കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ അരങ്ങേറിയ അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത സമരത്തിലൂടെയാണ് ഗവേഷകർ എന്ന വർഗത്തിന് ഇൻഡ്യയിൽ എത്രത്തോളം പ്രാധാന്യം കൽപ്പിക്കപ്പെടുന്നുണ്ട് എന്നത് അവർക്ക് തന്നെ വ്യക്തമായത്. ശിവരഞ്ജൻ ഉപ്പള എന്ന ഇരുപത്തൊമ്പതുകാരനായ ഗവേഷകവിദ്യാർത്ഥി ഏഴ് ദിവസത്തെ തന്റെ നിരാഹാരസമരം സഹപ്രവർത്തകരുടെ മാത്രം സമ്മർദ്ദത്തിന് വഴങ്ങി അവസാനിപ്പിച്ചു. അധികാരികൾക്കോ മാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കോ വേണ്ടാത്ത ഇൻഡ്യൻ ഗവേഷണരംഗത്തിനായി ഒരാൾ സ്വന്തം ജീവൻ അപകടത്തിലാക്കേണ്ടതില്ല എന്നതായിരുന്നു സഹ ഗവേഷകരുടെ നിലപാട്. കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ച, ഗവേഷക വിദ്യാർത്ഥികൾക്കുള്ള ഫെല്ലോഷിപ്പ് വർദ്ധന നടപ്പിലാക്കുക ഉൾപ്പടെയുള്ള ന്യായമായ ആവശ്യങ്ങളുമായാണ് ഗവേഷകർ ശിവരഞ്ജന്റെ നേതൃത്വത്തിൽ പ്രതിഷേധത്തിനിറങ്ങിയത്. ഇപ്പോളിത് എഴുതുമ്പോൾ ഈ സമരം ഇനിയെന്ത് എന്ന അവ്യക്തയിൽ മുങ്ങി നിൽക്കുന്നു. ഗവേഷകർ ആശയക്കുഴപ്പത്തിലാണ്, ഭയപ്പാടിലാണ്. കാരണം അതവരുടെ സ്വാഭാവിക വികാരമായിരിക്കുന്നു. ഇൻഡ്യയിലെ ചൂഷിതവർഗങ്ങളുടെ കൂട്ടത്തിൽ ആരും പ്രതീക്ഷിക്കാത്ത, വല്ലപ്പോഴും വരുന്ന ശാസ്ത്രവാർത്തകളിൽ ഒരു വരേണ്യവർഗമെന്ന...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്