Skip to main content

ഒരു അസ്വാഭാവിക പ്രണയകഥ

സുദീപിന്റെതും അനുവിന്റെതും തികച്ചും ഔദ്യോഗികമായ പരിചയപ്പെടലായിരുന്നു, കോളേജ് മേറ്റ്സ്. സമാനമായ ചിന്താഗതിക്കാര്‍ ആയതുകൊണ്ടാകണം, അവര്‍ വളരെ പെട്ടെന്ന് അടുത്തു. ഒരു സൌഹൃദം വളരുന്നത് രണ്ടു പേര്‍ക്കിടയിലെ മതിലുകള്‍ ഓരോന്നായി ഇല്ലാതാകുന്നതിലൂടെയാണല്ലോ. വളരെ ഊഷ്മളമായ ഒരു ബന്ധം അവര്‍ക്കിടയില്‍ രൂപപ്പെട്ടു. കോളേജിലെ മറ്റു ആണ്‍കുട്ടികളുടെ കണ്ണില്‍ സുദീപ് തികച്ചും ഭാഗ്യവാന്‍ ആയിരുന്നു. കോളേജിലെ പല ഫസ്റ്റ് ക്ലാസ് കാമദേവന്മാരും അമ്പെയ്തു നോക്കിയിട്ട് കൊള്ളാതെ പോയ ആളാണ്‌ അനു. അനുവിനും സുദീപിനും ഇടയില്‍ ഉള്ള ബന്ധം എന്തായാലും, അവര്‍ ഒരുമിച്ച് നടക്കുന്നതും സംസാരിക്കുന്നതുമൊക്കെ കാണുമ്പോള്‍ അര്‍ഥം വെച്ച ഒന്ന് രണ്ടു മുറി-കോമഡി എങ്കിലും പറയാതെ അവര്‍ക്ക് സമാധാനം കിട്ടില്ല. പക്ഷെ അനുവിന് അതൊക്കെ വെറും തമാശയായി കാണാന്‍ കഴിഞ്ഞിരുന്നു, അതുകൊണ്ട് തന്നെ സുദീപിനും.

അങ്ങനെയിരിക്കെയാണ് അനുവിന് വീട്ടില്‍ ഒരു വിവാഹാലോചന  വരുന്നത്. അത് അവള്‍ തികച്ചും കാഷ്വല്‍ ആയി സുദീപിനോട് പറഞ്ഞു എങ്കിലും അന്ന് മുതല്‍ അവള്‍ വല്ലാതെ മൂഡ്‌-ഓഫ്‌ ആയിരുന്നു. എന്ത് പറ്റി എന്ന ചോദ്യത്തിന് അവള്‍ പറഞ്ഞ 'തലവേദന' എന്ന കള്ളം പാതി മനസോടെയെങ്കിലും സുദീപ് സ്വീകരിച്ചു. വീട്ടുകാര്‍ ആലോചനയുമായി മുന്നോട്ടു പോകും തോറും അനു കൂടുതല്‍ കൂടുതല്‍ മ്ലാനയായി കാണപ്പെടാന്‍ തുടങ്ങി. അവന്റെ ചോദ്യത്തില്‍ നിന്നും എപ്പോഴും  അവള്‍ ഒഴിഞ്ഞു മാറിയതെ ഉള്ളു.

സുദീപിന്റെ മനസ്സില്‍ സംശയം ഉണ്ടാകാന്‍ തുടങ്ങിയിരുന്നു. അവള്‍ക്ക് താന്‍ അറിയാത്ത ഒരു പ്രണയബന്ധം ഉണ്ടാകും എന്ന സാധ്യത ആദ്യമേ തള്ളിക്കളയാം എന്നവനു തോന്നി. അവന്റെ  പ്രണയവിരുദ്ധ നിലപാടുകള്‍ നന്നായി അറിയുന്നവളും മനസിലാക്കിയവളും ആയതുകൊണ്ട്, ഇനി ഒരുപക്ഷെ തുറന്നു പറയാന്‍ കഴിയാത്ത ഒരു പ്രണയം അവള്‍ക്ക് തന്നോട്  ഉണ്ടാകുമോ എന്നവന്‍ സംശയിച്ചു. ഇത്രയൊക്കെ അടുത്ത സുഹൃത്തുക്കള്‍ ആയിട്ടും, തന്റെ ചോദ്യങ്ങളില്‍ നിന്നും അവള്‍ ഒഴിഞ്ഞുമാറുന്നതിനു മറ്റൊരു കാരണവും അവനു ഊഹിക്കാനായില്ല.

ഒടുവില്‍ സുദീപ് അവളോട്‌ വിവാഹാലോചന വന്നതിനു ശേഷമുള്ള ഈ ഭാവമാറ്റത്തെ കുറിച്ച്   തുറന്നു ചോദിച്ചു.

 മറുപടി ഒരു ചോദ്യമായിരുന്നു: "സുദീപ്, ഞാന്‍ ഇതുവരെ നിന്നോട് പറഞ്ഞിട്ടില്ലാത്ത എന്റെ ഒരു പ്രണയകഥ ഞാന്‍ നിന്നോട് പറഞ്ഞോട്ടെ?"

അവന്‍ അത്ഭുതപ്പെട്ടു. ഇത്ര അടുത്ത സുഹൃത്തുക്കള്‍ ആയിട്ടും തന്നില്‍ നിന്നും അവള്‍ ഒരു പ്രണയം മറച്ചു പിടിച്ചിരിക്കുന്നു. 

"ഞാന്‍ പ്ലസ്‌ ടുവിനു പഠിക്കുമ്പോള്‍ എനിക്ക് ബസില്‍ വച്ച് പരിചയപ്പെട്ട ഒരു കുട്ടിയോട് വല്ലാത്ത പ്രണയം തോന്നി..."

"എന്നിട്ട്?"-ചോദ്യത്തില്‍ സുദീപിന് തന്റെ ആകാംഷ അടക്കി വെക്കാന്‍ കഴിഞ്ഞിരുല്ല.

"ഞാന്‍ പഠിക്കുന്നതിനു അപ്പുറത്തുള്ള മറ്റൊരു സ്കൂളില്‍ ആയിരുന്നു ആ കുട്ടി പഠിച്ചിരുന്നത്. ഞങ്ങള്‍ ബസില്‍ വെച്ച്  ഒരുപാട് സംസാരിച്ചിരുന്നു. പക്ഷെ ആ കുട്ടിയോട് എന്റെ പ്രണയം  തുറന്നു പറയാന്‍ എനിക്ക് പേടിയായിരുന്നു. ആ പ്രണയം എന്റെ മനസ്സില്‍ വല്ലാതെ വളര്‍ന്നു."

അനുവിന്റെ തൊണ്ട ഇടറുന്നത് അവന്‍ ശ്രദ്ധിക്കുണ്ടായിരുന്നു.

"ഒടുവില്‍ സ്കൂളില്‍ ക്ലാസ്സുകള്‍ തീരുന്ന അവസാന ദിവസം ആ കുട്ടിയെ പിരിയുന്നത് ഓര്‍ത്തപ്പോള്‍ എന്റെ മനസ്സ് വല്ലാതെ പിടഞ്ഞു സുദീപ്. അത്രയും നാള്‍ അടക്കിപ്പിടിച്ച ആ വികാരത്തള്ളിച്ച ഞാനറിയാതെ പിറ്റേ ദിവസം പുറത്തുവന്നു. അന്ന് ഞാന്‍ ആ കുട്ടിയെ ബസില്‍ നിന്നും നിര്‍ബന്ധിച്ചു ഇറക്കി. എന്നിട്ട്  കൈക്ക് പിടിച്ചു വലിച്ചു വേഗത്തില്‍ നടന്നു. എന്റെ പെരുമാറ്റത്തില്‍ എന്തോ പന്തികേട്‌ തോന്നിയ ആ കുട്ടി എന്റെ കൈ ബലം പ്രയോഗിച്ചു വിടുവിച്ചിട്ടു തിരിഞ്ഞോടി."

അനുവിന്റെ തൊണ്ട ഇടറിപ്പോയി. അവള്‍ നിശ്ശബ്ദയായി.

"അനൂ, ഇതില്‍ എന്താ ഇത്ര വിഷമിക്കാന്‍? ആ പ്രായത്തില്‍ ഇതൊക്കെ സ്വാഭാവികമല്ലേ?" 
സുദീപ് ആശ്വസിപ്പിക്കും പോലെ ചോദിച്ചു.

"പക്ഷെ അതൊരു പെണ്‍കുട്ടിയായിരുന്നു സുദീപ്"

സുദീപ് സ്തബ്ധനായി. അവനു വിശ്വസിക്കാന്‍ പ്രയാസമാകും എന്നറിയാമായിരുന്ന അവള്‍ ആവര്‍ത്തിച്ചു, "അതെ സുദീപ്, ഞാന്‍ പ്രണയിച്ചത് ഒരു പെണ്‍കുട്ടിയെയാണ്."

"നീ എന്താ ഈ പറയുന്നത്?"

"എങ്ങനെയാണ് സുദീപ് ഞാന്‍ ഇത് മറ്റൊരാളോട് പറയുക? ആര്‍ക്കാണ് ഇത് മനസ്സിലാവുക? ഞാന്‍ എനിക്ക് കഴിയാവുന്ന പോലൊക്കെ ശ്രമിച്ചു. ഒരു ആണ്‍കുട്ടിയോടും യാതൊരു ആകര്‍ഷണവും എനിക്ക് തോന്നിയിട്ടില്ല, തോന്നുന്നുമില്ല. മാത്രമല്ല, പെണ്‍കുട്ടികളോട് തോന്നാറുണ്ട് താനും. അന്നത്തെ ആ സംഭവം തന്ന ഷോക്ക്‌ കൊണ്ടാകണം, അത് ഞാന്‍ പുറത്തു കാണിച്ചിട്ടില്ല എന്നേയുള്ളു. ഞാന്‍ രണ്ടു ഡോക്ടര്‍മാരെ കണ്ടു, അവര്‍ രണ്ടു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു, ഇതിനു പരിഹാരമില്ല, ഹോര്‍മോണ്‍ തകരാര്‍ ആണെന്ന്..."

"അനൂ, എന്ത് പറയണം എന്നെനിക്കറിയില്ല"

അനു കരയാന്‍ തുടങ്ങിയിരുന്നു. 

"ഞാന്‍ വിവാഹിതയായാല്‍ ആ മനുഷ്യനോടു ഞാന്‍ ചെയ്യുന്ന കൊടും ക്രൂരതയാകും അത്. എനിക്ക് വയ്യ. ആലോചന വന്നപ്പോള്‍ ഞാന്‍ എന്റെ ചേച്ചിയോട് ഇത് പറഞ്ഞു. വിവാഹം കഴിയുമ്പോള്‍  ശരിയാകും എന്ന് വെറും വാക്ക് പറയാനല്ലാതെ മറ്റൊന്നിനും ചേച്ചിക്ക് കഴിയില്ല. പക്ഷെ എനിക്ക് മാത്രം അത് നന്നായി അറിയാം; എനിക്കതിനു കഴിയില്ല. കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരുപക്ഷേ പണ്ടേ നിന്നെ പ്രണയിച്ചുപോകുമായിരുന്നു സുദീപ്."

കരയുന്നതിനിടെ അവളുടെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു.

[കഥ ഇങ്ങനെ നിര്‍ത്താനേ കഴിയുന്നുള്ളൂ. ആ വിവാഹാലോചന മറ്റെന്തോ കാരണം കൊണ്ട് മുടങ്ങി. അപ്പോഴേക്കും കോളേജ് കാലം കഴിഞ്ഞു. അതിനു ശേഷം ബംഗ്ലൂരില്‍ ഒരു ജോലി ശരിയായതിനെ തുടര്‍ന്ന് അനു അവിടെയ്ക്ക് പോയി. പിന്നീടു അവള്‍ സുദീപിനെ വിളിക്കുകയോ ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെടുകയോ ചെയ്തില്ല. അവള്‍ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന അടിസ്ഥാനമില്ലാത്ത ഒരു വിശ്വാസമല്ലാതെ അവളെ കുറിച്ച് ഇന്ന് സുദീപിന് ഒന്നും അറിയില്ല]

Comments

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...