എന്താണ് ഉല്‍ക്കകള്‍
ഉല്‍ക്കകള്‍ എന്ന മലയാളം വാക്കിന് തുല്യമായ ഇംഗ്ലീഷ് പദങ്ങള്‍ അന്വേഷിച്ചാല്‍ asteroids, meteors, meteorites എന്നിങ്ങനെ പല വാക്കുകള്‍ കിട്ടും. എന്നാല്‍ ഇംഗ്ലീഷില്‍ ഈ പറഞ്ഞ വാക്കുകള്‍ എല്ലാം വ്യക്തമായ പരസ്പരവ്യത്യാസം ഉള്ള വസ്തുക്കളെയാണ് സൂചിപ്പിക്കുന്നതും. ഇവിടത്തെ കണ്‍ഫ്യൂഷന്‍ ആദ്യം ഒഴിവാക്കിയിട്ട് നമുക്ക് മുന്നോട്ട് പോകാം. വ്യത്യസ്ത വസ്തുക്കള്‍ക്കെല്ലാം പൊതുവേ മലയാളത്തില്‍ ഉല്‍ക്ക എന്ന ആ ഒറ്റ പേരാണ് ഉപയോഗിക്കുന്നത്. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഓര്‍ബിറ്റുകള്‍ക്ക് ഇടയില്‍ സൂര്യനെ വലം വെക്കുന്ന ലക്ഷക്കണക്കിന് വരുന്ന ചെറു ബഹിരാകാശ വസ്തുക്കള്‍ ആണ് asteroids എന്ന ക്ഷുദ്രഗ്രഹങ്ങള്‍/ഛിന്നഗ്രഹങ്ങള്‍. ഇവരില്‍ ചിലത് മറ്റ് ഗ്രഹങ്ങളുടെയോ മറ്റോ ഗുരുത്വാകര്‍ഷണത്തിന് വിധേയമായി കൂട്ടം വിട്ടു ഭൂമിയ്ക്ക് നേരെ വന്നെന്ന് വരാം. ഇങ്ങനെ ഒരു ഛിന്നഗ്രഹമോ മറ്റേതെങ്കിലും അന്യവസ്തുവോ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പാഞ്ഞുകയറി, ഘര്‍ഷണം മൂലം കത്തി ബാഷ്പീകരിക്കപ്പെടുമ്പോൾ അതിനെ നമ്മള്‍ meteor എന്ന്‍ വിളിക്കും. വളരെയധികം പ്രഭയോടെ കത്തുന്ന ഇവ ഒരു പന്തം പോലെ ആകാശത്തു പാഞ്ഞു പോകുന്ന രീതിയില്‍ കാണപ്പെടും. ഇതിനെയാണ് നമ്മള്‍ നാടന്‍ ഭാഷയില്‍ കൊള്ളിയാന്‍ അല്ലെങ്കില്‍ കൊള്ളിമീന്‍ (shooting star) എന്നൊക്കെ വിളിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ കയറുന്ന ഏതാണ്ട് എല്ലാ meteors-ഉം അന്തരീക്ഷത്തില്‍ വെച്ചു കത്തിത്തീരുകയാണ് പതിവ്. താരതമ്യേന വലിപ്പം കൂടിയ അപൂര്‍വം ചിലവ മാത്രം, പൂര്‍ണമായും കത്തി നശിക്കാതെ ഭൂമിയില്‍ വന്ന്‍ പതിക്കും. അതിനെയാണ് meteorite (ചിത്രീകരണം കാണുക) എന്ന്‍ വിളിക്കുന്നത്. എന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അങ്ങ് ദൂരെ ഊര്‍ട്ട് മേഘങ്ങളില്‍ നിന്നോ മറ്റോ വരെ ഉല്‍ക്കകള്‍ എത്തിച്ചേരാം. ചുരുക്കത്തില്‍ ആസ്റ്ററോയിഡ് ബെല്‍റ്റില്‍ നിന്നോ പുറത്തു നിന്നോ ഭൂമിയ്ക്ക് നേരെ വരുന്ന ബാഹ്യാകാശവസ്തുക്കളാണ് ഉല്‍ക്കകള്‍ എന്ന്‍ വിളിക്കപ്പെടുന്നത്.
ഒരു ബാഹ്യാകാശ കൂട്ടിയിടിയുടെ പ്രത്യാഘാതങ്ങള്‍
നമ്മുടെ റോഡുകളില്‍ നടക്കുന്ന രണ്ടു വാഹനങ്ങളുടെ കൂട്ടിയിടി എത്രത്തോളം ഭീകരമാണ് എന്ന്‍ നമുക്കെല്ലാവര്‍ക്കും അറിയാം. സ്വഭാവികമായും രണ്ട് ആകാശവസ്തുക്കള്‍ തമ്മിലുള്ള (ഇവിടെ അതിലൊന്ന് ഭൂമിയാണ്) കൂട്ടിയിടി അതിനെക്കാള്‍ ഒക്കെ പലമടങ്ങ് ശക്തമാണ്. ഈ കൂട്ടിയിടിയിലേക്ക് നയിക്കുന്നത് അവ രണ്ടും തമ്മിലുള്ള ഗുരുത്വാകര്‍ഷണം ആണെന്നതും അത് അടുത്തടുത്ത് വരുംതോറും കൂടുതല്‍ ശക്തമാകും എന്നതും ഓര്‍ക്കണം. അടുത്തിടെ വരെയുള്ള പഠനങ്ങള്‍ തെളിയിക്കുന്നത് നമ്മുടെ ഭൂമി പണ്ട് കാലത്ത് ഇത്തരം ഇടികള്‍ ഒരുപാട് ഏറ്റുവാങ്ങിയിട്ടുണ്ട് എന്നാണ്. കൂട്ടിയിടി എന്ന്‍ കേള്‍ക്കുമ്പോ മനസ്സില്‍ വരുന്ന വെറുമൊരു 'ആഘാതം ഏല്‍പ്പിക്കലിനും' അപ്പുറമാണ് ഒരു ഉല്‍ക്കാപതനത്തിന്റെ അനന്തരഫലങ്ങള്‍. ഒരു ഉദാഹരണം എന്ന രീതിയില്‍ 1 km വലിപ്പവും വെള്ളത്തെക്കാള്‍ 2.5 മടങ്ങ് സാന്ദ്രതയും (density) ഉള്ള ഒരു ഉല്‍ക്ക സെക്കന്‍റില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയില്‍ പതിക്കുന്നു എന്ന്‍ സങ്കല്‍പ്പിക്കുക. ഇത്തരം ഒരു കൂട്ടിയിടിയുടെ ഫലങ്ങള്‍ ഒരേ സമയം പല രൂപത്തിലാവും ഭൂമി അഭിമുഖീകരിക്കുക. അത് നമുക്കൊന്ന് പരിശോധിക്കാം.
1. പൊട്ടിത്തെറി
നമ്മള്‍ പരിഗണിക്കുന്ന ഉല്‍ക്കയുടെ പിണ്ഡം കണക്ക് കൂട്ടാവുന്നതേ ഉള്ളുവല്ലോ. കോടിക്കണക്കിനു ടണ്‍ വരും അത്. വേഗത കൂടി പരിഗണിച്ചാല്‍ അത് ഭൂമിയിലേക്ക് കൊണ്ട് വരുന്ന ഗതികോര്‍ജ്ജം എത്ര വരും എന്ന്‍ കണക്കാക്കാം. കൂട്ടിയിടി കഴിഞ്ഞു ഈ ഉല്‍ക്ക നിശ്ചലാവസ്ഥയില്‍ എത്തുമ്പോഴേക്കും, ഊര്‍ജ്ജസംരക്ഷണ നിയമം (First law of thermodynamics) അനുസരിച്ചു ഈ ഊര്‍ജ്ജം മൊത്തം ഏതെങ്കിലും രീതിയില്‍ വീതിക്കപ്പെടണമല്ലോ. അത് വന്ന് പതിക്കുന്ന സ്ഥലത്ത്, അത് കരയിലോ വെള്ളത്തിലോ ആകാം, അപ്പോ കോണ്ടാക്റ്റില്‍ വരുന്ന വസ്തുക്കളിലേക്കും അവിടന്ന്‍ ചുറ്റുപാടിലേക്കും വീതിക്കപ്പെടുന്ന ഈ ഭീമന്‍ ഊര്‍ജ്ജം ഒരു വലിയ പൊട്ടിത്തെറിയ്ക്ക് തുല്യമാണ്. നമ്മുടെ ഉദാഹരണത്തിലെ ഉല്‍ക്കയുടെ കാര്യം കണക്ക് കൂട്ടിയാല്‍ അത് ഉണ്ടാക്കുന്ന പൊട്ടിത്തെറിയുടെ ശക്തി ഏതാണ്ട് 60,000 TNT മെഗാ ടണ്‍ വരും (1TNT megaton = 4.2× 1015 Joules). ഇന്നുള്ള ഏറ്റവും പ്രഹരശക്തിയുള്ള ആണവ ബോംബ് പോലും 50-100 TNT മെഗാ ടണ്‍ ശക്തിയുള്ള സ്ഫോടനമാണ് ഉണ്ടാക്കുന്നത് എന്നോര്‍ക്കുമ്പോഴാണു ഇത് എത്രത്തോളം മാരകമാണ് എന്ന്‍ മനസ്സിലാവുക. റിക്ടര്‍ സ്കെയിലില്‍ ഏതാണ്ട് 10 രേഖപ്പെടുത്തുന്ന ഒരു ഭൂകമ്പത്തിന് തുല്യമാണ് ഇത്.
കൂട്ടിയിടി നടക്കുന്നതിന് തൊട്ട് മുന്‍പ് തന്റെ വഴിയിലുള്ള അന്തരീക്ഷവായുവിനെ ഉല്‍ക്ക വശങ്ങളിലേക്ക് തള്ളിമാറ്റുമല്ലോ. കൂട്ടിയിടി നടക്കുന്ന impact site-നു മുകളില്‍ ഏതാനം മിനിറ്റുകളോളം അന്തരീക്ഷം ഉണ്ടാവില്ല. ഈ ഒരു ചെറിയ സമയത്ത്, പൊട്ടിത്തെറിയുടെ ഭാഗമായി ഉണ്ടാകുന്ന ബാഷ്പീകരിക്കപ്പെട്ട ഉല്‍ക്കാശിലയും പൊടിപടലങ്ങളും (കടലിലാണ് വീഴുന്നതെങ്കില്‍ ജലബാഷ്പവും) ഈ അന്തരീക്ഷദ്വാരത്തിലൂടെ പുറത്തേക്ക് തള്ളപ്പെടും. കൂട്ടിയിടി നടന്ന്‍ രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ കോടാനുകോടി ടണ്‍ സ്ഫോടനാവശിഷ്ടങ്ങള്‍ ഏതാണ്ട് 100 km ചുറ്റളവിലേക്ക് തെറിയ്ക്കും. ഇനി കൂട്ടിയിടി നടക്കുന്നത് കടലില്‍ ആണെങ്കില്‍, വശങ്ങളിലേക്ക് തള്ളപ്പെടുന്ന വെള്ളം impact site-ലേക്ക് തിരിച്ച് വരുന്ന നിമിഷം പൊട്ടിത്തെറി ഉണ്ടാക്കിയ കനത്ത ചൂടില്‍ പൊടുന്നനെ ബാഷ്പീകരിക്കപ്പെടുകയും steam explosion എന്ന പ്രതിഭാസത്തിലേക്ക് കൂടി നയിക്കുകയും ചെയ്യാം.
| |
ഭൂമിയുടെ പ്രതലവിസ്തീര്‍ണത്തിന്റെ 75% ഉം കടലാണെന്ന് നമുക്കറിയാം. സ്വാഭാവികമായും ബാഹ്യാകാശത്തുനിന്നും ഭൂമിയ്ക്ക് നേരെ വരുന്ന ഒരു ഉല്‍ക്ക കടലില്‍ പതിക്കാനാണ് സാധ്യത കൂടുതല്‍. ഇതിനെ തുടര്‍ന്നുണ്ടാകുന്ന steam explosion-ന്റെ കാര്യം നമ്മള്‍ നേരത്തെ കണ്ടല്ലോ. ഉല്‍ക്കയാല്‍ വശങ്ങളിലേക്ക് ശക്തമായി തള്ളപ്പെടുന്ന വെള്ളം വലിയ സുനാമിത്തിരകള്‍ക്ക് രൂപം കൊടുക്കും. ഇതിന്റെ ഉയരവും കൂട്ടിയിടിയുടെ ഊര്‍ജ്ജത്തിന് ആനുപാതികമായിരിക്കും. നമ്മുടെ 1 km വലിപ്പമുള്ള ഉല്‍ക്ക അതിന്റെ impact site-ല്‍ നിന്നും 1000 km അകലെ പോലും ഏതാണ്ട് 20 m ഉയരമുള്ള സുനാമിത്തിര ഉണ്ടാക്കും എന്ന്‍ കണക്കാക്കാന്‍ കഴിയും. 300 km ദൂരെയാണെങ്കില്‍ അത് 43 m-ഓളം ഉയരും. കഴിഞ്ഞില്ല, ഇത് കൂട്ടിയിടിയുടെ ആഘാതത്തില്‍ ഉണ്ടാകുന്ന സുനാമിയുടെ കാര്യം മാത്രമേ ആകുന്നുള്ളൂ. നേരത്തെ പറഞ്ഞ steam explosion ന്റെ ഫലമായി വേറെയും സുനാമികള്‍ ഉണ്ടാകും. ഒപ്പം, കൂട്ടിയിടിയുടെ ഫലമായുണ്ടാകുന്ന ഭൂവല്‍ക്കചലനവും കൂടുതല്‍ തിരകള്‍ ഉണ്ടാക്കും. അങ്ങനെ വളരെ സങ്കീര്‍ണ്ണമായ പാറ്റേണില്‍ ഉള്ള ഒരു സുനാമി പരമ്പര ആണ് ഉല്‍ക്കാപതനത്തെ തുടര്‍ന്നു ഉണ്ടാവുക.
3. ആഗോള തീപിടുത്തങ്ങള്‍
കൂട്ടിയിടി സമയത്ത് അന്തരീക്ഷത്തില്‍ ഉണ്ടാവുന്ന ദ്വാരത്തിലൂടെ പുറത്തേക്ക് തെറിക്കുന്ന സ്ഫോടനാവശിഷ്ടങ്ങളെ കുറിച്ച് നമ്മള്‍ പറഞ്ഞല്ലോ. ഇവ അന്തരീക്ഷത്തിലൂടെ പാഞ്ഞുപോകുമ്പോള്‍ ഘര്‍ഷണം മൂലം വീണ്ടും ചൂട് പിടിക്കും. ഈ പദാര്‍ത്ഥങ്ങള്‍ ചൂടാവുമ്പോ വളരെയധികം ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ പുറപ്പെടുവിക്കും. ഇത് ആഗോളതലത്തില്‍ അന്തരീക്ഷതാപനില കൂടാന്‍ കാരണമാവുകയും തുടര്‍ന്നു വ്യാപകമായ തീപിടുത്തങ്ങളിലേക്ക് (പ്രത്യേകിച്ചു കാട്ടുതീ) നയിക്കുകയും ചെയ്യാം. ഇതുണ്ടാക്കുന്ന പരിസ്ഥിതി ആഘാതങ്ങള്‍ തുടര്‍ന്നും.
4. ആസിഡ് മഴകള്‍
കൂട്ടിയിടിയുടെ ഫലമായുള്ള ഷോക്ക് വേവിലും (shock wave) തുടര്‍ന്നുള്ള അന്തരീക്ഷത്തിന്റെ പുനഃക്രമീകരണത്തിലും ഉണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങള്‍ നൈട്രജനും ഓക്സിജനും ചേര്‍ന്ന് നൈട്രജന്‍ ഓക്സൈഡുകളുടെ രൂപീകരണത്തിലേക്ക് നയിക്കും. ഇവ ജലബാഷ്പവുമായി ചേര്‍ന്ന് ആസിഡ് മഴകള്‍ക്ക് കാരണമാകുന്നു. കൂട്ടിയിടിയെ തുടര്‍ന്നുള്ള ഒരു വര്‍ഷത്തോളം ഈ പ്രതിഭാസം തുടരും. ഈ ആസിഡ് മഴകള്‍ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ പലതാണ്- ചെടികള്‍ നശിക്കും, ഭൂവല്‍ക്കശിലകള്‍ ദ്രവിക്കും, ഓസോണ്‍ പാളി നശിക്കും, അങ്ങനെപോകുന്നു അവ.
5. ആഗോള താപവ്യതിയാനങ്ങള്‍
ഏറ്റവും ദൂരവ്യാപകമായ പ്രത്യാഘാതം ഇതാണ്. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടാകുന്ന പൊടിപടലങ്ങളും തുടര്‍ന്നുണ്ടായ ആഗോള തീപിടുത്തങ്ങള്‍ പുറന്തള്ളുന്ന കരിയും അന്തരീക്ഷത്തില്‍ നിറയും. ഇവ മാസങ്ങളോളം അവിടെ തങ്ങി നിന്ന് സൂര്യപ്രകാശത്തെ മറയ്ക്കും. നമ്മുടെ ആത്യന്തിക ഊര്‍ജ്ജ ശ്രോതസ്സായ സൂര്യന്‍ മറയ്ക്കപ്പെടുന്നതിന്റെ ഫലം ഊഹിക്കാമല്ലോ അല്ലേ? സസ്യങ്ങളുടെ പ്രകാശസംശ്ലേഷണം നിലയ്ക്കും, അതോടെ ഭക്ഷ്യശൃംഖല തകരും. ആഗോളതലത്തില്‍ അന്തരീക്ഷതാപനില താഴ്ന്ന്‍ ഒരു ഹ്രസ്വകാല ശൈത്യം നിലവില്‍ വരും. ഇതിനെ Impact Winter എന്ന്‍ വിളിക്കും. ഇത് അല്പ നാളത്തേയ്ക്ക് മാത്രമേ ഉണ്ടാവൂ, അത് കഴിഞ്ഞാല്‍ ഫലം നേരെ തിരിയും. അന്തരീക്ഷത്തിലേയ്ക്ക് തള്ളപ്പെട്ടിരിക്കുന്ന കരിയില്‍ നിന്നുണ്ടാവുന്ന കാര്‍ബണ്‍ ഡയോക്സൈഡും ജലബാഷ്പവും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഗ്രീന്‍ ഹൗസ് പ്രഭാവം കാരണം താപനില കൂടാന്‍ തുടങ്ങും. ചെടികള്‍ നശിച്ചു പോയതിനാല്‍ ഈ കാര്‍ബണ്‍ ഡയോക്സൈഡ് വളരെ കാലം അന്തരീക്ഷത്തില്‍ തന്നെ നിലനില്‍ക്കുകയും വളരെ കാലം ഈ ചൂടന്‍ കാലാവസ്ഥ തുടരുകയും ചെയ്യും.
ഇത്രയും ബഹുമുഖങ്ങളായ അനന്തരഫലങ്ങളാണ് ഒരു കൂട്ടിയിടിയെ തുടര്‍ന്നുണ്ടാവുക. 10 km-ഓളം വലിപ്പമുള്ള ഒരു ഉല്‍ക്കയ്ക്ക് ഭൂമിയിലെ ഒട്ടുമിക്ക ജീവിവര്‍ഗത്തെയും പൂര്‍ണമായി പറിച്ചു കളയുവാനുള്ള സംഹാരശക്തി ഉണ്ടാവും. ഏതാണ്ട് 65 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അത്തരമൊരു കൂട്ടിയിടിയിലാണ് ദിനോസറുകള്‍ ഉള്‍പ്പടെ കുറെ ഏറെ ജീവികളുടെ കൂട്ട വംശനാശം (Mass extinction) ഉണ്ടായത് എന്നാണ് ഇന്ന്‍ പ്രബലമായ ഒരു സിദ്ധാന്തം. നേരത്തെ നമ്മള്‍ കണ്ട കാര്യങ്ങളെല്ലാം ഇങ്ങനെ ഒരു സര്‍വസംഹാരം സംഭവ്യമാണ് എന്ന്‍ അടിവരയിട്ട് പറയുന്നുണ്ട്.
എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്കുള്ള സാധ്യത മുന്‍പ് ഉണ്ടായിരുന്നതിനെക്കാള്‍ അല്പം പോലും ഇപ്പോള്‍ കൂടുതല്‍ ഇല്ല എന്ന്‍ ഈ അവസരത്തില്‍ നമ്മള്‍ ഓര്‍ക്കണം. സ്ഥാപിത ലക്ഷ്യങ്ങളോടെയുള്ള കുപ്രചരണങ്ങളും കെട്ടുകഥകളും അവഗണിക്കണം. ശ്രദ്ധിയ്ക്കുക, തീര്‍ത്തും നിരാശാജനകമായ കാര്യങ്ങളല്ല ഈ വിഷയത്തില്‍ നമുക്ക് പറയാനുള്ളത്. ഇത്തരം അപകടങ്ങളെ നേരിടാന്‍ മോശമല്ലാത്ത പല തയ്യാറെടുപ്പുകളും മനുഷ്യര്‍ ഇതിനകം ചെയ്തിട്ടുണ്ട്. NASA- യുടെ Near Earth Object (NEO) പ്രോഗ്രാം ഉള്‍പ്പടെയുള്ള ചില ഏജന്‍സികള്‍ ഇത്തരം അപകടങ്ങള്‍ മുന്‍കൂട്ടി അറിയുവാനുള്ള നിരീക്ഷണങ്ങളില്‍ വ്യാപൃതരാണ്. നമുക്ക് നേരെ വരുന്ന ഉല്‍ക്കകളെ വഴി തിരിച്ച് വിടുന്നതിനായി വളരെ സിമ്പിളായത് മുതല്‍ അത്യധികം സങ്കീര്‍ണ്ണമായത് വരെയുള്ള നിരവധി പദ്ധതികള്‍ നമ്മള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. നേരത്തെ അറിയുന്ന പക്ഷം, അവയിലേക്ക് ബഹിരാകാശവാഹനങ്ങളെ അയച്ചു അവയില്‍ അണുബോംബ് സ്ഥാപിച്ചു അവയെ പൊട്ടിത്തെറിപ്പിച്ച് ദിശാമാറ്റം ഉണ്ടാക്കാന്‍ സാധിയ്ക്കും. റോബോട്ടിക് ലാന്‍ഡറുകള്‍ ഉപയോഗിച്ച് ഉള്‍ക്കയില്‍ ത്രസ്റ്റര്‍ റോക്കറ്റുകള്‍ പിടിപ്പിച്ച് ദിശ തിരിച്ചുവിടാനുള്ള സാങ്കേതികവിദ്യയ്ക്കും സാധ്യതയുണ്ട്. ഗ്രാവിറ്റി ട്രാക്ടര്‍ എന്ന്‍ വിളിക്കുന്ന വലിയ ബഹിരാകാശ പേടകങ്ങള്‍ ഉപയോഗിച്ച് ഒരു ഉല്‍ക്കയെ വലിച്ചു ദിശ തെറ്റിച്ച് വിടാന്‍ പോലും നമുക്ക് പദ്ധതികള്‍ ഉണ്ട്. ഇതിനായി നമുക്ക് നേരെ വരുന്ന വസ്തുക്കളുടെ കൃത്യമായ സഞ്ചാരപഥം നേരത്തെ കണക്കുകൂട്ടാന്‍ കഴിയണം എന്നേയുള്ളൂ. അതിനാണ് NEO പ്രോഗ്രാം പോലെയുള്ള ഏജന്‍സികള്‍ കണ്ണില്‍ എണ്ണയൊഴിച്ചു മാനത്തേക്ക് നോക്കി ഇരിക്കുന്നതും. അവര്‍ അവരുടെ പണി ചെയ്യുന്നുണ്ട് എന്നുറപ്പിച്ചുകൊണ്ട് നമുക്ക് സുഖമായി ഉറങ്ങാം.
വാൽക്കഷണം: നമ്മുടെ മാധ്യമങ്ങളുടെ, പ്രത്യേകിച്ച് ഓൺലൈൻ വാർത്താ സൈറ്റുകളുടെ ഇഷ്ടവിഭവമാണ് ഈ കൂട്ടിയിടി വാർത്ത. അത്തരത്തിൽ പേടിപ്പിക്കുന്ന വാർത്ത വല്ലതും കണ്ടാൽ അപ്പോത്തന്നെ നാസയുടെ Near Earth Object പ്രോഗ്രാമിന്റെ ഈ വെബ്സൈറ്റ് സന്ദർശിക്കുക- http://neo.jpl.nasa.gov/ca/. അടുത്തിടെ ഭൂമിയോട് തൊട്ടടുത്ത് വന്നതും ഇനി ഉടൻ വരാൻ പോകുന്നതുമായ സകല വസ്തുക്കളുടേയും ലിസ്റ്റ് ഉണ്ട്. (ആ ലിസ്റ്റിന്റെ നീളം കണ്ടാൽ മിക്കവാറും നിങ്ങൾ ഞെട്ടും!'ഇതിത്ര സാധാരണ സംഭവമാണോ!' എന്ന് തോന്നും) പക്ഷേ അവിടെ കാണുന്നതൊന്നും ഭൂമിയുമായി നേരിട്ട് കൂട്ടിയിടിക്കാൻ പോകുന്നവയല്ല, മറിച്ച് അതിന്റെ പരിസരത്തുകൂടി കടന്നുപോകുന്നവ മാത്രമാണ്. കൂട്ടിയിടിക്കാൻ സാധ്യതയുള്ളവയുടെ ലിസ്റ്റ് ഇവിടെ: http://neo.jpl.nasa.gov/risk/. വാർത്തകളിൽ സത്യമുണ്ടോ എന്നത് ഇവിടന്ന് മനസിലാവും. എന്തായാലും അടുത്തെങ്ങും പേടിക്കേണ്ടതായ സാധ്യതകളൊന്നും തന്നെ ഇല്ല.
അധികവായനയ്ക്ക്
- http://www.livescience.com/27183-asteroid-meteorite-meteor-meteoroid.html
- http://science.howstuffworks.com/stop-an-asteroid.htm
- http://en.wikipedia.org/wiki/Asteroid_impact_avoidance
- http://en.wikipedia.org/wiki/Cretaceous%E2%80%93Paleogene_extinction_event
- http://en.wikipedia.org/wiki/Tunguska_event
- http://en.wikipedia.org/wiki/2013_Russian_meteor_event
- http://www.astronomynotes.com/solfluf/s5.htm
മികച്ച ലേഖനം, സുഗമമായ ഭാഷയില്‍...
ReplyDeleteനല്ല ലേഖനം
ReplyDeleteലളിതമായ ഭാഷയിൽ നല്ല വിവരണം.നമ്മുടെ ചില ഓൺലൈൻ വാർത്തകളിലെ ശാസ്ത്രലേഖനങ്ങൾ കൈകാര്യം ചെയ്യുന്നത് യക്ഷിക്കഥകൾ എഴുതുന്നവരാണോ എന്ന് തോന്നിപ്പോകും ചിലത് വായിച്ചാൽ..
ReplyDeleteനന്ദി...
ReplyDeleteningal alu kollalo mashe clap ...clap
ReplyDelete