ശാസ്ത്രജ്ഞരെന്ന് പറയുന്നവരുടെ അന്ധവിശ്വാസത്തെ കുറിച്ച് എല്ലാവർക്കും അറിയാം . ചിലർ അത് പരിഹാസ്യമായി കാണുമ്പോൾ ചിലരതിനെ തങ്ങളുടെ അന്ധവിശ്വാസങ്ങൾക്ക് കിട്ടുന്ന മെരിറ്റ് സർട്ടിഫിക്കറ്റായിട്ടാണ് കാണുന്നത് . ഇതിൽ ആദ്യത്തെ കൂട്ടരിൽ പലരും , ഇവർക്കെങ്ങനെയാണ് ഇത്രയൊക്കെ സയൻസ് പഠിച്ചിട്ടും അന്ധവിശ്വാസിയാവാൻ കഴിയുന്നത് എന്ന് സംശയിക്കുന്നത് കണ്ടിട്ടുണ്ട് . സത്യത്തിൽ അതത്ര ദുരൂഹമായ ഒരു കാര്യമല്ല . സയൻസിന്റെ പ്രത്യേകത അതിനെ ആർക്കും സ്വാധീനിക്കാൻ ആവില്ല എന്നതാണ് . നിങ്ങളുടെ വിശ്വാസങ്ങൾക്കോ ആഗ്രഹങ്ങൾക്കോ താത്പര്യങ്ങൾക്കോ ഒന്നും അതിനെ സ്വാധീനിക്കാൻ പറ്റില്ല . കാരണം അതിന് വസ്തുനിഷ്ഠമായ (objective) നിലനില്പ് മാത്രമേ ഉള്ളൂ . വസ്തുനിഷ്ഠമല്ലാത്ത ഒരുപാട് കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട് . ഉദാഹരണത്തിന് ' ചുവപ്പാണോ നീലയാണോ നല്ല നിറം ?' എന്ന് ചോദിച്ചാൽ , അതിന്റെ ഉത്തരം വസ്തുനിഷ്ഠമായി പറയാൻ സാധിക്കില്ല . അത് ഓരോരുത്തർക്കും ഓരോന്നുപോലെയാണ് . അല്ലെങ്കിൽ , അവിടെ ഉത്തരം വ്യക്തിനിഷ്ഠമാണ് (subjective) എന്ന് പറയാം . വ്യക്തിയുടെ താത്പര്യം അനുസരിച്ചായിരിക്കുമല്ലോ അവിടെ ഉത്തരം . ഒന്ന് തെറ്റെന്നോ മറ്റ...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്