Skip to main content

ചില മൊബൈൽ ഫോൺ ബാറ്ററിക്കഥകൾ!

ക്രിക്കറ്റ് ബാറ്റ്  പോലത്തെ പഴയ ബ്ലാക്ക് ആൻ വൈറ്റ് മൊബൈൽ ഫോണുകളുടെ കാലത്ത് തുടങ്ങി, ടച്ച് സ്ക്രീനും ഇന്റർനെറ്റും ക്യാമറയുമൊക്കെയായി സ്മാർട്ടായി നിൽക്കുന്ന ഇന്നത്തെ സ്മാർട് ഫോണുകളുടെ കാലം വരെയായിട്ടും മാറാതെ നിൽക്കുന്ന ചില പോപ്പുലർ തെറ്റിദ്ധാരണകളുണ്ട്. ഒരുപാട് പേര് പറഞ്ഞും ചോദിച്ചും കണ്ടതുകൊണ്ട് ഒരു പോസ്റ്റാക്കിക്കളയാം എന്ന് കരുതി.

1. ഇനീഷ്യൽ ചാർജിങ്- പുതിയ ഫോൺ കൊണ്ടുപോയി ആറ് മണിക്കൂർ ചാർജ് ചെയ്തിട്ടേ ഉപയോഗിക്കാവൂ.

ഫോൺ വിൽക്കുന്ന കടക്കാര് തന്നെയായിരിക്കും മിക്കവാറും ഈ ഉപദേശം ഫ്രീയായിട്ട് തരുന്നത്. ഇതിന്റെ കൂടെ ചിലർ, 0% ശതമാനം വരെ പൂർണമായും ഡിസ്ചാർജ് ചെയ്തിട്ടേ പിന്നെ ചാർജ് ചെയ്യാൻ പാടുള്ളൂ എന്നൊക്കെ പറയും. ചുമ്മാ പറയുന്നതാണ്, പ്രത്യേകിച്ച് ഇന്ന് പരക്കെ ഉപയോഗിക്കുന്ന ലിഥിയം അയോൺ ബാറ്ററികളെ സംബന്ധിച്ച് ഇതൊന്നും നോക്കേണ്ട കാര്യമേയില്ല. 40% മുതൽ 80% വരെ ചാർജ് ലെവലിലാണ് ഇത്തരം ബാറ്ററികൾ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്. മിക്കവാറും ഫോണുകൾ പകുതിയെങ്കിലും ചാർജ് ചെയ്താകും കമ്പനിയിൽ നിന്ന് വരുന്നത്. അതുകൊണ്ട് തന്നെ പാക്കറ്റ് പൊട്ടിച്ച് നേരിട്ട് ഉപയോഗിക്കാവുന്നതേയുള്ളു. ഇനി പാക്കറ്റ് പൊട്ടിക്കുമ്പോഴും 40%-ൽ താഴെ ചാർജേ ഉള്ളൂ എങ്കിൽ, അത് ഇത്തിരി പഴയ ഫോണായിരിക്കാനും ചാൻസുണ്ട്. പൂർണമായും ഡിസ്ചാർജ് ചെയ്യുന്നതുവരെ കാത്തുനിൽക്കുന്നതിന് പകരം അവസരം കിട്ടുമ്പോഴൊക്കെ അല്പാല്പം ചാർജിലിടുന്നതാണ് ഏറ്റവും ഫലപ്രദമായ രീതി എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

 2. ചാർജ് ചെയ്തോണ്ടിരിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുത്. അപ്പോ റേഡിയേഷൻ കൂടുതലായിരിക്കും.

ഇതിന് യാതൊരു അടിസ്ഥാനവുമില്ല. ഒരു ഫോൺ പുറത്തേയ്ക്ക് റേഡിയേഷൻ വിടുന്നത് സന്ദേശം തൊട്ടടുത്ത ബെയിസ് സ്റ്റേഷൻ വരെ എത്തിക്കാൻ മാത്രമാണ്. അതിനിപ്പോ ഫോൺ ചാർജിങ്ങിലാണോ അല്ലയോ എന്നത് ഒരു മാനദണ്ഡമേയല്ല. വളരെ അപൂർവം അവസരങ്ങളിൽ ആന്തരിക സർക്യൂട്ടിലെ തകരാറ് കാരണം ചാർജിങ്ങിനിടെ ചിലപ്പോ ബാറ്ററി പൊട്ടിത്തെറിച്ചേക്കാം. അത് മിക്കവാറും നമ്മുടെ തന്നെ കുഴപ്പം കൊണ്ടായിരിക്കും- വിശ്വാസയോഗ്യമല്ലാത്ത തീരെ വിലകുറഞ്ഞ ചാർജറോ ബാറ്ററിയോ ഒക്കെയാകും വില്ലൻ. സാമാന്യം നല്ല, കേട്ടുപരിചയമുള്ള ബ്രാൻഡുകളിൽ ഇതിന് സാധ്യത ഇല്ലാന്ന് തന്നെ പറയാം. എന്തായാലും ചാർജിങ്ങിനിടെ അനാവശ്യ റേഡിയേഷൻ പേടിയൊന്നും വേണ്ട.

3. 100% ചാർജ് ആയിക്കഴിഞ്ഞാൽ പിന്നെ ചാർജറിൽ കുത്തിയിടരുത്. ബാറ്ററി കേടാകും.

ഈ പേടി അനാവശ്യമാണ്. നിങ്ങളുടെ സ്മാർട് ഫോണിന്റെ ബാറ്ററിയും സ്മാർട്ട് തന്നെയാണ്. ഇത്രേം വലിയൊരു ഫോണുണ്ടാക്കാൻ പറ്റുമെങ്കിൽ, ചാർജ് ഫുള്ളായോ എന്ന് നോക്കി അതിനനുസരിച്ച് ചാർജിങ് നിയന്ത്രിക്കാനും ഇന്നത്തെ സാങ്കേതികവിദ്യയ്ക്ക് പറ്റും എന്ന് മാത്രം ആലോചിച്ചാൽ മതി. ബാറ്ററി എന്തായാലും ആജീവനാന്തം നിലനിൽക്കുന്ന ഒരു സാധനമല്ല. മൂന്നോ നാലോ വർഷം കഴിയുമ്പോൾ സ്വാഭാവികമായി അതിന്റെ കപ്പാസിറ്റി കുറയും. അതിലും കൂടുതൽ കാലം ഒരേ സ്മാർട് ഫോൺ ഉപയോഗിക്കുന്നവർ എത്ര പേരുണ്ടാകും? അതുകൊണ്ട് രാത്രി കിടക്കാൻ നേരത്ത് ഫോൺ ചാർജിലിട്ടിട്ട് രാവിലെയേ മാറ്റിയുള്ളു എന്നത് നിങ്ങളുടെ ഫോണിനെ അപകടപ്പെടുത്തും എന്നൊന്നും പേടിക്കേണ്ടതില്ല.

ഇനി ഒരു പൊതുതത്വം കൂടി പറയാം. ചാർജിങ്ങിലാകട്ടെ, അല്ലാത്തപ്പോഴാകട്ടെ, ഫോൺ നന്നായി ചൂടാകുന്നതായി ശ്രദ്ധയിൽ പെട്ടാൽ അത് മോശമാണെന്ന് ഓർത്തോണം. ബാറ്ററി എന്നല്ല, ഒട്ടുമിക്ക ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ചൂട് ഒരു വില്ലനാണ്. കാരണം എന്തുമായിക്കോട്ടെ, ഫോൺ ചൂടാകുന്നുണ്ടെങ്കിൽ അതിന്റെ ആയുസ്സ് കുറയുകയാണ് എന്ന് മനസിലാക്കുക. ലാപ്ടോപും കംപ്യൂട്ടറുമൊക്കെ ഉപയോഗിക്കുമ്പോൾ അതിലെ ഫാനിന്റെ കുഞ്ഞുജനാലകൾ ബ്ലോക്ക് ചെയ്യാത്ത വിധം ഉപയോഗിക്കണം എന്ന് പറയുന്നതും ഇതുകൊണ്ടാണ്. മതിയായ വായുസഞ്ചാരം ഇല്ലെങ്കിൽ ചൂട് അകത്ത് തളംകെട്ടുകയും ആന്തിരകസർക്യൂട്ടിനെ കേടുവരുത്തുകയും ചെയ്യും. മെത്തയിലൊക്കെ ഇട്ട് ലാപ്ടോപ് ഉപയോഗിക്കുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

Comments

  1. അതുകൊണ്ടല്ല പൂർണ്ണമായു ഡിസ്ചാർജ് ചെയ്യതാൽ ചാർജിങ്ങ് സമയത്ത് ഫോൺ കൂടുതൽ ചൂടാകും അപ്പോൾ  p, n കൃസ്റ്റലുകളുടെ ശേഷി കുറയുന്നു ഫോൺ കംബ്ലൻറ്റ് ആകാനുള്ള സാധ്യത കൂടുന്നു,

    കംബ്ലീറ്റ് ചാര്‍ജ്ജ് ഇറങ്ങിയതിനു ശേഷം ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ല എഴുതി കാണിക്കുബോള്‍ തന്നെ ചാര്‍ജ്ജ് ചെയ്യു മൊബയില്‍ ആയുസു കൂട്ടു   പൊട്ടിതെറിയും ഒഴിവാക്കു.

    ReplyDelete
  2. അതുകൊണ്ടല്ല പൂർണ്ണമായു ഡിസ്ചാർജ് ചെയ്യതാൽ ചാർജിങ്ങ് സമയത്ത് ഫോൺ കൂടുതൽ ചൂടാകും അപ്പോൾ  p, n കൃസ്റ്റലുകളുടെ ശേഷി കുറയുന്നു ഫോൺ കംബ്ലൻറ്റ് ആകാനുള്ള സാധ്യത കൂടുന്നു,

    കംബ്ലീറ്റ് ചാര്‍ജ്ജ് ഇറങ്ങിയതിനു ശേഷം ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ല എഴുതി കാണിക്കുബോള്‍ തന്നെ ചാര്‍ജ്ജ് ചെയ്യു മൊബയില്‍ ആയുസു കൂട്ടു   പൊട്ടിതെറിയും ഒഴിവാക്കു.

    ReplyDelete
  3. കൊള്ളാാം.നല്ല അറിവുകൾ!!!

    ReplyDelete

Post a Comment

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

"നിങ്ങൾ പഠിച്ചിട്ട് വിമർശിക്കൂ"

"ചേട്ടാ, ഇന്നാള് ഞാനൊരു പുസ്തകം വായിച്ചു. കഥയും നോവല്വോന്നുമല്ല. 1800 പേജുകളുള്ള, വളരെ വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തകം. ഇന്‍ഡ്യയെക്കുറിച്ചാണ് അതില്‍ വിവരിക്കുന്നത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത മാവോ സേ തൂങ്ങിന്റെ ജീവിതകഥയും തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ ചെങ്കോട്ടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ആയതുവരെയുള്ള സംഭവങ്ങളുമാണ് അതിന്റെ ആമുഖം." "എന്ത്?! നീയെന്തോന്നെടാ ഈ പറയുന്നത്?" "ആ, അതേന്നേ! പിന്നെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ഇന്‍ഡ്യയുടെ ചരിത്രം മൊത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്". "ശ്ശെന്റെ പൊന്നേ! നീയാ 1800 പേജും വായിച്ചാ?!" "വായിച്ചു. പിന്നില്ലാതെ?" "നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇമ്മാതിരി ഐറ്റങ്ങളൊക്കെ വായിച്ച് സമയം കളയാന്‍?" "അതെങ്ങനാ ചേട്ടാ സമയം കളയലാവുന്നത്?" "എടാ, ഇതൊക്കെ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞൂടെ സാധനം മൊത്തം പൊട്ടത്തെറ്റാണെന്ന്? പിന്നെ വായിച്ച് സമയം കളയണോ?" "എന്നാലും ചേട്ടാ ഇത്രയും വിശദമായി എഴുതിയേക്കുന്നതല്ല...