ഈ ശാസ്ത്രജ്ഞര്‍ വലിയ തമാശക്കാരാണ്. ഉമ്മ വെക്കുന്നതിനെ കുറിച്ച് പഠിക്കാനും ഉണ്ട് അവര്‍ക്കൊരു ശാസ്ത്രശാഖ-ഫിലമറ്റോളജി (Philematology). മാസങ്ങള്‍ പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ നെറ്റിയില്‍ വാത്സല്യത്തോടെ ഉമ്മ വെക്കുമ്പോഴോ അവസരം വരുമ്പോള്‍ പാത്തും പതുങ്ങിയും പ്രേമഭാജനത്തിന് ചൂടനൊരു കിസ്സ് വെച്ചു കൊടുക്കമ്പോഴോ ഒരു പെണ്‍കുട്ടിയെ സ്റ്റേജില്‍ വച്ച് ചുംബിച്ച് സദാചാര-അണ്ണന്‍മാരുടെ തെറിവിളി കേട്ട കമല്‍ഹാസന്റെ കാര്യം ചര്‍ച്ച ചെയ്യുമ്പോഴോ നിങ്ങളോര്‍ത്തിട്ടുണ്ടോ ഈ ഉമ്മ ഇത്രയും വല്യ സംഭവമാണെന്ന്? എന്നാ കേട്ടോ, ഉമ്മ എന്ന്‍ പറയുന്നത് അത്ര നിസ്സാര സംഗതിയൊന്നും അല്ല. കാണ്ഡം കാണ്ഡമായിട്ട് അങ്ങനെ കിടക്കയാണ് ഉമ്മ വിശേഷങ്ങള്‍!
എന്താണ് ഉമ്മ? ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ശരീരത്തില്‍ ചുണ്ടുകള്‍ ചേര്‍ക്കുന്ന പ്രവൃത്തിയാണ് ഉമ്മ എന്ന്‍ പറയാം. എന്നാല്‍ ഇതിന് അര്‍ത്ഥങ്ങള്‍ സാഹചര്യത്തിനും ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും അനുസരിച്ചു മാറും. പ്രണയമോ സ്നേഹമോ വാത്സല്യമോ ബഹുമാനമോ ഭക്തിയോ സൌഹൃദമോ ആചാരമോ വരെ അങ്ങനെ ഉമ്മയുടെ അര്‍ത്ഥങ്ങള്‍ എന്തുമാവാം. ഇങ്ങനെ അര്‍ത്ഥങ്ങളും ചെയ്യുന്ന രീതികളും മാറാമെങ്കില്‍ പോലും വൈകാരിക അടുപ്പം പ്രകടിപ്പിക്കാന്‍ മനുഷ്യര്‍ ഏറ്റവും വ്യാപകമായി ഉപയോഗിയ്ക്കുന്ന പെരുമാറ്റരീതികളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പ്രവൃത്തിയാണ് ചുംബനം (ഒന്നാം സ്ഥാനത്ത് കൈകള്‍ ചേര്‍ത്ത് പിടിക്കലാണ്). ലോകത്ത് അറിയപ്പെടുന്ന സംസ്കാരങ്ങളില്‍ 90 ശതമാനത്തിലും ചുംബനം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും ചുംബിക്കുകയോ ചുംബനത്തെ കുറിച്ച് കേള്‍ക്കുകയോ പോലും ചെയ്യാത്ത സംസ്കാരങ്ങളും ഉണ്ടായിട്ടുണ്ട് കേട്ടോ. ഉദാഹരണത്തിന് ഇന്നും ദക്ഷിണാഫ്രിക്കയിലെ തോംഗി ഗോത്രവര്‍ഗം ഉള്‍പ്പടെ പല ആദിവാസിസമൂഹങ്ങളിലും ആമസോണ്‍ ഗോത്രവര്‍ഗക്കാരിലും ഒന്നും ചുംബനം കാണപ്പെടുന്നില്ല. അമ്മ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ചുംബനങ്ങള്‍ക്കപ്പുറം ജപ്പാനില്‍ 20-ആം നൂറ്റാണ്ടിന് മുന്‍പ് ചുംബനമേ ഇല്ലായിരുന്നു. ജൈവപ്രകൃതിയോടൊപ്പം സാംസ്കാരിക പശ്ചാത്തലം കൂടി ചേര്‍ന്നാണ് ചുംബനരീതി രൂപപ്പെടുത്തിയത് എന്ന്‍ കാണാം.
അല്പം ചുംബനചരിത്രം:
ചരിത്രത്തിലേക്ക് നോക്കിയാല്‍ ചുംബനത്തെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം വേറെങ്ങുമല്ല നമ്മുടെ സ്വന്തം ഭാരതീയപുരാണങ്ങളില്‍ തന്നെയാണ്. ചുണ്ടോട് ചുണ്ട് ചേര്‍ത്തുള്ള ചുംബനത്തെക്കുറിച്ച് മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്(6). വാത്സ്യായനന്‍റെ കാമസൂത്രത്തില്‍ രണ്ടാം ഭാഗം മൂന്നാം അദ്ധ്യായം പൂര്‍ണമായും ചുംബനത്തെ കുറിച്ച് വിവരിക്കുന്നു (7). അതുപോലെ ബൈബിളില്‍ ഉത്തമഗീതം തുടങ്ങുന്നതും ചുംബനം പരാമര്‍ശിച്ചുകൊണ്ട് തന്നെ. പുരാതനഗ്രീസില്‍ ഹോമറുടെ കൃതികളില്‍ ഒഡീസ്യൂസിനെ അടിമകള്‍ ചുംബിക്കുന്നതും സ്വന്തം മകന്റെ ശരീരം വിട്ടുകിട്ടുവാന്‍ പ്രയാം രാജാവ് അഖിലീസിന്റെ കൈകള്‍ ചുംബിക്കുന്നതുമൊക്കെയായ രംഗങ്ങളുണ്ട്. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹെറോഡോട്ടസിന്റെ രചനകളില്‍ പേര്‍ഷ്യയിലെയും എത്യോപ്യയിലെയും ഈജിപ്റ്റിലെയും ഒക്കെ ചുംബനങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ റോമാസംസ്കാരത്തില്‍ ചുംബനം മുഖ്യസ്ഥാനത്തുണ്ടായിരുന്നു. കാറ്റുലസ്, ഒവിഡ് പോലുള്ള റോമന്‍ കവികള്‍ ചുംബനത്തെ വാഴ്ത്തിപ്പാടിയവര്‍ ആയിരുന്നു. റോമാസാമ്രാജ്യത്തില്‍ ചുംബനസംബന്ധിയായ നിയമങ്ങള്‍ വരെ ഉണ്ടായിരുന്നുവത്രേ. മാത്രമല്ല, അധിനിവേശങ്ങള്‍ വഴി ചുംബനസംസ്കാരം ലോകമെങ്ങും വ്യാപിപ്പിക്കാന്‍ റോമാക്കാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. മദ്ധ്യകാലഘട്ടം ആയപ്പോഴേക്കും ചുംബനം സോഷ്യല്‍ സ്റ്റാറ്റസിന്റെ ഭാഗമായിപ്പോലും മാറി. പ്രജകള്‍ രാജാവിന്റെ മോതിരമോ കൈയൊ രാജാവിന്റെ മുന്നിലെ തറയോ പോലും ചുംബിക്കുന്ന പതിവ് പലയിടത്തും ഉണ്ടായി. കത്തോലിക്കരെ സംബന്ധിച്ച് പോപ്പിന്റെ മോതിരം മുത്തുന്ന പതിവും ഇക്കാലത്ത് തുടങ്ങിയതാണ്. പിന്നീട് ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി യൂറോപ്യന്‍ പര്യടനങ്ങളുടെ തുടര്‍ച്ചയായി പാശ്ചാത്യവല്‍ക്കരിച്ച ഒരു ചുംബനസംസ്കാരം ലോകമെങ്ങും വ്യാപിച്ചു.
ചുംബിയ്ക്കുന്നിടത്ത് ശാസ്ത്രത്തിനെന്താ കാര്യം?
ചുംബനം ജന്മനാ നമ്മുടെ ജനിതകഘടനയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു പ്രവൃത്തി അല്ല എന്ന്‍ നേരത്തെ പറഞ്ഞുവെങ്കില്‍പോലും, അതിന് പിന്നില്‍ തീര്‍ച്ചയായും കുറെ ഏറെ ശാസ്ത്രമുണ്ട്. പണ്ട് കാലത്ത് (എന്നുവെച്ചാല്‍ ബേബി ഫുഡ് ഒന്നും കണ്ടുപിടിച്ചിട്ടില്ലാത്ത കാലത്ത്!) അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് ആഹാരം ചവച്ച ശേഷം വായില്‍ നിന്ന് വായിലേക്ക് പകര്‍ന്ന് കൊടുക്കുന്ന രീതി ഉണ്ടായിരുന്നു എന്നും അതില്‍ നിന്നാണ് ചുംബനം എന്ന പ്രവൃത്തി ഉരുത്തിരിഞ്ഞത് എന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പിന്നീട് ജീവപരിണാമത്തിന്റെ ഭാഗമായി വൈകാരിക കൈമാറ്റങ്ങളുടെ ഒരു മുഖ്യ ചാലക ശക്തിയായി ഇത് പരിണമിച്ചതായാണ് അറിവ്.
നമ്മുടെ ശരീരത്തില്‍ ഏറ്റവും സംവേദനശേഷിയുള്ള (വിരല്‍ത്തുമ്പുകളോളം തന്നെ) ശരീരഭാഗമാണ് ചുണ്ടുകള്‍ എന്നതാണ് ചുംബനത്തെ പ്രധാന്യമുള്ളതാക്കുന്ന ഒരു ഘടകം. ചൂണ്ടുകളിലെ ഒരു നേര്‍ത്ത സ്പര്‍ശം പോലും നിരവധി സംവേദന സിഗ്നലുകളെ തലച്ചോറിലേക്ക് ഒഴുക്കുന്നുണ്ട്. തലച്ചോറില്‍ നിന്നും നേരിട്ടു ഉത്ഭവിക്കുന്ന നാഡികളായ 12 ക്രേനിയല്‍ നാഡികളില്‍ 5 എണ്ണവും ചുണ്ടുകള്‍ വഴി ചുംബനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവകളും മുപ്പതില്‍പരം മുഖപേശികളും ചേര്‍ന്ന് പങ്കാളികള്‍ ചുംബനത്തില്‍ ഏര്‍പ്പെടുമ്പോ തലച്ചോറ്, ചുണ്ടുകള്‍, ചര്‍മ്മം, നാവ് ഇവകള്‍ക്കിടയില്‍ വളരെ സജീവമായ വിദ്യുത് തരംഗങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതത്ര നിസ്സാരമായ ഒരു പ്രവൃത്തിയല്ല, ഒരു മിനിറ്റ് നീണ്ടു നില്‍ക്കുന്ന ചുംബനം ഏതാണ്ട് 2-3 കലോറി ഊര്‍ജം ചെലവാക്കുന്നുണ്ട്.
ചുംബിയ്ക്കപ്പെടുമ്പോ ശരീരത്തില്‍ ഉണ്ടാകുന്ന 'ഹോര്‍മോണ്‍ വെള്ളപ്പൊക്കമാണ്' മറ്റൊരു സംഗതി. ഡോപ്പമൈന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ ആണ് ഇതില്‍ മുന്നില്‍. ഓക്സിറ്റോസിന്‍ ആണ് മറ്റൊന്ന്. ഒപ്പം തന്നെ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയുന്നതായും കണ്ടെത്തി. കോര്‍ട്ടിസോള്‍ പിരിമുറുക്കം ഉണ്ടാക്കുന്ന ഹോര്‍മോണ്‍ ആകയാല്‍, ഇത് ചുംബനത്തിന് ഒരു stress-relief effect നല്‍കുന്നതായി കാണാന്‍ കഴിയും. പ്രണയവുമായി ബന്ധപ്പെട്ട സ്പെഷ്യല്‍ ഇഫക്‍ടുകളില്‍ ഡോപ്പമൈനും ഓക്സിറ്റോസിനും വഹിക്കുന്ന പങ്കിനെ കുറിച്ച് 'പ്രണയത്തിന്റെ ശാസ്ത്രം' എന്ന പോസ്റ്റില്‍ ഞാന്‍ എഴുതിയത് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക. അതിയായ സന്തോഷം (euphoria) ഉണ്ടാക്കുന്നതിനോടൊപ്പം ശരീരത്തിന് ഉന്മേഷം പകരാനും ഡോപ്പമൈന് കഴിയുന്നു. ചുംബിയ്ക്കപ്പെടുന്ന സമയത്ത് രക്തക്കുഴലുകള്‍ വികസിക്കുന്നു, ഹൃദയമിടിപ്പ് കൂടുന്നു, കവിളുകള്‍ തുടുക്കുന്നു. ഒപ്പം കണ്ണിന്റെ കൃഷ്ണമണി വികസിക്കുന്നതുകൊണ്ട് കണ്ണുകള്‍ അടച്ചുപിടിക്കാന്‍ മിക്കവരും ശ്രമിക്കാറുണ്ട്. ചുംബിക്കുന്ന ആളിനോടുള്ള വൈകാരികത എത്രത്തോളം കൂടുതലാണോ അത്രത്തോളം ഈ അനുഭവങ്ങളും തീവ്രമായിരിക്കും. ഡോപ്പമൈന് മയക്കുമരുന്നുകള്‍ ഒക്കെ പോലെ അഡിക്ഷന്‍ ഉണ്ടാക്കാന്‍ കഴിവുള്ളതുകൊണ്ട് വികാരതീവ്രമായ ഒരു ചുംബനം തന്ന ആളിനോടുള്ള അടുപ്പം വളരെയധികം വര്‍ധിക്കാനും സാധ്യതയുണ്ട്.
ഈ വൈകാരിക തള്ളിച്ചകള്‍ക്കും അപ്പുറം ചുംബനസമയത്ത് പങ്കാളിയെ വിലയിരുത്തുന്ന, അല്ലെങ്കില്‍ മികച്ച പങ്കാളിയെ തെരെഞ്ഞെടുക്കുന്ന മുഖ്യമായ ഒരു ജോലി കൂടി അബോധതലത്തില്‍ നടക്കുന്നുണ്ട്, സൂക്ഷ്മമായ ഒരു വിവരകൈമാറ്റം. ഉമിനീരില്‍ അടങ്ങിയിരിക്കുന്ന ടെസ്റ്റോസ്റ്റീറോണ്‍ എന്ന ഹോര്‍മോണ്‍ വഴിയാണ് അവയില്‍ ഒരു കൈമാറ്റം നടക്കുന്നത്. മറ്റൊന്ന് പൊതുവേ ആരും ശ്രദ്ധിയ്ക്കാത്ത ഗന്ധം കൊണ്ടുള്ള ആശയവിനിമയമാണ്. (കുളി-നനകള്‍ ഇല്ലാത്ത കേസിലോ വായ്നാറ്റം ഉള്ള കേസിലോ മാത്രമല്ല,) നമ്മള്‍ തിരിച്ചറിയാത്ത പല ഗന്ധങ്ങളും ചുംബനസമയത്ത് പങ്കാളിയില്‍ അബോധതലത്തില്‍ നമ്മള്‍ ശ്രദ്ധിയ്ക്കുന്നുണ്ട്. നമ്മുടെ ശരീരത്തില്‍ അന്യവസ്തുക്കളെ തിരിച്ചറിയാന്‍ സഹായിക്കുക വഴി നമ്മുടെ പ്രതിരോധവ്യവസ്ഥയില്‍ മുഖ്യ പങ്ക് വഹിക്കുന്ന പ്രോട്ടീനുകളാണ് Major Histocompatibility Complex (MHC). ഇവയുടെ നിര്‍മാണചുമതലയുള്ള ജീനുകള്‍ കാരണം നമ്മുടെയൊക്കെ ശരീരങ്ങള്‍ക്ക് തമ്മില്‍ നേരിയ ഗന്ധവ്യത്യാസം ഉണ്ട്. അച്ഛനമ്മമാരുടെ പ്രതിരോധവ്യവസ്ഥകള്‍ തമ്മിലുള്ള ചേര്‍ച്ച കുട്ടികളുടെ പ്രതിരോധശേഷിയെ സാരമായി സ്വാധീനിക്കുന്നു എന്നതിനാല്‍ ഗന്ധം വഴി പ്രതിരോധശേഷി അനുയോജ്യമായ പങ്കാളിയെ തെരെഞ്ഞെടുക്കുക എന്ന 'തന്ത്രപ്രധാനമായ' ജോലിയും ചുംബനസമയത്ത് നടക്കുന്നു. ഇതങ്ങനെ നിസാരമായി കാണണ്ട, ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു പഠനം അനുസരിച്ചു മോശമായ ഒരു ചുംബനം കാരണം 59% പുരുഷന്മാരും 66% സ്ത്രീകളും ആ ബന്ധമേ വേണ്ടെന്ന്‍ വെച്ചത്രേ! സുരേഷ് ഗോപി പറയുന്ന പോലെ, ഒരൊറ്റ കിസ്സ് മതി.... അതുപോലെ തന്നെ സ്ത്രീകളും പുരുഷന്മാരും ചുംബനത്തെ വ്യത്യസ്ഥ കോണുകളിലൂടെയാണ് നോക്കിക്കാണുന്നത് എന്നും പഠനങ്ങള്‍ പറയുന്നു. സാധാരണഗതിയില്‍ സ്ത്രീകള്‍ മികച്ച പങ്കാളിയെ തെരെഞ്ഞെടുക്കുന്നതിനുള്ള ഒരു 'ലിറ്റ്മസ് ടെസ്റ്റ്' എന്ന നിലയിലും പുരുഷന്മാര്‍ ലൈംഗിക ചോദനയ്ക്കുള്ള ഒരു 'ബൂസ്റ്റര്‍ ഡോസ്' എന്ന നിലയിലുമാണ് ചുംബനത്തെ കാണുന്നതത്രേ[8].
ഉമ്മയെക്കുറിച്ച് ചുമ്മാ അങ്ങനെ പറഞ്ഞുകളയാന്‍ പറ്റില്ല എന്ന്‍ ഇപ്പോ മനസ്സിലായില്ലേ?
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം കൂടി പറയാന്‍ എനിക്കു ധാര്‍മികമായ ഉത്തരവാദിത്വം ഉണ്ട്. ഇന്ത്യയില്‍ IPC section 294(a) പ്രകാരം Public Display of Affection എന്ന പേരില്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് പണി കിട്ടാവുന്ന ക്രിമിനല്‍ ഒഫന്‍സ് ആയി വ്യാഖ്യാനിക്കാവുന്ന സംഗതിയാണ് പരസ്യമായ ചുംബനം. ഇനി അറിഞ്ഞില്ല കേട്ടില്ല എന്നൊന്നും പറഞ്ഞേക്കരുത്. Do at your own risk :)
അധികവായനയ്ക്ക്:
സരസവും വിജ്ഞാന പ്രദവും ആയ ലേഖനം ,നന്ദി
ReplyDeleteഒരു ചുംബനത്തിന് പിന്നില്‍ ഇത്രയേറെ കാര്യങ്ങള്‍ ഉണ്ടെന്ന്‍ അറിയിച്ചതിന് നന്ദി !
ReplyDeleteവൈകാരികതയുടെ ഒരു എക്സ്പ്രഷനാണ് ഉമ്മ.. :*
ReplyDeleteഗ്രേറ്റ്...
ReplyDeleteജനിച്ച ഉടനെ കുഞ്ഞിനെ ചേര്‍ത്ത് അണച്ച് പിടിച്ചു ചുംബിക്കുകയും കെട്ടി പിടിച്ചു കിടക്കുകയും ചെയ്യുന്നത് വഴി, ഗന്ധവും സ്പര്‍ശവും മൂലം കുഞ്ഞിന്റെ ശരീരത്തിനു അനുയോജ്യമായ ആന്റിബോടികള്‍ അമ്മയുടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും അത് മുലപ്പാല്‍ വഴി കുഞ്ഞിനു ലഭിക്കുകയും ചെയ്യുന്നു.
ReplyDeletekissil doctorate edukuvan pokunno?
ReplyDelete