Skip to main content

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

"പരിണാമ സിദ്ധാന്തം പരമാബദ്ധം!"

"ഓഹോ! അതിരിക്കട്ടെ, എന്താണ് പരിണാമസിദ്ധാന്തം?"

"കുരങ്ങൻ രൂപം മാറിയാണ് മനുഷ്യനുണ്ടായതെന്നും കളിമണ്ണ് കുഴച്ച് മനുഷ്യനെ ദൈവം ഉണ്ടാക്കിയതല്ലെന്നും പറയുന്ന സിദ്ധാന്തം."

"അടിപൊളി. ശാസ്ത്രം താങ്കളുടെ മുന്നിൽ മുട്ടുമടക്കിയിരിക്കുന്നു. സമാധാനമായി പോയിക്കിടന്ന് ഉറങ്ങിക്കോളൂ. നെക്സ്റ്റ്!!"

"ഇനി താങ്കളുടെ പ്രശ്നം എന്താണ്?"

"ബിഗ് ബാംഗ് സിദ്ധാന്തം പരമാബദ്ധം!"

"അതിരിക്കട്ടെ, എന്താണ് ബിഗ് ബാംഗ് സിദ്ധാന്തം?"

"സൃഷ്ടി സ്ഫോടനത്തിലൂടെയാണ് ഉണ്ടായതെന്ന് പറയുന്ന മണ്ടൻ സിദ്ധാന്തം. സ്ഫോടനം കാരണം വസ്തുക്കൾ ഉണ്ടാകുകയല്ല നശിക്കുകയാണ് ചെയ്യുന്നത് എന്ന് ബിൻ ലാദൻ മച്ചാൻ എത്ര തവണ തെളിയിച്ചിരിക്കുന്നു!"

"വീണ്ടും അടിപൊളി. ശാസ്ത്രം താങ്കളുടെ മുന്നിലും മുട്ടുമടക്കിയിരിക്കുന്നു. സമാധാനമായി പോയിക്കിടന്ന് ഉറങ്ങിക്കോളൂ. നെക്സ്റ്റ്!!"

"പറയൂ, താങ്കളുടെ പ്രശ്നമെന്താണ്?"

"മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല."

"അതെന്താണ് താങ്കൾ അങ്ങനെ പറഞ്ഞത്?"

"അപ്പോളോ യാത്രികർക്ക് വാൻ അലൻ ബെൽറ്റ് മുറിച്ച് കടക്കാൻ പറ്റില്ല."

"അതിരിക്കട്ടെ, എന്താണ് വാൻ അലൻ ബെൽറ്റ്? അതുവഴി പോയാൽ എന്താണ് അപകടം?"

"അതിങ്ങനെ ഇന്ന കമ്പനിയുടെ അപകടം എന്നൊന്നും ഇല്ല, ഒരു അപകടം! അത്രേ ഉള്ളൂ. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും വാൻ അലൻ ബെൽറ്റ് മുറിച്ച് കടക്കാൻ പറ്റില്ല."

"അടിപൊളി. നാസ താങ്കളുടെ മുന്നിൽ മുട്ടുമടക്കിയതായി അറിയിച്ചിട്ടുണ്ട്. സമാധാനമായി പോയിക്കിടന്ന് ഉറങ്ങിക്കോളൂ. നെക്സ്റ്റ്!!"

"ആഹാ, എന്താണ് താങ്കളുടെ പ്രശ്നം?"

"മോഡേൺ മെഡിസിൻ ആളെ കൊല്ലും, വാക്സിനുകൾ അന്താരാഷ്ട്ര ഗൂഢാലോചനയാണ്."

"ഓഹോ! ശരി, താങ്കൾ പറയൂ എങ്ങനെയാണ് രോഗാണുക്കളെ തുരത്തേണ്ടത്?"

"അതിന് രോഗാണുക്കളേ ഇല്ലല്ലോ! അത് അന്താരാഷ്ട്ര ഗൂഢാലോചനയാണ്. എല്ലാ അസുഖങ്ങളും വരുന്നത് ശരീരത്തിൽ മാലിന്യങ്ങൾ അടിയുമ്പോഴാണ്."

"വെരി ഗുഡ്. താങ്കളുടെ മുന്നിൽ ഹിപ്പോക്രാറ്റസ് മുതൽ ഡോ. വല്യത്താൻ വരെയുള്ള സകല ഡോക്ടർമാരും മുട്ടുമടക്കിയിരിക്കുന്നു. ദയവായി പോയിക്കിടന്ന് ഉറങ്ങുക. (pause) എഡേയ്, ഇനിയാരെങ്കിലും ഉണ്ടോ?"

"ഒന്നും ഒന്നും രണ്ടാണെന്ന് പറയുന്നത് അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നും സത്യത്തിൽ അത് ഇമ്മിണി ബല്യ ഒന്നാണെന്നും പറയുന്ന ഒരു മജീദിസ്റ്റ് വിശ്വാസി വന്ന് നിൽപ്പുണ്ട്. വിളിക്കട്ടെ?"

"ന്റമ്മോ! ഇനിയൊന്നും കേൾക്കാനുള്ള ത്രാണിയില്ല. ശാസ്ത്രം എന്നെന്നേക്കുമായി മുട്ടുമടക്കിയിരിക്കുന്നു എന്നൊരു ബോർഡും തൂക്കി, കൗണ്ടറടച്ചേക്ക്."

Comments

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞതും നാം കേട്ടതും...

കഴിഞ്ഞ ദിവസം വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് നടത്തിയ ഒരു പ്രസ്താവന വലിയ വാര്‍ത്താ പ്രധാന്യം നേടിയിരിക്കുകയാണ്. ബ്ലാക് ഹോളുകള്‍ അല്ലെങ്കില്‍ തമോഗര്‍ത്തങ്ങള്‍ എന്നറിയപ്പെടുന്ന ബാഹ്യാകാശ വസ്തുക്കള്‍ സത്യത്തില്‍ നിലവിലില്ല എന്നദ്ദേഹം പറഞ്ഞതായാണ് വാര്‍ത്ത. പൊതുജനങ്ങള്‍ക്ക് ബ്ലാക് ഹോളുകളെ പരിചയപ്പെടുത്തിക്കൊടുക്കുന്നതി ല്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചത് ഹോക്കിങ്ങിന്റെ തന്നെ പോപ്പുലര്‍ സയന്‍സ് പുസ്തകങ്ങള്‍ ആയിരുന്നു എന്നതിനാല്‍ കൂടി, ഈ വാര്‍ത്ത വലിയൊരു ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന്‍ തോന്നുന്നു. ഹോക്കിങ്ങിന്റെ പുതിയ സിദ്ധാന്തവും പഴയ സിദ്ധാന്തവും താരതമ്യം ചെയ്ത് ആധികാരികമായി അഭിപ്രായം പറയാനുള്ള അറിവ് എനിക്കീ വിഷയത്തില്‍ ഇല്ല എന്നിരിക്കിലും, ഒരു സാധാരണക്കാരന്റെ കാഴ്ചപ്പാടില്‍ ഉണ്ടാകുന്ന ആശയക്കുഴപ്പത്തിന് ഒരല്‍പം പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നു. എന്താണ് ബ്ലാക് ഹോളുകള്‍? നമ്മള്‍ നിത്യജീവിതത്തില്‍ കാണുന്ന വസ്തുക്കളെപ്പോലെ തന്നെയുള്ള വസ്തുക്കള്‍ തന്നെയാണ് ബ്ലാക് ഹോളുകള്‍. ഒറ്റ വ്യത്യാസമേ ഉള്ളൂ -ഒടുക്കത്തെ സാന്ദ്രത! എത്ര സാന്ദ്രത (density) വരും എന്ന്...