പ്രപഞ്ചരഹസ്യത്തെ സംബന്ധിച്ച് ശ്രീ. സീ. രാധാകൃഷ്ണൻ അവതരിപ്പിച്ച ഒരു ആശയം വാർത്താവിഷയമായിട്ടുണ്ട്. പതിവ് പോലെ എരിവും പുളിയും റിപ്പോർട്ടറുടെ സ്വന്തം സയൻസും ഒക്കെക്കൂടി കുഴച്ച് വൻ കോലാഹലമായിട്ടാണ് പത്രങ്ങളൊക്കെ അതിനെ കെട്ടിയൊരുക്കി നിർത്തിയിരിക്കുന്നത്. കുറേ ഏറെ ഇടങ്ങളിൽ ഹർഷാരവത്തോടെയുള്ള സ്വീകരണം ടി 'കണ്ടെത്തൽ' നേടിക്കഴിഞ്ഞു എന്നാണ് ഫെയ്സ്ബുക്ക് ഷെയറുകളും വാട്സാപ്പ് 'വിജ്ഞാനമഴ'കളും കാണുമ്പോൾ മനസിലാകുന്നത്. അതുകൊണ്ട് തന്നെ അതേപ്പറ്റി ചിലത് പറയണമെന്ന് തോന്നി.
'Prespacetime Journal' എന്ന് പേരുള്ള, ശാസ്ത്രജേണൽ എന്നവകാശപ്പെടുന്ന ഒരു ജേണലിലാണ് ശ്രീ. സീ. രാധാകൃഷ്ണനും ശ്രീ. കേ. ആർ. ഗോപാലും ചേർന്നെഴുതിയ 'പ്രബന്ധം' പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. 'Avyakta: The Fabric of Space' (http://prespacetime.com/index.php/pst/article/view/1140/1144) എന്നാണ് 19 പേജുകളുള്ള ആ ലേഖനത്തിന്റെ പേര്. പ്രപഞ്ചത്തിന്റെ അടിസ്ഥാന ഭൗതികസവിശേഷതകളെ വിശദീകരിക്കാൻ ഇന്ന് ഉപയോഗിക്കപ്പെടുന്ന ഭൗതികശാസ്ത്രനിയമങ്ങളെക്കുറിച്ചൊക്കെ ലേഖകർ വിശദമായി വായിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. അവയോടൊപ്പം കുറേയേറെ ചിന്താപരമായ അധ്വാനവും ഈ ലേഖനത്തിന്റെ സൃഷ്ടിയിൽ ആവശ്യമായി വന്നിട്ടുണ്ട് എന്നും തോന്നുന്നു. പക്ഷേ 'മരണാന്തരം അവ്യക്തം: പുതിയ പ്രപഞ്ച രഹസ്യ സിദ്ധാന്തവുമായി മലയാളി ശാസ്ത്രകാരൻ' എന്ന് മനോരമയും 'പ്രപഞ്ച രഹസ്യത്തെ സംബന്ധിച്ച് പുതുദർശനവുമായി സി. രാധാകൃഷ്ണൻ' എന്ന് മാതൃഭൂമിയും ഒക്കെ പാടിപ്പുകഴ്ത്തുന്നത് കാണുമ്പോൾ തോന്നുന്ന ഒരു മഹാകാര്യവും അതിനുള്ളിൽ കാണാനില്ല എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതിന് കാരണങ്ങളുണ്ട്.
പോപ്പുലർ സയൻസ് ലേഖനങ്ങളിൽ നിന്ന് പഠിച്ച ക്വാണ്ടം ഭൗതികത്തേയും ആപേക്ഷികതയേയും വെച്ച്, പോപ്പുലർ ലെവലിൽ നിന്ന് ഒരു പടി പോലും ഉയർന്നിട്ടില്ലാത്ത ഒരു കാല്പനികസങ്കല്പം രൂപീകരിച്ച് പുതിയൊരു ശാസ്ത്രസിദ്ധാന്തമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ടി ലേഖനത്തിലെ ഏറ്റവും കാതലായ പ്രശ്നം. അതേസമയം, സ്റ്റാൻഡേഡ് മോഡലിനേയും ഗുരുത്വാകർഷണത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന തങ്ങളുടെ സിദ്ധാന്തം നിലവിലുള്ള ഭൗതികനിയമങ്ങളിലെ പഴുതടയ്ക്കുന്നു എന്നും, ഫിസിക്സിലെ എല്ലാ കുഴയ്ക്കുന്ന പ്രശ്നങ്ങളും ഇതോടെ തീരും എന്നുമൊക്കെയുള്ള, എമണ്ടൻ എടുത്താൽ പൊങ്ങാത്ത അവകാശവാദമാണ് ലേഖകർ ഉന്നയിക്കുന്നത്. ആ അവകാശവാദത്തിന്റെ കാറ്റഴിച്ചുവിടുക എന്നത് ഒരു പൊതുവേദിയിൽ ചെയ്യാൻ സാധിക്കുന്ന കാര്യമല്ല. വാദങ്ങൾക്കെല്ലാം തന്നെ ക്വാണ്ടം ഭൗതികം, ആപേക്ഷികത, തുടങ്ങിയ സങ്കീർണ ഭൗതികശാസ്ത്രനിയമാവലികളുടെ അകമ്പടിയുണ്ട്. നിരവധി ശാസ്ത്രപ്രബന്ധങ്ങൾ ഇതിൽ അവലംബപ്പെടുത്തിയിട്ടും ഉണ്ട്. പക്ഷേ നിലവിലുള്ള ശാസ്ത്രസിദ്ധാന്തങ്ങളേയും കേവലമായ ഭാവനാസങ്കല്പങ്ങളേയും ബ്രാൻഡിയും വെള്ളവും എന്നപോലെ വേർതിരിക്കാനാവാത്തവിധം കൂട്ടിക്കലർത്തിയാണ് അവതരണം. തരി പെറുക്കാനിരുന്നാൽ പത്തൊൻപത് പേജിൽ ഓരോ പാരഗ്രാഫിനും അഞ്ച് പാരഗ്രാഫ് വീതമെങ്കിലും നീളുന്ന വിശദീകരണം വേണ്ടിവരും. സാധാരണവ്യക്തിയെ സംബന്ധിച്ച് ടി ലേഖകരുടെ വാദങ്ങളും, വിമർശനവാദങ്ങളും ഒരുപോലെ ദുർഗ്രാഹ്യമായിരിക്കുമെന്നത് ഉറപ്പുമാണ്. അതുകൊണ്ടൊക്കെ തന്നെ ഒരു പൊളിച്ചടുക്കൽ എന്നത് തീർത്തുമൊരു പാഴ്വേലയായിരിക്കും. ഇത്രയും പറഞ്ഞതിനർത്ഥം, ഇതിനകം ഈ വാർത്ത വായിച്ചിട്ട് 'ഹോ! ഭയങ്കരം!' എന്ന മട്ടിലൊരു രോമാഞ്ചം ഉണ്ടായ വ്യക്തിയാണ് നിങ്ങളെങ്കിൽ അത് വിട്ടുകളയണ്ടാ എന്നാണ്. നിങ്ങൾക്ക് മനസിലാവാത്ത രണ്ട് കാര്യങ്ങളിൽ, നിങ്ങൾക്ക് സുഖം തോന്നുന്ന ഒന്ന് നിങ്ങൾ തെരെഞ്ഞെടുത്തു, സ്വാഭാവികം. ഇനി മുന്നോട്ട് പറയുന്നതൊന്നും നിങ്ങൾക്ക് ബാധകമല്ല. വാർത്തകളിൽ 'ഗവേഷണം', 'കണ്ടെത്തൽ' എന്നൊക്കെയുള്ള വലിയ പേരുകളിൽ അവതരിപ്പിക്കപ്പെടുന്ന വെറുമൊരു 'ലേഖന'ത്തിന്റെ ഒരു വിശാല വിലയിരുത്തൽ വേണ്ടവർക്ക് മാത്രം തുടരാം.
ഒരു കാര്യം പറയാം. മിനിമം എം.എസ്.സി. തലം വരെയെങ്കിലും ഫിസിക്സ് പഠിച്ചിട്ടില്ലാത്ത ഒരാൾ ക്വാണ്ടം ഫിസിക്സിലോ റിലേറ്റിവിറ്റിയിലോ ഒരു 'കണ്ടെത്തൽ' നടത്തി എന്നവകാശപ്പെട്ടാൽ 99% ഉറപ്പിക്കാം അതിൽ കഴമ്പൊന്നും ഉണ്ടാവില്ല എന്ന്. ഇതൊരു അഹന്തവർത്തമാനം അല്ല. ഔപചാരികവിദ്യാഭ്യാസം കൊണ്ട് കാര്യമില്ല എന്ന് എല്ലാവരും പറയാറുണ്ട്. പക്ഷേ അതിന്റെ അർത്ഥം ഔപചാരികവിദ്യാഭ്യാസം കിട്ടിയതുകൊണ്ട് മാത്രം നിങ്ങളൊരു വിഷയത്തിൽ വൈദഗ്ദ്ധ്യം നേടില്ല എന്നാണ്. അല്ലാതെ, വൈദഗ്ദ്ധ്യം നേടാൻ ഔപചാരികവിദ്യാഭ്യാസം ആവശ്യമില്ല എന്നല്ല. ഫിസിക്സ് 17 കൊല്ലം പഠിയ്ക്കുകയും, ആറ് കൊല്ലം ഗവേഷണത്തിലേർപ്പെടുകയും, ഇന്നുമത് പഠിക്കാൻ ശ്രമിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. ആ അനുഭവം വെച്ച് പറയാം, പോപ്പുലർ സയൻസ് ലേഖനങ്ങളിലും ഡോക്യുമെന്ററികളിലും ഒക്കെ നിങ്ങൾ കാണുന്ന ഫിസിക്സ് ഗാലറിയിൽ നിന്നുള്ള കമന്ററിയാണ്. ഗ്രൗണ്ടിലിറങ്ങിയുള്ള കളി അതൊന്നുമല്ല. അതങ്ങോട്ട് ഇറങ്ങിയാലേ അറിയാൻ പറ്റൂ. സത്യം പറഞ്ഞാൽ ഒമ്പതാം ക്ലാസ് തൊട്ട് സ്കൂളിൽ പഠിപ്പിയ്ക്കുന്ന 'ആറ്റത്തിന്റെ ഘടന' എന്ന വിഷയം മനസിലാവാൻ ഞാൻ എം.എസ്.സി. അവസാനവർഷം വരെ സമയമെടുത്തു. ഒരു കാര്യം കൂടി അന്ന് മനസ്സിലായി, ഒരു കാരണവശാലും എനിക്കത് ഒമ്പതാം ക്ലാസിൽ മനസിലാവാൻ സാധ്യതയില്ലായിരുന്നു എന്ന്. കാരണം എം.എസ്.സി. തലം വരെ ഞാൻ പലയിടത്തായി പഠിച്ച ഫിസിക്സം മാത്തമാറ്റിക്സും ഉപയോഗിച്ച് മാത്രമേ ആ വിഷയം എനിയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇനി പറയട്ടെ, പോപ്പുലർ സയൻസ് ലേഖനങ്ങളെഴുതുമ്പോഴോ ക്ലാസിൽ സാദാ കോളജ് വിദ്യാർത്ഥികളെ പഠിപ്പിക്കുമ്പോഴോ ഒക്കെ എനിയ്ക്കും ആഗ്രഹം തോന്നിയിട്ടുണ്ട്, ഈ വിഷയങ്ങളിൽ സ്വന്തമായി എന്തെങ്കിലുമൊക്കെ ഗവേഷണം നടത്തണമെന്ന്. എവിടെ! പാർട്ടിക്കിൾ ഫിസിക്സും സ്ട്രിങ് തിയറിയുമൊന്നും, എന്റെ എമ്മശീം പീയച്ചിഡീം വെച്ച് കുത്തിമറിച്ചാൽ മറിയുന്ന സാധനമല്ല. ഇന്നത്തെ അവസ്ഥയിൽ ഞാൻ കൂട്ടിയാൽ കൂടുന്ന പ്രശ്നമേയല്ല അത്. ഒരു ഉദാഹരണത്തിന് നിങ്ങൾ ഒരു സ്പാനിഷ് പത്രമെടുത്ത് ആറിലോ എഴിലോ പഠിത്തം നിർത്തിയ, എന്നാൽ ഇംഗ്ലീഷ് അക്ഷരമാലയും അത്യാവശ്യം കൂട്ടിവായിക്കാനും അറിയാവുന്ന ഒരാളുടെ കൈയിൽ കൊടുത്തിട്ട് വായിക്കാൻ പറഞ്ഞാൽ എന്ത് സംഭവിക്കും? മിക്കവാറും അയാളത് വായിച്ച് കേൾപ്പിക്കും. എന്നാൽ സാമാന്യം വിദ്യാഭ്യാസമുള്ള, ഇംഗ്ലീഷ് അറിയാവുന്ന, സ്പാനിഷ് അറിയാത്ത ഒരാളാണ് ആ സ്ഥാനത്തെങ്കിലോ? അയാളത് വായിക്കാൻ നിൽക്കില്ല. എന്താണ് വ്യത്യാസം? അയാൾക്കറിയാം, ആൾക്ക് അറിയാത്ത ഭാഷയായതുകൊണ്ട് വായിച്ചിട്ട് കാര്യമില്ലാ എന്ന്. എന്നാൽ ആദ്യത്തെയാൾക്ക് അത് ഇംഗ്ലീഷല്ല എന്നുപോലും മനസിലായേക്കില്ല. അങ്ങനെയൊരാൾ ഒരു സ്പാനിഷ് കവിത വായിച്ച് അർത്ഥതലങ്ങൾ വിശദീകരിക്കുന്നതുപോലാണ്, ഇത്തരം 'ഗ്രൗണ്ട് ബ്രേക്കിങ് കണ്ടെത്തലുകൾ' വായിക്കുമ്പോൾ എനിയ്ക്ക് അനുഭവപ്പെടാറ്.
ശ്രീ. സീ. രാധാകൃഷ്ണനെ ഏതെങ്കിലും രീതിയിൽ വ്യക്തിപരമായി അവഹേളിക്കലല്ല ഈ പറഞ്ഞതിന്റെ ഉദ്ദേശ്യം. അദ്ദേഹം കഴിവുതെളിയിച്ച ഒരു എഴുത്തുകാരനാണ്. ബിരുദതലം വരെ ഫിസിക്സ് പഠിച്ച, ശാസ്ത്രസ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള ആളാണ് ലേഖകൻ എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. എന്നാൽ ഈ സമയത്ത് ചെറുപ്പക്കാരനായ തന്റെ വിപ്ലവകരമായ ശാസ്ത്ര ആശയങ്ങൾക്ക് മേലധികാരികൾ പിന്തുണ തരാതെ നിരുത്സാഹപ്പെടുത്തിയതിൽ അദ്ദേഹം നിരാശനായിരുന്നു എന്ന് വിക്കിപ്പീഡിയ പറയുന്നു. (https://en.wikipedia.org/wiki/C._Radhakrishnan) ആ നിരുൽസാഹപ്പെടുത്തലിന്റെ കാരണം തീരെ വ്യക്തമല്ല എങ്കിലും, പിന്നീട് വേദോപനിഷത്തുക്കളുടെ ചുവട് പിടിച്ച് അദ്ദേഹം നടത്തിയ ശാസ്ത്ര വ്യഖ്യാനങ്ങളും, ടി ലേഖനവുമൊക്കെ കാണുമ്പോ ചില സംശയങ്ങളൊക്കെ ഇല്ലാതില്ല. എന്തായാലും എപ്പോഴും പറയാറുള്ളതുപോലെ, സയൻസിൽ വ്യക്തികൾക്കല്ല ആശയങ്ങൾക്കാണ് റോളുള്ളത്. അതുകൊണ്ട് ലേഖകരെ വിട്ട്, ലേഖനത്തിൽ തന്നെ നിന്നാൽ മതിയാകും.
ഒരു ശാസ്ത്രഗവേഷണം അവതരിപ്പിക്കുമ്പോൾ ചെയ്യേണ്ട മാനദണ്ഡങ്ങളൊന്നും ഇവിടെ കാണാനേയില്ല. ഒരു പുതിയ കാര്യം പറയുമ്പോൾ, അതിന്റെ പശ്ചാത്തലം സ്പഷ്ടമായി കൃത്യതയോടെ അവതരിപ്പിക്കുക എന്നതാണ് ആദ്യം വേണ്ടത്. ഇവിടെ ക്വാണ്ടം ഫിസിക്സും റിലേറ്റിവിറ്റിയും തമ്മിൽ ബന്ധിപ്പിക്കുന്നു എന്ന അവകാശവാദത്തോടെ തുടങ്ങുന്നു. പക്ഷേ ഇപ്പോൾ അവയ്ക്ക് തമ്മിൽ എന്താണ് 'വിടവ്' എന്ന് പറയുന്നേയില്ല. അതൊട്ട് അറിയുന്ന മട്ടുമില്ല. അക്കാര്യത്തിൽ മാത്രമല്ല. മൊത്തം ഇതുപോലെ തന്നെ. ആകെത്തുക എന്നത് ശൂന്യതയിൽ നിന്ന് പൊട്ടിവീഴുന്ന കുറേ 'ഊഹങ്ങൾ' ആണ്. ലത് ഇങ്ങനെയായിരിക്കും, അപ്പോ മറ്റേത് ലങ്ങനായിരിക്കും, അങ്ങനെയെങ്കിൽ ലിത് ഇങ്ങനായല്ലേ പറ്റൂ,... എന്ന ലൈനിലാണ് പോക്ക്. ഓരോ വരിയിലും ഓരോ 'assumption' ഉണ്ട്. ഇതിനൊക്കെയുള്ള തെളിവ്? ങേഹേ! അത് നമുക്ക് ആവശ്യമില്ലല്ലോ. എന്റെ ഗാരേജിൽ, ചൂടില്ലാത്ത തീ തുപ്പുന്ന, കാണാൻ പറ്റാത്ത, തറയിൽ തൊടാതെ നീങ്ങുന്ന, ദേഹത്ത് പെയിന്റ് പറ്റാത്ത വ്യാളിയുണ്ടെന്ന് പറഞ്ഞതുപോലാണ്. വ്യാളിയുണ്ടെന്ന് ഞാൻ പറഞ്ഞാൽ, വ്യാളിയുണ്ട്! തർക്കത്തിനാണേൽ, വ്യാളി ഇല്ലാന്ന് നിങ്ങൾ തെളിയിച്ചോണം. ശ്രീ. സീ. രാധാകൃഷ്ണന്റെ 'fabric of space'-ന് ഈ വ്യാളിയുടെ നല്ല മുഖഛായയുണ്ട്. ക്വാണ്ടം ഫീൽഡ് തിയറി പ്രകാരമുള്ള virtual particles, ജനറൽ റിലേറ്റിവിറ്റി അനുസരിച്ചുള്ള spacetime fabric എന്നീ ആശയങ്ങളെയൊക്കെ പിന്നേം പിന്നേം കുഴച്ചുമറിച്ച് കുറേ സാങ്കേതികപദങ്ങളൊക്കെ ഇടയ്ക്കിടയ്ക്ക് മിക്സ് ചെയ്ത് നിരത്തിയിരിക്കുകയാണ് ലേഖകർ. പുതിയതായി എന്തുണ്ട് എന്ന് ചോദിച്ചാൽ, ഇപ്പോ നമുക്ക് മനസിലായിട്ടില്ലാത്ത ചില കാര്യങ്ങൾക്ക് അവർ ചില പുതിയ പേരുകൾ ഇട്ടിട്ടുണ്ട്!
Hi
ReplyDelete