റെക്കോഡ് ചെയ്യപ്പെട്ട സ്വന്തം ശബ്ദം കേൾക്കുന്നത് നിങ്ങൾക്കെങ്ങനെയാണ് അനുഭവപ്പെടാറ്? എന്റെ കാര്യം പറഞ്ഞാൽ, എനിയ്ക്കത് തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. പാട്ടുപാടി റെക്കോഡ് ചെയ്തിട്ട് അത് ശരിയായോ എന്ന് കേട്ടുനോക്കാനുള്ള ശ്രമം ഒരുതരം ആത്മപീഡനമാണ് എന്നെ സംബന്ധിച്ച്. ഇക്കാര്യത്തിൽ ഞാനൊറ്റയ്ക്കല്ല. ഒരുപാട് പേർ സ്വന്തം ശബ്ദം തിരിച്ച് കേൾക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അതിനൊരു കാരണവും ഉണ്ട്. നാം സംസാരിയ്ക്കുമ്പോൾ നാം നമ്മുടെ തന്നെ ശബ്ദം കേൾക്കുന്നുണ്ട്. പക്ഷേ ഈ ലോകത്ത് നമ്മൾ മാത്രമേ അത് ആ രീതിയിൽ കേൾക്കുന്നുള്ളൂ എന്നതാണ് പ്രശ്നം. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ശബ്ദം എങ്ങനെയാണെന്നാണോ നാം കരുതിയിരിക്കുന്നത്, അങ്ങനെയേ അല്ല മറ്റുള്ളവർ അത് കേൾക്കുന്നത്. നാം നമ്മുടെ സ്വനതന്തുക്കളെ (vocal chords) വിറപ്പിച്ചാണ് ശബ്ദം ഉണ്ടാക്കുന്നത്. ഈ വിറ വായുവിലുടെ ശബ്ദതരംഗങ്ങളായി സഞ്ചരിച്ച് ചുറ്റുമുള്ളവരുടെ ചെവിയിലെ കർണപുടത്തെ (ear drum) വിറപ്പിയ്ക്കുന്നു. അത് അതേപടി ഒരു വൈദ്യുതസിഗ്നലായി അവരുടെ മസ്തിഷ്കത്തിൽ എത്തുമ്പോൾ അവർ ആ ശബ്ദം കേൾക്കുന്നു. അതായത്, നമ്മുടെ സ്വനതന്തുക്കൾ പുറപ്പെടുവിയ്ക്കുന്ന വിറയാണ് അവർ മനസിലാക്...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്