പുറത്തെ നാടകം കളിക്കും. (പ്രശ്നം അമേരിക്കയാണ്) മനുഷ്യന് ചന്ദ്രനിൽ ഇറങ്ങുക സാധ്യമല്ല. സാധ്യമായിരുന്നെങ്കിൽ എന്തുകൊണ്...