Skip to main content

മഴവില്ലിന് എത്ര നിറങ്ങളുണ്ട്?

ഈ ചോദ്യം നഴ്സറി സ്കൂൾ മുതൽ കേൾക്കുന്നതും കണ്ണടച്ച് ആളുകൾ ഉത്തരം പറയുന്നതുമായ ഒന്നാണ്. ഏഴ് എന്ന സംഖ്യയും, കൂടെ വയലറ്റ്-ഇൻഡിഗോ-ബ്ലൂ-ഗ്രീൻ-യെല്ലോ-ഓറഞ്ച്-റെഡ് (VIBGYOR) എന്ന ഏഴ് നിറങ്ങളുടെ ലിസ്റ്റും ഉടനടി ഉത്തരമായി പ്രതീക്ഷിക്കാം. ഇനി ചോദിച്ചോട്ടെ, നിങ്ങളിൽ എത്ര പേർ ഈ ഇൻഡിഗോ എന്ന നിറം തിരിച്ചറിഞ്ഞിട്ടുണ്ട്? ഇൻഡിഗോ നിറമുള്ള സാരി എന്ന് പറഞ്ഞാൽ, അത് എങ്ങനെ ഇരിക്കുമെന്ന് മനസ്സിൽ സങ്കല്പിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ?

എന്നാൽ, മഴവില്ലിന് ഏഴ് നിറങ്ങളുണ്ട് എന്നത് കണിശമായ ഒരു ശാസ്ത്രസത്യമല്ല എന്നതാണ് വാസ്തവം. ആ സംഖ്യയ്ക്ക് ശാസ്ത്രത്തേക്കാൾ കൂടുതൽ ചരിത്രപരമായ ഉത്ഭവമാണ് ഉള്ളത്.

വെളുത്ത സൂര്യപ്രകാശത്തെ ഒരു പ്രിസത്തിലൂടെ കടത്തിവിട്ടാൽ അത് പല നിറങ്ങളായി വേർപിരിയും എന്നറിയാമല്ലോ. ഐസക് ന്യൂട്ടനാണ് ഇത് ആദ്യം കണ്ടെത്തുന്നത്. അങ്ങനെ നിരന്ന് കിടക്കുന്ന വർണരാജിയെ സ്പെക്ട്രം എന്ന് ആദ്യമായി വിളിച്ചതും അദ്ദേഹം തന്നെ.


നിങ്ങളിൽ സ്പെക്ട്രം നേരിട്ട് കണ്ടിട്ടുള്ളവർ ഓർത്തുനോക്കൂ, (ഇല്ലാത്തവർ തത്കാലം ചിത്രം നോക്കൂ) അവിടെ പല പല നിറങ്ങൾ തമ്മിൽ എങ്ങനെയാണ് വേർതിരിയുന്നത്? നിറങ്ങൾക്കിടയിൽ ഏതെങ്കിലും രീതിയിലുള്ള അതിർത്തികൾ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടോ? കഴിയില്ല. കാരണം വർണ സ്പെക്ട്രം അനുസ്യൂതമായ ഒന്നാണ്. ഒരു പ്രത്യേക നിറം എവിടെ തുടങ്ങി എവിടെ അവസാനിക്കുന്നു എന്ന് പറയാനാകില്ല. അപ്പോപ്പിന്നെ ഈ ഏഴ് നിറം എങ്ങനെ തീരുമാനിച്ചു? ഉത്തരം ലളിതമാണ്. ന്യൂട്ടൻ തനിയ്ക്ക് തോന്നിയതുപോലെ അങ്ങ് തീരുമാനിച്ചു! ഏഴ് എന്ന സംഖ്യ തെരെഞ്ഞെടുക്കാനും ന്യൂട്ടന് കാരണമുണ്ടായിരുന്നു. സംഗീതത്തിലെ സ്വരങ്ങളുടെ എണ്ണവും സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണവും ഒരു ആഴ്ചയിലെ ദിവസങ്ങളുടെ എണ്ണവും പ്രകാശത്തിലെ അടിസ്ഥാന നിറങ്ങളുടെ എണ്ണവും തമ്മിൽ എന്തോ ബന്ധമുണ്ട് എന്ന് ന്യൂട്ടൻ വിശ്വസിച്ചിരുന്നു (NB: ന്യൂട്ടന്റെ അറിവിൽ സൗരയൂഥത്തിൽ ഏഴ് ഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ!). അതെ, ന്യൂട്ടന്റെ വെറും വിശ്വാസത്തിന്റെ പുറത്താണ് വർണരാജി ഏഴ് ഘടകവർണങ്ങളായി വേർപിരിയുന്നത്. ഏഴ് എന്ന സംഖ്യയ്ക്ക് അവിടെ മറ്റ് അടിസ്ഥാനമൊന്നും ഇല്ല. ഇനിയിപ്പോ ചുവപ്പിനും ഓറഞ്ചിനും ഇടയ്ക്ക് മറ്റൊരു നിറം കൂടി സങ്കല്പിച്ച് സ്പെക്ട്രത്തിൽ എട്ട് നിറങ്ങളുണ്ട് എന്ന് നിങ്ങൾ പറഞ്ഞാലും, അതിനെ ശാസ്ത്രീയമായി കൂടുതൽ ശരിയെന്നോ തെറ്റെന്നോ വിളിക്കാനാകില്ല. എന്തായാലും, തത്കാലം ഏഴ് എന്ന സംഖ്യയെ ഒരു convention എന്ന രീതിയിൽ ഇന്നും ശാസ്ത്രലോകം നിലനിർത്തുന്നുണ്ട്. പക്ഷേ, ആധുനിക പഠനങ്ങൾ കാണിക്കുന്നത് ന്യൂട്ടൻ 'ഇൻഡിഗോ' എന്ന് വിളിച്ചത്, ഇന്ന് നമ്മൾ നീല (blue) എന്ന് വിളിക്കുന്ന നിറത്തെയാണ് എന്നാണ്. അക്കാലത്തെ കടുത്ത നീലനിറമുള്ള ഒരു വർണവസ്തുവായിരുന്ന ഇൻഡിഗോ ഡൈയിൽ (indigo dye) നിന്നാകും ന്യൂട്ടൻ ആ പേര് കടമെടുത്തത് എന്ന് കരുതപ്പെടുന്നു. അതുപോലെ ന്യൂട്ടന്റെ 'നീല' ഇന്ന് നമ്മൾ സയൻ (cyan) എന്ന് വിളിക്കുന്ന നിറമാണ്. ഇന്ന് ഇൻഡിഗോയെ ശാസ്ത്രം ഒരു വർണരാജി നിറമായി കണക്കാക്കുന്നില്ല. കാരണം സാമാന്യം നല്ല കാഴ്ചശക്തിയുള്ളവരിൽ പോലും ഭൂരിഭാഗത്തിനും അതിനെ നീലയിൽ നിന്നോ വയലറ്റിൽ നിന്നോ വേർതിരിച്ചറിയാൻ കഴിയുന്നില്ല എന്നാണ് ശാസ്ത്രനിരീക്ഷണം. ചുരുക്കത്തിൽ, ഇന്ന് VIBGYOR ഇല്ല. violet-blue-cyan-green-yellow-orange-red ആണ് ഇന്നത്തെ ഏഴ് നിറങ്ങൾ. 

നിറം എന്നത് വളരെ സങ്കീർണമായ ഒരു ഭൗതികപ്രതിഭാസമാണ്. കാണുന്ന പദാർത്ഥങ്ങളിലെ ആറ്റങ്ങളുടെ സ്വഭാവം മുതൽ കണ്ണിലെ കോൺ കോശങ്ങളിലുള്ള പ്രകാശസംവേദന ശേഷിയുള്ള പ്രോട്ടീൻ തന്മാത്രകൾ വരെ നാം കാണുന്ന നിറങ്ങളെ സ്വാധീനിയ്ക്കുന്നു. എത്ര സങ്കീർണമായ നിറവിന്യാസമായാലും നമ്മുടെ കണ്ണുകൾ അവയെ വെറും മൂന്ന് നിറങ്ങളുടെ കോമ്പിനേഷനായിട്ടാണ് കാണുന്നത്. കണ്ണിലെ റെറ്റിനയിൽ ഉള്ള മൂന്ന് തരം പ്രോട്ടീനുകളാണ് ഇതിന് ഉത്തരവാദികൾ (ഈ പ്രോട്ടീനിന്റെ അടിസ്ഥാനത്തിലാണ് കോൺ കോശങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നത്). ഒരു പ്രത്യേകതരം പ്രകാശം ഈ മൂന്ന് പ്രോട്ടീനുകളെ ഏതൊക്കെ രീതിയിൽ ഉദ്ദീപിക്കുന്നു എന്നതനുസരിച്ചാണ് ആ പ്രകാശത്തെ നാം ഏത് നിറത്തിൽ കാണുന്നു എന്ന് തീരുമാനിക്കപ്പെടുന്നത്. എല്ലാ മനുഷ്യരുടേയും ജനിതകഘടന ഏതാണ്ട് സമമായതുകൊണ്ട്, നമ്മുടെയൊക്കെ പ്രകാശസംവേദന പ്രോട്ടീനുകളും ഏതാണ്ട് സമമാണ്. അതുകൊണ്ടാണ് ഞാൻ നീല എന്ന് പറയുമ്പോൾ, നിങ്ങളുടെ മനസ്സിൽ ഞാനുദ്ദേശിക്കുന്ന നീലനിറം തന്നെ വരുന്നത്. പക്ഷേ ഇത് നൂറ് ശതമാനം കൃത്യമായ ഒന്നല്ല. ചില ആളുകൾക്ക് ഈ മൂന്ന് പ്രോട്ടീനുകളും ഒരുപോലെ പ്രവർത്തിച്ചില്ല എന്നുവരും. അവർക്ക് പല നിറങ്ങളും തിരിച്ചറിയാൻ കഴിയാത്ത വർണാന്ധത (color blindness) എന്ന അവസ്ഥയുണ്ടെന്ന് പറയും.

ഒരു നുറുങ്ങ് കൂടി പറഞ്ഞ് അവസാനിപ്പിക്കാം. കണ്ണിൽ മൂന്നിന് പകരം നാല് തരം പ്രകാശസംവേദന പ്രോട്ടീനുകൾ ഉള്ള ഒരു അവസ്ഥയുണ്ട്. ടെട്രാക്രോമാറ്റിക് വിഷൻ (tetrachromatic vision) എന്നാണ് അതിനെ പറയുക. ഇത് കാരണം മറ്റുള്ളവർക്ക് അദൃശ്യമായ പല നിറങ്ങളും ഇത്തരക്കാർക്ക് തിരിച്ചറിയാനാകും. പ്രകാശസംവേദന ശേഷിയുമായി x-ക്രോമസോമിന് ബന്ധമുള്ളതിനാൽ സ്ത്രീകളിൽ ഈ അവസ്ഥ പുരുഷൻമാരെക്കാൾ കൂടുതലായിരിക്കും. അവർക്ക് x-ക്രോമസോം രണ്ടെണ്ണമുണ്ടല്ലോ. അടുത്തിടെ ഒരു പഠനം പറയുന്നത് സ്ത്രീകളിൽ 50 ശതമാനം വരെ ആളുകൾക്ക് ടെട്രാക്രോമാറ്റിക് വിഷൻ ഉണ്ടാകാമെന്നാണ്. സ്ത്രീജനങ്ങളോടൊപ്പം തുണിക്കടകളിൽ പോയിട്ടുള്ള പുരുഷൻമാർക്ക് ഒരുപക്ഷേ ഇതത്ര അവിശ്വസനീയമായിരിക്കില്ല ;)

Comments

  1. പുതിയ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.

    ReplyDelete
  2. പുതിയ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.

    ReplyDelete

Post a Comment

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

"നിങ്ങൾ പഠിച്ചിട്ട് വിമർശിക്കൂ"

"ചേട്ടാ, ഇന്നാള് ഞാനൊരു പുസ്തകം വായിച്ചു. കഥയും നോവല്വോന്നുമല്ല. 1800 പേജുകളുള്ള, വളരെ വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തകം. ഇന്‍ഡ്യയെക്കുറിച്ചാണ് അതില്‍ വിവരിക്കുന്നത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത മാവോ സേ തൂങ്ങിന്റെ ജീവിതകഥയും തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ ചെങ്കോട്ടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ആയതുവരെയുള്ള സംഭവങ്ങളുമാണ് അതിന്റെ ആമുഖം." "എന്ത്?! നീയെന്തോന്നെടാ ഈ പറയുന്നത്?" "ആ, അതേന്നേ! പിന്നെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ഇന്‍ഡ്യയുടെ ചരിത്രം മൊത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്". "ശ്ശെന്റെ പൊന്നേ! നീയാ 1800 പേജും വായിച്ചാ?!" "വായിച്ചു. പിന്നില്ലാതെ?" "നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇമ്മാതിരി ഐറ്റങ്ങളൊക്കെ വായിച്ച് സമയം കളയാന്‍?" "അതെങ്ങനാ ചേട്ടാ സമയം കളയലാവുന്നത്?" "എടാ, ഇതൊക്കെ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞൂടെ സാധനം മൊത്തം പൊട്ടത്തെറ്റാണെന്ന്? പിന്നെ വായിച്ച് സമയം കളയണോ?" "എന്നാലും ചേട്ടാ ഇത്രയും വിശദമായി എഴുതിയേക്കുന്നതല്ല...