ആറ് വർഷങ്ങൾ ഒരു ശാസ്ത്രഗവേഷകനായി ജീവിച്ചതുകൊണ്ട് എന്ത് ഗുണമുണ്ടായി എന്നൊരു ആത്മപരിശോധന നടത്തിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ ഗുണങ്ങൾ പലതുണ്ടായിട്ടുണ്ട്. പി.എച്ച്.ഡി. എന്നൊരു ഡിഗ്രിയും അത് കാരണം മുന്നോട്ടുള്ള തൊഴിലവസരങ്ങളിൽ കിട്ടിയ മുൻഗണനയും, ദേശീയ-അന്തർദേശീയ തലങ്ങളിൽ കിട്ടിയ എക്സ്പോഷർ എന്നിങ്ങനെ പലതും. പക്ഷേ ഇതിനെക്കാളൊക്കെ ഞാൻ വിലമതിക്കുന്ന മറ്റൊരു ഗുണം ഉണ്ടായിട്ടുണ്ട്. അത് പ്രശ്നങ്ങളെ സമീപിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള ഒരു രീതി ഞാനറിയാതെ എന്നിൽ ഉരുത്തിരിഞ്ഞിട്ടുണ്ട് എന്നതാണ്. എത്രത്തോളം അത് പറഞ്ഞുഫലിപ്പിക്കാൻ കഴിയും എന്നുറപ്പില്ല. എന്നാലും അത് വ്യക്തമാക്കാൻ ഒരു ശ്രമം നടത്താം. എം.എസ്. സി. വരെയുള്ള പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനം കഴിഞ്ഞാണ്, ഗവേഷണപഠനം ആരംഭിച്ചത്. അപ്പോഴത്തെ ഒരു ആവേശത്തിന്റെ അളവ് വെച്ചാണെങ്കിൽ ആറ് മാസം കൊണ്ട് മിനിമം രണ്ട് നൊബേൽ പ്രൈസ് അടിച്ചെടുക്കാനുള്ള മട്ടായിരുന്നു. കാരണമെന്താണെന്നോ? പാഠപുസ്തകത്തിൽ പഠിച്ച ലളിതവൽക്കരിച്ച മോഡലുകൾ അടിസ്ഥാനമാക്കിയുള്ള അറിവ് തരുന്ന ആത്മവിശ്വാസം. ശാസ്ത്രലോകം കണ്ടെത്തിയ കാര്യങ്ങൾ വരിവരിയായി മുൻപിൽ നിരത്തുന്നതല്ലാതെ...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്