ചോദ്യം: മൊബൈൽ ഫോൺ ഉപയോഗിച്ചോണ്ടിരുന്നാൽ ഇടിമിന്നലേൽക്കാൻ സാധ്യതയുണ്ടോ? ഉത്തരം ചുരുക്കത്തിൽ: സാധ്യതയുണ്ട്. പക്ഷേ മൊബൈൽ ഉപയോഗിച്ചില്ലെങ്കിലും മിന്നലേൽക്കാൻ അത്ര തന്നെ സാധ്യതയുണ്ടാകും. ഉത്തരം വിശദമായി: മൊബൈൽ ഫോൺ ഉപയോഗിക്കവേ മിന്നലേറ്റ് മരിച്ച സംഭവങ്ങൾ വലിയ വാർത്തകളാവാറുണ്ട്. അവയിൽ മിക്കതും വാട്സാപ്പും ഫെയ്സ്ബുക്കും പോലുള്ള മാധ്യമങ്ങളിലൂടെ നിത്യഹരിത സന്ദേശങ്ങളായി പാറിപ്പറന്ന് നടക്കുകയും ചെയ്യും. 'ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, അത് മിന്നലിനെ ക്ഷണിച്ചുവരുത്തും' എന്നതായിരിക്കും ഗുണപാഠം. എന്നാൽ ഇടിമിന്നലോ മൊബൈൽ ഫോണോ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാത്തവരാണ് ഇമ്മാതിരി പേടിപ്പിക്കൽ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് നടത്തുന്നത്. എന്താണ് ഇടിമിന്നൽ? ആത്യന്തികമായി, ചാർജുകളുടെ ഒരു അണപൊട്ടിയൊഴുകലാണ് അത്. എല്ലാ വസ്തുക്കളും ആറ്റങ്ങളാൽ നിർമിതമാണ്. ആറ്റങ്ങൾ പോസിറ്റീവ് ചാർജുള്ള ന്യൂക്ലിയസ്സിനോട് നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ ചേർന്നാണ് ഉണ്ടാകുന്നത് എന്നതിനാൽ എല്ലാ വസ്തുക്കളിലും ചാർജുണ്ട്. പക്ഷേ പോസിറ്റീവും നെഗറ്റീവും ഓരോ ആറ്റത്തിലും പരസ്പരം തുല്യമായി ക്യാൻസൽ ചെയ്യുന്നതുകൊണ്ട് അതിന്റെ പ...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്