ഈ ചോദ്യം നഴ്സറി സ്കൂൾ മുതൽ കേൾക്കുന്നതും കണ്ണടച്ച് ആളുകൾ ഉത്തരം പറയുന്നതുമായ ഒന്നാണ്. ഏഴ് എന്ന സംഖ്യയും, കൂടെ വയലറ്റ്-ഇൻഡിഗോ-ബ്ലൂ-ഗ്രീൻ-യെല്ലോ-ഓറഞ്ച്-റെഡ് (VIBGYOR) എന്ന ഏഴ് നിറങ്ങളുടെ ലിസ്റ്റും ഉടനടി ഉത്തരമായി പ്രതീക്ഷിക്കാം. ഇനി ചോദിച്ചോട്ടെ, നിങ്ങളിൽ എത്ര പേർ ഈ ഇൻഡിഗോ എന്ന നിറം തിരിച്ചറിഞ്ഞിട്ടുണ്ട്? ഇൻഡിഗോ നിറമുള്ള സാരി എന്ന് പറഞ്ഞാൽ, അത് എങ്ങനെ ഇരിക്കുമെന്ന് മനസ്സിൽ സങ്കല്പിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? എന്നാൽ, മഴവില്ലിന് ഏഴ് നിറങ്ങളുണ്ട് എന്നത് കണിശമായ ഒരു ശാസ്ത്രസത്യമല്ല എന്നതാണ് വാസ്തവം. ആ സംഖ്യയ്ക്ക് ശാസ്ത്രത്തേക്കാൾ കൂടുതൽ ചരിത്രപരമായ ഉത്ഭവമാണ് ഉള്ളത്. വെളുത്ത സൂര്യപ്രകാശത്തെ ഒരു പ്രിസത്തിലൂടെ കടത്തിവിട്ടാൽ അത് പല നിറങ്ങളായി വേർപിരിയും എന്നറിയാമല്ലോ. ഐസക് ന്യൂട്ടനാണ് ഇത് ആദ്യം കണ്ടെത്തുന്നത്. അങ്ങനെ നിരന്ന് കിടക്കുന്ന വർണരാജിയെ സ്പെക്ട്രം എന്ന് ആദ്യമായി വിളിച്ചതും അദ്ദേഹം തന്നെ. നിങ്ങളിൽ സ്പെക്ട്രം നേരിട്ട് കണ്ടിട്ടുള്ളവർ ഓർത്തുനോക്കൂ, (ഇല്ലാത്തവർ തത്കാലം ചിത്രം നോക്കൂ) അവിടെ പല പല നിറങ്ങൾ തമ്മിൽ എങ്ങനെയാണ് വേർതിരിയുന്നത്? നിറങ്ങൾക്കിടയിൽ ഏതെങ്കിലും രീതിയിലുള്...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്