Skip to main content

ദൈവികപീഡകർ

കുട്ടിയെ പീ‍ഡിപ്പിച്ച പുരോഹിതൻ ഒരു അപൂർവ വാർത്തയേയല്ല. മാത്രമല്ല ഇക്കാര്യത്തിൽ അനിതരസാധാരണമായ മതസൗഹാർദ്ദവും കാണാനാവും. എന്നാൽ മറ്റ് പീഡനങ്ങളെ അപേക്ഷിച്ച് ഇത്തരം 'ദൈവികപീഡനങ്ങൾ'ക്ക് ഒരു പ്രധാന വ്യത്യാസം ഉണ്ട്. മാധ്യമങ്ങൾക്കും പൊതുജനത്തിനും അതിൽ വലിയ താത്പര്യം ഉണ്ടാവില്ല. പീഡനത്തിന്റെ 'പീ' കേട്ടാൽ ക്യാമറയും മൈക്കുമെടുത്ത് ഇക്കിളിയ്ക്ക് സ്കോപ്പ് നോക്കിയിറങ്ങുന്ന മാധ്യമങ്ങളുടെ സ്ഥിരം പരക്കം പാച്ചിലുകളും അന്തിച്ചർച്ചകളും അവിടെ കാണാനാവില്ല. മതങ്ങളെ തൊട്ട് ഇക്കിളിയുണ്ടാക്കാൻ നോക്കിയാൽ അത് കിളി പോകുന്ന കേസാണെന്ന് അവർക്ക് നന്നായി അറിയാം. പൊതുജനത്തെ സംബന്ധിച്ച് മാധ്യമങ്ങൾ മുന്നിലെത്തിക്കുന്ന ഇക്കിളിയും അതുവഴി കവലകളിൽ സംഘം കൂടി ചർച്ച ചെയ്യാനും, സ്വന്തമായി തിയറികൾ മെനഞ്ഞ് പരസ്പരം പിയർ റിവ്യൂ നടത്താനുമുള്ള സാഹചര്യവും കുറയും. സാധാരണ പീഡകരുടെ ചിത്രം കാണുമ്പോ നടത്താറുള്ള 'കൊല്ലെടാ, വെട്ടെടാ, പെങ്ങളുടെ മാനം രക്ഷിക്കെടാ' മോഡൽ പൊന്നാങ്ങളനിലവിളികൾ കാണാനേ കിട്ടില്ല. ജനത്തെ സംബന്ധിച്ച് അത് 'വഴിപിഴച്ചുപോയൊരു പുരോഹിതന്റെ ചെറിയൊരു കൈപ്പിഴ' മാത്രമായിരിക്കും. മതം തലയ്ക്ക് പിടിച്ച ചില ജന്തുക്കൾ ചിലപ്പോൾ ഇരയെ കുറ്റപ്പെടുത്തുന്ന ലെവൽ വരെ താഴും. മതത്തെ സംബന്ധിച്ച് അതൊരു വലിയ കാര്യമേയല്ല. പോത്തുപോലെ വളർന്ന അഭ്യസ്തവിദ്യവിശ്വാസിയെക്കൊണ്ട് പറക്കുന്ന കുതിരയുടേയും പുരുഷനില്ലാതെ ഗർഭം ധരിച്ച യുവതിയുടേയുമൊക്കെ കഥകൾ വിശ്വസിപ്പിക്കാമെങ്കിൽ, പിന്നെ എന്താണ് സാധിച്ചുകൂടാത്തത്! അതൊന്നും ചർച്ചയേ അർഹിക്കുന്നില്ല.

എന്നാൽ മതങ്ങൾ കാരണമാണ് മനുഷ്യനിവിടെ മര്യാദയ്ക്ക് കഴിയുന്നത് എന്ന് ഇപ്പോഴും വിശ്വസിക്കുന്ന നിഷ്കളങ്കർ ഇവിടെ കാണേണ്ട ചില കാര്യങ്ങളുണ്ട്. വഴിപിഴച്ച പുരോഹിതർ തന്നെയാണ് അതിനെതിരേയുള്ള ഏറ്റവും ശക്തമായ തെളിവുകൾ. ഒരു മതപുരോഹിതൻ എത്ര വർഷത്തെ പഠനവും പരിശീലനവും കഴിഞ്ഞിട്ടാണ് ആ സ്ഥാനത്തെത്തുന്നത്. ഒരുപാട് വിശ്വാസി സുഹൃത്തുക്കൾ അതൊരു മേന്മയായി അവകാശപ്പെടുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ എല്ലാവർക്കും കഴിയുന്ന കാര്യമല്ലത്രേ പുരോഹിതനാകുക എന്നത്. എന്നിട്ടെന്തേ, ഇത്രേം വർഷം മുതിർന്ന പുരോഹിതരും ദൈവം തമ്പുരാനും തമ്പുരാന്റെ പുസ്തകവും വിചാരിച്ചിട്ട് ഇത്തരക്കാരെ തിരിച്ചറിയാനോ മാറ്റിനിർത്താനോ കഴിയാത്തത്? (തിരിച്ചറിഞ്ഞാൽ തന്നെ മാറ്റിനിർത്തുമോ എന്നത് വേറേ ചോദ്യം) സർക്കാരാപ്പീസിൽ അഴിമതിക്കാരൻ കയറിപ്പറ്റുന്ന കാര്യമല്ല പറയുന്നത്. ദൈവത്തിന്റേയും ദൈവികസ്ഥാനങ്ങളുടേയും കാര്യമാണ്. അവിടെ 'ഒറ്റപ്പെട്ട' സംഭവമെന്ന് പറഞ്ഞ് വെള്ളയടിക്കാൻ നോക്കുന്നത് ദൈവത്തെ കൊച്ചാക്കുന്നതിന് തുല്യമാണ്. അങ്ങേർക്ക് പറ്റാത്തതൊന്നുമില്ല എന്നാണല്ലോ നിങ്ങൾ പറഞ്ഞുനടക്കുന്നത്!

സിനിമയിൽ പറഞ്ഞപോലെ, പളപളത്ത കുപ്പായോമിട്ട് കോണ്ടാസേലും ബെൻസേലും കേറി ഞെളിഞ്ഞ് നടക്കുന്നു എന്നതിനപ്പുറം യാതൊരു അധികയോഗ്യതയും പുരോഹിതർക്കില്ല. സാധാരണക്കാരിൽ എത്ര നല്ലവരുണ്ടോ അതിന് ആനുപാതികമായിട്ട് പുരോഹിതരിലും നല്ലവരുണ്ടാകും. അതുപോലെ തന്നെ, സാധാരണക്കാരിൽ എത്ര വഷളൻമാരുണ്ടോ അതിന് ആനുപാതികമായി തന്നെ വഷളൻമാർ പുരോഹിതർക്കിടയിലും ഉണ്ടാകും. അതിൽ അഴിമതിക്കാരും സ്ത്രീപീഡകരും ബാലപീഡകരും ഉൾപ്പെടും. പക്ഷേ സാധാരണ പീഡകർക്കില്ലാത്ത ചില ആനുകൂല്യങ്ങൾ ഇവർക്കുണ്ട്. ഏറ്റവും പ്രധാനം പിന്നിൽ കണ്ണുരുട്ടി നിൽക്കുന്ന മതമെന്ന ബോഡിഗാർഡ് തന്നെ. അതൊരു വൻ ബിസിനസ് സ്ഥാപനമാണ്. ബിസിനസ്സിന് കോട്ടം വരുത്തുന്ന ഒന്നും അത് വെച്ചുപൊറുപ്പിക്കില്ല. പ്രശ്നമുണ്ടാക്കുന്ന പുരോഹിതരെ സ്ഥലം മാറ്റിയും ഇരകളെ ദൈവമെന്ന ഉമ്മാക്കിയും, വേണ്ടിവന്നാൽ അസ്സൽ ചട്ടമ്പി മീശപിരിക്കലും കൊണ്ട് അടക്കിനിർത്തിയും മതം അതിന്റെ ഇമേജ് സംരക്ഷിക്കും. ഒരു വിശ്വാസിയുടെ ജീവിതം വഴിമുട്ടിക്കാൻ മതം ഏതൊക്കെ ലെവലിൽ പോകുമെന്നറിയാൻ പീഡനമൊന്നും വേണ്ട, മതം മാറി വിവാഹം കഴിയ്ക്കാൻ ശ്രമിച്ച ആരോടെങ്കിലും ചോദിച്ചാൽ തന്നെ മതിയാകം. വിഷയം പീഡനമാണെങ്കിൽ മാനഹാനി ഭയന്ന് ഇര സ്വയം തന്നെ പുറത്തുപറയാൻ മടിക്കും എന്നത് കൂടി പരിഗണിക്കുമ്പോൾ മതത്തിന് പണി കൂടുതൽ എളുപ്പമാണ്.

മറ്റ് പീഡകരെക്കാൾ ഭയപ്പെടേണ്ട കൂട്ടരാണ് മതസ്ഥാപനങ്ങളിലെ 'ദൈവികപീഡകർ'. സാധാരണ കുറ്റവാളിയ്ക്ക് ഇരയെ തേടിയിറങ്ങേണ്ടതുണ്ട്. അവസരം കിട്ടുമ്പോൾ മാത്രം തനിസ്വരൂപം പുറത്തുവരുന്ന കുറ്റവാളികളും മിക്കവാറും കുറ്റകൃത്യത്തോടെ പിടിക്കപ്പെട്ടേക്കാം. എന്നാൽ ദൈവികപീഡകരുടെ കാര്യം അതല്ല. അവർ പെട്ടെന്ന് തുറന്നുകാട്ടപ്പെടില്ല. അതുവരെ നമ്മൾ തന്നെ നമ്മുടെ കുട്ടികളെ അവരുടെ അടുത്ത് എത്തിച്ചുകൊടുക്കും. എത്ര ഭീകരമായ ഒരു സാഹചര്യമാണിത്. ദൈവികപീഡനങ്ങൾ നടക്കുന്നു എന്നതല്ല, അവ പിടിക്കപ്പെടുന്നു എന്നതാണ് ഒറ്റപ്പെട്ട സംഭവങ്ങൾ. കരുതിയിരിക്കുക.

വാൽക്കഷണം: 'Spotlight' എന്ന സിനിമ കണ്ടിട്ടില്ലാത്തവർക്കായി ശുപാർശ ചെയ്യുന്നു. 2015-ലെ മികച്ച സിനിമയ്ക്കുള്ള ഓസ്കർ അവാർഡ് നേടിയ, യഥാർത്ഥസംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമയാണത്.  വൈദികനാൽ പീഡിപ്പിക്കപ്പെട്ട ഇരകളെക്കുറിച്ച് അന്വേഷിക്കാനിറങ്ങിയ ഒരു ജേണലിസ്റ്റ് ടീം, ഇത്തരം സംഭവങ്ങൾ ഞെട്ടിപ്പിക്കും വിധം സാധാരണമാണ് എന്ന് കണ്ടെത്തുന്നതാണ് ഇതിവൃത്തം. ഇതിൽ മലയാളികൾക്ക് 'അഭിമാനി'ക്കാനും ചിലതുണ്ട്. സിനിമയുടെ അവസാനം ലോകമെമ്പാടും നടന്നിട്ടുള്ള പ്രമാദമായ ചില ദൈവികപീഡനങ്ങൾ ലിസ്റ്റ് ചെയ്യുന്നുണ്ട്. അക്കൂട്ടത്തിൽ മ്മടെ തൃശ്ശുര്ത്തെ ഒല്ലൂരും കാണാം.

Comments

  1. 1xbet korean football betting rules explained - KKR
    1xbet korean football betting rules explained, 1xbet korean KKR sports betting rules explained, betting rules explained, betting rules explained, betting rules explained, betting rules

    ReplyDelete

Post a Comment

Popular posts from this blog

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ഫിലമറ്റോളജി- ഉമ്മ വെക്കുന്ന ശാസ്ത്രം

ഈ ശാസ്ത്രജ്ഞര്‍ വലിയ തമാശക്കാരാണ്. ഉമ്മ വെക്കുന്നതിനെ കുറിച്ച് പഠിക്കാനും ഉണ്ട് അവര്‍ക്കൊരു ശാസ്ത്രശാഖ-ഫിലമറ്റോളജി (Philematology). മാസങ്ങള്‍ പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ നെറ്റിയില്‍ വാത്സല്യത്തോടെ ഉമ്മ വെക്കുമ്പോഴോ അവസരം വരുമ്പോള്‍ പാത്തും പതുങ്ങിയും പ്രേമഭാജനത്തിന് ചൂടനൊരു കിസ്സ് വെച്ചു കൊടുക്കമ്പോഴോ ഒരു പെണ്‍കുട്ടിയെ സ്റ്റേജില്‍ വച്ച് ചുംബിച്ച് സദാചാര-അണ്ണന്‍മാരുടെ തെറിവിളി കേട്ട കമല്‍ഹാസന്റെ കാര്യം ചര്‍ച്ച ചെയ്യുമ്പോഴോ നിങ്ങളോര്‍ത്തിട്ടുണ്ടോ ഈ ഉമ്മ ഇത്രയും വല്യ സംഭവമാണെന്ന്? എന്നാ കേട്ടോ, ഉമ്മ എന്ന്‍ പറയുന്നത് അത്ര നിസ്സാര സംഗതിയൊന്നും അല്ല. കാണ്ഡം കാണ്ഡമായിട്ട് അങ്ങനെ കിടക്കയാണ് ഉമ്മ വിശേഷങ്ങള്‍! എന്താണ് ഉമ്മ? ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ശരീരത്തില്‍ ചുണ്ടുകള്‍ ചേര്‍ക്കുന്ന പ്രവൃത്തിയാണ് ഉമ്മ എന്ന്‍ പറയാം. എന്നാല്‍ ഇതിന് അര്‍ത്ഥങ്ങള്‍ സാഹചര്യത്തിനും ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും അനുസരിച്ചു മാറും. പ്രണയമോ സ്നേഹമോ വാത്സല്യമോ ബഹുമാനമോ ഭക്തിയോ സൌഹൃദമോ ആചാരമോ വരെ അങ്ങനെ ഉമ്മയുടെ അര്‍ത്ഥങ്ങള്‍ എന്തുമാവാം. ഇങ്ങനെ അര്‍ത്ഥങ്ങളും ചെയ്യുന്ന രീതികളും മാറാമെങ്കില്‍ പോലും വൈകാരിക അടു...

മനുഷ്യൻ ശരിക്കും ചന്ദ്രനിൽ ഇറങ്ങിയിരുന്നോ?

മനുഷ്യന്റെ ചന്ദ്രയാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമിട്ട പോസ്റ്റിന് കീഴിലായും മെസേജായും പലരും ആ സ്ഥിരം ചോദ്യം ഉന്നയിച്ചു- “മ നുഷ്യൻ ശരിയ്ക്കും ചന്ദ്രനിലിറങ്ങി എന്ന് വിശ്വസിക്കുന്നുണ്ടോ? ” അതിനുള്ള മറുപടിയാണ് ഈ പോസ്റ്റ്. എന്റെ ഉത്തരം കുറഞ്ഞ വാക്കുകളിൽ പറഞ്ഞാൽ, “അതെ. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങി എന്നത് വിശ്വസിക്കാൻ പറ്റാത്ത ഒന്നായി എനിക്ക് തോന്നുന്നില്ല” എന്നതാണ്. പക്ഷേ ഈ വിഷയത്തിൽ ഉത്തരം ഇങ്ങനെ പറഞ്ഞാൽ തീരെ തൃപ്തികരമാവില്ല എന്നതിനാൽ അല്പം വിശദീകരണം ആവാം. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല എന്നും അത് അമേരിക്ക നടത്തിയ ഒരു നാടകം മാത്രമാണെന്നും വിശ്വസിക്കുന്നതിന് പലർക്കും പല കാരണങ്ങളുണ്ട്. അതിൽ പ്രധാനമായും നിരീക്ഷിച്ചിട്ടുള്ള കാരണങ്ങളിൽ ചിലത്, അത് വെറും നാടകമാണെന്ന് തെളിയിക്കുന്ന കുറേ ശാസ്ത്രീയ തെളിവുകൾ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ. കൊടി പറക്കുന്നത്, നിഴൽ വീഴുന്നത്, പ്രകാശം വീഴുന്നത് അങ്ങനെ… (പ്രശ്നം സംശയമാണ്) അമേരിക്ക ഒരു വൃത്തികെട്ട രാജ്യമാണ്. അവർ ഇതല്ല, ഇതിന്റെ അപ്പുറത്തെ നാടകം കളിക്കും. (പ്രശ്നം അമേരിക്കയാണ്) മനുഷ്യന് ചന്ദ്രനിൽ ഇറങ്ങുക സാധ്യമല്ല. സാധ്യമായിരുന്നെങ്കിൽ എന്തുകൊണ്...