Skip to main content

Posts

Showing posts from February, 2013

ഒരു ചുമടുതാങ്ങിതന്‍ മൌനവും പേറി

നില്‍ക്കുന്നു ഞാനീ പൂവാക തന്‍ കീഴി- ലൊരു ചുമടുതാങ്ങിതന്‍ മൌനവും പേറി പലപേര്‍ നടന്നൊരാ പകല്‍ വീണ സന്ധ്യതന്‍ ക്ഷീണവും ചൂരും നെടുവീര്‍പ്പുമേന്തി വന്നു നടന്നു ഞാന്‍ വന്നവഴിയിലേക്കൊ- ട്ടൊന്ന് ശങ്കിച്ച് നോക്കി നില്‍ക്കുന്നിതാ വയ്യ മടങ്ങുവാന്‍ വയ്യാ വഴിയിലൂടിനിയു- മൊരുയാത്രയ്ക്ക് ധൈര്യമില്ല മരണമേ നീയെന്നെ കാട്ടിക്കൊതിപ്പിച്ച നിര്‍വാണമോഹം ചിതലരിക്കട്ടെ വന്നു ഞാന്‍ നിന്നു നിന്‍ പടിവാതിലില്‍ ഇന്ന് പിന്‍വലിഞ്ഞീടുന്നു നിസ്സംഗനായി മുന്നില്‍ നിന്‍ വാതിലുകളടഞ്ഞിരുന്നില്ല പിന്‍വിളികളൊന്നും മുഴങ്ങിയതുമില്ല എങ്കിലും തോന്നുന്നു പുറംതിരിഞ്ഞിടുവാന്‍ വൈകിയെത്താവുന്ന വിളികള്‍ക്ക് വേണ്ടി തണലിനായ് വെറുമൊരു നിഴല്‍ കണ്ടപോലെ പ്രതീക്ഷതന്‍ ചിറകടി കേട്ടെന്ന പോലെ നില്‍ക്കുന്നു ഞാനീ പൂവാക തന്‍ കീഴി- ലൊരു ചുമടുതാങ്ങിതന്‍ മൌനവും പേറി