വളരെ നാളത്തെ ഔദ്യോഗിക പരിചയത്തിനു ശേഷം അന്നാണ് വിശ്വന്‍ സാറുമായി അല്‍പനേരം സംസാരിക്കാന്‍ അവസരം കിട്ടിയത്.
"വിഷ്ണു വല്ലാതെ അപ്സെറ്റ് ആണെന്ന് തോന്നുന്നു", ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോഴേ വിശ്വന്‍ സര്‍ പറഞ്ഞു.
"അതെ സര്‍ ... എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ശരത്ത് കഴിഞ്ഞ ആഴ്ച മരിച്ചു പോയി... സത്യത്തില്‍ എന്റെ ഒരേ ഒരു ആത്മാര്‍ത്ഥ സുഹൃത്ത് എന്ന് പറയാവുന്ന ആളായിരുന്നു അവന്‍."
"ഓ...ഐ സീ..."
"എന്റെ എല്ലാ വിഷമങ്ങളും ഞാന്‍ അവനോടു പറയുമായിരുന്നു. മറ്റെല്ലാവരോടും ഞാന്‍ അല്പം ഡിസ്ടന്‍സ് സൂക്ഷിക്കാറുണ്ട്."
"വിഷ്ണുവിന്റെ ജീവിതത്തില്‍ അങ്ങനെ എടുത്തു പറയത്തക്ക വിഷമങ്ങള്‍...?"
ഞാന്‍ അല്‍പ നേരം മൌനിയായിരുന്നു.
"വിഷ്ണുവിനെക്കാള്‍ കുറെ കൂടുതല്‍ ലോകം കണ്ടതിന്റെ പേരില്‍ ഞാന്‍ ഉപദേശിക്കുമോ എന്നാ ഭയം വേണ്ട. നമ്മള്‍ ഒരാളോട് നമ്മുടെ ദുഃഖങ്ങള്‍ പറയുമ്പോള്‍ നമ്മള്‍ ഉപദേശമല്ല മറിച്ച് ശ്രദ്ധിക്കാന്‍ ഒരാളെയാണ് ആഗ്രഹിക്കുന്നത് എന്ന് എനിക്കറിയാം. എന്നോട് പറയാം."
സത്യത്തില്‍ ശരത്തിന്റെ മരണത്തിനു ശേഷം എന്റെ മനോവേദന പറയാന്‍ ഒരാളില്ലാതെ വല്ലാതെ ശ്വാസം മുട്ടി നില്‍ക്കുകയായിരുന്നു ഞാന്‍. വിശ്വന്‍ സാറിന്റെ വാക്കുകള്‍ എന്റെ ഉള്ളിലെ പേമാരിയെ തുടര്‍ന്ന് പൊട്ടിയൊഴുകാന്‍ വെമ്പുന്ന അണക്കെട്ടിലെ ജലസഞ്ചയത്തെ തുറന്നു വിടാന്‍ കിട്ടിയ ലൈസന്‍സ് ആയി എനിക്ക് തോന്നി.
ശരത് അല്ലാതെ എന്റെ വേദനകളില്‍ താല്പര്യം കാണിച്ച മറ്റൊരാള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. എന്റെ സുഹൃത്തുക്കള്‍ ഞാന്‍ കാണിക്കുന്ന കോമാളിത്തരങ്ങള്‍ കണ്ടു ചിരിക്കുമായിരുന്നു. അതൊക്കെ അവര്‍ക്ക് ഇഷ്ടവുമായിരുന്നു. പക്ഷെ ഞാന്‍ എന്റെ വേദനകള്‍ പറഞ്ഞാല്‍ അവര്‍ മുഷിയും. നമ്മുടെ ദുഖങ്ങള്‍ക്ക് മാര്‍ക്കറ്റ് വാല്യൂ ഇല്ല എന്നാ എന്റെ കണ്ടെത്തല്‍ അതിന്റെ ഫലമായിരുന്നു. അതുകൊണ്ട് തന്നെ ഉള്ളില്‍ കരയുമ്പോഴും ഞാന്‍ പുറത്തു ചിരിച്ചു കൊണ്ടേയിരുന്നു. ശരത്തിനോട് മാത്രം ദുഖഭാരം ഇറക്കി വെക്കാന്‍ കഴിഞ്ഞിരുന്നു. അവനെയാണ് വിധി ഒരു ബൈക്ക് അപകടത്തിന്റെ രൂപത്തില്‍ തിരിച്ചെടുത്തത്.
ഞാന്‍ അന്ന് വിശ്വന്‍ സാറിനോട് ഒരുപാട് സംസാരിച്ചു. എന്റെ വിരസമായ ജീവിതകഥ മടുപ്പില്ലാതെ കേട്ടു എന്ന് മാത്രമല്ല കൂടുതല്‍ അറിയാനുള്ള താല്പര്യത്തോടെ അദ്ദേഹം എന്നോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. പലപ്പോഴും 'ചോദ്യം ചെയ്യലുകള്‍' ആയി തോന്നിയെങ്കിലും അദ്ദേഹത്തിന്‍റെ പ്രൊഫഷന്റെ പ്രതിഫലനം മാത്രമാണ് അതെന്നു ഞാന്‍ കരുതി.
ഞാന്‍ അല്പം ഒന്ന് നിര്‍ത്തിയപ്പോള്‍ അദ്ദേഹം പതിയെ എന്റെ കൈ ചേര്‍ത്തു പിടിച്ചു. വല്ലാതെ തകര്‍ന്നിരുന്ന എനിക്ക് അത് വലിയ ഒരു ആശ്വാസമായി തോന്നി.
"ഞാന്‍ പറയുന്നത് അക്സപ്റ്റ് ചെയ്യാന്‍ ചിലപ്പോള്‍ വിഷ്ണുവിന് അല്പം സമയം വേണ്ടി വന്നേക്കാം."
"എന്താണ് സര്‍?" അദ്ദേഹത്തിന്‍റെ കൈകള്‍ തരുന്ന ആശ്വാസം നുകര്‍ന്ന് കൊണ്ട് ഞാന്‍ ചോദിച്ചു.
"Bipolar Disorder എന്ന് ഞങ്ങള്‍ മനശാസ്ത്രജ്ഞര്‍ വിളിക്കുന്ന ഒരു അവസ്ഥയാണ് വിഷ്ണുവിന്റെത്. വിഷ്ണു അനുഭവിക്കുന്ന ഈ മനോവേദന അതിന്റെ ഭാഗമാണ് "
ഞാന്‍ ഒന്ന് അത്ഭുതപ്പെട്ടു എന്ന് തന്നെ പറയണം.
"ഞാന്‍ മനസിലാക്കിയിടത്തോളം ഇക്കാര്യം അംഗീകരിക്കാന്‍ വലിയ ബുദ്ധിമുട്ട് വിഷ്ണുവിന് ഉണ്ടാവില്ല. ഈ മേഖലയില്‍ കുറെയൊക്കെ അറിയാവുന്ന ആളാണ് താന്‍ എന്നുള്ളതുകൊണ്ട്. പക്ഷെ അംഗീകരിക്കാന്‍ അല്പം ബുദ്ധിമുട്ട് ഉണ്ടാവുന്ന്‍ ഫാക്റ്റ് ഇതാണ്, ശരത്ത് എന്ന വിഷ്ണുവിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് വിഷ്ണുവിന്റെ സങ്കല്‍പ്പ സൃഷ്ടിയാണ്. യഥാര്‍ഥത്തില്‍ അങ്ങനെ ഒരാള്‍ ഇല്ല."
ശരിയായിരുന്നു. അത് അംഗീകരിക്കാന്‍ തീരെ കഴിയാത്ത ഒന്നായിരുന്നു.
നിങ്ങളുടെ ജീവിതത്തിലെ ഒരേ ഒരു ആത്മാര്‍ത്ഥ സുഹൃത്ത്; ഒരു ദിവസം അയാള്‍ ഇല്ലാതാകുന്നു. അയാള്‍ നിങ്ങളെ വിട്ടിട്ടു ദൂരെ എവിടെയോ പോയി എന്നോ അയാള്‍ മരിച്ചു പോയി എന്നോ അല്ല, അയാള്‍ ഒരിക്കലും നിങ്ങടെ ജീവിതത്തിലേ ഉണ്ടായിരുന്നില്ല എന്ന യാഥാര്ത്യമാണ് അംഗീകരിക്കേണ്ടത്.
തീര്‍ച്ചയായും സമയം എടുത്തു അതിന്. Bipolar Disorder എന്ന അവസ്ഥയെ പറ്റി, അത് ഒരാളെ കൊണ്ടെത്തിക്കാവുന്ന അവസ്ഥകളെ പറ്റി... ഒരുപാട് പഠിച്ചു, അനുഭവിച്ചറിഞ്ഞു... കണ്ടു മാത്രം അറിഞ്ഞിട്ടുള്ള ഒരു വലിയ സത്യം കൂടി അനുഭവിച്ചറിഞ്ഞു; നിങ്ങള്‍ക്ക് ഒരു പനിയോ കാന്‍സര്‍ പോലുമോ ആയിക്കോട്ടെ ജനങ്ങള്‍ നിങ്ങളെ അന്ഗീകരിക്കും. പക്ഷെ മനസ്സിന് ചെറിയ ഒരു അസുഖം മതി...അവര്‍ നിങ്ങളെ കൊല്ലാക്കൊല ചെയ്യും. അത് എന്ത് കൊണ്ട് എന്നെനിക്കറിയില്ല, എങ്ങനെ എന്ന് മാത്രം നന്നായി അറിയാം.
[വിഷ്ണു എവിടെ ജീവിച്ചു എന്നോ അയാള്‍ എങ്ങനെ അവസാനിച്ചു എന്നോ ഇവിടെ പറയുന്നില്ല. കാരണം ഒരുപക്ഷെ, അയാളെ അങ്ങനെ ഒരു അവസാനത്തില്‍ കൊണ്ട് എത്തിച്ച ആളുകള്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാവാം. ശരീരം പോലെ മനസ്സും ചെറുതും വലുതുമായ രോഗങ്ങള്‍ക്ക് വിധേയമാണ് എന്ന സാമാന്യ സത്യം അറിയാത്ത നമ്മള്‍ എന്ന പൊതുജനം എത്രയോ വിഷ്ണുമാരെ അവസാനിപ്പിച്ചിരിക്കുന്നു, നരകതുല്യമായ ജീവിതത്തിലേക്ക് തള്ളിയിട്ടിരിക്കുന്നു. ഇനിയെങ്കിലും ഒരുവനെ ഭ്രാന്തന്‍ എന്ന് വിളിച്ചു കളിയാക്കുമ്പോള്‍ നമുക്ക് അത് ഓര്‍ക്കാന്‍ കഴിയട്ടെ.]
Comments
Post a Comment