Skip to main content

വഴി പറഞ്ഞുകൊടുക്കൽ!

വഴി പറഞ്ഞുകൊടുക്കൽ എന്നത് ഒരു സവിശേഷ കഴിവാണെന്ന് തോന്നിയിട്ടുണ്ട്. നമ്മളത് തിരിച്ചറിയുന്നത്, ആ കഴിവില്ലാത്തവർ വഴി പറഞ്ഞുതരുമ്പോഴായിരിക്കും. ചില ആളുകളെ പരിചയമുണ്ട്- അവർക്ക് ഏതാണ്ടെല്ലാ സ്ഥലങ്ങളും പരിചിതമാണ്. പക്ഷേ അവര് പറഞ്ഞുതരുന്ന വഴി അനുസരിച്ച് ഒരിയ്ക്കലും ഉദ്ദേശിക്കുന്നിടത്ത് എത്താനാവില്ല. മോശം വഴി പറച്ചിലുകാർക്കുള്ള ചില പോരായ്മകൾ നിരീക്ഷിച്ചിട്ടുണ്ട്.
  • കേൾക്കുന്ന ആളിന് താൻ പറയുന്ന സ്ഥലങ്ങൾ എത്രത്തോളം പരിചിതമാണ് എന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കൽ- പറയുന്ന ആൾ വളരെ ഉറപ്പോടെയാണ് ഓരോ തിരിവുകളും സ്ഥലപ്പേരുകളും പറയുന്നതെങ്കിൽ പോലും ആദ്യമായി ആ സ്ഥലത്തുകൂടി പോകാൻ പോകുന്നയാളെ സംബന്ധിച്ച് രണ്ടോ മൂന്നോ തിരിവുകളും അത്ര തന്നെ സ്ഥലപ്പേരുകളും കേൾക്കുന്നതോടെ മിക്കവാറും കൺഫ്യൂഷനാവും. (ഒരുപാട് തിരിവുകളുള്ള വഴിയാണെങ്കിൽ ഞാൻ ആദ്യത്തെ രണ്ട് തിരിവുകൾ കഴിഞ്ഞ് ആളുകൾ ധാരാളം കാണാൻ ചാൻസുള്ള സ്ഥലപ്പേര് പറഞ്ഞുകൊടുത്തിട്ട് ബാക്കി അവിടെ ആരോടെങ്കിലും ചോദിക്കാൻ പറയും)
  • ദൂരം സമയത്തിലാക്കി പറയൽ- "അവിടന്ന് അഞ്ച് മിനിറ്റ് പോയിട്ട് ഇടത്തോട്ട് തിരിയണം..." എന്നൊക്കെ ചിലർ പറയും. അഞ്ച് മിനിറ്റ് കൊണ്ട് പലരും പല ദൂരമായിരിക്കും സഞ്ചരിക്കുന്നത്. തെറ്റായ തിരിവ് എടുക്കുന്നതോടെ കളി കൈവിട്ട് പോകും.
  • അടയാളങ്ങൾ തെരെഞ്ഞെടുക്കുന്നതിലെ അപാകതകൾ- പെട്ടെന്ന് കാണാൻ സാധ്യതയില്ലാത്ത അടയാളങ്ങൾ, വാഹനത്തിൽ പോകുന്നവരോട് വളവിലും മറുവശത്തുമൊക്കെയുള്ള കടകളുടെ പേരുകൾ, എന്നുവേണ്ട മതിലിൽ ഒട്ടിച്ചിരിക്കുന്ന സിനിമാ പോസ്റ്റർ വരെ അടയാളം പറഞ്ഞുകൊടുക്കുന്നവരെ കണ്ടിട്ടുണ്ട്.
ഇനിയും ഉണ്ടാവില്ലേ പലതും?

(വഴി പറഞ്ഞുകൊടുക്കുന്ന സമയത്ത് തോന്നിയിട്ടുള്ള ഒരു ബുദ്ധിമുട്ട് തെക്കോട്ട്, കിഴക്കോട്ട് എന്നൊക്കെ പറഞ്ഞാൽ ഭൂരിഭാഗം പേർക്കും അത് മനസിലാവില്ല എന്നതാണ്. ജ്യോതിശാസ്ത്രത്തിൽ കമ്പമുള്ളതുകൊണ്ട് എനിക്ക് പലപ്പോഴും ആദ്യം വായിൽ വരുന്നത് ഈ ദിശകളായിരിക്കും. സമപ്രായക്കാരാണെങ്കിൽ അതിന് തെറിവിളി ഏതാണ്ട് ഉറപ്പാണ്. "മനുഷ്യന് മനസിലാവുന്ന ഭാഷയിൽ പറയടാ"-ന്ന് പറയും അവർ)

Comments

  1. മറുനാട്ടുകാരായ ആളുകൾ നമ്മുടെ നാട്ടിൽ പൊതുഗതാഗതസൗകര്യം ഉപയോഗിക്കുമ്പോൾ നേരിടുന്ന ഒരു പ്രധാനപ്രശ്നം റൂട്ട് നമ്പർ ഇല്ലെന്നതാണ്.

    ReplyDelete

Post a Comment

Popular posts from this blog

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ഫിലമറ്റോളജി- ഉമ്മ വെക്കുന്ന ശാസ്ത്രം

ഈ ശാസ്ത്രജ്ഞര്‍ വലിയ തമാശക്കാരാണ്. ഉമ്മ വെക്കുന്നതിനെ കുറിച്ച് പഠിക്കാനും ഉണ്ട് അവര്‍ക്കൊരു ശാസ്ത്രശാഖ-ഫിലമറ്റോളജി (Philematology). മാസങ്ങള്‍ പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ നെറ്റിയില്‍ വാത്സല്യത്തോടെ ഉമ്മ വെക്കുമ്പോഴോ അവസരം വരുമ്പോള്‍ പാത്തും പതുങ്ങിയും പ്രേമഭാജനത്തിന് ചൂടനൊരു കിസ്സ് വെച്ചു കൊടുക്കമ്പോഴോ ഒരു പെണ്‍കുട്ടിയെ സ്റ്റേജില്‍ വച്ച് ചുംബിച്ച് സദാചാര-അണ്ണന്‍മാരുടെ തെറിവിളി കേട്ട കമല്‍ഹാസന്റെ കാര്യം ചര്‍ച്ച ചെയ്യുമ്പോഴോ നിങ്ങളോര്‍ത്തിട്ടുണ്ടോ ഈ ഉമ്മ ഇത്രയും വല്യ സംഭവമാണെന്ന്? എന്നാ കേട്ടോ, ഉമ്മ എന്ന്‍ പറയുന്നത് അത്ര നിസ്സാര സംഗതിയൊന്നും അല്ല. കാണ്ഡം കാണ്ഡമായിട്ട് അങ്ങനെ കിടക്കയാണ് ഉമ്മ വിശേഷങ്ങള്‍! എന്താണ് ഉമ്മ? ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ശരീരത്തില്‍ ചുണ്ടുകള്‍ ചേര്‍ക്കുന്ന പ്രവൃത്തിയാണ് ഉമ്മ എന്ന്‍ പറയാം. എന്നാല്‍ ഇതിന് അര്‍ത്ഥങ്ങള്‍ സാഹചര്യത്തിനും ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും അനുസരിച്ചു മാറും. പ്രണയമോ സ്നേഹമോ വാത്സല്യമോ ബഹുമാനമോ ഭക്തിയോ സൌഹൃദമോ ആചാരമോ വരെ അങ്ങനെ ഉമ്മയുടെ അര്‍ത്ഥങ്ങള്‍ എന്തുമാവാം. ഇങ്ങനെ അര്‍ത്ഥങ്ങളും ചെയ്യുന്ന രീതികളും മാറാമെങ്കില്‍ പോലും വൈകാരിക അടു...

മനുഷ്യൻ ശരിക്കും ചന്ദ്രനിൽ ഇറങ്ങിയിരുന്നോ?

മനുഷ്യന്റെ ചന്ദ്രയാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമിട്ട പോസ്റ്റിന് കീഴിലായും മെസേജായും പലരും ആ സ്ഥിരം ചോദ്യം ഉന്നയിച്ചു- “മ നുഷ്യൻ ശരിയ്ക്കും ചന്ദ്രനിലിറങ്ങി എന്ന് വിശ്വസിക്കുന്നുണ്ടോ? ” അതിനുള്ള മറുപടിയാണ് ഈ പോസ്റ്റ്. എന്റെ ഉത്തരം കുറഞ്ഞ വാക്കുകളിൽ പറഞ്ഞാൽ, “അതെ. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങി എന്നത് വിശ്വസിക്കാൻ പറ്റാത്ത ഒന്നായി എനിക്ക് തോന്നുന്നില്ല” എന്നതാണ്. പക്ഷേ ഈ വിഷയത്തിൽ ഉത്തരം ഇങ്ങനെ പറഞ്ഞാൽ തീരെ തൃപ്തികരമാവില്ല എന്നതിനാൽ അല്പം വിശദീകരണം ആവാം. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല എന്നും അത് അമേരിക്ക നടത്തിയ ഒരു നാടകം മാത്രമാണെന്നും വിശ്വസിക്കുന്നതിന് പലർക്കും പല കാരണങ്ങളുണ്ട്. അതിൽ പ്രധാനമായും നിരീക്ഷിച്ചിട്ടുള്ള കാരണങ്ങളിൽ ചിലത്, അത് വെറും നാടകമാണെന്ന് തെളിയിക്കുന്ന കുറേ ശാസ്ത്രീയ തെളിവുകൾ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ. കൊടി പറക്കുന്നത്, നിഴൽ വീഴുന്നത്, പ്രകാശം വീഴുന്നത് അങ്ങനെ… (പ്രശ്നം സംശയമാണ്) അമേരിക്ക ഒരു വൃത്തികെട്ട രാജ്യമാണ്. അവർ ഇതല്ല, ഇതിന്റെ അപ്പുറത്തെ നാടകം കളിക്കും. (പ്രശ്നം അമേരിക്കയാണ്) മനുഷ്യന് ചന്ദ്രനിൽ ഇറങ്ങുക സാധ്യമല്ല. സാധ്യമായിരുന്നെങ്കിൽ എന്തുകൊണ്...